" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 92

രചന: റിൻസി പ്രിൻസ്

കെട്ടിയോൻ ആണെങ്കിൽ ഗൾഫിലും, കൊല്ലത്തിൽ ഒരിക്കൽ വന്നാൽ ആയി. ഇനി നിനക്ക് അവളെ സ്വന്തമായിട്ട് വേണ്ട, പക്ഷേ കാര്യങ്ങളൊക്കെ നടക്കണം. അതിനുള്ള വഴി ഞാൻ നിനക്ക് പറഞ്ഞു തരാം.

കുടിലതയോടെ അരുൺ പറഞ്ഞപ്പോൾ മനസ്സിലാവാതെ അർജുൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.

“നീ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..

അർജുൻ അരുണിന്റെ മുഖത്തേക്ക് നോക്കി

” എടാ നീ വേണ്ട പോലെ ഇക്കാര്യം ഇടപെടുകയാണെങ്കിൽ തീർച്ചയായിട്ടും അവൾ നിന്നെ പഴയതുപോലെ സ്നേഹിക്കും. മാത്രമല്ല അച്ഛനെയും അമ്മയെയും പിണക്കി നിനക്ക് അവളെ കല്യാണം കഴിക്കേണ്ട സ്റ്റേജും വരില്ല. കുറച്ചുകൂടി വ്യക്തമായിട്ട് പറയുകയാണെങ്കിൽ നിന്റെ ആവശ്യങ്ങൾ നടക്കും അവളെ വീട്ടിൽ കൊണ്ടുവരികയും വേണ്ട. സമൂഹത്തിനു മുമ്പിൽ അവൻ ചേട്ടന്റെ ഭാര്യയാണ്. അയാളാണെങ്കിൽ ഗൾഫിലും. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിലേക്ക് വന്നാൽ ആയി. ഇതിനിടയിൽ അവളെ നന്നായി ഒന്ന് സ്നേഹിച്ചാൽ മതി നീ. ഒന്നുമല്ലെങ്കിലും ഒരിക്കൽ നിന്നെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചതല്ലേ.? അതുകൊണ്ടു തന്നെ മറക്കാൻ പറ്റില്ല.

അരുൺ മീശ തടവി പറഞ്ഞു

“നീ വിചാരിക്കുന്നത് പോലെ അങ്ങനെ ഒരു പെണ്ണുമല്ല അവൾ.. അവൾ കഴിഞ്ഞ ദിവസം തന്നെ എന്നോട് പറഞ്ഞത് താലികെട്ടിയ സമയം മുതൽ അവളുടെ മനസ്സിൽ സുധിയേട്ടൻ മാത്രമേ ഉള്ളൂ എന്നാണ്. അവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ഞാനായിട്ട് വിളിച്ച് ബുദ്ധിമുട്ടിക്കരുത് എന്ന്…

” എടാ പെൺപിള്ളാർ അങ്ങനെ പല ഡയലോഗും പറയും. അതൊക്കെ അവളുമാർ പതിവ്രതമാർ ആണെന്ന് കാണിക്കാൻ വേണ്ടിയാണ്. കുറച്ചു കഴിയുമ്പോൾ അതൊക്കെ അങ്ങ് മാറും. പിന്നെ ഒരു കാലത്ത് നിങ്ങൾ തമ്മിൽ ഒരുപാട് സ്നേഹിച്ചതാണ്. ഒരുമിച്ച് ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചത് ആണ്. ഈ ഒരുമിച്ച് ജീവിക്കണം എന്ന് പറയുന്നതിന്റെ അൾട്ടിമേറ്റ് ലക്ഷ്യം എന്താണെന്ന് ഞാൻ നിനക്ക് പ്രത്യേകിച്ച് പറയേണ്ടല്ലോ. അങ്ങനെ ഒരു അവസരം വരുമ്പോൾ അത് വേണ്ടെന്ന് അവൾ വയ്ക്കില്ല. പിന്നെ നിനക്ക് ഒരു കുറ്റബോധം തോന്നരുത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ നന്നായിട്ടൊന്നു ആലോചിച്ചു നോക്ക്… നീ അവളെ വിളിച്ച് നിന്റെ കാര്യം പറയുക. അത്രയേ ഉള്ളൂ. അവള് സമ്മതിച്ചാൽ രക്ഷപ്പെട്ടില്ലേ.? പോയാൽ ഒരു വാക്ക് കിട്ടിയാൽ ഈ ലൈഫ് ടൈം നിനക്ക് സുഖല്ലേ..? നീ അവളെ ഒരുപാട് ആഗ്രഹിച്ചതല്ലേ.? അങ്ങനെയൊന്നും വേണ്ടെന്ന് വെക്കാൻ നിനക്കും പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞിട്ട് നീ ഇങ്ങനെ അവളെ നൈസായിട്ട് കൂടെ നിർത്തുക. അയാളങ്ങ് പോയാൽ പിന്നെ അവൾ ഒറ്റയ്ക്കാ, ആ സമയത്ത് നൈസ് ആയിട്ട് നീ ഒന്ന് മുട്ടിയ അവൾ വീഴും. വീഴാതെ എവിടെ പോകാനാണ് മച്ചാ…

” അത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നാമത്തെ കാര്യം സുധിയേട്ടന്റെ മുഖം ഓർക്കുമ്പോൾ എനിക്ക് അങ്ങനെയൊന്നും ചെയ്യാൻ തോന്നുന്നില്ല.. സുധിയേട്ടൻ ഒരു പാവാടാ. കുടുംബത്തിൽ വെച്ച് ഏറ്റവും പാവം പിടിച്ച ഒരു മനുഷ്യൻ. വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്. കുട്ടിക്കാലം മുതലേ ഗൾഫിലൊക്കെ പോയി കിടന്നു ഒരുപാട് കഷ്ടപ്പെട്ടതാ. അങ്ങനെയുള്ള സുധിയേട്ടനോട് ഞാനായിട്ട് ഒരു തെറ്റ് ചെയ്യുന്നത് ശരിയല്ല. എല്ലാം അറിഞ്ഞു വെച്ചുകൊണ്ട് ഞാൻ എങ്ങനെ സുധിയേട്ടനെ ചതിക്കും..?

അർജുൻ പറഞ്ഞു

” എങ്കിൽ പിന്നെ നീ ഒരു പുണ്യാളൻ ആയിട്ട് അവിടെ ഇരുന്നോ പ്രശ്നം കഴിഞ്ഞില്ലേ. എനിക്ക് സുധിയേട്ടനോട് അങ്ങനെ ചെയ്യാൻ മടിയുണ്ട്. പക്ഷേ മീര എന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നു. ഞാൻ എത്ര ദിവസമായി സമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് എന്ന് നിനക്കറിയോ.? കണ്ണടച്ചാൽ അപ്പോൾ തെളിയുന്നത് അവളുടെ മുഖം ആണ്. അവളെ എനിക്ക് മറക്കാൻ പറ്റുന്നില്ല..

” മറക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ പറഞ്ഞ കാര്യം തന്നെ നീ ചെയ്യുക, അതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

” മീര സമ്മതിച്ചില്ലെങ്കിലോ.? ആദ്യം സമ്മതിക്കാൻ പോകുന്നില്ല. സമ്മതിപ്പിക്കാൻ നോക്കണം. ഒട്ടും സമ്മതിച്ചില്ലെങ്കിൽ നീ അടവ് മാറ്റി പിടിക്കണം. ചെറുതായിട്ട് ഒരു ഭീഷണിയുടെ സ്വരം ഒക്കെ ഇറക്കാം. അവളുടെ ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ട് ആ ജീവിതം തകരാൻ അവൾ ആഗ്രഹിക്കില്ല. അതുകൊണ്ടു തന്നെ നിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ എവിടെ പോകാനാ.? ഗൾഫിൽ കെട്ടിയോൻമാർ ഉള്ള ഭൂരിഭാഗം പെൺപിള്ളേരും കാമുകന്മാരും ആയിട്ട് ഇങ്ങനെ ചെറിയ സെറ്റപ്പ് ഒക്കെ ഉണ്ട്. അത് എല്ലായിടത്തും പതിവുള്ളതാ. അതു വലിയ തെറ്റൊന്നും അല്ല. പിന്നെ ചേട്ടന്റെയും അനിയന്റെയും ഭാര്യയായി ഇരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ. പണ്ടുള്ള കാലങ്ങളിൽ അങ്ങനെയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കാലം മാറിയപ്പോൾ ആ രീതികളൊക്കെ മാറി തുടങ്ങിയത് അതുകൊണ്ട് നിനക്ക് വലിയ കുറ്റബോധം തോന്നേണ്ട കാര്യമില്ല. നീ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഈ വിവരം സുധി അറിയാൻ പാടില്ല. അവളെ എങ്ങനെയെങ്കിലും നിന്റെ വരുതിയിൽ കൊണ്ടുവരണം. അങ്ങനെയാണെങ്കിൽ പൊന്നു മോനെ ഞാൻ പറയും അത് ലോട്ടറി ആണ് എന്ന്. നിനക്ക് എപ്പോൾ വേണമെങ്കിലും സുധിയുടെ വീട്ടിലേക്ക് കയറിച്ചെല്ലാം. ആർക്കും ഒരു സംശയവും തോന്നില്ല. പുറത്ത് ഉള്ള ഒരാൾ വരുന്നത് പോലെയല്ലല്ലോ നീ കയറി ചെല്ലുമ്പോൾ. അതുകൊണ്ട് ഏത് രാത്രിയും പകലും നിനക്ക് അവളെ കാണാൻ പറ്റും. നിനക്ക് തോന്നുമ്പോഴൊക്കെ അവളുടെ അടുത്തേക്ക് പോകാൻ പറ്റും. അത് ഏത് പാതിരാത്രി ആണെന്ന് പറഞ്ഞാലും അത്രയും വലിയൊരു സൗകര്യം നിനക്ക് ഇനി കിട്ടില്ല. നീ നന്നായിട്ടു ആലോചിച്ചു നോക്ക്. ഓരോ ഇമോഷൻസിന്റെ പുറത്ത് അതൊക്കെ വേണ്ടെന്നു വയ്ക്കണോ അതോ നിനക്ക് ഈ ജീവിതകാലം മുഴുവൻ നന്നായി എൻജോയ് ചെയ്ത് ജീവിക്കണമമോന്ന്.? എന്താണെങ്കിലും നീ തീരുമാനിച്ചാൽ മതി.

അത്രയും പറഞ്ഞ് അവൻ അകത്തേക്ക് പോയപ്പോൾ അവൻ പറഞ്ഞതിനെ കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു അർജുൻ ചെയ്യുന്നത്. അത് ശരിയല്ല എന്ന് അവന്റെ ബോധമനസ്സ് വല്ലാതെ മുറവിളി കൂട്ടുന്നുണ്ട്. പക്ഷേ ഉപബോധ മനസ്സ് മീരേ ആഗ്രഹിക്കുന്നുമുണ്ട്. ഒരുപാട് ഒരിക്കൽ സ്നേഹിച്ചത് കൊണ്ടായിരിക്കാം അവളെ നഷ്ടപ്പെട്ടു എന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ല. മാത്രവുമല്ല മനസ്സിന്റെ ഒരു വശം അവളെ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അവളെ തനിക്ക് നഷ്ടപ്പെട്ടു എന്നതിനേക്കാൾ ഉപരിയായി മനസ്സ് വേദനിക്കുന്നത് അവളെ സുധിയേട്ടൻ നേടി എന്നത് ഓർക്കുമ്പോഴാണ്. അക്കാര്യത്തിൽ അദ്ദേഹത്തോട് ചെറിയ രീതിയിൽ ഒരു അസൂയയും ഉണ്ടെന്നു പറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ സമയത്ത് അർജുൻ. കുറെ സമയം ആലോചിച്ചു കൂട്ടുകാരെല്ലാവരും പോയിട്ടും അവൻ അവിടെ ഒറ്റയ്ക്കിരുന്നു. അവസാനം ഒരു തീരുമാനം എടുത്താണ് അവൻ വീട്ടിലേക്ക് മടങ്ങിയത്.

പിറ്റേന്ന് രാവിലെ തന്നെ സുധി മീരയേയും കൂട്ടി മീരയുടെ കോളേജിലേക്കാണ് ചെന്നത്. അവിടെ ചെന്ന് പ്രിൻസിപ്പളിനെ കണ്ട് വിശദമായി തന്നെ സംസാരിച്ചു. ഒപ്പം തന്നെ ഹോസ്റ്റലിലേക്കുള്ള അവളുടെ അഡ്മിഷനും ശരിയാക്കി. ഫീസും അടച്ചു. ആ നിമിഷമാണ് അവളും അത് അറിയുന്നത്. അവന്റെ മുഖത്തേക്ക് അവൾ പെട്ടെന്ന് നോക്കി. താൻ പോയതിനുശേഷം ഹോസ്റ്റലിൽ നിന്നാൽ മതിയെന്ന് അവളോട് അവൻ പറഞ്ഞു.

” അത് വേണ്ട ഏട്ടാ, ഇനിയുമുണ്ട് മൂന്നാലു മാസങ്ങൾ. ഹോസ്റ്റൽ ഫീസും പഠിക്കുന്ന ഫീസും കൂടി നല്ലൊരു തുകയാകും അത് സുധിയേട്ടന് ബുദ്ധിമുട്ട് ആവുകയുള്ളൂ..

“അത് സാരമില്ല, നന്നായിട്ട് പഠിച്ചു പരീക്ഷ എഴുതുക. ഇത്രയും പഠിച്ചിട്ട് ഇടയ്ക്ക് കൊണ്ടുവന്ന കലം ഉടയ്ക്കുന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് തൽക്കാലം ഹോസ്റ്റലിൽ നിൽക്കുന്നത് ആണ് നല്ലത്. ഞാൻ ഇനി പോയിട്ട് വരുന്നത് നമുക്ക് സെറ്റിൽ ആവാനുള്ള രീതിയിൽ ആയിരിക്കും. അതുകൊണ്ട് താൻ വിഷമിക്കേണ്ട..

മറുത്ത് പറഞ്ഞവളെ അവൻ ആശ്വസിപ്പിച്ചു. അന്നുതന്നെ ഹോസ്റ്റലും മറ്റും കൊണ്ട് കാണിക്കുകയും ചെയ്തിരുന്നു സുധിയെ, അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഹോസ്റ്റൽ ആണ് ഒരു മുറിയിൽ മൂന്നുപേരാണ് ഉള്ളത് മീരയ്ക്കും അവിടെ മുറി ശരിയായി എന്ന് കണ്ടപ്പോൾ അവന് സമാധാനമായി. കാന്റീനിൽ പോയി ഒരു ബിരിയാണി കഴികാം എന്ന് പറഞ്ഞത് സുധിയാണ്. മീര അസ്വസ്ഥയാണെന്ന് അവന് തോന്നി. അതിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് അവളെ അലട്ടുന്നത് എന്ന് അവന് വ്യക്തമായിരുന്നു. ആ വിഷമം ഒന്ന് മാറ്റാനായി തന്നെ കാന്റീനിൽ നിന്നും ഉച്ചയ്ക്ക് അവൾക്ക് നല്ലൊരു ചിക്കൻ ബിരിയാണിയാണ് അവൻ വാങ്ങിക്കൊടുത്തത്. ബിരിയാണി കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് സുധിയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. അവൻ ഫോൺ എടുത്തു കൊണ്ട് സംസാരിച്ച് ഭക്ഷണം കഴിച്ചു. അവൻ സംസാരിച്ചു കൊണ്ടിരുന്നപ്പോഴെല്ലാം മീരയുടെ മുഖം സുധിയുടെ മുഖത്ത് തന്നെയായിരുന്നു. അതിമനോഹരമായ ചിരിയാണ് സുധിയുടെ. ആദ്യകാലങ്ങളിൽ മുതൽ താനത് ശ്രദ്ധിച്ചിരുന്നു. അവനോട് അവൾക്ക് വീണ്ടും ഇഷ്ടം കൂടുകയാണ് ചെയ്തത്. ഓരോ ദിവസവും അവൻ തന്നെ സ്നേഹം കൊണ്ട് അമ്പരപ്പെടുത്തുകയാണെന്ന് അവൾ ചിന്തിച്ചു. അതിനിടയിലാണ് ചിരിച്ചു കൊണ്ടിരുന്ന സുധിയുടെ മുഖം മങ്ങുന്നത് അവൾ ശ്രദ്ധിച്ചത്……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"