" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 93

രചന: റിൻസി പ്രിൻസ്

ആദ്യകാലങ്ങളിൽ മുതൽ താനത് ശ്രദ്ധിച്ചിരുന്നു. അവനോട് അവൾക്ക് വീണ്ടും ഇഷ്ടം കൂടുകയാണ് ചെയ്തത്. ഓരോ ദിവസവും അവൻ തന്നെ സ്നേഹം കൊണ്ട് അമ്പരപ്പെടുത്തുകയാണെന്ന് അവൾ ചിന്തിച്ചു. അതിനിടയിലാണ് ചിരിച്ചു കൊണ്ടിരുന്ന സുധിയുടെ മുഖം മങ്ങുന്നത് അവൾ ശ്രദ്ധിച്ചത്

“എന്തുപറ്റി സുധിയേട്ടാ..?
അവൾ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” ഒന്നുമില്ല താൻ കഴിക്ക്

മുഖത്തൊരു പുഞ്ചിരി വരുത്തിയതിനു ശേഷം അവൻ പറഞ്ഞു എങ്കിലും അവന്റെ മുഖഭാവത്തിൽ നിന്നും എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഊഹിക്കാൻ അവൾക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവൾ അധികമൊന്നും ചോദിക്കാതെ പെട്ടെന്ന് ഭക്ഷണം കഴിച്ചിരുന്നു. അവനപ്പോൾ തന്നെ ഭക്ഷണം കഴിപ്പ് നിർത്തിയതിനു ശേഷം കൈ കഴുകാനായി പോയി. അവൾ അവന്റെ പിന്നാലെ നടന്നിരുന്നു. ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങിയപ്പോഴും അവൻ മൗനത്തിൽ ആയിരുന്നു.

വണ്ടി അവളുടെ വീടിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ പോവുകയാണ് അവൻ എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എങ്കിലും അവന്റെ മുഖത്ത് ഒരു തെളിമയില്ലാത്തത് അവൾ ശ്രദ്ധിച്ചു. ആ ഫോൺകോളിനു ശേഷമാണ് എന്തോ കാര്യമായ പ്രശ്നം അവന് സംഭവിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി. ഇനിയിപ്പോൾ അർജുനോ മറ്റോ ആണോ വിളിച്ചത് എന്ന് പോലും അവൾ ഭയന്നു. തന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണോ അവൻ അക്കാര്യം തന്നോട് പറയാതിരുന്നത് എന്നായിരുന്നു അവൾ ചിന്തിച്ചത്. അതാണോ കാര്യം എന്ന് ചോദിക്കാനുള്ള ധൈര്യവും അവൾക്കില്ല. അതുകൊണ്ടു തന്നെ അവൻ തന്നോട് തുറന്നു പറയട്ടെ എന്ന് കരുതി അവൾ കാത്തിരുന്നു. ഒരുപാട് നാൾ ഒന്നും അവൻ ഒരു കാര്യവും തന്നിൽ നിന്നും ഒളിച്ചു വയ്ക്കില്ല അത് അവൾക്ക് 100% ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ അവൻ പറയട്ടെ എന്ന് വിശ്വാസത്തിൽ ആയിരുന്നു അവൾ. വീട്ടിലേക്ക് വരും എന്ന് നേരത്തെ തന്നെ മാധവിയോട് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടു ജോലിക്കൊന്നും പോകാതെ മരുമകനെയും മകളെയും കാത്തിരിക്കുകയായിരുന്നു മാധവി. വണ്ടി മുകളിൽ കൊണ്ട് നിർത്തിയപ്പോൾ തന്നെ അവർ ആയിരിക്കും എന്ന് ഉറപ്പായിരുന്നു. സുധിയെയും മീരയെയും കണ്ട് ആദ്യം ഓടി വന്നത് മീനൂട്ടിയാണ്. മീനുട്ടിയെ കണ്ടതും വലിയ സന്തോഷത്തോടെ മീര അരികിലേക്ക് ചെന്നിരുന്നു. ആ സമയത്ത് തന്നെ ചിരിയോടെ സുധിയും അവർക്ക് അരികിലേക്ക് ചെന്നു.

“സ്കൂളിൽ ഒന്നും പോയില്ലേ ചേച്ചിയെ കാണാൻ വേണ്ടി ഇരുന്നതാണോ

ഒരു ചിരിയോടെ സുധി മീനൂവിനോട് ചോദിച്ചു.

” ചേച്ചി ഇവിടെ തന്നെയുണ്ടായിരുന്നല്ലോ ചേച്ചിയെ കാണാൻ വേണ്ടിയല്ല ചേട്ടനെ കാണാൻ വേണ്ടിയാണ് ഇന്ന് ലീവ് എടുത്ത് ഇവിടെ ഇരുന്നത്..

” അതു കൊള്ളാലോ

ഒരു വാത്സല്യത്തോടെ അവളുടെ കവിളിൽ ഒന്ന് തഴുകി അവർക്കൊപ്പം നടന്നു പോവുകയായിരുന്നു സുധി. എങ്കിലും അവന്റെ മനസ്സ് വളരെയധികം നിരാശജനകമാണെന്ന് മിരയ്ക്ക് തോന്നിയിരുന്നു. ആ മുഖമൊന്നു മാറിയാൽ തനിക്ക് മനസ്സിലാക്കാൻ സാധിക്കും. ആദ്യമായി അല്ലല്ലോ താൻ അവനെ കാണുന്നത്. അവരെ കണ്ടപ്പോഴേക്കും മാധവിയും മഞ്ജുവും ഇറങ്ങി വന്നിരുന്നു.

” മക്കൾ എന്താ താമസിച്ചത്..?

” അവളുടെ കോളേജിന്ന് ഇറങ്ങിയപ്പോൾ കുറച്ച് താമസിച്ചു പോയി അമ്മ, ഇല്ലായിരുന്നെങ്കിൽ കുറച്ചു കൂടി നേരത്തെ വന്നേനെ

സുധിയാണ് മറുപടി പറഞ്ഞത്

” മീരയുടെ മുഖം ഒരുമാതിരി ഇരിക്കുന്നത് എന്താ

ആധിയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മാധവി ചോദിച്ചു

” എന്താ മോനെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.?

സുധിയോടായി മാധവി ചോദിച്ചു

” അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല അമ്മേ. ഇത്രയും യാത്ര ചെയ്തതല്ലേ പിന്നെ ഹോസ്റ്റലിൽ നിൽക്കുന്നതിനോട് മീരയ്ക്ക് ഒരു താല്പര്യമില്ല, എന്നോട് ഒരു നൂറ് തവണ പറഞ്ഞു ഹോസ്റ്റലിൽ നിൽക്കണ്ട എന്ന്. അങ്ങനെ ഒരു തീരുമാനമ എടുത്തതു കൊണ്ട് കൂടിയായിരിക്കും ചിലപ്പോൾ മുഖം വല്ലാതിരിക്കുന്നത്.

” സത്യം പറഞ്ഞാൽ ഇപ്പോൾ ഇത്രയും പൈസ അതിനു വേണ്ടി മുടക്കേണ്ട കാര്യം ഉണ്ടായിരുന്നോ അവളെ കുറച്ചുകാലം കൂടി പഠിച്ച പോരെ, ഇവിടെനിന്ന് പഠിച്ചാ മതിയായിരുന്നു. ഇതിപ്പോ പിന്നെയും പൈസ മുടക്കേണ്ടി വന്നില്ലേ അവൾ ഇവിടെ നിന്ന് പഠിക്കാൻ പോകുന്നത് കൊണ്ട് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പിന്നെ മോന്റെ വീട്ടിലെ അതൊരു സംസാരം ആകുമന്ന് എനിക്കറിയാം. എങ്കിലും പൈസ ഇല്ലാത്ത സമയത്ത് ഇപ്പോൾ ഹോസ്റ്റലിൽ ഒന്നും കൊണ്ട് ചേർക്കേണ്ടിയിരുന്നില്ല

മാധവി പറഞ്ഞു

” അവൾ ഇവിടെ നിന്ന് പഠിക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടല്ല അമ്മേ, പിന്നെ അമ്മയ്ക്കും കൂടി അതൊരു പേര് ആകും. കല്യാണം കഴിഞ്ഞ് ഒരു പരിധിയിൽ കൂടുതൽ മീരയെ ഞാൻ ഇവിടെ നിർത്തുന്നത് ശരിയല്ലല്ലോ. നാട്ടുകാർ ആണെങ്കിലും എന്ത് വിചാരിക്കും. അതൊക്കെ കൊണ്ടുകൂടിയ ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.

അവൻ പറഞ്ഞപ്പോൾ മറുത്ത് പറയാൻ മാദവിക്കു തോന്നിയില്ല. സുധി പറഞ്ഞതിലും ഒരുപാട് കാര്യമുണ്ടെന്ന് അവർക്ക് തോന്നിയിരുന്നു. കാരണം മീര വന്ന് നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ അയൽപക്കത്തുള്ള രണ്ടു മൂന്നു പേർ എന്താണ് ഇവിടെ വന്ന് നിൽക്കുന്നത് എന്ന് തിരക്കിയിരുന്നു. അതൊന്നും മീരയോട് പറഞ്ഞിട്ട് പോലുമില്ല. കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ വീട്ടിൽ വന്ന് നിൽക്കുന്നത് എന്തോ ഒരു മഹാ അപരാധം പോലെയാണ് പല നാട്ടുകാരും കാണുന്നത്. അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്. സുധി പറഞ്ഞതിലും കാര്യമുണ്ടെന്ന് അവർക്ക് തോന്നിയിരുന്നു.

“രണ്ടുപേരും വിശന്നു വന്നതല്ലേ എന്തെങ്കിലും കഴിക്കാം

മാധവി പറഞ്ഞു

” വേണ്ടമ്മേ ഞങ്ങൾ കാന്റീനിൽ നിന്ന് ആഹാരം ഒക്കെ കഴിച്ചിട്ട് വന്നത്..

” ഞാൻ ഇവിടെ എല്ലാം ഒരുക്കി കാത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമായിരുന്നില്ലേ

മാധവി പരിഭവിച്ചു

“അത് സാരമില്ല അത് നമുക്ക് വൈകിട്ട് കഴിക്കാം, ഞങ്ങൾ എന്താണെങ്കിലും ഇന്ന് പോകുന്നില്ല. അങ്ങനെ കരുതി തന്നെയാണ് വന്നത്.

സുധി അതു പറഞ്ഞപ്പോൾ മാധവിയുടെ മുഖം തെളിഞ്ഞിരുന്നു.

” തണുത്ത വെള്ളം ഉണ്ടെങ്കിൽ കുറച്ച് എടുക്ക് അമ്മേ

അവൻ പറഞ്ഞതും മാധവി വെള്ളം എടുക്കാൻ ആയി പോയിരുന്നു.

” താനെന്താടോ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്.? തന്റെ രീതി കണ്ടാൽ തോന്നും, എന്റെ വീട്ടിലേക്ക് ഞാൻ തന്നെ നിർബന്ധിച്ചു കൊണ്ടു വന്നു എന്ന്. താൻ എല്ലാവരോടും ചെന്ന് സംസാരിക്ക്.

അവൻ പറഞ്ഞപ്പോൾ അവൾ എല്ലാവരുടെയും അരികിലേക്ക് ചെന്നിരുന്നു.. ആദ്യം അടുക്കളയിലേക്കാണ് പോയത് അവിടെ ചെന്നപ്പോഴും അവളുടെ മുഖത്ത് സന്തോഷം ഇല്ല എന്ന് മനസ്സിലാക്കിയ മാധവി അവളോട് വീണ്ടും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഒന്നുമില്ല എന്നാണ് അവൾ മറുപടി പറഞ്ഞത്. എങ്കിലും അത് ശരിയായ മറുപടിയല്ലെന്ന് അവർക്കും തോന്നി..

” എന്താ മോളെ അവിടുത്തെ അമ്മ നിന്നെ വല്ലതും പറഞ്ഞോ അതാണോ കാര്യം?

” അതൊന്നുമല്ല, ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങിയ സമയത്ത് സുധിയേട്ടന് ഒരു ഫോൺകോൾ വന്നു. അതുകഴിഞ്ഞ് ഈ സമയം വരെ സുധിയേട്ടൻ സന്തോഷത്തോടെ ഒന്നു സംസാരിച്ചിട്ടില്ല. എന്താ പറ്റിയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞത്. പക്ഷേ സുധിയേട്ടന്റെ മനസ്സിൽ എന്തോ ഒരു വിഷമം ഉണ്ട്. അത് എനിക്ക് ഉറപ്പാ. കാരണം സുധിയേട്ടന്റെ മുഖം മാറിയാൽ എനിക്ക് മനസ്സിലാവും

” അതാണോ കാര്യം? സൗകര്യം പോലെ നീ തന്നെ സുധിയോട് ഒന്ന് ചോദിച്ചു നോക്കൂ. അപ്പോൾ അവൻ പറയും എന്താ കാര്യം എന്ന്. അതോർത്ത് നീ വിഷമിക്കേണ്ട ഈ വെള്ളം കൊണ്ട് സുധിയ്ക്ക് കൊടുക്ക്

ടാങ്ക് കലക്കിയ വെള്ളം അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവർ പറഞ്ഞു അവൾ അനുസരണയോടെ അതും വാങ്ങി ഉമ്മറത്തേക്ക് ചെന്നപ്പോൾ സുധി മുറിയിലാണെന്ന് മീനു പറഞ്ഞു.. പിന്നെ അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്നിരുന്നു.. എന്തോ ആലോചിച്ചു ജനലിൽ പിടിച്ചു നിൽക്കുകയാണ് അവൻ. മുഖത്തെ ആധിയിൽ ഒട്ടും തന്നെ മാറ്റം വന്നിട്ടില്ല.

” സുധിയേട്ടാ

വെള്ളം അവന് നേരെ നീട്ടിക്കൊണ്ട് അവൾ വിളിച്ചു

അവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി പിന്നെ കൈ നീട്ടി വെള്ളം വാങ്ങി

” സുധിയേട്ടൻ എന്താ പറ്റിയത്.? നല്ല മൂഡ് ഓഫ് ഉണ്ട്, ഒന്നുമില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഈ മുഖം ഒന്ന് മാറിയാൽ എനിക്ക് മനസ്സിലാവും. എന്താന്ന് വെച്ചാൽ എന്നോട് പറ, ഒറ്റയ്ക്ക് ടെൻഷൻ അടിക്കുന്നതിലും നല്ലതല്ലേ ഒരാളോട് അത് ഷെയർ ചെയ്യുന്നത്.

” ഒരാളോട് ഷെയർ ചെയ്താൽ അയാൾക്കും കൂടി ടെൻഷൻ ആവുകയല്ലേ ഉള്ളൂ,

“അപ്പോൾ എന്തോ കാര്യം ഉണ്ടെന്നുള്ളത് ഉറപ്പാണല്ലേ,
എന്താണെന്ന് പറ സുധിയേട്ടാ..

” പറയാം പക്ഷേ താൻ ടെൻഷൻ അടിക്കരുത്

” ഇങ്ങനെ സുധിയേട്ടൻ പറയാതെ ഇരിക്കുമ്പോഴാണ് എനിക്ക് ടെൻഷൻ

“എനിക്ക് ഉച്ചയ്ക്ക് കാൾ വന്നത് ഗൾഫിലെ എന്റെ കമ്പനിയിൽ നിന്നാണ്

“എന്താ കാര്യം

” കാര്യം കുറച്ച് സീരിയസ് ആണ്

” എന്താണെന്ന് പറ

” അങ്ങോട്ടു ഇനി കയറി ചെല്ലണ്ട എന്നാണ് അവര് പറഞ്ഞത്.

” എന്നുവച്ചാൽ..?

മീര ചോദിച്ചു

” ഏകദേശം ജോലി പോയത് പോലെയാണ് മീര, അവൻ പറഞ്ഞുകഴിഞ്ഞപ്പോൾ മീരയുടെ മുഖത്തും ആ ഞെട്ടൽ പ്രകടമായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"