Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 86

രചന: റിൻസി പ്രിൻസ്

അതാരാണെന്ന് സുധിയേട്ടൻ അറിഞ്ഞില്ലെങ്കിൽ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നും..

” ആരാത്..?

ആകാംക്ഷയോടെ സുധി ചോദിച്ചു

“അർജുൻ……!!!

അവളുടെ ആ തുറന്നുപറച്ചിൽ വീണ്ടും സുധീക്ക് ഒരു പ്രഹരം ഏൽപ്പിക്കുന്നതായിരുന്നു

ഒരു ഞെട്ടലോടെ സുധി അവളുടെ മുഖത്തേക്ക് നോക്കി.

“നമ്മുടെ അർജുനോ.?

“അതെ

” നിങ്ങൾ തമ്മിൽ എങ്ങനെ പരിചയപ്പെട്ടു.

അവിശ്വസനീയതയോടെ വീണ്ടും അവൻ ചോദിച്ചു..

” അർജുന്റെ ഒരു സുഹൃത്തിന്റെ അനുജൻ എനിക്കൊപ്പം ആയിരുന്നു കോളേജിൽ പഠിച്ചത്. അവനെ കാണാനോ മറ്റോ വന്നപ്പോൾ ഒരിക്കൽ അവിചാരിതമായി എന്നെ കണ്ടതാ. പിന്നെ കുറെ നാൾ എന്റെ പുറകെ നടക്കുകയായിരുന്നു. ആദ്യമൊക്കെ ഒരു ശല്യക്കാരൻ ആണെന്ന് ഞാൻ കരുതിയത്. പിന്നെ ഒരിക്കൽ നേരിട്ട് വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോഴും ഞാൻ താല്പര്യമില്ലെന്ന് തന്നെയാ പറഞ്ഞത്, കുറെവട്ടം അർജുനെന്റെ പുറകെ നടന്നപ്പോഴും എന്നെ ശല്യം ചെയ്യുന്ന രീതിയിലുള്ള ഒന്നും അർജുന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഞാൻ വരുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടാവും, അതുപോലെ വൈകുന്നേരം എന്നെ കാണും, തിരിച്ചു പോകും അത്രയേ ഉള്ളൂ. അങ്ങനെ ആയപ്പോൾ സുഹൃത്തുക്കളിൽ തന്നെ ചിലര് പറഞ്ഞു അത്രയ്ക്ക് എന്നെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കും ഒക്കെ അങ്ങനെ എപ്പോഴും വരുന്നത് എന്ന്.. അങ്ങനെ ഒരിക്കൽ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു.
അപ്പൊ തന്നെ ഞാൻ എന്റെ സാഹചര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞതാണ്. പിന്നെ നടന്ന സംഭവങ്ങൾ ഒക്കെ ഞാൻ സുധിയേട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ,

” എന്നിട്ട് അവൻ തന്നോട് എന്തെങ്കിലും അതിനെ പറ്റി ചോദിച്ചോ.?

പെട്ടെന്ന് ആകാംക്ഷയും ആധിയും കയറുന്നുണ്ടായിരുന്നു സുധിയ്ക്ക്.

“അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ഇന്നാണ് അർജുനെ കാണുന്നത് വീട്ടിൽ വച്ച്. അർജൻ സുധിയേട്ടന്റെ ബന്ധുവാണെന്ന് പോലും എനിക്കറിയില്ലായിരുന്നു, അങ്ങനെ ആയിരുന്നെങ്കിൽ ഈ വിവാഹം പോലും നടക്കുമായിരുന്നില്ല, ഇനി ഒരിക്കൽപോലും ഞാൻ കാണണമെന്ന് ആഗ്രഹിക്കാത്ത ഒരാളാണ് മുൻപിൽ വന്നു നിന്നത്. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു വലിയ പരീക്ഷണം കൂടി എന്നെ കാത്ത് ഇവിടെ നിൽക്കുന്നുണ്ടെന്ന്. അവളുടെ വാക്കുകൾ കേട്ട് എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സുധി.

” അവൻ എന്നിട്ട് കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ലല്ലോ.

” അതുകൊണ്ടാ ഞാൻ എല്ലാം സുധിയേട്ടനോട് തുറന്നു പറഞ്ഞത്… അതുമാത്രമല്ല എന്നെ പരിചയമില്ലാത്ത രീതിയിലല്ലേ സുധിയേട്ടന് മുൻപിൽ അവൻ നിന്നത്. അപ്പോൾ ഞാൻ കൂടിയത് പറയാതിരുന്ന സുധിയേട്ടനേ പറ്റിക്കുന്നത് പോലെ എനിക്ക് തോന്നി…

അവളുടെ ആ വാക്ക് അവനിൽ അല്പം ആശ്വാസം നിറച്ചിരുന്നു.

” സാരമില്ല മീര..! ജീവിതത്തിൽ നമ്മൾ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടി വരും, അതിലൊന്നായിരുന്നു ഇതൊന്നു കരുതിയാൽ മതി. അതെന്നോട് തുറന്നു പറയാനുള്ള ഒരു മനസ്സ് താൻ കാണിച്ചല്ലോ. അതിനപ്പുറം മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. സുധിയേട്ടനെ പരിചയപ്പെട്ടതിനു ശേഷം ഒരിക്കലും ഞാൻ അർജുനെ കുറിച്ച് ചിന്തിച്ചിട്ടില്ല സുധിയേട്ടനെ ഉൾക്കൊള്ളാൻ ഒരുപാട് ബുദ്ധിമുട്ടായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ മനസ്സ് തുറന്ന് സുധിയേട്ടനെ സ്നേഹിച്ചതിനു ശേഷം എന്റെ ചിന്തകളിൽ പോലും അർജുൻ വന്നിട്ടില്ല.

അവളുടെ കണ്ണുകൾ നിറഞ്ഞു.

” അങ്ങനെയൊരു കുമ്പസാരത്തിന്റെ ആവശ്യം എനിക്ക് മുൻപിൽ തനിക്കില്ല മീര. അങ്ങനെയൊരു ചിന്ത തന്നിലില്ല എന്ന് താനിക്കാര്യം എന്നോട് തുറന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. കഴിഞ്ഞത് കഴിഞ്ഞു ഇന്നലെകളിൽ നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിച്ചവരാണ്. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടവരാണ്. പക്ഷേ ഇന്ന് രണ്ടുപേരും രണ്ട് ജീവിതത്തിലാണ്, ഇനിയും ജീവിതത്തിൽ അവനെ കാണും കാണാതിരിക്കാൻ നിനക്ക് സാധിക്കില്ല. അപ്പോഴൊക്കെ സാധാരണ പോലെ നീ പെരുമാറിയാൽ മതി.

“പക്ഷേ എനിക്ക് അവനെ കാണേണ്ട സുധിയേട്ടാ, അവനെ കണ്ടാൽ എനിക്ക് ആ കാലഘട്ടങ്ങൾ ഓർമ്മിക്കുന്നത് കൊണ്ടല്ല അങ്ങനെ പോലും സുധിയേട്ടനെ ഞാൻ സ്നേഹിക്കാതിരുന്ന ഒരു കാലഘട്ടം ഉണ്ടെന്ന് ഓർമ്മിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പരമാവധി സുധിയേട്ടൻ അവനുമായുള്ള ചങ്ങാത്തം ഒഴിവാക്കണം… എനിക്ക് അത് ഇഷ്ടമല്ല. ഇന്നുവരെ ഒരു കാര്യവും സുധീയേട്ടനോട് ഞാൻ അരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അതിര് കവിഞ്ഞ സ്വാതന്ത്ര്യം ഈ വീട്ടിൽ സുധിയേട്ടനവന് കൊടുക്കരുത് അത് നല്ലതിന് ആവില്ലന്ന് എന്റെ മനസ്സ് പറയുന്നു. അത് ചിലപ്പോൾ എന്റെ ജീവിതം തന്നെ തകർക്കാൻ കെൽപ്പുള്ള ഒന്നായി മാറും എന്ന് ഞാൻ ഭയക്കുന്നു.

” താൻ എന്താ ഉദ്ദേശിക്കുന്നത്.? അവനെ കാണുമ്പോൾ തനിക്ക് പഴയ പ്രണയം ഓർമ്മവരുന്ന് ഞാൻ വിചാരിക്കുമെന്നോ അല്ലെങ്കിൽ താൻ എന്നെ വഞ്ചിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നോ.?

” സുധിയേട്ടൻ അങ്ങനെ ചെയ്യുമെന്നോ ഞാൻ അവനെ പ്രണയിക്കുമെന്നോ അല്ല ഞാൻ ഉദ്ദേശിച്ചത്. ഒരിക്കൽ സ്നേഹിച്ചവരാണ് ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചവരാണ് അവര് വീണ്ടും ഒരുപാട് കാണാതിരിക്കുന്നത് തന്നെയാണ് നല്ലത്. കണ്ടാൽ അതിനർത്ഥം വീണ്ടും പ്രണയത്തിൽ ആകും എന്നല്ല അത് രണ്ടുപേർക്കും നൽകുന്ന അസ്വസ്ഥത ഒരുപോലെയായിരിക്കും. മാത്രമല്ല നമുക്കിടയിൽ അർജുൻ ഉണ്ടാവുന്നത് എനിക്കിഷ്ടമല്ല.

” എനിക്ക് മനസ്സിലാവുന്നുണ്ട് തന്റെ മനസ്സും മാനസികാവസ്ഥയും അതിനുവേണ്ട പരിഹാരം ഞാൻ ചെയ്തോളാം, പക്ഷേ അർജുൻ ഇങ്ങോട്ട് വരരുതെന്ന് എനിക്ക് പറയാൻ പറ്റില്ല മീര, തനിക്കറിയാലോ അർജുൻ ചെറിയച്ഛന്റെ മകനാണ് ഈ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ്. കുറച്ചുകാലങ്ങൾ മുൻപ് വരെ ചെറിയച്ഛനും കുടുംബവുമായി അമ്മയ്ക്ക് വലിയ ബന്ധമൊന്നുമില്ല. . എന്നാൽ ഇപ്പോൾ രണ്ടു കൂട്ടരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഈയൊരു സാഹചര്യത്തിൽ അർജുന് ഇവിടെ വരരുതെന്ന് എനിക്ക് കടുംപിടുത്തം പിടിക്കാൻ സാധിക്കില്ല. അവന്റെ സാന്നിധ്യം തനിക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത മാറ്റിത്തരാൻ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ശ്രമിക്കാം.. അതിനപ്പുറം എനിക്ക് ഇപ്പൊ തനിക്ക് മറ്റൊരു വാക്കും തരാൻ പറ്റില്ല. പിന്നെ എന്റെ മുൻപിൽ ഒന്നുമില്ലാത്തത് പോലെയല്ലേ അവൻ തന്നത് ഞാനും ഒന്നും അറിഞ്ഞതായിട്ട് ഭാവിക്കുന്നില്ല. എനിക്ക് ഒന്നും അറിയില്ല. ജീവിതത്തിൽ ആരും ഇല്ലെന്ന് കുറച്ചു മുൻപ് വരെ ഞാൻ കരുതിയിരുന്നു. പക്ഷേ എനിക്ക് മനസ്സിലായി എനിക്ക് ആരുമില്ലെങ്കിലും താൻ ഉണ്ടാവും, മനസ്സുകൊണ്ട് പോലും എന്നെ ചതിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. ഞാൻ തന്റെ ശരീരത്തിൽ തൊട്ട നിമിഷം തന്നെ തനിക്ക് ഇക്കാര്യം എന്നോട് പറയണമെന്ന് തോന്നിയെങ്കിൽ ആ മനസ്സിന്റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇന്നുവരെ ഞാൻ ആർക്കും ഒരു ദ്രോഹം ചെയ്തിട്ടില്ല എല്ലാവരും നന്നാകണമെന്ന് ആഗ്രഹിച്ചിട്ടുള്ളൂ. ആർക്കും ഒരു വിഷമങ്ങളും ഉണ്ടാവില്ലെന്ന് പ്രാർത്ഥിച്ചിട്ടുള്ളൂ അങ്ങനെയുള്ള എന്നോട് ഈശ്വരന്മാര് പരീക്ഷണങ്ങൾ മാത്രമാണല്ലോ കാണിക്കുന്നതെന്ന് ഞാൻ കരുതി. എന്റെ ജീവിതത്തിന് ഒരു അർത്ഥവുമില്ലല്ലോ എന്ന് ഞാൻ കുറച്ചു മുൻപ് കൂടി ചിന്തിച്ചത് ഉള്ളൂ. പക്ഷേ എന്റെ ജീവിതത്തിൽ എനിക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ സമ്പാദ്യവും സമ്മാനവും താനാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. തന്റെ മനസ്സ് മാത്രം മതി എനിക്ക് മറ്റ് സമ്പാദ്യങ്ങൾ ഒന്നും വേണ്ട. എന്റെ തെരഞ്ഞെടുപ്പ് തെറ്റി പോയില്ലല്ലോ എന്നുള്ള സമാധാനത്തിൽ ഇനി എനിക്ക് ജീവിക്കാല്ലോ.

അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവൾ തന്റെ കൈകളാൽ അത് തുടച്ചു കൊടുത്തു.

” സുധിയേട്ടൻ ഇപ്പോൾ ഒരുപാട് മാനസിക വിഷമം അനുഭവിക്കുന്നുണ്ട് എന്ന് എനിക്കറിയാം. ഇതിനിടയിൽ ഇക്കാര്യം കൂടി പറഞ്ഞ് മനസ്സ് തകർക്കേണ്ട എന്ന് ഞാൻ കരുതിയത്. പക്ഷേ ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ കാര്യം സുധിയേട്ടൻ അറിഞ്ഞില്ലെങ്കിൽ അത് ശരിയാവില്ല എന്ന് എനിക്കൊരു തോന്നൽ.

” സത്യം പറഞ്ഞാൽ ഈ നിമിഷം വരെ എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.ഇപ്പോൾ ഇക്കാര്യം താൻ തുറന്നു പറഞ്ഞപ്പോഴാണ് എന്റെ മനസ്സ് ഒന്ന് തണുത്തത്. എനിക്കുവേണ്ടി ഒരാളെങ്കിലും ഉണ്ടല്ലോ എന്നുള്ള ഒരു സമാധാനം.

അവളെ തന്നോട് ചേർത്തു പിടിച്ച് അവൻ പറഞ്ഞപ്പോൾ ആ നിമിഷം അവളും കരഞ്ഞു പോയിരുന്നു.. എത്ര സമയം അങ്ങനെ നിന്നു എന്ന് അവൾക്കറിയില്ല. ഇടയ്ക്ക് എപ്പോഴോ ആശ്വാസത്തിന്റെ ചുംബനങ്ങൾ വികാരത്തിന്റെ അഗ്നിയിൽ വീണു. പിന്നെ അത് തനുവിനെ ചൂട് പിടിപ്പിക്കാൻ തുടങ്ങി. ശരീരങ്ങൾ വിയർത്തു ഒടുവിൽ ഒരു നൊമ്പരത്തോടെ അവനവളിൽ ചേർന്നു രണ്ടുപേരുടെയും വേദനകൾക്കുള്ള ഒരു പരിഹാരമായി ആ പ്രണയം ഇരുവരുടെയും ശരീരത്തിൽ ഒഴുകി ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button