" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 89

രചന: റിൻസി പ്രിൻസ്

പെട്ടെന്ന് സതിയുടെ ആ വാക്ക് കേട്ടപ്പോൾ സുധിയിൽ വല്ലാത്തൊരു വേദന നിറഞ്ഞിരുന്നു. അവർ എടുത്തടിച്ചത് പോലെ അങ്ങനെ സംസാരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. വല്ലാത്തൊരു പ്രഹരം തന്നെയാണ് ആ വാക്കുകളിൽ നിന്നും അവനെൽക്കേണ്ടി വന്നത്.. തന്റെ വിഷമം കൊണ്ട് പറഞ്ഞതാണെങ്കിൽ പോലും അവർ തന്നെ ആശ്വസിപ്പിക്കുമെന്നാണ് കരുതിയത്. എന്നാൽ അവരുടെ മനസ്സിലുള്ളത് എന്താണ് എന്ന് പുറത്തു വരികയായിരുന്നു ആ നിമിഷം ചെയ്തത്. ചുരുക്കം പറഞ്ഞാൽ പൈസ ചിലവാക്കാൻ ഇല്ലെങ്കിൽ ഈ വീട്ടിൽ നിൽക്കണ്ട എന്നാണ് അമ്മ പറഞ്ഞത്

കണ്ണുകൾ നിറയാതിരിക്കാൻ ആവതും സുധി ശ്രമിച്ചിരുന്നു.

“അപ്പോൾ അമ്മ പറയുന്നത് ഇവിടേക്ക് പൈസ ചെലവാക്കാനുള്ള മനസ്സില്ലെങ്കിൽ ഈ വീട്ടിൽ നിൽക്കണ്ട എന്നാണ് അല്ലേ.?

അവൻ തുറന്നു ചോദിച്ചു

അപ്പോൾ എന്തു മറുപടി പറയണം എന്ന് സതിക്കും അറിയുമായിരുന്നില്ല.

” പിന്നെ നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആരുടെയോ വാക്കുകേട്ട് കണക്ക് പറഞ്ഞാൽ ഞാൻ എന്താ പറയേണ്ടത്.

” ഞാനെന്തു കണക്ക് പറഞ്ഞെന്നാണ് അമ്മ പറയുന്നത്. എനിക്ക് ഇനിയും ഇവിടുത്തെ ബാധ്യതകൾ ഏറ്റെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞതാണോ ഒരു കണക്കുപറച്ചിലായിട്ട് അമ്മ കരുതിയത്. അമ്മയ്ക്ക് ഞാൻ മാത്രമാണോ മകനായിട്ടുള്ളത്.? ഈ വീടിന്റെ പണികാര്യം കൂടി ഞാൻ നോക്കണമെന്ന് പറഞ്ഞാൽ അപ്പൊൾ പിന്നെ എനിക്ക് ജീവിതത്തിൽ ഒരു സമ്പാദ്യവും വേണ്ടെന്നാണോ അമ്മ പറയുന്നത്.

” നീയും നിന്റെ ഭാര്യയും കൂടി സമ്പാദിക്കു, അപ്പോൾ പ്രശ്നം തീർന്നല്ലോ…

താല്പര്യം ഇല്ലാതെ പറഞ്ഞുകൊണ്ട് അവർ എഴുന്നേറ്റു പോയപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു സുധി.. അവൻ തകർന്നിരിക്കുകയാണ് എന്ന് മീരയ്ക്ക് മനസ്സിലായിരുന്നു.. അലിവോടെ അവന്റെ തോളിൽ അവൾ ഒന്നു തൊട്ടു .

” സാരമില്ല സുധിയേട്ടാ അമ്മ ചിലപ്പോൾ ആ ദേഷ്യത്തിന് പറഞ്ഞതായിരിക്കും. സുധിയേട്ടൻ കാര്യമായിട്ട് വയ്ക്കേണ്ട,

” ഇപ്പോഴെങ്കിലും അമ്മയുടെ മനസ്സിലുള്ളത് അറിയാൻ സാധിച്ചല്ലോ. അത് തന്നെ വലിയ കാര്യം.

അത്രയും പറഞ്ഞവൻ എഴുന്നേറ്റപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു മീരയും. എന്തുപറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്ന് അവൾക്കും അറിയുമായിരുന്നില്ല.. ഈ സമയം പിന്നാമ്പുറത്തേക്ക് ഇറങ്ങിയ സതി ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ഫോണിൽ വിളിച്ച് സുഗന്ധിയെ അറിയിക്കുന്ന തിരക്കിലായിരുന്നു…

” അമ്മ ഇപ്പോൾ അങ്ങനെ പറയണ്ടായിരുന്നു, ശ്രീക്കുട്ടിയുടെ പഠിത്തം കഴിയുന്നതുവരെങ്കിലും സുധിയേട്ടനേ വെറുപ്പിക്കാതിരിക്കുന്നതായിരുന്നു നല്ലത്…

സുഗന്ധി ഒരു ഉപദേശം പോലെ പറഞ്ഞു.

” അവളെ എങ്ങനെയെങ്കിലും പഠിപ്പിച്ച് കെട്ടിച്ചു വിട്ടതിനു ശേഷം പറഞ്ഞാൽ മതിയായിരുന്നു…

” എന്ന് പറഞ്ഞ് അവന്റെ ഭാര്യയുടെ മുന്നിൽ വച്ച് എന്നെ കൊച്ചാകുന്നത് ഞാൻ കേട്ടിരിക്കുന്നതിന് ഒരു പരിധിയില്ലെടി…

സതിയുടെ ദേഷ്യം അവസാനിക്കുന്നുണ്ടായിരുന്നില്ല..

വൈകുന്നേരം വിനോദിന്റെ അരികിലേക്ക് പോയ സുധി കുറച്ചധികം സമയം അവന്റെ അരികിൽ തന്നിരുന്നു.. മീരയെ ഇടയ്ക്ക് വിളിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ വിളിച്ചാൽ മതി എന്നും താൻ അപ്പോൾ തന്നെ വരാം എന്നും പറഞ്ഞിരുന്നു.. പ്രശ്നങ്ങൾ ഒന്നും ഇല്ലന്ന് മീര അവനെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഇതിനിടയിൽ അടുക്കളയിൽ കയറി തന്നെക്കൊണ്ട് പറ്റുന്ന രീതിയിലുള്ള ജോലികളൊക്കെ മീരയും ചെയ്തിരുന്നു. ഇല്ലെന്നുണ്ടെങ്കിൽ പിന്നെ സതി പറയാൻ പോകുന്നത് അതായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. രമ്യ വന്നപ്പോൾ മീരയെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചിരുന്നു. അവളും തിരിച്ച് ഒന്ന് ചിരിച്ചു കാണിച്ചു. മോളാണെങ്കിൽ രമ്യയുടെ വീട്ടിലാണ്. ഒരുപാട് ബുദ്ധിമുട്ടുള്ള പ്രായം കഴിഞ്ഞതു കൊണ്ട് ഇപ്പോൾ ആർക്കുവേണമെങ്കിലും കൊണ്ടു നിർത്താൻ താല്പര്യമാണ്. അതിനു മുൻപ് രമ്യയുടെ വീട്ടുകാര് പോലും ഇവിടെക്കെ വരുമായിരുന്നില്ലന്ന് മീര ഓർമ്മിച്ചു… ശേഷം തനിക്ക് പഠിക്കാനുള്ള കുറച്ച് ഭാഗങ്ങളൊക്കെ പഠിക്കുവാനായി അവൾ മുറിയിലേക്ക് പോയി. ഇതിനിടയിൽ മാധവിയെ വിളിക്കുകയും ചെയ്തു. വീട്ടിൽ നടന്ന കാര്യങ്ങൾ ഒന്നും തന്നെ അവൾ മാധവിയോട് പറഞ്ഞിരുന്നില്ല. വെറുതെ അവരെ കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതിയിരുന്നു…

ഈ സമയം തകർന്നിരിക്കുകയാണ് സുധി. വിനോദിനോട് മനസ്സ് തുറക്കുമ്പോൾ അവനിൽ ഒരു ഞെട്ടലും കണ്ടില്ല. അവൻ ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചത് പോലെ സുധിക്ക് തോന്നി.

” നിനക്ക് ഇതൊന്നും കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ..?

” എനിക്ക് എന്ത് തോന്നാനാ സാധാരണ എല്ലാ പ്രവാസികളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. അത് തന്നെ നിനക്ക് സംഭവിച്ചു. എനിക്ക് ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. ഇത് കുറച്ചു നേരത്തെ ആയി എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. സാധാരണ കൈയിലുള്ള സമ്പാദ്യം എല്ലാം തീർന്നു ചണ്ടി ആകുമ്പോഴാ ഓരോ പ്രവാസികളും ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നത്. നീ കുറച്ചുകൂടി നേരത്തെ മനസ്സിലാക്കി. അതുകൊണ്ട് നീ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി. നിന്റെ അമ്മയും സഹോദരങ്ങളൊന്നും ഞാൻ കുറ്റം പറയുന്നതല്ല. പക്ഷേ നനഞ്ഞ ഇടം കുഴിക്കാൻ അവർക്കുള്ള കഴിവ് എത്ര നല്ലതായിട്ട് ഉള്ളതാണെന്ന് എനിക്ക് നിന്നെക്കാളും നന്നായി അറിയാം. ഏതെങ്കിലും ഒരു അമ്മ സ്വന്തം മകനെ രണ്ടാം കെട്ടുകാരിയെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ.? നിന്റെ അമ്മ ആ വിവാഹത്തിന് മുൻകൈ എടുത്തപ്പോൾ തന്നെ എനിക്ക് മനസ്സിലായത് ആണ്. അവരുടെ ലക്ഷ്യം മോനല്ല പണമാണെന്ന്. പിന്നെ നിന്റെ അമ്മയെക്കുറിച്ച് ഞാൻ നിന്നോട് കുറ്റം പറയുന്നത് ശരിയല്ലല്ലോ. ഇത് കുറ്റമല്ല ഞാൻ എന്തുണ്ടെങ്കിലും മുഖത്തുനോക്കി പറയും അതിപ്പോ നീയാണെങ്കിലും ശരി നിന്റെ അമ്മയാണെങ്കിൽ ശരി. ഇപ്പോഴെങ്കിലും നിനക്ക് തലയ്ക്ക് ബോധം വന്നെങ്കിൽ നീ ഇനിയെങ്കിലും നിനക്ക് വേണ്ടി ജീവിക്കാൻ നോക്ക്. പണ്ടുമുതലേ ഞാൻ നിന്നോട് പറയും ഇങ്ങനെ നീ ചെലവാക്കരുത് നിനക്ക് വേണ്ടി എന്തെങ്കിലും മാറ്റിവയ്ക്കണം എന്ന്.. നീ ഇക്കണ്ട കാലം മൊത്തം അന്യ നാട്ടിൽ പോയി കിടന്നു കഷ്ടപ്പെട്ടിട്ട് നിന്റെ ബാങ്ക് ബാലൻസ് എത്ര രൂപ കാണും.? ഒരു ലക്ഷം രൂപയെങ്കിലും തികച്ചെടുക്കാൻ കാണൂമോ.? ഭാവിയിലേക്കുള്ള നിന്റെ കരുതൽ എന്താ.? ഒരു എൽഐസി അല്ലെങ്കിൽ എന്തെങ്കിലും ഒരു ചിട്ടി അങ്ങനെ ഒന്നും ഇല്ലല്ലോ. എല്ലാം നീ വീടിനു വേണ്ടിയല്ലെ ചെലവാക്കിയത്. ഇങ്ങനെ ചെയ്യുന്നവർക്ക് അവസാനം കിട്ടുന്ന ഒരു ചെല്ലപേരാണ് കഴിവ് കെട്ടവൻ എന്ന്. ഇന്ന് നിന്റെ അമ്മ ചോദിച്ചില്ലേ നീ എന്ത് കാര്യമാണ് വീടിനു വേണ്ടി ചെയ്തിട്ടുള്ളതെന്ന്. ഇങ്ങനെയുള്ള ചോദ്യങ്ങൾ മാത്രമായിരിക്കും അവസാനം ബാക്കിയാവാൻ പോകുന്നത്. ഇനിയെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്ക്. ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ നമുക്കും കൂടി പ്രാധാന്യം കൊടുക്കണം. സുധി, എന്തൊക്കെ പറഞ്ഞാലും സ്വന്തക്കാരാണെന്ന് പറഞ്ഞാലും കൈയ്യിൽ പൈസ ഇല്ലെങ്കിൽ ആ നിമിഷം തീരുന്ന ബന്ധങ്ങളെ ഈ ഭൂമിയിൽ ഉള്ളൂ..

അവൻ പറഞ്ഞതിൽ പലതും സത്യമാണെന്ന് സുധി ഓർത്തു. എത്ര വർഷമായി താൻ അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്നു. തനിക്ക് സമ്പാദ്യം എന്ന് പറയാൻ എന്താണുള്ളത്.? സ്വന്തമായി ഒന്നുമില്ല. നാളെ ഈ ജോലി നഷ്ടപ്പെട്ടാൽ സ്വന്തം കുടുംബത്തിൽ പോലും യാതൊരു വിലയുമില്ലാതെ മാറ്റിനിർത്തപ്പെടേണ്ടവാനാണ്. പറയത്തക്ക പോലെയുള്ള ഒരു സമ്പാദ്യവും തന്റെ കയ്യിലില്ല. വിനോദ് പറഞ്ഞതുപോലെ ഒരു ലക്ഷം രൂപ അടുപ്പിച്ചുള്ള ഒരു ബാങ്ക് ബാലൻസ് പോലും ഇത്രയും വർഷം ജോലി ചെയ്തിട്ടും തന്റെ കൈകളില്ല. എല്ലാം ശമ്പളവും അതേ മാസം തന്നെ തീർക്കുകയാണ് ചെയ്യാറുള്ളത്. എല്ലാവർക്കും കൊടുക്കാൻ വലിയ ഉത്സാഹം ആയിരുന്നു. എന്നാൽ തന്നെ എല്ലാവരും കണ്ടിരുന്നത് ഒരു മെഷീൻ പോലെയാണെന്ന് അറിയുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നുണ്ടെന്ന് അവൻ ഓർത്തു.

പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ കുറെ തവണയായി വരുന്നത് കണ്ടു കൊണ്ടാണ് സൈലൻഡിൽ കിടന്ന ഫോൺ മീര ശ്രദ്ധിച്ചു നോക്കിയത്. നോക്കിയപ്പോൾ മൂന്നുലധികം മിസ്സ് കോളുകൾ വന്നു കിടപ്പുണ്ട്. ആരാണെന്ന് അറിയാതെ അവൾ ആലോചിച്ചു നിൽക്കുമ്പോൾ അതേ നമ്പറിൽ നിന്ന് വീണ്ടും ഫോൺ വരുന്നുണ്ട്. അത്യാവശ്യക്കാർ ആരോ ആണെന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ അവൾ ഫോൺ അറ്റൻഡ് ചെയ്തിരുന്നു.

” ഹലോ

” മീ… മീര, ആരാണെന്ന് മനസ്സിലായോ..?

മറുപുറത്തു നിന്നും കേട്ട ശബ്ദം അവളെ ഞെട്ടിപ്പിച്ചു. എത്ര നാളുകൾ കഴിഞ്ഞാലും ആ ശബ്ദം മറക്കാൻ സാധിക്കില്ല. ഒരുകാലത്ത് അത്രയും പ്രിയപ്പെട്ടതായിരുന്നു ആ ശബ്ദം.

” അർജുൻ”

അറിയാതെ അവളുടെ അധരങ്ങൾ ആ പേര് മന്ത്രിച്ചിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"