കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 81
രചന: റിൻസി പ്രിൻസ്
താൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്നുപോലും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു വലിയ ആപത്ത് തന്റെ ജീവിതത്തിലേക്ക് വരുന്നതുപോലെ അവളുടെ മനസ്സിലിരുന്ന് ആരോ പറഞ്ഞു. അജു കാരണം താനും സുധിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുമോ എന്ന ഭയം അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിച്ചിരുന്നു. നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയിലേക്ക് അറിയാതെ അവൾ കൈവെച്ചു പോയി ..
അങ്ങോട്ട് പോകാൻ തയ്യാറായപ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് പോലെ തോന്നിയിരുന്നു. സുധി ആണെങ്കിൽ അത്യാവശ്യ നല്ല സന്തോഷത്തിലാണ്. ഒരു വലിയ ബാഗ് അവളുടെ കൈകളിലേക്ക് അവൻ കൊടുത്തു..
” ഇവിടെ എല്ലാവർക്കും വേണ്ടി ഞാൻ വാങ്ങിയത് ആണ്… പെട്ടെന്ന് വന്നതായതുകൊണ്ട് ഒരുപാട് സാധനങ്ങൾ ഒന്നും വാങ്ങിയിട്ടില്ല..
അവളാ ബാഗിലേക്കും പിന്നെ അവന്റെ മുഖത്തേക്കും സൂക്ഷിച്ചു നോക്കി. ഒരു വലിയ ബാഗിനകത്ത് നിറച്ചു സാധനം കൊണ്ടുവന്നിട്ട് ഒരുപാട് സാധനങ്ങൾ ഒന്നും വാങ്ങിയിട്ടില്ലന്നോ.?
ഒരു കുസൃതിയോടെ മീര ചോദിച്ചു..
” സാധനങ്ങൾ ഒന്നുമില്ലഡോ, ആകെപ്പാടെ ഉള്ളത് കുറച്ചു സ്വീറ്റ്സും, ഡ്രൈ ഫ്രൂട്ട്സും, പാൽപ്പൊടിയും സോപ്പും സ്പ്രേയും പിന്നെ ടൈഗർ ബാം അങ്ങനെ ഗൾഫുകാരുടെ സ്ഥിരം കുറച്ച് സാധനങ്ങൾ ഇല്ലേ അതൊക്കെ…
” ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല സുധിയേട്ടാ. എന്തിനാ വെറുതെ കാശ് കളയുന്നത് നമ്മുടെ അവസ്ഥ ഇവിടെ അമ്മയ്ക്കും കുട്ടികൾക്കും ഒക്കെ മനസ്സിലാകുന്നതല്ലേ
” എങ്കിലും മരുമകൻ ആദ്യമായിട്ട് ഗൾഫിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും കൊണ്ടുവന്നു കൊടുത്തില്ലെങ്കിൽ നാണക്കേട്, തന്റെ അമ്മയ്ക്ക് അല്ലേ?
അത്രയും പറഞ്ഞാ ബാഗ് അവളുടെ കൈകളിലേക്ക് ഏൽപ്പിച്ചിരുന്നു അവൻ… അതിനുശേഷം അവിടെ ഇവിടെയായി കഷണ്ടി തെളിയാറായ മുടി ഒന്നുകൂടി വൃത്തിയായി ചീകി ഒതുക്കി വെച്ചു… ബാഗ് കൊണ്ട് അമ്മയ്ക്ക് അരികിലേക്ക് നടക്കുമ്പോഴും മനസ്സ് അസ്വസ്ഥമാണ് എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു മീര
” ഇതൊന്നും ഇപ്പോൾ വേണ്ടിയിരുന്നില്ല
മാധവി ബാഗ് വാങ്ങി കൊണ്ട് അവളോട് പറഞ്ഞു…
“അമ്മ ഇതൊക്കെ സുധീയേട്ടനോട് തന്നെ പറ, ഞാനും പറഞ്ഞത് ആണ്…
” അവൻ ആദ്യം ആയി തരുന്നത് അല്ലെ, നിങ്ങൾ ഇനി സുധി പോകുന്നതിനു മുൻപ് ഇങ്ങോട്ട് വരില്ലേ മോളെ…?
അവളുടെ മുഖത്തേക്ക് നോക്കി മാധവി ചോദിച്ചു
“വരും അമ്മേ, സുധിയേട്ടൻ പറഞ്ഞു അവിടെ ചെന്ന് രണ്ടുദിവസം കഴിഞ്ഞ് ഇവിടെ നിൽക്കാൻ ആയിട്ട് വരാമെന്ന്, എന്നാണെന്നു വിളിച്ചു പറയാം.
ഏറെ സന്തോഷത്തോടെയാണ് അനുജത്തിമാരും അമ്മയും മീരയേ യാത്രയാക്കിയത്..
കാറിനരികിലേക്ക് നടക്കുമ്പോൾ അവളുടെ ഹൃദയതാളം മുറുകുന്നുണ്ടായിരുന്നു. കാറിനോട് ചേർന്ന് തന്നെ അർജുൻ നിൽക്കുന്നുണ്ട്. സുധിയെ കണ്ടതും അവൻ അരികിലേക്ക് നടന്നു വന്നിരുന്നു. ഒരു നിമിഷം മീരയുടെ മുഖത്തേക്ക് അവൻ നോക്കി. പരസ്പരം നോട്ടങ്ങൾ ഇടഞ്ഞു. ഓർമ്മകളുടെ ഒരു വലിയ പേമാരി പെയ്തു തന്നെ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവനിൽ നിന്നും അവൾ നോട്ടം മാറ്റിയിരുന്നു.
പുറകിലത്തെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി സുധി അർജുനൊപ്പം മുൻപിലാണ് കയറിയിരുന്നത്. അങ്ങോട്ടുള്ള യാത്രയിൽ സുധിയും അർജുനും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെയാണ്,
” നിനക്കിപ്പോൾ വയസ്സ് 28 ആവാറായില്ലേ, നീ കല്യാണം ഒന്നും നോക്കുന്നില്ലേ നല്ലൊരു ജോലിയൊക്കെ ശരിയായ സ്ഥിതിക്ക് ഇനി അതൊന്നും വെച്ച് താമസിപ്പിക്കേണ്ടന്നാണ് എന്റെ ഒരു അഭിപ്രായം…
സുധി അർജുനോട് ആയി പറഞ്ഞപ്പോൾ ഡ്രൈവിംഗ് സീറ്റിന്റെ അരികിലുള്ള മിറർ ഒന്നുകൂടി ശരിക്ക് വച്ച് അവൾ ഇരിക്കുന്ന ഭാഗത്തേക്ക് അവൻ ഒന്ന് നോക്കിയിരുന്നു… ശേഷം മിറർ ഒന്നുകൂടി അവളെ കാണാവുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തതിനു ശേഷം സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…
” ഞാനിപ്പോ വിവാഹത്തെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല ഏട്ടാ
” എന്താടാ നിനക്ക് വല്ല കൊളുത്തും ഉണ്ടോ…?
ഒരു കുസൃതിയോടെ സുധി ചോദിച്ചു
” കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആണോ…?
അവന്റെ മുഖഭാവം കണ്ടതുകൊണ്ട് തന്നെ സുധി ചോദിച്ചു… ഉള്ളംകൈ മുതൽ തല വരെ വിയർക്കുന്നത് മീര അറിഞ്ഞു… വല്ലാത്തൊരു ഭയം അവളെ മൂടുന്നുണ്ടായിരുന്നു.
” ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു സുധിയേട്ടാ… ഇപ്പോ ഒരുപാട് അകലെയാണ് എന്റെ ബുദ്ധിമോശം കൊണ്ട് കൈവിട്ടു പോയത് ആണ്… ഇനി ജീവിതത്തിൽ ഒരിക്കലും അതുപോലെ നല്ലൊരു പെൺകുട്ടിയെ എനിക്ക് കിട്ടില്ല. അതുകൊണ്ട് തന്നെ ഇനി കല്യാണം വേണോ വേണ്ടയോ എന്നുള്ള ഒരു കൺഫ്യൂഷനിൽ ആണ് ഞാൻ…
മീരയുടെ മുഖത്തേക്ക് നോക്കിയാണ് അർജുൻ പറഞ്ഞത്. പുറത്തേക്കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സുധി അത് കണ്ടിരുന്നില്ല. സുധി പെട്ടെന്ന് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
” നീ എന്തൊരു മണ്ടത്തരമാ പറയുന്നത്, ഒരു പെണ്ണുമായുള്ള ബന്ധം ഇല്ലാതായി എന്ന് പറഞ്ഞ് വിവാഹം വേണ്ടെന്നോ.? ഒരു ജീവിതം കളയാമെന്നോ.? ഒരു പ്രണയവും അതിന്റെ നഷ്ടവും ഒക്കെ ഇപ്പോൾ ആർക്കാ ഇല്ലാത്തത്.? അതിന്റെ പേരിൽ വിവാഹം വേണ്ടെന്നൊക്കെ വയ്ക്കുന്നത് മണ്ടത്തരമാണ്, ഇപ്പോഴല്ല അതിന്റെ ഒന്നും ബുദ്ധിമുട്ട് അറിയാൻ പോകുന്നത്. ഒന്നാമത് നീ അച്ഛന്റെയും അമ്മയുടെയും ഒറ്റ മോൻ. അവർക്കും കാണില്ലേ നിന്റെ ഒരു കുട്ടി എടുക്കണം എന്നൊക്കെ ഉള്ള ആഗ്രഹങ്ങള്..? നീ തൽക്കാലം മറ്റു കാര്യങ്ങളൊക്കെ മറന്നിട്ട് ഒരു വിവാഹം കഴിക്കാൻ നോക്ക്. ഇപ്പോൾ തന്നെ നിനക്ക് അതിനുള്ള സമയമായിട്ടുണ്ട്. അച്ഛനും അമ്മയും ഒറ്റയ്ക്കല്ലേ. അവർക്കും ഒരു കൂട്ട് വേണ്ട ഒന്നും മിണ്ടിയും പറഞ്ഞു ഒക്കെയിരിക്കാൻ,
“നമ്മളെ ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കിട്ടുള്ളൂ സുധിയേട്ടാ… അത് നഷ്ടപ്പെട്ടുപോയാൽ നമ്മുടെ ജീവിതം തന്നെ നഷ്ടപ്പെട്ടതിന് തുല്യമാണ്. ഇത് എനിക്ക് നേടാവുന്ന ഉയരത്തിൽ ആയിരുന്നു എന്നിട്ട് ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞതാ അതിന്റെ വില ഞാൻ മനസ്സിലാക്കുന്നത് മറ്റൊരാളുടെ കൈകളിലേക്ക് അത് എത്തിയപ്പോൾ മാത്രമാണ്..
അജു പറഞ്ഞു
” നിനക്കുള്ളതായിരുന്നില്ല. ആയിരുന്നെങ്കിൽ നിനക്ക് കിട്ടിയേനെ. അങ്ങനെ കരുതിയാൽ മതി..
സുധി അവനെ ആശ്വസിപ്പിച്ചു… ആ നിമിഷം മിററിലൂടെ അവളുടെ മുഖത്തേക്കാണ് അർജുൻ നോക്കിയത്… വല്ലാത്തൊരു വിഭ്രാന്തി അവളെ പിടികൂടിയിരുന്നു അവന്റെ കണ്ണുകളെ എന്തുകൊണ്ടോ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ല. എന്ത് സംഭവിച്ചാലും അർജുനെ കുറിച്ചുള്ള കാര്യങ്ങൾ സുധിയോട് തുറന്നു പറയണമെന്ന് ഒരു തീരുമാനത്തിൽ ആ നിമിഷം തന്നെ അവൾ എത്തിയിരുന്നു… ഇല്ലെങ്കിൽ തന്റെ ജീവിതത്തെ അത് വളരെ പ്രതികൂലമായ രീതിയിൽ ബാധിക്കും. ഇപ്പോൾ തന്നെ എന്തോ ഒരു കള്ളം ചെയ്യുന്നതുപോലെയുള്ള തോന്നലാണ്, സുധിയേട്ടനെ മറച്ച് ഒന്നും തന്റെ ജീവിതത്തിൽ വേണ്ട എന്ന് ആ നിമിഷം തന്നെ അവൾ ഒരു തീരുമാനം എടുത്തിരുന്നു.
” താൻ എന്താടോ മിണ്ടാതിരിക്കുന്നത് ഇവൻ വിചാരിക്കും തനിക്ക് ജാഡ ആണെന്ന്
പുറകിലേക്ക് നോക്കി മീരയോടായി സുധി ചോദിച്ചിരുന്നു… വരുത്തിവെച്ച ഒരു പുഞ്ചിരി മാത്രമാണ് അവൾ അതിനു മറുപടിയായി നൽകിയത്…
” ഇയാൾ അങ്ങനെ അധികം മിണ്ടുന്ന ടൈപ്പ് അല്ല നീ മറ്റൊന്നും തെറ്റിദ്ധരിക്കേണ്ട… കല്യാണം കഴിഞ്ഞ് ഒരു ഒന്ന് രണ്ടാഴ്ച കഴിഞ്ഞാണ് എന്നോട് തന്നെ ശരിക്കും മിണ്ടിത്തുടങ്ങിയത്… കുറച്ചു നാണം കുണുങ്ങിയ ടൈപ്പ് ആണ്
സുധി പറഞ്ഞപ്പോൾ നൊമ്പരത്തിൽ ചാലിച്ച ഒരു പുഞ്ചിരിയാണ് അജു അതിന് മറുപടിയായി നൽകിയത്..
” അത് സാരമില്ല സുധിയേട്ടാ എന്നെ പരിചയമില്ലല്ലോ അതുകൊണ്ടാവും,
അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോഴും ശരീരം വിയർക്കുന്നത് മീര അറിഞ്ഞിരുന്നു…
“സുധിയേട്ടന് എത്രനാൾ ഉണ്ട്
” കുറച്ചു ലീവ് ഉള്ളൂ ഇയാളുടെ പഠിത്തം ഈ വർഷം കൊണ്ട് കഴിയും, അതുകഴിഞ്ഞാൽ പിന്നെ ഏതെങ്കിലും സ്കൂളിൽ ജോലിക്ക് കയറ്റണം. അതും കൂടി കഴിഞ്ഞാൽ എനിക്ക് പിന്നെ സ്വസ്ഥമായിട്ട് നാട്ടിൽ വന്നു ഭാര്യയുടെ ചെലവിൽ ജീവിക്കാം… അതെങ്ങനെയുണ്ട്..?
രസകരമായി സുധി പറഞ്ഞപ്പോൾ ആ തമാശയിൽ പങ്കുചേരുന്നു എന്നതുപോലെ അർജുൻ ഒന്ന് ചിരിച്ചു…
” ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടെങ്കിലും എന്റെ ശ്രീമതി ഒന്ന് ചിരിക്കുമെന്ന് കരുതി എന്തൊരു എയർ പിടിത്തം ആടോ ഇത്..?
പുറകിലേക്ക് നോക്കി സുധി ചോദിച്ചപ്പോൾ വളരെ ബുദ്ധിമുട്ടി ഒരു പുഞ്ചിരി അവൾ നൽകിയിരുന്നു… ഹൃദയം അപ്പോഴും വേലിയേറ്റത്തിൽ ആണെന്ന് അവൾക്ക് തോന്നിയിരുന്നു… ഇത്രയും വലിയൊരു പ്രതിസന്ധിഘട്ടത്തെ നേരിടേണ്ടി വരുമെന്ന് വിചാരിച്ചിരുന്നതല്ല. എങ്ങനെയും ഒക്കെയും സുധിയോട് തുറന്നു പറയാനുള്ള ധൈര്യം തനിക്ക് ലഭിക്കണമെന്ന് മാത്രമാണ് ആ നിമിഷം അവൾ പ്രാർത്ഥിച്ചിരുന്നത്………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…