കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 88
രചന: റിൻസി പ്രിൻസ്
ശ്രീക്കുട്ടിയുടെ പഠിപ്പ് ഇക്കൊല്ലം കഴിയും പിന്നെ വേറെ ബാധ്യതകൾ ഒന്നുമില്ലല്ലോ. അപ്പൊ പിന്നെ ഈ വീട് പണയപ്പെടുത്തി കുറച്ച് കാശ് എടുക്കാമെന്ന് അവൻ പറയുന്നത്, അത് കഴിഞ്ഞ് വീട് അങ്ങ് പൊളിച്ചു പണിയാമെന്ന്. നമുക്ക് മാത്രമല്ലേ ഉള്ളൂ ഇവിടെ നല്ല വീടില്ലാത്തത്.? എന്താ നിന്റെ അഭിപ്രായം..?
പ്രതീക്ഷയോടെ സതി അവനോട് ചോദിച്ചു
” ഇതിൽ ഇപ്പോൾ എന്റെ അഭിപ്രായം ചോദിക്കേണ്ട ആവശ്യം എന്താ..? ശ്രീജിത്തിന് അങ്ങനെയൊരു താല്പര്യം ഉണ്ടെങ്കിൽ അത് ചെയ്യണം, അതിന് ഞാനുമായിട്ട് യാതൊരു ബന്ധവും ഇല്ലല്ലോ,
” അങ്ങനെയല്ല നിന്നോട് ചോദിക്കണം, ഇനി ശ്രീക്കുട്ടിയുടെ പഠിത്തം കഴിയുമ്പോൾ ആ ചിലവ് തീരുമല്ലോ.. അവൻ പറയുന്നത് അടവൊക്കെ ഏകദേശം പത്തിരുപത്തിമൂവായിരം രൂപ വേണ്ടിവരുന്നാ.. ശ്രീക്കുട്ടിയുടെ പഠിത്തത്തിനു വേണ്ടി നീ മാസം 25000 രൂപ വച്ച് ചെലവാക്കുന്നില്ലേ.? ആ പൈസ മാറ്റിവെച്ച് വീട് നമുക്ക് പണിത് എടുക്കാവുന്നതേയുള്ളൂ…
സതി താല്പര്യത്തോടെ പറഞ്ഞു
” ഈ വീട്ടിലെ മൂത്ത മകൻ എന്ന നിലയിലാണ് അമ്മ എന്നോട് അഭിപ്രായം ചോദിച്ചതെങ്കിൽ എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്, പിന്നെ ഇതിന് പണം ചെലവാക്കേണ്ട ആൾ എന്ന നിലയിലാണ് അമ്മ അഭിപ്രായം ചോദിച്ചതെങ്കിൽ അതിന്റെ മറുപടി ഞാൻ ഇപ്പോൾ തന്നെ പറയാം ഇനി ഈ വീടിന് വേണ്ടി ഒരു പത്തു പന്ത്രണ്ട് വർഷം കൂടി ഗൾഫിൽ കിടന്ന് കഷ്ടപ്പെടാൻ എനിക്ക് പറ്റില്ല..! ഞാനടക്കുമെന്ന പ്രതീക്ഷയിലെ ഈ വീട് പുതുക്കി പണിയാനായിട്ട് നിൽക്കുകയും വേണ്ട… ശ്രീജിത്തിനും ഭാര്യക്കും ജോലിയുണ്ട്. അവർ രണ്ടുപേരുംകൂടി ശ്രമിച്ച ഈസി ആയിട്ട് മാസം 23000 ഉണ്ടാക്കാവുന്നതേയുള്ളൂ.. പിന്നെ രമ്യയുടെ ബാങ്കിൽ നിന്ന് തന്നെ ലോണും കിട്ടും. പലിശയും കുറവായിരിക്കും. അതുകൊണ്ട് അവർക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ അത് ചെയ്തോട്ടെ. പക്ഷേ ഞാനുമായിട്ട് അതിനെ ബന്ധിപ്പിക്കേണ്ട.. എങ്ങനെയെങ്കിലും ശ്രീക്കുട്ടിയുടെ പഠിത്തം കഴിഞ്ഞ് ഞാൻ അവിടെ നിന്ന് നിർത്തി പോരണം എന്ന് ആണ് വിചാരിക്കുന്നത്. കയ്യിലുള്ള സമ്പാദ്യങ്ങൾ ഒക്കെ വെച്ച് ഇവിടെ എന്തെങ്കിലും തുടങ്ങണം. പിന്നെ എനിക്ക് ഒരു വീട് വയ്ക്കണം, അതല്ല ഞാൻ ഈ വീട് പുതുക്കി പണിയാണെങ്കിൽ അമ്മ ഈ വീട് എന്റെ പേരിൽ എഴുതിത്തരുമോ.?
പെട്ടെന്നുള്ള സുധിയുടെ ആ സംസാരം കേട്ട് സതി ഞെട്ടിപ്പോയിരുന്നു.
” നീ എന്താ സുധീ പറയുന്നത് അങ്ങനെ ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുമോ.? നാട്ടുനടപ്പ് അങ്ങനെയല്ലല്ലോ,
” നാട്ടുനടപ്പ് പോലെയാണോ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നടന്നിട്ടുള്ളത്.. അല്ലല്ലോ അപ്പോൾ പിന്നെ ഞാൻ ഈ വീടും പുതുക്കി പണിത് ഇതിനുവേണ്ടി 10 വർഷം പിന്നെയും എന്റെ ആരോഗ്യം അന്യരാജ്യത്തെ ഹോമിച്ചിട്ട് എനിക്ക് എന്ത് ഗുണം കിട്ടുമെന്നാ അമ്മ പറയുന്നത്..?
” ഈ വീട് അമ്മ കൊടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് ശ്രീജിത്തിനാണ്. അപ്പൊൾ പിന്നെ അത് ശരിയായിട്ട് മാറ്റി പണിയേണ്ടതും അവന്റെ കടമയാണ്. ഞാൻ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇവിടെ നിന്ന് മാറി താമസിക്കേണ്ട ആളാണ്. അപ്പൊൾ പിന്നെ ഞാൻ ഈ വീടിനു വേണ്ടി പണം മുടക്കണമെന്ന് അമ്മ പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല.
” സുധി നീ പണ്ടൊന്നും ഇങ്ങനെ സംസാരിക്കാറുണ്ടായിരുന്നില്ല. നിന്റെ മാറ്റം എനിക്ക് മനസ്സിലാകുന്നുണ്ട് കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷം കൊണ്ട് നീ ഇത്ര പെട്ടെന്ന് മാറിയെന്ന് പറഞ്ഞാൽ അതിന് അർത്ഥം എന്താ.?
മീരയെ നോക്കി അർത്ഥം വെച്ച് അവർ പറഞ്ഞു
” അതിനർത്ഥം എന്താണെന്ന് അമ്മ സ്വയം ചോദിച്ചു നോക്കൂ. ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഈ വീടിനു വേണ്ടിയാ കഷ്ടപ്പെട്ടിട്ടുള്ളത്. ചെയ്തതിനും കൊടുത്തതിനു ഒന്നും ഞാൻ ഇതുവരെ കണക്ക് വെച്ചിട്ടില്ല. പക്ഷേ ഞാൻ ആഗ്രഹിച്ചത് പോലെയുള്ള സ്നേഹമോ ആത്മാർത്ഥതയോ ഈ വീട്ടിലുള്ള ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല. അതിന്റെ കുറ്റം കൂടി അമ്മ ഇവളുടെ മണ്ടയിൽ കെട്ടിവയ്ക്കണ്ട. ഇതെന്റെ തീരുമാനമാണ് ജീവിതകാലം മുഴുവൻ ഞാൻ ഗൾഫിൽ കിടന്നു കഷ്ടപ്പെടണോ.? അമ്മയുടെ മോൻ തന്നെയാണ് ഞാൻ. ശ്രീജിത്തിനെ പോലെ തന്നെ എനിക്കുമുണ്ട് ആഗ്രഹം എന്റെ വീട്ടിൽ നിൽക്കണം എന്റെ നാട്ടിൽ താമസിക്കണം എന്നൊക്കെ. അമ്മ ഞാൻ ഈ വീടിനു വേണ്ടി നുകം വലിക്കുന്ന വെറും ഒരു കാളയാണെന്നുള്ള രീതിയിലാ സംസാരിക്കുന്നത്. ഒന്ന് കഴിയുമ്പോൾ ഒന്നായിട്ട് എന്റെ തലയിലേക്ക് വയ്ക്കാൻ തുടങ്ങുന്നു. ശ്രീക്കുട്ടിയുടെ പഠിത്തം കഴിഞ്ഞാൽ ഉടനെ തന്നെ ഞാൻ അടുത്ത ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്. അങ്ങനെ ജീവിതകാലം മുഴുവൻ ഞാൻ അവിടെ തന്നെ നിൽക്കണം. നിങ്ങൾക്കെല്ലാവർക്കും ഇവിടെ സന്തോഷത്തോടെ ജീവിക്കുകയും വേണം. ഇത്രയൊക്കെ ഞാൻ ഇവിടെ ചെയ്തിട്ടും എന്റെ ഭാര്യക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ പോലും സാധിക്കുന്നില്ല. എന്തിന് അവൾടെ മാനത്തിന് വില പറയാൻ വരെ ഇവിടെ ആൾക്കാർ ഉണ്ട്…
” സുധിയേട്ടാ…
ഒരു താക്കീതുപോലെ മീര അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു
” നീ എന്തൊക്കെയാ സുധി പറയുന്നത്…? ഈ ഒരുമ്പെട്ടവൾ എന്തൊക്കെ കള്ളത്തരങ്ങൾ ആണ് നിന്നോട് പറഞ്ഞു തന്നിരിക്കുന്നത്… ഏതായാലും നല്ല രീതിയിൽ തന്നെ നിന്നോട് പറഞ്ഞു തന്ന് നിന്നേ മാറ്റി എടുത്തിട്ടുണ്ടവൾ…എന്നോട് ഇങ്ങനെയൊന്നും നീ ഇതുവരെ സംസാരിച്ചിട്ടില്ല…
സതി ദേഷ്യത്തോടെ പറഞ്ഞു
” സംസാരിപ്പിച്ചതാണ് അമ്മ, ആരും മാറ്റിയെടുപ്പിച്ചതല്ല. ഞാൻ ആരുടെയും കളികുട്ടിയുമല്ല, തെറ്റും ശരിയും കണ്ട് മനസ്സിലാക്കാനുള്ള പ്രായോഗിക ബോധം ഒക്കെ എനിക്കുണ്ട്. മീരയോടെ ഇടപെടുന്നത് പോലെ എന്നെങ്കിലും അമ്മ രമ്യയോടെ ഇടപെട്ടിട്ടുണ്ടോ? ഇടപെട്ടാൽ വിവരം അറിയും, ശ്രീജിത്ത് അപ്പോൾ തന്നെ അതിന് മറുപടി പറയും. ഞാൻ ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല, അമ്മ എന്തുപറഞ്ഞാലും മിണ്ടാതെ നിന്ന് കേട്ടിട്ടുള്ളൂ.., അതുകൊണ്ട് തന്നെയാണ് എനിക്ക് അവിടെ സമാധാനം ഇല്ലാതെ ഇങ്ങനെ തിരിച്ചു പോരേണ്ടി വന്നത്. കടല് കടന്നുപോകുന്ന ഏതൊരു പ്രവാസിയും അവന്റെ ഭാര്യയെ സ്വന്തം വീട്ടിൽ നിർത്തിയിട്ട് പോകുമ്പോൾ ഒരു സമാധാനം കിട്ടും. അവൻ കൂടില്ലെങ്കിലും അവന്റെ പ്രിയപ്പെട്ടവരെ അവൾക്കൊരു സമാധാനമാണല്ലോ എന്ന്. എല്ലാവരും ആ ഒരു വിശ്വാസത്തിൽ തന്നെയാ പോകുന്നത്. പക്ഷേ അവിടെ ചെന്ന് കഴിയുന്നതിനു മുൻപേ എത്തും ഓരോ പരാതികളും. മീരയെ സംബന്ധിച്ചിടത്തോളം ഇവിടെ നടന്നിട്ടുള്ള ഒരു കാര്യങ്ങളും അവളായിട്ട് എന്നോട് പറഞ്ഞിട്ടില്ല. അല്ലാതെ ഞാൻ അറിഞ്ഞ കാര്യങ്ങളാണ്. അതുതന്നെ കേട്ട് വയറു നിറഞ്ഞു. ഇനി ഇവിടെ അനുഭവിച്ചത് എന്തൊക്കെയാണെന്ന് കൂടി എന്നോട് പറഞ്ഞാൽ മൊത്തം പൂർത്തിയാകും. രമ്യയോട് അമ്മയൊന്നും പറയാതിരിക്കുന്നത് അവളോടുള്ള ഇഷ്ടം കൊണ്ടല്ല ശ്രീജിത്തിനോടുള്ള ബഹുമാനം കൊണ്ട് അവനോടുള്ള ഭയം കൊണ്ട് ആ ബഹുമാനവും സ്നേഹവും ഭയവും ഒന്നും അമ്മയ്ക്ക് എന്നോട് ഇല്ല. അമ്മയുടെ കാഴ്ചയിലെ ഈ കുടുംബത്തിന് വേണ്ടി ജോലിയൊക്കെ ചെയ്യുന്ന ഒരു വേലക്കാരന്റെ സ്ഥാനം മാത്രമേ അമ്മ എനിക്ക് തന്നിട്ടുള്ളൂ. എനിക്കില്ലാത്ത വില എന്റെ ഭാര്യക്ക് ഈ വീട്ടിൽ കിട്ടില്ല.
” ഇത്രയ്ക്കങ്ങ് പറയാനും വേണ്ടി നീ ഈ വീടിനുവേണ്ടി എന്ത് ചെയ്തു എന്ന് ആണ് പറയുന്നത്. വീട്ടിൽ അച്ഛനില്ലാതെ വരുമ്പോൾ മൂത്ത മക്കളാണ് ബാക്കിയെല്ലാവർക്കും തുണ ആവേണ്ടത്. അത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. അതിനു ഇത്ര കണക്ക് പറയേണ്ട കാര്യങ്ങൾ ഒന്നും ഇല്ല…
സധിക്കും ദേഷ്യം വന്നിരുന്നു
” ഞാൻ കണക്ക് പറയാൻ തുടങ്ങിയിട്ടില്ല അമ്മേ, ഞാൻ കണക്ക് വയ്ക്കാറില്ല ഒന്നിനും, അതുകൊണ്ടു തന്നെ കണക്ക് പറയാൻ എനിക്ക് അറിയുകയില്ല. ഞാൻ കണക്ക് പറഞ്ഞു തുടങ്ങിയ അത് ഇവിടെ നിൽക്കില്ല.
” എങ്കിൽ പിന്നെ നീ ഒരു കാര്യം ചെയ്യ് എത്രയും പെട്ടെന്ന് ഇവിടുന്ന് ഇറങ്ങിക്കോ, നിനക്ക് തരാനുള്ളത് എന്താണെന്ന് വെച്ചാൽ അത് ഞാൻ ആലോചിച്ച് തന്നേക്കാം, ഇനി നീ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടേണ്ട. പ്രശ്നം തീർന്നല്ലോ
പെട്ടെന്ന് സതിയുടെ ആ വാക്ക് കേട്ടപ്പോൾ സുധിയിൽ വല്ലാത്തൊരു വേദന നിറഞ്ഞിരുന്നു. അവർ എടുത്തടിച്ചത് പോലെ അങ്ങനെ സംസാരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. വല്ലാത്തൊരു പ്രഹരം തന്നെയാണ് ആ വാക്കുകളിൽ നിന്നും അവനെൽക്കേണ്ടി വന്നത്.. തന്റെ വിഷമം കൊണ്ട് പറഞ്ഞതാണെങ്കിൽ പോലും അവർ തന്നെ ആശ്വസിപ്പിക്കുമെന്നാണ് കരുതിയത്. എന്നാൽ അവരുടെ മനസ്സിലുള്ളത് എന്താണ് എന്ന് പുറത്തു വരികയായിരുന്നു ആ നിമിഷം ചെയ്തത്. ചുരുക്കം പറഞ്ഞാൽ പൈസ ചിലവാക്കാൻ ഇല്ലെങ്കിൽ ഈ വീട്ടിൽ നിൽക്കണ്ട എന്നാണ് അമ്മ പറഞ്ഞത്….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…