" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 90

രചന: റിൻസി പ്രിൻസ്

മീ… മീര, ആരാണെന്ന് മനസ്സിലായോ..?

മറുപുറത്തു നിന്നും കേട്ട ശബ്ദം അവളെ ഞെട്ടിപ്പിച്ചു. എത്ര നാളുകൾ കഴിഞ്ഞാലും ആ ശബ്ദം മറക്കാൻ സാധിക്കില്ല. ഒരുകാലത്ത് അത്രയും പ്രിയപ്പെട്ടതായിരുന്നു ആ ശബ്ദം.

” അർജുൻ”

അറിയാതെ അവളുടെ അധരങ്ങൾ ആ പേര് മന്ത്രിച്ചിരുന്നു.

” മീര തനിക്ക് കേൾക്കാമോ.? ഞാന് അർജുനാ… ദയവുചെയ്ത് ഫോൺ കട്ട് ചെയ്യരുത്. എനിക്ക് പറയാനുള്ളത് മുഴുവൻ ഒന്ന് കേൾക്കണം, ഒരുപാട് കഷ്ടപ്പെട്ട് ആണ് നിന്റെ നമ്പർ ഞാൻ ഒപ്പിച്ചത്… അവസാനം ശ്രീലക്ഷ്മിയോട് വരെ ചോദിക്കേണ്ടി വന്നു… ഹലോ….?

വീണ്ടും അവൻ വിളിച്ചപ്പോൾ ദേഷ്യമാണ് അവൾക്ക് തോന്നിയത്

“എന്തുവേണം..?

വളരെ ഗൗരവത്തോടെ അവൾ ചോദിച്ചു

“മീര അന്നത്തെ എന്റെ സിറ്റുവേഷൻ അത് വളരെ മോശമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാൻ അന്ന് നിന്നെ തള്ളിപ്പറഞ്ഞത്. ഞാൻ അച്ഛന്റെയും അമ്മയുടെയും ഒരേയൊരു മകനാ, ഞാന് സാമ്പത്തിക സ്ഥിതി കുറവുള്ള ഒരു വീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ച അമ്മ മരിക്കും എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുക ആണ്. അപ്പോൾ എനിക്ക് അത് മാത്രമേ മുൻപിൽ വഴി ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും അവരെ പറഞ്ഞു മനസ്സിലാക്കാം എന്ന് ഞാൻ വിചാരിച്ചത്.. പക്ഷേ അതിനൊന്നും സാധിച്ചില്ല,

” ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളെല്ല ഇതൊക്കെ എന്തിനാ ഇപ്പൊ എന്നെ വിളിച്ചു പറയുന്നത്…

മീര താല്പര്യം ഇല്ലാതെ ചോദിച്ചു

” പറയുന്നത് എന്തിനാണെന്ന് വച്ചാൽ നീ മനസ്സിലാക്കണം ഞാൻ നിന്നെ ചതിച്ചിട്ടില്ല എന്ന്. എനിക്ക് നിന്നെ ഇഷ്ടമായിരുന്നു നിന്നെ വിവാഹം കഴിക്കാൻ വേണ്ടി തന്നെയാണ് ഞാൻ വിചാരിച്ചത്. കുറച്ചുകാലം ഈ നാട്ടിൽ നിന്ന് മാറിനിൽക്കാമെന്ന് ഞാൻ കരുതിയത്, ഞാൻ ഒന്നിനും അടുക്കാതെ വരുമ്പോൾ അച്ഛനും അമ്മയും പതുക്കെ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് ഞാൻ വിശ്വസിച്ചു. തിരിച്ചു വരുമ്പോൾ നിന്നെ വന്നു കണ്ടു അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞാൽ വിവാഹം നടത്താമെന്ന് ഞാൻ കരുതിയത്..

“ഓക്കേ മനസിലായി… ഞാനിപ്പോൾ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് അറ്റ്ലീസ്റ്റ് എന്റെ പേര് വിളിക്കാനുള്ള മര്യാദയെങ്കിലും അർജുൻ കാണിക്കണം.. നീ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല… ഒരു അന്യപുരുഷൻ എന്നെ ആവശ്യമില്ലാതെ നീ എന്ന് വിളിച്ച് സംബോധന ചെയ്യേണ്ട കാര്യമില്ല

മീര തറപ്പിച്ചു പറഞ്ഞു

” അന്യ പുരുഷനോ..? നിനക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു.

” പിന്നെ അന്യ പുരുഷനല്ലേ.? നമ്മൾ തമ്മിൽ ഇന്നലെകളിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്ന് കരുതി ഇപ്പോഴും ആ ബന്ധത്തിൽ തന്നെ ഞാൻ താമസിക്കുകയാണ് എന്നാണോ അർജുൻ വിചാരിക്കുന്നത്.? ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഞാൻ. ചേട്ടത്തിയെന്നോന്നും വിളിക്കണമെന്ന് പറയുന്നില്ല. ദയവുചെയ്ത് എന്നെ എടീ പോടീ എന്ന് വിളിച്ച് സംബോധന ചെയ്യരുത്.

” മീര ഒരുപാട് മാറിയിരിക്കുന്നു.

” മനുഷ്യനല്ലേ മാറും മറക്കും അതൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. ഇതൊക്കെ പറയാനാണ് വിളിച്ചതെങ്കിൽ ഞാൻ വെച്ചോട്ടെ. എല്ലാം കേട്ടല്ലോ ഞാൻ

“മീര താൻ എന്നെ പൂർണ്ണമായിട്ടും വെറുത്തു കഴിഞ്ഞൊ.?

” അർജുൻ നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ എന്നോട് ചോദിക്കാൻ. ഞാനിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് എന്റെ ഭർത്താവ് അല്ലാതെ മറ്റാരും എന്റെ മനസ്സിലില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. താലി ചാർത്തിയ നിമിഷം മുതൽ ഞാൻ എന്റെ സുധിയേട്ടന്റെ മാത്രാണ്. സുധിയേട്ടന് വേണ്ടി മാത്രം ജീവിക്കുകയാണ്. ഞാൻ ഈ കാൾ അറ്റൻഡ് ചെയ്തതും കട്ട് ചെയ്യാതിരിക്കുന്നതും സുധിയേട്ടനോടുള്ള ബഹുമാനം കൊണ്ടാണ്. അർജുൻ സുധിയേട്ടന്റെ സഹോദരനായതുകൊണ്ട് മാത്രം.

” അല്ലാതെ എന്നോട് ഒരു ഇന്റിമേസിയും നിനക്ക് തോന്നുന്നില്ലെ..?

അർജുൻ ചോദിച്ചു

” എന്തിന് അതിന്റെ ആവശ്യം എന്താണ്.? വിവാഹത്തിന് മുൻപ് ഒരു ബന്ധമില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല, പിന്നെ വിവാഹ ശേഷവും അതൊന്നും ഓർമിച്ച് വയ്ക്കേണ്ട ആവശ്യം ആർക്കുമില്ല. അർജുന് അന്ന് വീട്ടുകാർ ആയിരുന്നു വലുത്. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ് ആണ് ഫോൺ വെച്ചത്. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. ആ നിമിഷം മുതൽ ഈ നിമിഷം വരെ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. പുതിയൊരു ബന്ധം ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല. പിന്നെ ഒരു കാര്യം കൂടി പറയാം ദയവുചെയ്ത് എന്നെ ഇനി അർജുൻ വിളിക്കരുത്. അതുപോലെ എന്നോട് കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സുധിയേട്ടനെയും അധികം കാണാൻ ഇവിടേക്ക് വരരുത്. അദ്ദേഹത്തോട് കൂടുതൽ സമയം സംസാരിക്കരുത്, കാരണം എനിക്ക് ഇഷ്ടമല്ല. നിങ്ങളുടെ പ്രസൻസ് പോലും, അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. ഇതിനപ്പുറം ഒന്നും എനിക്ക് അർജ്ജുനോട് പറയാനില്ല. ഇനി മേലാൽ നിങ്ങളുടെ ഒരു ഫോൺകോൾ എന്റെ ഫോണിലേക്ക് വരാൻ പാടില്ല.

” മീര….

അവൻ വിളിച്ചപ്പോൾ തന്നെ മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തിരുന്നു.. വീണ്ടും അവൻ വിളിച്ചു നോക്കിയപ്പോൾ ആ നമ്പർ അവൾ ബ്ലോക്ക് ചെയ്തിരുന്നു എന്ന് അവന് മനസ്സിലായി. ഇനി താൻ എന്തൊക്കെ പറഞ്ഞാലും അവൾ തന്റെ വരുതിയിലേക്ക് വരില്ലന്ന് അവൻ ഉറപ്പായിരുന്നു. എന്തിനാണ് താൻ ഇത്രയും ബുദ്ധിമുട്ടി അവളുടെ നമ്പർ കണ്ടുപിടിച്ച് അവളെ വിളിക്കുന്നത് എന്ന് ഒരു നിമിഷം അർജുനും ആലോചിച്ചു. അവൾ മറ്റൊരാളുടെ ഭാര്യയാണെന്ന് അറിയാം, അവളെ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അവളുടെ മനസ്സിൽ ഇപ്പോൾ തനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് അർജുന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൻ. പിന്നെ അവൻ നേരെ പോയത് സുഹൃത്തുക്കളുടെ അരികിലേക്കാണ്…

” നിന്നോട് ഇറങ്ങിപ്പോകാൻ ഡയറക്റ്റ് ആയിട്ട് പറഞ്ഞ സ്ഥിതിക്ക് നീ ഇനി അവിടെ നിൽകണ്ടാന്നാണ് എന്റെ ഒരു അഭിപ്രായം

സുധിയുടെ അരികിൽ ഇരുന്നുകൊണ്ട് വിനോദ് പറഞ്ഞു

” കുറച്ചു നാളെ നീ ഇല്ലാതെ വരുമ്പോൾ അവർക്ക് മനസ്സിലാവും നിന്റെ വില, അപ്പോൾ മനസ്സിലാക്കട്ടെ സുധി എന്തായിരുന്നുവെന്ന്..

” എടാ ഇറങ്ങിപ്പോകാൻ അമ്മ പറഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷേ നിനക്കറിയാലോ അങ്ങനെ പെട്ടെന്ന് ഇറങ്ങി പോകാൻ പറ്റുന്ന ഒരു സ്ഥിതിയിൽ ഒന്നുമല്ല ഞാൻ. ഒരു വാടക വീട് എടുക്കണമെങ്കിൽ പോലും 50000 രൂപയുടെ ചെലവുണ്ട്, അത് ചിലപ്പോൾ ഞാൻ വിചാരിച്ചാൽ നടക്കുമായിരിക്കും. എങ്കിലും അത് മാത്രം പോരല്ലോ മീരയുടെ പഠിത്തം ഞാൻ പോയി കഴിഞ്ഞാൽ മീര വീട്ടിൽ ഒറ്റയ്ക്ക് ആവില്ലെ..? എന്ത് വിശ്വസിച്ച ഞാൻ അവളെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോകുന്നത്. അല്ലെങ്കിൽ പിന്നെ ഞാൻ ഇവിടെ തന്നെ നിൽക്കണം. അതെന്താണെങ്കിലും ഈ വരവിന് നടക്കില്ല. രണ്ടുമൂന്ന് ചിട്ടിയും ലോണും ഒക്കെ ഉണ്ട് അതും കൂടി അടച്ച് തീർത്ത് എങ്ങനെയെങ്കിലും അവിടുത്തെ ജോലി വിട്ടതിനു ശേഷം നാട്ടിൽ വരണമെന്നാണ് എനിക്ക്. അമ്മ അങ്ങനെ പറഞ്ഞെന്നും പറഞ്ഞു പെട്ടെന്ന് ഇറങ്ങി പോകാൻ പറ്റുന്ന ഒരു സ്ഥിതിയിൽ ഒന്നുമല്ല ഞാൻ. നിനക്കറിയാമല്ലോ ഞാൻ ഈ പ്രാവശ്യം വന്നത് തന്നെ റൂമിലുള്ള രണ്ടുപേരോടും പൈസ കടം വാങ്ങി ആണ്. ഇനി തിരിച്ചു പോകാനുള്ള ടിക്കറ്റ് മീരയുടെ സ്വർണം വല്ലതും പണയം വെച്ച് വേണം ഉണ്ടാക്കാൻ. പെട്ടെന്ന് ഒരു വീട് മാറ്റമൊന്നും നടക്കുന്ന കാര്യമല്ല.

” അപ്പോ നീ എന്താ ഉദ്ദേശിക്കുന്നത്.?

” തൽക്കാലം ഞാൻ ലീവ് കഴിഞ്ഞ് തിരിച്ച് കയറിപ്പോകും
മീരേ ഹോസ്റ്റലിൽ ആക്കാം, മീരയുടെ വീട്ടിൽ നിർത്തിയാൽ അതും പിന്നെ മറ്റൊരു വർത്തമാനത്തിനിട നൽകുകയുള്ളൂ, വെറുതെ എന്തിനാ മീരയുടെ അമ്മയെ കൂടി ബുദ്ധിമുട്ടിക്കുന്നത്. ഇപ്പോൾ തന്നെ മീരയ്ക്ക് മീരയുടെ വീട്ടുകാർക്കാണ് കുറ്റം. അതുകൊണ്ട് ഇനി ഒരു വർഷം കൂടല്ലേ ഉള്ളൂ, ആ ഒരു വർഷം മീര ഹോസ്റ്റലിൽ നിന്ന് പഠിക്കട്ടെ, ആ സമയം കൊണ്ട് ചെറുതെങ്കിലും എന്തെങ്കിലും സമ്പാദ്യം ഞാനും ഉണ്ടാക്കാം. അതുമാത്രമേ ഇപ്പോൾ മുന്നിൽ മാർഗ്ഗള്ളൂ,
.
” എടാ നിനക്ക് കാശിന്റെ അത്യാവശ്യം വല്ലതുമുണ്ടെങ്കിൽ നീ എന്നോട് ചോദിക്കാൻ മടിക്കരുത്. ഒരുപാടൊന്നും ഇല്ലെങ്കിലും ചെറിയ കുറച്ച് നീക്കിയിരിപ്പ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്. നിന്നെ സഹായിക്കാൻ എനിക്ക് സാധിക്കും,

അലിവോടെ അവന്റെ തോളിൽ തട്ടി കൊണ്ട് വിനോദ് പറഞ്ഞു..

” ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി ഒരു നല്ല കൂട്ടുകാരനെ ഞാൻ ജീവിതത്തിൽ സമ്പാദിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം അതുതന്നെയാണ്. ഇതൊക്കെ തന്നെ മതിയെടാ, പിന്നെന്തിനാ വേറെ സമ്പാദ്യം. ഒന്നും വേണ്ട.
അത് ചോദിക്കാനുള്ള ഒരു മനസ്സ് നിനക്ക് ഉണ്ടായല്ലോ, അതുതന്നെ ധാരാളം..

അത് പറഞ്ഞപ്പോൾ സുധിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"