" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 94

രചന: റിൻസി പ്രിൻസ്

അങ്ങോട്ടു ഇനി കയറി ചെല്ലണ്ട എന്നാണ് അവര് പറഞ്ഞത്.

” എന്നുവച്ചാൽ..?

മീര ചോദിച്ചു

” ഏകദേശം ജോലി പോയത് പോലെയാണ് മീര, അവൻ പറഞ്ഞുകഴിഞ്ഞപ്പോൾ മീരയുടെ മുഖത്തും ആ ഞെട്ടൽ പ്രകടമായിരുന്നു

വിധി അവനോട് പലതരത്തിൽ ക്രൂരത കാണിക്കുകയാണെന്ന് പോലും അവൾക്ക് തോന്നിപ്പോയിരുന്നു. എങ്കിലും തന്റെ ഉള്ളിലുള്ള ഞെട്ടൽ മറച്ചുവെച്ചുകൊണ്ട് അവന്റെ അരികിലേക്ക് ചെന്ന് അരുമയോടെ ആ തലമുടി ഇഴകളിൽ തഴുകികൊണ്ട് അവൾ പറഞ്ഞു,

“സാരമില്ല സുധിയേട്ടാ ജോലി പോയെങ്കിലും നമുക്ക് ഇവിടെ എന്തെങ്കിലും നോക്കാം… അല്ലെങ്കിൽ വേറെ ജോലി കിട്ടും. അതിന്റെ പേരിൽ സുധീയേട്ടനിങ്ങനെ വിഷമിക്കേണ്ട കാര്യം എന്താ..?

അവന്റെ താടിയിൽ പിടിച്ചു അവൾ പറഞ്ഞു

“തനിക്കൊന്നും അറിയില്ല മീര, അതുകൊണ്ട താൻ ഇങ്ങനെ പറയുന്നത്. ഈ ഒരൊറ്റ ജോലിയുടെ പേരിൽ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു എനിക്ക് ഉള്ളത് എന്നറിയോ.? അടുത്തമാസം മുതൽ ആ പ്രതീക്ഷകളൊക്കെ ഞാൻ എങ്ങനെ നിറവേറ്റും.? ശ്രീലക്ഷ്മിയുടെ ഫീസ് കൊടുക്കണം, വീട്ടിലെ ബാക്കിയുള്ള കുറച്ചു കടങ്ങളും ചിട്ടികളും ലോണ് ഒക്കെ തീർക്കണം. ഇതിനൊക്കെ ഒരു നല്ല തുക തന്നെ വേണം. ഈ നാട്ടിൽ ജോലി ചെയ്താൽ ഒരു മാസം എനിക്ക് അത്രയും രൂപയൊന്നും ഉണ്ടാക്കാൻ പറ്റില്ല. ഞാൻ അവിടെ ഓവർടൈം കൂടി ചെയ്തിട്ട ഈ കാര്യങ്ങളൊക്കെ നടത്തിപ്പോകുന്നത്. എല്ലാത്തിലും ഉപരി ശ്രീലക്ഷ്മിയുടെ ലോൺ അതാണ് എന്നെ വല്ലാതെ പേടിപ്പെടുത്തുന്നത്, നല്ലൊരു തുക തന്നെ എല്ലാ മാസവും അതിനു വേണം. പിന്നെ തന്റെ പഠിത്തം അതില് നമ്മൾ ഇപ്പോൾ കുറെ അധികം പൈസ കെട്ടി വെച്ചിരിക്കുന്നത് കൊണ്ട് സമാധാനമുണ്ട്. പോരാത്തതിന് നമ്മുടെ വീട്ടു ചെലവ് കാര്യങ്ങൾ ഇതൊക്കെ ഈ ജോലിയില്ലെങ്കിൽ എങ്ങനെ നടക്കും എനിക്ക് ആലോചിച്ചിട്ട് തന്നെ ഭ്രാന്ത് പിടിക്കുന്നു.

അവൻ മുടി കൊരുത്തു വലിച്ചു

” ഇങ്ങനെ ആലോചിച്ചു ടെൻഷൻ അടിച്ചിട്ട് എന്ത് കിട്ടാനാ, ഉള്ള സമാധാനം കൂടി പോകുന്നല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല. ഒരു വഴി അടയ്ക്കുമ്പോൾ ഈശ്വരൻ മറ്റൊരു വഴി കാണിച്ചു തരും. ഇതിന്റെ പേരിൽ സുധിയേട്ടൻ ഇങ്ങനെ വിഷമിച്ചിരുന്ന ഉള്ള ആരോഗ്യവും കൂടി പോകുന്നേ ഉള്ളൂ, ഏതായാലും അവിടേക്ക് ചെല്ലണ്ട എന്നല്ലേ പറഞ്ഞത്. ജോലി നഷ്ടപ്പെട്ടു എന്നൊന്നും അവര് പറഞ്ഞിട്ടില്ലല്ലോ. ഇത്രയും വർഷം അവിടെ ജോലി ചെയ്യുന്നതല്ലേ ചിലപ്പോൾ കമ്പനിയിൽ എന്തെങ്കിലും ഒരു നഷ്ടം സംഭവിച്ചപ്പോൾ പോയവരെ ഒന്നും ഉടനെ തിരിച്ചു വിളിക്കേണ്ട എന്ന് കരുതിയതായിരിക്കും, മാത്രമല്ല ഇത്രയും വർഷം അവിടെ നിന്നതിന്റെ നല്ലൊരു തുക തന്നെ സുധീയേട്ടവർക്ക് തരാതിരിക്കാൻ പറ്റില്ലല്ലോ. ആത്തുക കിട്ടുവാണെങ്കിൽ നമുക്ക് ഈ പറഞ്ഞ കടങ്ങളെല്ലാം തീർക്കാൻ പറ്റില്ല, പിന്നെ നാട്ടിൽ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് സമാധാനത്തോടെ തന്നെ നമുക്ക് ജീവിക്കാനും പറ്റും.

” ഒരു രണ്ടുവർഷം മുൻപേ എനിക്ക് കമ്പനിയിൽ നിന്ന് കിട്ടേണ്ട തുക ഞാൻ നേരത്തെ വാങ്ങിയെടുത്തതാണ് മീര, ആ തുകയാ ഞാൻ ശ്രീജിത്തിന് ബിസിനസ് തുടങ്ങാൻ വേണ്ടി കൊടുത്തത്. പിന്നെ എനിക്ക് അത്ര നല്ല ജോലി ഒന്നും ആയിരുന്നില്ല. ഒരുപാടൊന്നും കിട്ടാനും ഉണ്ടായിരുന്നില്ല, ഒരു നാലഞ്ചു ലക്ഷം രൂപയുണ്ടായിരുന്നു അത് ഞാൻ വാങ്ങി അതേപോലെതന്നെ ശ്രീജിത്തിന് കൊടുക്കുകയായിരുന്നു ചെയ്തത്. എന്റെ ബാങ്കിലും വലിയ ബാലൻസ് ഒന്നുമില്ല. അവിടെയും ഇവിടെയൊക്കെ കടം മാത്രമാണ് എനിക്ക് ആകെപ്പാടെയുള്ള സമ്പാദ്യം. അതിന്റെ കൂടെ ഈ ജോലിയും കൂടി നഷ്ടമായ എനിക്ക്….

അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ മീരക്ക് സഹിക്കാൻ സാധിച്ചിരുന്നില്ല, അവൾ പെട്ടെന്ന് അവനെ തന്നോട് ചേർത്തുപിടിച്ച് പുൽകി

“സുധീയേട്ടനിങ്ങനെ വിഷമിക്കാതെ എന്ത് പ്രതിസന്ധി വന്നാലും നമ്മൾ രണ്ടുപേരും ഒരുമിച്ച് നേരിടും, എന്താണെങ്കിലും ഏത് കയറ്റത്തിലും ഒരു ഇറക്കം ഉണ്ടാവില്ലേ.? ചെലപ്പോ ഇതൊക്കെ നല്ലതിനായിരിക്കും, അങ്ങനെ വിശ്വസിക്ക്. തൽക്കാലം ഇതോർത്ത് സുധിയേട്ടൻ വിഷമിക്കേണ്ട.

പറ്റുന്ന വാക്കുകൾ കൊണ്ടോക്കെ അവനെ ആശ്വസിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. എങ്കിൽ പോലും അവന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വേദന എത്ര വലുതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു മീരയ്ക്ക്, കുറച്ച് അധികം സമയം അവനെ തന്നോട് ചേർത്തുനിർത്തി അവൾ പുൽകിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ തന്റെ വീട്ടിൽ നിൽക്കാൻ അവൻ ആഗ്രഹിക്കില്ലന്ന് അവൾക്ക് തോന്നിയിരുന്നു. അവിടെയാണെങ്കിൽ അടുത്ത സുഹൃത്തായ വിനോദിനോട് എങ്കിലും ഭാരം ഇറക്കി വയ്ക്കാൻ സാധിക്കും. തന്റെ സന്തോഷത്തിനു വേണ്ടിയാണ് അവൻ ഇവിടെ നിൽക്കാമെന്ന് പറഞ്ഞത്, ഇപ്പോൾ അവന് ആവശ്യം ഒരു സുഹൃത്തിന്റെ കരുതലാണ് എന്ന് അവൾക്ക് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ തിരികെ പോകാൻ അവൾ തീരുമാനിച്ചു.

” സുധിയേട്ടാ നമുക്ക് എന്നാൽ നമ്മുക്ക് തിരിച്ചു പോവാം

” അത് വേണ്ട നാളെ പോകാം എന്നല്ലേ നമ്മൾ തീരുമാനിച്ചത്,താൻ ഒരുപാട് ആഗ്രഹിച്ചത് അല്ലേ,

” എന്റെ വീട്ടിൽ നിൽക്കാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇപ്പൊ സുധിയേട്ടന് ഇക്കാര്യങ്ങളൊക്കെ ആരോടെങ്കിലും ഒന്ന് തുറന്നു പറയണം എന്നതാണ് ഏറ്റവും വലിയ ആവശ്യം. അതുകൊണ്ട് വിനോദേട്ടനെയോ മറ്റോ ഒന്ന് കാണണമെന്ന് ഇപ്പോൾ മനസ്സിൽ ആഗ്രഹിക്കുന്നുണ്ടാവും, അതിനിടയിൽ എന്റെ ആഗ്രഹങ്ങൾക്ക് താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്നതുകൊണ്ട് ഇവിടെ നിൽക്കാമെന്ന് പറയുന്നത്. ഇപ്പോൾ എനിക്ക് ഇവിടെ നിൽക്കുന്നതല്ല പ്രധാനം. സുധിയേട്ടന്റെ മനസ്സ് എത്രയും പെട്ടെന്ന് ഒന്ന് ശാന്തമാവുക എന്നുള്ളതാണ്. ഇവിടെ നമുക്ക് അതൊക്കെ കഴിഞ്ഞ് ആണെങ്കിലും വന്നു നിൽക്കാമല്ലോ..

താൻ മനസ്സിൽ വിചാരിച്ച കാര്യം എത്ര കൃത്യമായിയാണ് അവൾ മനസ്സിലാക്കിയത് എന്ന് ആ നിമിഷം സുധി ഓർത്തിരുന്നു. വിനോദിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. സുധിയേട്ടൻ തൽക്കാലം ഒന്ന് കൂളായിട്ട് നിൽക്കുക, ഞാൻ അമ്മയോട് നമ്മൾ പോവുകയാണെന്ന് ഒന്നു പറഞ്ഞിട്ട് വരട്ടെ…

അത്രയും പറഞ്ഞ് അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ ഏത്തക്ക വറക്കുകയാണ് മാധവി മകളെയും മരുമകനെയും സൽകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്

” അമ്മേ ഞങ്ങൾക്ക് വേണ്ടി ഒന്നും ഉണ്ടാക്കണ്ട ഞങ്ങൾ ഇറങ്ങാ, വേറൊരു ദിവസം നിൽക്കാൻ ആയിട്ട് വരാം.

അവൾ അടുക്കള വാതിലോളം ചെന്ന് മാധവിയോടായി പറഞ്ഞു

” അയ്യോ അതെന്താ പെട്ടെന്ന്… സുധിക്ക് ഇവിടെ ഇഷ്ടപ്പെട്ടില്ലേ..? എന്താടി കാര്യം

ആധിയോടെ മാധവി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” ഒരു കാര്യമുണ്ട് ഞാൻ പറഞ്ഞില്ലേ സുധിയേട്ടൻ വലിയ വിഷമത്തിലാണെന്ന്, ഗൾഫീന്നാ വിളിച്ചത് അവരുടെ കമ്പനിയിൽ എന്തോ ഒരു പ്രശ്നമുണ്ട്. ചിലപ്പോൾ ജോലി പോകാനുള്ള സാധ്യതയുണ്ടെന്നൊക്കെ ഒരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞു. അതിന്റെ ടെൻഷനിലാ. ആ ടെൻഷനിടയില് ഇവിടെനിന്ന ശരിയാവില്ല. ഞങ്ങൾ വേറൊരു ദിവസം വരാം,

മുഴുവൻ കാര്യങ്ങൾ വീട്ടിലും തുറന്നു പറയാൻ അവൾ തയ്യാറായിരുന്നില്ല അവളുടെ വാക്കുകളിൽ നിന്ന് തന്നെ കാര്യത്തിന്റെ ഗൗരവം മാധവിക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ അവളെ നിർബന്ധിക്കാനും അവർ നിന്നിരുന്നില്ല.

” എങ്കിൽ ഒരു കാര്യം ചെയ്യ് കുറച്ചു ഉപ്പേരി കൊണ്ടുപോകു, നമ്മുടെ പറമ്പിൽ ഉണ്ടായത് ആണ്.. നിനക്ക് വലിയ ഇഷ്ടമല്ലേ അതുകൊണ്ട ഞാൻ വറുത്തത്.

അത് എതിർക്കാൻ അവൾ തോന്നിയിരുന്നില്ല തങ്ങൾ വരുന്നു എന്ന് അറിഞ്ഞപ്പോൾ അവധിയെടുത്തിരുന്ന് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിയതാണ്. എങ്കിൽ പിന്നെ അത് എടുക്കാൻ അവൾ പറഞ്ഞിരുന്നു. ഒരു കടലാസിൽ ആക്കി പെട്ടെന്ന് തന്നെ അവർ അത് പൊതിഞ്ഞിരുന്നു. പോകാനായി ഇറങ്ങിയ സുധിയുടെ മുഖത്തേക്ക് മാധവി നോക്കിക്കൊണ്ട് പറഞ്ഞു

” മോൻ വിഷമിക്കേണ്ട ജോലി ഒന്നും പോവില്ല, അമ്മ പ്രാർത്ഥിച്ചോളാം

വ്യക്തമായി ഒന്നും മീര ഇവരോട് പറഞ്ഞിട്ടില്ലന്ന് ആ വാക്കുകളിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു. എങ്കിലും ആ നിമിഷം അവരുടെ ആ നിഷ്കളങ്കമായ മറുപടി അവൻ വലിയൊരു ആശ്വാസമാണ് നൽകിയത്. എല്ലാവരോടും യാത്ര പറഞ്ഞ് ഇരുവരും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. അങ്ങോട്ടുള്ള യാത്രയിലും രണ്ടുപേരും നിശബ്ദമായിരുന്നു. എന്തു പറഞ്ഞു തുടങ്ങുമെന്ന് മീരക്കും അറിയില്ലായിരുന്നു. എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുന്നതാണ് സുധിയുടെ ശീലം, അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് അവളും കരുതി.

വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ സുഗന്ധിയും കുട്ടികളുമുണ്ട്. സുധിയെ കണ്ടിട്ടും വലിയ സന്തോഷം ഒന്നും സുഗന്ധിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

” ഓ ഭാര്യ വീട്ടിൽ നിൽക്കാൻ പോയിട്ട് പെട്ടെന്ന് ഇങ്ങ് പൊന്നോ

താല്പര്യമില്ലാതെ സതി ഇറങ്ങിവന്ന് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയിരുന്നു

” സുധിയേട്ടാ സുഖമല്ലേ,എന്തുണ്ട് വിശേഷം..? സുധിയേട്ടനെ കാണാൻ ആഗ്രഹിച്ചു വന്നത് ആണ് ഞാന്, അപ്പോൾ സുധിയേട്ടൻ ഇവിടെ ഇല്ല. തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു ,

എന്തെങ്കിലും ചോദിക്കേണ്ട എന്ന് കരുതി സുഗന്ധി അവനോട് ആയി താല്പര്യമില്ലാതെ ചോദിച്ചു.

” പിന്നെ പരമസുഖമാ, വിശേഷം എന്താണെന്നുവെച്ചാൽ ഒരു വലിയ വിശേഷം ഉണ്ട് അത് എല്ലാരോടും പറയാൻ വേണ്ടി തന്നെ ഇരിക്കുകയായിരുന്നു. എന്റെ ഗൾഫിലെ ജോലി പോയി കിട്ടി…! ഇനിയിപ്പോ എന്നും എന്നെ കാണാം,

അത്രയും പറഞ്ഞ് അവൻ അകത്തേക്ക് കയറിയപ്പോൾ സതിയുടെയും സുഗന്ധിയുടെയും ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"