Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 80

രചന: റിൻസി പ്രിൻസ്

പൂർണ്ണ മനസ്സോടെ ആയിരിക്കുമോ അവൾ ഈ വിവാഹത്തിന് സമ്മതം പറഞ്ഞിട്ടുണ്ടാവുക? അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരിക്കുമോ.? അവർ ജീവിതം തുടങ്ങിയിട്ടുണ്ടാകുമോ.? ചിന്തകൾ കാട് കയറിയപ്പോൾ അവന് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. ഒരിക്കൽ തനിക്ക് മാത്രം എന്ന് അഹങ്കാരത്തോടെ ചിന്തിച്ചിരുന്ന അവളുടെ ശരീരം സുധി സ്വന്തമാക്കിയിട്ടുണ്ടാവുമോ ആ ചോദ്യം അവന്റെ മനസ്സിനെ വല്ലാത്ത ഒരു ഭ്രാന്തമായ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചു.

മീര തന്റേതാണെന്ന് വീണ്ടുമുള്ളിലിരുന്ന് ആരോ പറയുന്നതുപോലെ അവന് തോന്നി. തെറ്റാണെന്ന് അറിയാം പക്ഷേ അംഗീകരിക്കാൻ മനസ്സിന് സാധിക്കുന്നില്ല. ഒരു നിമിഷം സുധി വിളിച്ചപ്പോൾ താൻ ഇവിടേക്ക് വരാമെന്ന് പറയാൻ തോന്നിയ നിമിഷത്തെ പോലും അവൻ ശപിച്ചിരുന്നു. വേണ്ടിയിരുന്നില്ല ഒരിക്കൽ കൂടി ഒരു കൂടികാഴ്ച…

ഒരു ഫോൺ വന്നതും കാര്യമായി ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് സുധി. റെഡിയാവാൻ പറഞ്ഞിട്ട് പോയതാണ് മീരയോട് അവൻ… നിലക്കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ എന്ത് ചെയ്യണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. സുധിയേട്ടനോട് ഒക്കെ തുറന്നു പറഞ്ഞാലോന്ന് അവൾ കരുതി. പക്ഷേ ഈ നിമിഷം താനത് തുറന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ സന്തോഷം കൂടി ഇല്ലാതാവില്ലേ.? സമയവും സന്ദർഭവും നോക്കി പറയുന്നതായിരിക്കില്ലേ നല്ലത്. അവൾ ചിന്തിച്ചു. മാത്രമല്ല ഇപ്പോൾ സുധിയോടെ എല്ലാം തുറന്നു പറയാൻ അവൾക്ക് തോന്നിയില്ല.. കാരണം ഇരു കുടുംബങ്ങളും തമ്മിൽ അത്ര നല്ല ചേർച്ചയിൽ അല്ല, ഇപ്പോൾ കുറച്ചെ ആയിട്ടുള്ളൂ, വീണ്ടും എല്ലാവരുമായി സഹകരണം തുടങ്ങിയിട്ട് താൻ കാരണം സുധിയും അർജുനും തമ്മിൽ ഇനിയും അകന്നാൽ അതും തന്റെ കുഴപ്പമാണെന്ന് മാത്രമേ സതി അടക്കമുള്ളവർ പറയുകയുള്ളൂ.. മാത്രമല്ല താൻ കാരണം സുധി കുടുംബത്തിലുള്ള ആരുമായും വഴക്കുണ്ടാക്കുന്നത് അവൾക്ക് ഇഷ്ടമല്ല. സ്വാഭാവികമായും ഇക്കാര്യം താൻ പറയുമ്പോൾ സുധിക്ക് അജുവിനോട് ഒരു ഇഷ്ടക്കുറവ് തോന്നും, ഏത് ഭർത്താവിനാണ് സ്വന്തം ഭാര്യയുടെ മുൻകാമുകനോട് ഇഷ്ടം തോന്നുന്നത്. പക്ഷേ പറയാതിരുന്നാൽ അത് ബാധിക്കുന്നത് തന്റെ ജീവിതത്തെയാണ് ഒരിക്കൽ മറ്റ് ആരെങ്കിലും പറഞ്ഞ് സുധിയേട്ടൻ എല്ലാം അറിഞ്ഞാൽ എന്തുകൊണ്ട് താൻ പറഞ്ഞില്ല എന്നൊരു ചോദ്യം വരും. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന താൻ എന്തിന് ഇക്കാര്യത്തിൽ മാത്രം ഒരു മറ കണ്ടെത്തി എന്ന് സുധിയേട്ടൻ ചിന്തിക്കും. അത് ചിലപ്പോൾ തന്റെ കുടുംബം തകരാൻ തന്നെ കാരണമാകും. സുധിയേട്ടൻ തന്നിൽ നിന്ന് അകലാനുള്ള ഏറ്റവും വലിയ പ്രശ്നമായി അത് മാറില്ലേ അത് തനിക്ക് സഹിക്കാൻ സാധിക്കുന്നതല്ല. സുധി ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോൾ തനിക്ക് കഴിയില്ല. ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെ ആയിരുന്നു മീര..

“താൻ ഇവിടെ സ്വപ്നം കണ്ടുകൊണ്ട് നിൽക്കുകയാണോ എത്ര നേരമായി ഞാൻ പറയുന്നു റെഡിയാകാൻ, എന്നാ കുറച്ചുദിവസം വീട്ടിൽ നിന്നപ്പോൾ എന്റെ കൂടെ വരണ്ടാന്ന് തോന്നിയോ..?

കുസൃതിയോടെ പിന്നിൽ വന്ന ശ്രുതി ചോദിച്ചപ്പോൾ ഒരു വല്ലാത്ത വേദന അവളുടെ മനസ്സിൽ നിറഞ്ഞു, അവൾ പെട്ടെന്ന് കണ്ണുകൾ നിറച്ച് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കരയാൻ തുടങ്ങി, ആ നിമിഷം അവനും വല്ലാതെയായി. അവൾക്ക് ആ നിമിഷം ആവശ്യം അവന്റെ തലോടൽ ആയിരുന്നു.. ഒന്ന് തലചായ്ക്കാൻ ആ നെഞ്ചകം ആയിരുന്നു..

“അയ്യേ എന്താടോ ഇത്?

ഞാനൊരു തമാശ പറഞ്ഞതിനാണോ താൻ ഇങ്ങനെ കരയുന്നത്.? ഞാൻ വെറുതെ പറഞ്ഞതല്ലേ? അതിന് താനെന്തിനാ ഇങ്ങനെ കരയുന്നത്.?

പെട്ടെന്നാണ് അവൾക്കും സ്വബോധം വന്നത്.., അവൾ അവനിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ബലമായി അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു ഒന്നുകൂടി ഇറുക്കി പുണർന്നു ശേഷം അവളുടെ നനഞ്ഞ കവിളിൽ ഒരു ചുംബനം നൽകിക്കൊണ്ട് ആ മുഖത്തേക്ക് നോക്കി ചോദിച്ചു,

” എന്തിനാ കരഞ്ഞത്..? വേറെ എന്തെങ്കിലും വിഷമമുണ്ടോ.? കുറെ നേരായിട്ട് ഞാൻ ശ്രദ്ധിക്കുന്നു, തന്റെ മുഖത്ത് ഒരു സന്തോഷമില്ല, എന്നെ ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന ആ ഒരു സന്തോഷം തന്റെ മുഖത്തില്ല. ഞാൻ വിചാരിച്ചത് പെട്ടെന്ന് അമ്മയും സഹോദരങ്ങളയുമൊക്കെ വിട്ട് എന്റെ കൂടെ വീണ്ടും വരണമല്ലോ എന്ന് കരുതിയിട്ടാണെന്ന്, അതുകൊണ്ടാ അങ്ങനെ ചോദിച്ചത്…

“സുധിയേട്ടന്റെ ഒപ്പം വരുന്നത് എനിക്ക് അത്രയ്ക്ക് വിഷമമാണെന്നാണോ കരുതിയത്,

കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.

” ഇങ്ങനെയൊരു തൊട്ടാവാടി പെണ്ണ്, ഞാൻ വെറുതെ ചോദിച്ചതല്ലേ..? ഇത്രയും ദിവസം നീ സ്വന്തം വീട്ടിൽ നിന്നിട്ട് പെട്ടെന്ന് ഇവിടുന്ന് പോകുമ്പോൾ ഒരു വിഷമം തോന്നുന്നുണ്ടോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ കൂടെ വരുന്നതിന് നിനക്ക് വിഷമം ഉണ്ട് എന്നല്ല… എന്റെ വരവും കാത്ത് കണ്ണിൽ എണ്ണ ഒഴിച്ചിരിക്കാൻ ഇവിടെ നീ മാത്രല്ലേ ഉള്ളൂ..?

അവളെ തന്നോട് ചേർത്തു പിടിച്ച് അവൻ പറഞ്ഞപ്പോൾ ഒരു കുറ്റബോധം അവളിൽ പിടിമുറുക്കി… ഈ നിമിഷം തന്നെ അവനോട് എല്ലാം തുറന്നു പറഞ്ഞാലോന്ന് അവൾ കരുതി…

” എനിക്ക് സുധിയേട്ടനോട്‌ ഒരു കാര്യം പറയാനുണ്ട്,

“ഇനി എല്ലാ കാര്യങ്ങളും നമുക്ക് വീട്ടിൽ ചെന്നിട്ട് പറയാം… ആ ചെറുക്കൻ നിന്ന് വിഷമിക്കുകയാണ്… അവൻ എപ്പോ വന്നതാണെന്ന് അറിയാമോ, മാത്രമല്ല ഇപ്പോൾ വീട്ടിൽ നിന്നാണ് വിളിച്ചത്, അങ്ങോട്ട് വരുന്നില്ലേന്ന് ആണ് ചോദ്യം, ഇനി താമസിച്ചാൽ അതിനുള്ള കുറ്റവും തനിക്കും തന്റെ അമ്മയ്ക്കും ആയിരിക്കും. വെറുതെ എന്തിനാ അമ്മേ കൂടി പഴി കേൾപ്പിക്കുന്നത്, നമുക്ക് വേഗം പോകാം എന്നിട്ട് വീട്ടിലേ അവസ്ഥയൊക്കെ ഒന്ന് അറിഞ്ഞിട്ട് രണ്ടുദിവസം കഴിഞ്ഞ് ഇങ്ങോട്ട് വരാം അപ്പൊൾ ഇവിടെ രണ്ടു ദിവസം നിൽക്കുകയും ചെയ്യാം… എനിക്കും ലീവ് കുറച്ചേ ഉള്ളൂ,

സുധി അങ്ങനെ പറഞ്ഞപ്പോൾ ഇനി എങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് അവനോട് പറയുന്നത് എന്നായി അവളുടെ ചിന്ത….

“ഞാൻ വിനോദിനെ ഒന്ന് വിളിച്ചിട്ട് ഓടി വരാം അപ്പോഴേക്കും നീ റെഡിയാവ്, ബാക്കി വിഷമമൊക്കെ ഞാൻ രാത്രി തീർത്തു തരാം…

കുസൃതിയോടെ അവളുടെ ചെവിയിൽ കടിച്ചു പറഞ്ഞു അവൻ പുറത്തേക്കിറങ്ങി പോയപ്പോൾ നിസ്സഹായമായി നിൽക്കാൻ മാത്രമേ മീരയ്ക്ക് സാധിച്ചിരുന്നുള്ളൂ…

പെട്ടെന്ന് കൈയിൽ കിട്ടിയിരുന്ന ഒരു ചുരിദാർ എടുത്തിട്ടു, മുടി വെറുതെ ഒന്ന് കുളിപ്പിന്നൽ ഇട്ടു, ഒരു ഇത്തിരി പൗഡർ പോലും ഇട്ടിരുന്നില്ല, കുറച്ചു മുൻപ് സുധിയേട്ടനെ കണ്ടപ്പോൾ താൻ എത്രത്തോളം സന്തോഷിച്ചതാണ്. എന്നാൽ ഇപ്പോൾ അതിന്റെ ഒരംശം പോലും സന്തോഷം തനിക്ക് തോന്നുന്നില്ല. തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന ഒരു അതിഥിയാണ് ഇപ്പോൾ അജു. അവന്റെ സാന്നിധ്യം തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ എല്ലാം സുധിയേട്ടനോട് തുറന്നു പറഞ്ഞാൽ തനിക്ക് ഒരല്പം ആശ്വാസം ലഭിക്കും. പക്ഷേ അതിന് പറ്റുന്ന ഒരു സാഹചര്യവും അല്ല,

” മീര ഞാൻ കുറച്ച് സാധനങ്ങൾ എടുത്തു വച്ചിട്ടുണ്ട് ചിലപ്പോൾ സുധിയുടെ അമ്മയ്ക്ക് അതൊന്നു ഇഷ്ടാവില്ല, എങ്കിലും നീ ഇവിടുന്ന് പോകുമ്പോൾ എന്തെങ്കിലും തന്നു വിട്ടില്ലെങ്കിൽ പിന്നെ അത് ഒരു പഴി ആവും നമ്മുടെ പറമ്പിൽ ഉണ്ടായ കുറച്ച് കാച്ചിലും ഏത്തക്കായും ചേനയൊക്കെ അവരെന്തെങ്കിലും പറഞ്ഞാലും നീ കാര്യായിട്ട് എടുക്കേണ്ട ഇതൊക്കെ വെച്ച് ശ്രുതിക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്ക്. നീയല്ലേ പറഞ്ഞത് അവന് കായത്തോരൻ വലിയ ഇഷ്ടമാണെന്ന്, ഞാൻ ഇത്തിരി ഉണ്ടാക്കാം എന്ന് വച്ചപ്പോൾ നിങ്ങൾ ഇന്ന് കഴിക്കാൻ നിൽക്കുന്നില്ലന്ന് പറഞ്ഞു, നീ ഏതായാലും അവിടെ ചെല്ലുമ്പോൾ അവന് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ഉണ്ടാക്കിക്കൊടുക്കാൻ നോക്ക്, രണ്ടുദിവസം കഴിഞ്ഞ് നിങ്ങൾ ഇങ്ങോട്ട് വരുമ്പോൾ അമ്മ എന്തെങ്കിലും കാര്യമായിട്ട് ഉണ്ടാക്കി വയ്ക്കാം, അവൾക്ക് അരികിലേക്ക് വന്ന് മാധവി അതു പറഞ്ഞ് ഒരു വലിയ കവർ അവളുടെ കയ്യിൽ കൊടുത്തപ്പോൾ.. യാന്ത്രികമായി അത് വാങ്ങുകയാണ് അവൾ ചെയ്തത്… താൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്നുപോലും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു വലിയ ആപത്ത് തന്റെ ജീവിതത്തിലേക്ക് വരുന്നതുപോലെ അവളുടെ മനസ്സിലിരുന്ന് ആരോ പറഞ്ഞു. അജു കാരണം താനും സുധിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുമോ എന്ന ഭയം അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചിരുന്നു. നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയിലേക്ക് അറിയാതെ അവൾ കൈവെച്ചു പോയി …….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button