കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 84
രചന: റിൻസി പ്രിൻസ്
എടാ എനിക്ക് നിന്റെ മുഖത്തുനോക്കി പറയാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ വയ്യ. നിന്റെ അളിയൻ നീയില്ലാത്ത ബുദ്ധിമുട്ട് അറിയിക്കാതിരിക്കാൻ ആരും അറിയാതെ മീരേ അന്തിക്കൂട്ടിനു വിളിക്കുന്ന സ്ഥിതി വരെ എത്തിയിട്ട് ഉണ്ട് കാര്യങ്ങൾ….
വിനോദിന്റെ ആ വെളിപ്പെടുത്തലിൽ തലയിൽ ഒരു ബോംബ് വച്ച് പൊട്ടിച്ചത് പോലെയാണ് സുധിക്ക് തോന്നിയത്
“വിനോദെ…. എടാ…. നീ എന്താ പറഞ്ഞത്….?
കണ്ണുകൾ നിറച്ചു കൊണ്ടാണ് സുധിയത് ചോദിച്ചത്. അവന്റെ ചുവന്ന കണ്ണുകൾ കാണെ എങ്ങനെ അവനോട് അക്കാര്യത്തെക്കുറിച്ച് പറയും എന്നായി പിന്നീട് വിനോദിന്റെ ചിന്ത… പറയേണ്ടിയിരുന്നില്ലന്ന് പോലും ഒരു നിമിഷം അവന് തോന്നിപ്പോയിരുന്നു..
” നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാ…..
അവനെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് വിനോദ് പറഞ്ഞു.
” അജ… അജയൻ… അവൻ മീരയോട്…. അങ്ങനെ ആ ഒരു അർത്ഥത്തിൽ അവന്…..
വാക്കുകൾ ഇടറി പോകുന്നുണ്ടായിരുന്നു സുധിയ്ക്ക്…
” ഞാൻ എന്റെ ചെവി കൊണ്ട് കേട്ടതാ… നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ആ നിമിഷം തന്നെ ഞാൻ അവന്റെ ചെകിട് അടിച്ചുപൊളിച്ചേനെ.. പിന്നെ നീ ഇല്ലാത്ത സമയത്ത് നിന്റെ ഭാര്യയോട് അനാവശ്യം പറഞ്ഞതിന്റെ പേരിൽ ഞാൻ നിന്റെ അളിയനെ നിന്റെ വീട്ടിൽ കയറി അടിച്ചാൽ അതിനും കുറ്റം നിന്റെ ഭാര്യയ്ക്ക് ആയിരിക്കും… അതുകൊണ്ട് മാത്രമാണ് ഞാൻ സംയമനം പാലിച്ചത്… പക്ഷേ ഞാൻ കൊടുക്കേണ്ട അടി അവൾ തന്നെ അവന് കൊടുത്തിരുന്നു… അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഏതായാലും ആ ഒരു സാഹചര്യത്തിൽ അങ്ങനെ ഇടപെടാൻ മീരക്ക് തോന്നി. പിറ്റേ ദിവസം ഞാൻ ഇതിനെപ്പറ്റി അവളോട് ചോദിച്ചപ്പോഴും അവൾ പറഞ്ഞത് ഈ കാര്യം സുധിയേട്ടൻ അറിയേണ്ടന്നാ, അറിഞ്ഞാൽ വിഷമിക്കുമെന്ന്… നിന്റെ ഭാഗ്യം ആണ് അവളെ പോലെ ഒരു ഭാര്യ…! ഒരു വിധത്തിലും നിന്നെ വിഷമിപ്പിക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടാ കുട്ടി. അതിനെ പിന്നെയും ഇവിടെ ഇട്ട് കഷ്ടപ്പെടുത്താതെ നീ എന്തെങ്കിലും ഒരു പരിഹാരം ചെയ്യണം. ഇപ്പോൾ നീ വന്നിരിക്കുന്നത് അമ്മയും മീരയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തീർക്കാൻ ആണെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ പറഞ്ഞത് എല്ലാം തീർത്ത് സേഫ് ആയിട്ട് പോകാം എന്ന് നീ കരുതണ്ട… മീര നിന്റെ വീട്ടുകാരുടെ മനസ്സിൽ ഒരു കരട് തന്നെയാണ്. അത് ഒരിക്കലും ഇനി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ ഒരിക്കലും നിന്റെ വീട്ടുകാരെ കുറ്റം പറയുന്നതല്ല, നിന്റെ അമ്മയും സഹോദരങ്ങളും എനിക്ക് എന്റെ സ്വന്തം ആണ്.. അത് ഞാൻ നിന്നോട് പ്രത്യേകിച്ച് പറയേണ്ടല്ലോ. പക്ഷേ നിന്നെ വിശ്വസിച്ച് നിന്റെ താലി ചരടുമായിട്ട് ഈ വീട്ടിലേക്കു വന്നു കയറിയ ഒരു പെണ്ണിനോട് അവർ കാണിക്കുന്നത് നീതിയല്ല. അത് ആരാണെങ്കിലും തുറന്നു പറയണം. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പിറ്റേദിവസം തന്നെ അവളെയും വിളിച്ചുകൊണ്ട് വേറെ പോയി താമസിച്ചു കാണിച്ചു കൊടുത്തേനെ.. നിന്റെ കയ്യിൽ നീക്കിയിരിപ്പ് ഒന്നും ഉണ്ടാവില്ല എന്ന് എനിക്കറിയാം. പക്ഷേ ഇക്കാര്യങ്ങളൊക്കെ മനസ്സിൽ ഉണ്ടാകണം. ഇനി നീ പോയിട്ട് തിരിച്ചു വരുമ്പോൾ ഇവിടെ എന്തെങ്കിലും നിനക്ക് ചെറിയ രീതിയിൽ തുടങ്ങാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കണം വരേണ്ടത്. അല്ലാതെ ഇനിയും കിട്ടുന്നത് മുഴുവൻ സഹോദരങ്ങൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും ചെലവഴിച്ച അവസാനം മണ്ടനായി പോവരുത്. അതുകൊണ്ട് ഞാൻ അത് പറഞ്ഞത്… ഞാനിത് പറഞ്ഞില്ലെങ്കിൽ ഒരുപക്ഷേ ഒരിക്കലും മീര ഇക്കാര്യം നിന്നോട് പറയില്ല. നീ ഇത് അറിയാതെ പോയാൽ അവരെയൊക്കെ എപ്പോഴും കണ്ണടച്ച് വിശ്വസിക്കും.. അതുകൊണ്ടാ…
അവന്റെ തോളിൽ തട്ടി വിനോദ് പറഞ്ഞു. ഒന്നും മിണ്ടാതെ ചുവന്ന കണ്ണുകളോടെ മറ്റെവിടെയോ നോക്കിനിൽക്കുകയായിരുന്നു സുധി… അവനെ വല്ലാതെ ഈ സംഭവം തകർത്തു കളഞ്ഞു എന്ന് മനസ്സിലാക്കാൻ വിനോദിന് സാധിക്കുന്നുണ്ടായിരുന്നു.
” കുളിയൊക്കെ കഴിഞ്ഞ് ഇങ്ങോട്ട് ഇറങ്ങു, നമുക്ക് ചെറുതായിട്ട് കവല വരെ ഒരു ഔട്ടിങ്ങിനൊക്കെ പോകാം. അപ്പോൾ നിന്റെ മനസ്സ് ഒന്ന് ശരിയാകും..
” ശരി ഞാൻ പിന്നെ വരാം,
അത്രയും പറഞ്ഞ് ആ നിമിഷം തന്നെ സുധി വീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു.. അവന്റെ നിസ്സഹായ അവസ്ഥയും നിറഞ്ഞ കണ്ണുകളും വിനോദിന്റെ മനസ്സിലും വലിയ വേദന നിറച്ചിരുന്നു. സുഹൃത്തായി അല്ല സഹോദരനായി ആണ് ഇന്നോളം കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ആ മനസ്സ് പിടയുന്നത് തനിക്ക് സഹിക്കാൻ കഴിയില്ല എന്ന് ഒരു നിമിഷം അവൻ ഓർത്തു. ഒരല്പം അവൻ വേദനിച്ചാലും സത്യം അവൻ തിരിച്ചറിയുന്നതാണ് അവന്റെ ജീവിതത്തിന് നല്ലത് എന്ന് വിനോദ് വിശ്വസിച്ചിരുന്നു.
വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ ഫോണിൽ സുഗന്ധിയോട് സംസാരിക്കുന്ന സതിയെയാണ് അവൻ കണ്ടത്. ഒന്നും മിണ്ടാതെ അവൻ അകത്തെ മുറിയിലേക്ക് കയറി പോയിരുന്നു. അവന്റെ ആ പ്രവർത്തിയിൽ താല്പര്യമില്ലാതെ വീണ്ടും മുറ്റത്തേക്ക് ഇറങ്ങി സുധി വന്ന കാര്യം സുഗന്ധിയോട് പറയുന്നുണ്ടായിരുന്നു സതി..
അകത്തേക്ക് ചെന്നതും ജനലിനരികിൽ എന്തോ ചിന്തിച്ചു കൊണ്ട് നിൽക്കുന്ന മീരയേയാണ് അവൻ കാണുന്നത്. മുറിയിലേക്ക് അവൻ കയറിയ നിമിഷം തന്നെ ഡോർ അടച്ചിരുന്നു. ആ ശബ്ദം കേട്ടതും മീര തിരിഞ്ഞുനോക്കി.
സുധിയുടെ മുഖത്തെ വ്യത്യാസം ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
” എന്തുപറ്റി സുധിയേട്ടാ..?
പെട്ടെന്ന് അവന്റെ അരികിലേക്ക് വന്ന് ആ മുഖത്തേക്ക് കൈകൾ വച്ചുകൊണ്ട് അവൾ ചോദിച്ചു.
” പനിപിടിച്ചോ മുഖം ചുവന്നിരിക്കുന്നല്ലോ.. ഇവിടുന്ന് പോകുമ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.. എന്തുപറ്റി? എന്ത് സുധീയേട്ടാ കണ്ണ് ഇങ്ങനെ കലങ്ങി കിടക്കുന്നത്…?
ഒരു മിനിറ്റിൽ ഒരു നൂറു ചോദ്യങ്ങൾ. തന്റെ മുഖം ഒന്നു മാറിയപ്പോൾ ആവലാതിപ്പെടുന്ന ആ പെണ്ണിനെ കണ്ട് അവന് വീണ്ടും കുറ്റബോധം തോന്നി. അവളോട് നീതിപുലർത്തിയിട്ടുണ്ടോ താൻ. അവളെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചല്ലേ തനിക്കൊപ്പം ഒരു ജീവിതത്തിനായി അവൾ ഇറങ്ങി വന്നത്. ഇവിടെ സ്വന്തം അളിയൻ പോലും അവളുടെ മാനത്തിന് വില പറയുന്ന ഒരു അവസ്ഥയിലേക്ക് താൻ അവളെ കൊണ്ട് ചെന്ന് എത്തിച്ചില്ലേ.? അവൻ തകർന്നു നിൽക്കുകയായിരുന്നു. മീരേ കണ്ടതും അവൻ അവളെ തന്നോട് ചേർത്തുപിടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അവളുടെ മാറിലേക്ക് ചേർന്ന് അവൻ പൊട്ടി കരഞ്ഞു. അവന് എന്ത് സംഭവിച്ചു എന്ന് അറിയാത്ത ഒരു അങ്കലാപ്പിലായിരുന്നു ആ നിമിഷം മീരയും.. അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നോ എന്ത് കാര്യത്തിലാണ് അവൻ ഇത്രയും വേദനിക്കുന്നത് എന്നോ അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
” എന്താ സുധിയേട്ടാ..? എന്തിനാ കരയുന്നത്..? കാര്യം എന്താണെന്ന് എന്നോട് പറ. ഇങ്ങനെ കരയാനും മാത്രം എന്ത് വിഷമം ആണ് ഉണ്ടായത്.? എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റായിട്ട് ഉണ്ടായോ.?
ആവലാതിയോട് ചോദിക്കുന്നവളുടെ വായ ആ നിമിഷം തന്നെ പൊത്തി കളഞ്ഞിരുന്നു അവൻ…
” നീ എന്നോട് ക്ഷമിക്കില്ലേ മോളെ..?
അവൻ ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. പിന്നീട് അവളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അവളുടെ കാലുകളിൽ വീണു.. ആ നിമിഷം മീര അമ്പരന്നു പോയിരുന്നു. പെട്ടെന്ന് അവൾ കാലുകൾ അവനിൽ നിന്നും മാറ്റി അകന്നു നിന്നു… ആ നിമിഷം തന്നെ അവൻ തറയിൽ ഇരുന്നു പോയിരുന്നു, അവളെ നോക്കാതെ തറയിലേക്ക് നോക്കിയിരുന്ന കരയുന്നവന്റെ കണ്ണുനീർത്തുള്ളികൾ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു..
അവന് അരികിലായി ആ തറയിൽ ആയി മീരയും ഇരുന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനെ തോളിൽ കയ്യിട്ടു തന്നോട് ചേർത്തുപിടിച്ചു. ആ നിമിഷം അവന് ആവശ്യം ഒരു ആശ്വാസമാണെന്ന് അവൾക്ക് തോന്നിയിരുന്നു.
” എന്തിനാ സുധീയേട്ടൻ കരയുന്നത്..? എന്തിനാ എന്റെ കാലു പിടിച്ചത്..? കാര്യം എന്താണെന്ന് പറ എന്നോട്.?
” അജയൻ എപ്പോഴെങ്കിലും ഈ വീട്ടിൽ വച്ച് നിന്നോട് മോശമായിട്ട് ഇടപെട്ടിട്ടുണ്ടോ…?
അവന്റെ ആ ചോദ്യത്തിൽ തന്നെ മീര ഞെട്ടി പോയിരുന്നു. വിനോദ് പറഞ്ഞു അവൻ അക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്ന് മീരയ്ക്ക് മനസ്സിലായി. അതാണ് അവൻ തകർന്നു പോകാനുള്ള കാരണം. അവനെ പാടെ തകർക്കാൻ കഴിയുന്ന ഒരു വാർത്ത ആയിരിക്കും ഇതെന്ന് അവൾക്ക് ഉറപ്പായിരുന്നു. സുധി അറിയരുത് എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചതായിരുന്നു അത്.
“അത് പിന്നെ സുധിയേട്ടാ, ഒരിക്കൽ കുടിച്ചിട്ടോ മറ്റോ ആയിരിക്കും എന്നോട് മോശമായിട്ട് സംസാരിച്ചിരുന്നു. അതിനുള്ള മറുപടി ഞാൻ അന്ന് തന്നെ കൊടുത്തു… പിന്നെ അങ്ങനെ ഒരു സമീപനവും ആയിട്ട് എന്റെ അടുത്ത് വന്നിട്ടില്ല…
മീരയിൽ നിന്ന് കൂടി ആ സത്യം അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു സുധി…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…