കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 96
രചന: റിൻസി പ്രിൻസ്
ഈ സാഹചര്യത്തിൽ ഏട്ടൻ ചിലപ്പോൾ പൈസയോ സ്വർണമോ ഒക്കെ ചോദിക്കാനുള്ള ചാൻസ് ഉണ്ട്. അതിനൊരു ഇടം കൊടുക്കാതെ എത്രയും പെട്ടെന്ന് പോകുന്നത് തന്നെയാണ് നല്ലത്. എന്തായാലും ഇവിടുത്തെ വിവരങ്ങളൊക്കെ എന്നെ വിളിച്ചു പറയണേ,
അത്രയും പറഞ്ഞ കുട്ടികളെയും പെട്ടെന്ന് ഒരുക്കി സുഗന്ധി പുറപ്പെട്ടപ്പോൾ താൻ ഈ വീട്ടിൽ ഒറ്റയ്ക്കായി പോയത് പോലെ സതിയ്ക്ക് തോന്നിയിരുന്നു
സുധി നൽകിയ വാർത്തയുടെ ആഘാതത്തിൽ ആയിരുന്നു കുറെ അധികം നിമിഷം സതി.. ഇനി മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും തോറും അവർക്ക് ഭയം ഏറെ വന്നു. ശ്രീലക്ഷ്മിയുടെ പഠിത്തം അടക്കമുള്ള കാര്യങ്ങൾ നോക്കിയിരുന്നത് സുധിയാണ്.. ശ്രീജിത്ത് വീടിനുവേണ്ടി ഒന്നും ചെയ്യില്ല, സുധിയുടെ ജോലി നഷ്ടമായാൽ സംഭവിക്കാൻ പോകുന്നത് തങ്ങളുടെ വീടിന്റെ നാശമാണ്, അതിപ്പോൾ തനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു ചിട്ടി കൂടണം എന്ന് തന്നോട് സുധി പറഞ്ഞത് അനുസരിച്ചു കെഎസ്എഫ്ഇയിൽ നിന്നും 8 ലക്ഷം രൂപയുടെ ഒരു ചിട്ടി അടപ്പിച്ചിരുന്നു, ആ പണം ഒരു അത്യാവശ്യം വന്നപ്പോൾ അറിയാതെ താൻ ശ്രീജിത്തിന് എടുത്തു നൽകുകയാണ് ചെയ്തത്, ഉടനെ തന്നെ തിരികെ തരാം എന്ന് അവർ പറഞ്ഞുവെങ്കിലും ഇപ്പോൾ പറഞ്ഞ അവധികളൊക്കെ തെറ്റിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സുധി അതിനെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ താനെന്ത് മറുപടി പറയും എന്ന ഒരു ഭയം കൂടി ആ നിമിഷം സതിയിൽ നിറഞ്ഞു നിന്നിരുന്നു..
ഉച്ചസമയത്ത് ജോലി ചെയ്യുവാനായി അടുക്കളയിൽ മീര വന്നപ്പോൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല അവളോട്, വഴക്കിനോ സ്നേഹത്തോടെ സംസാരിക്കാനോ ഒന്നിനും പോയിരുന്നില്ല അവർ. സതി ഇവിടെ ആയിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. സാധാരണ താൻ ജോലി ചെയ്യുമ്പോൾ കുറ്റവും കുറവും ഒക്കെ പറയുന്ന സതിയിൽ നിന്നും ഇത്തരം ഒരു തണുപ്പൻ ഭാവം അവളും പ്രതീക്ഷിച്ചിരുന്നില്ല ഒരുപക്ഷേ ജോലി നഷ്ടപ്പെട്ടു എന്ന് സുധി പറഞ്ഞപ്പോൾ ഉണ്ടായ വിഷമമായിരിക്കാം എന്നാണ് അവൾ വിചാരിച്ചത്. അതുകൊണ്ടു തന്നെ അവൾ ഒന്നും ചോദിക്കാനും പോയില്ല. എല്ലാം ജോലികളും ചെയ്തത് അവളാണ്,
പലതവണ സുധിയെ ഭക്ഷണം കഴിക്കാൻ വിളിച്ചുവെങ്കിലും അവൻ വിശപ്പില്ല എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു ചെയ്തത്.. അവസാനം അവൻ ഭക്ഷണം കഴിക്കാതെ താൻ കഴിക്കില്ല എന്ന് മീര വാശിപിടിച്ചതോടെയാണ് അവൻ ഭക്ഷണം കഴിക്കാൻ വരാമെന്ന് പറഞ്ഞത്, മുഴുവനായി തകർന്നു നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് വല്ലാത്തൊരു വേദന തോന്നിയിരുന്നു..
” സുധീയേട്ടന് ഇങ്ങനെ വിഷമിക്കാതെ, എന്താണെങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു, ജോലി നഷ്ടമാവുന്നതൊന്നും ഒരു പുതിയ കാര്യമല്ലല്ലോ. ഗൾഫിലുള്ള പലരും അഭിമുഖീകരിക്കുന്ന പ്രശ്നം തന്നെയാണിത്.. അവിടുത്തെ ജോലി നഷ്ടമായി എങ്കിൽ ഇവിടെ എന്തെങ്കിലും ജോലി ചെയ്യണം, ജോലി കിട്ടാതിരിക്കുവല്ലോ, ദൈവം സഹായിച്ചു സുധിയേട്ടന് ബുദ്ധിമുട്ടുകൾ ഒന്നും ദൈവം നൽകിയിട്ടില്ല, ജോലി ചെയ്യാനുള്ള ആരോഗ്യവും ഉണ്ട് അതുകൊണ്ട് നമുക്ക് ഇവിടെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാം, ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും കുറിച്ചൊന്നും ഓർത്ത് ഇങ്ങനെ തകർന്നു പോയാലോ, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രതിസന്ധികൾ വരുമ്പോൾ ഇങ്ങനെ ഡൗൺ ആകാൻ തുടങ്ങിയ അതിനുമാത്രം സമയം ഉണ്ടാവുകയുള്ളൂ. സുധിയേട്ടൻ സമാധാനമായിട്ട് നമുക്ക് എല്ലാത്തിനും ഒരു പരിഹാരം കാണാം, സുധിയേട്ടന് നൽകിയ പണം ഞാൻ വെറുതെ കളഞ്ഞിട്ടില്ല, അത്യാവശ്യം നല്ലൊരു തുക തന്നെ ബാങ്കിൽ കിടപ്പുണ്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ട് സുധിയേട്ടൻ എന്റെ കയ്യിൽ തന്ന പണത്തില് ആവശ്യമുള്ളത് മാത്രം ഞാൻ ചെലവാക്കിയിട്ടുള്ളൂ, അല്ലാതെ എല്ലാം കൂടി ചെലവാക്കിയോന്നും ചെയ്തിട്ടില്ല, ഒരു മൂന്നുലക്ഷം രൂപയോളം ബാങ്കിൽ കിടപ്പുണ്ട്, സുധിയേട്ടന് തന്ന പണം തന്നെയാണ്, ഞാനിത് ആവശ്യമില്ലാതെ ഒരു കാര്യത്തിനും എടുത്തിരുന്നില്ല, പിന്നെ എന്റെ ആവശ്യങ്ങൾക്ക് വേണ്ടി സുധിയേട്ടൻ തന്നിരുന്ന പണത്തിലും കുറച്ച് ഉണ്ട്, എല്ലാം കൂടെ നമുക്ക് തൽക്കാലം പിടിച്ചു നിൽക്കാനുള്ള പണം നമ്മുടെ കയ്യിൽ ഉണ്ട്. സുധിയേട്ടന് തന്നിട്ടുള്ള സ്വർണം അതൊക്കെ എന്റെ കയ്യിൽ ഉണ്ടല്ലോ ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വിലയൊക്കെ അനുസരിച്ച് അതൊക്കെ വിറ്റാലും നമുക്ക് ജീവിക്കാവുന്നതേയുള്ളൂ
അവൾ പറഞ്ഞപ്പോൾ അവൻ ഞെട്ടാലോടെ ചോദിച്ചു
“താൻ എന്താ പറഞ്ഞെ, മൂന്നുലക്ഷം രൂപയോളം ബാങ്കിൽ ഉണ്ടെന്നോ.?അതെങ്ങനെ..?
അവൻ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി
ചോദിച്ചു അവളുടെ ആ വെളിപ്പെടുത്തൽ അവനിലും ഞെട്ടലുണർത്തിയിരുന്നു
” സുധിയേട്ടൻ എനിക്ക് എല്ലാ മാസവും അയച്ചു തന്നിരുന്നത് 50000 രൂപ വെച്ചല്ലേ, ഇരുപതിനായിരം രൂപ വീട്ടിലെ ആവശ്യങ്ങൾക്ക് കൊടുക്കാൻ പറഞ്ഞു, ബാക്കി 5000 രൂപ എന്റെ ചെലവുകൾക്ക് മാറ്റിവച്ചോളാൻ പറഞ്ഞിരുന്നില്ലേ ഞാൻ ഇരുപതിനായിരം രൂപ കൃത്യമായിട്ട് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട് ബാക്കി പൈസ ഞാൻ എടുത്തിട്ടുണ്ടായിരുന്നില്ല, ആ പണം ഞാൻ ബാങ്കിൽ തന്നെ ഇട്ടിരുന്നു ഒരു വർഷമായിട്ട് 25000 രൂപ ബാങ്കിൽ വരുമ്പോൾ എന്താണെങ്കിലും 3 ലക്ഷം രൂപയോളം കാണില്ലേ, പിന്നെ എനിക്കും വലിയ ചെലവുകൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാംകൂടി ഒരു മൂന്നു മൂന്നര ലക്ഷം രൂപ തന്നെയുണ്ട് പിന്നെ എന്റെ സ്വർണം ഒരു 15 പവൻ എങ്കിലും അത് ഉണ്ടാവില്ല അത് മുഴുവൻ വേണമെങ്കിൽ നമുക്ക് വിൽക്കാം, എന്നിട്ട് എന്തെങ്കിലും ചെറിയൊരു ബിസിനസ് ആണെങ്കിലും തുടങ്ങാലോ,
” എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇരുപതിനായിരം രൂപ കൊണ്ട് താൻ ഈ വീട്ടിലെ ചെലവുകളൊക്കെ നടത്തിയിരുന്നു എന്ന്,
” വീട്ടിൽ ചെലവിനും മറ്റുമായിട്ട് അല്ലേ അത്രയും തുക എനിക്ക് അയച്ചു തന്നിരുന്നത് ആകപ്പാടെ അവിടെ സുധിയേട്ടനുള്ള ശമ്പളം 65,000 രൂപയാണെന്ന് എനിക്ക് മനസ്സിലായിരുന്നു, അതിലെ അവിടുന്ന് ചെലവാക്കാതെ 50000 രൂപ ഇങ്ങോട്ട് അയക്കുന്നത് എന്നും മനസ്സിലായി, പോയിട്ടുള്ള പതിനായിരം രൂപ ശ്രീലക്ഷ്മിയുടെ പഠിത്തത്തിനു വേണ്ടി അവളുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുക്കുകയാണെന്നും അറിയാം, പിന്നെ ആകെ സുധിയേട്ടന്റെ കയ്യിലുള്ളത് 5000 രൂപയാണ് അവിടെ സുധിയേട്ടൻ നല്ല ആഹാരം പോലും കഴിക്കുന്നില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അത് കളഞ്ഞിട്ടില്ല ഒന്നൊന്നര വർഷം കൂടി കഴിഞ്ഞാൽ എനിക്ക് എവിടെയെങ്കിലും ജോലി കിട്ടും പിന്നെ നമുക്ക് തട്ടിയും മുട്ടിയും ഒക്കെ പോകാനുള്ളതങ്ങ് ആവും, അതോർത്ത് വിഷമിക്കേണ്ട, തിരിച്ചു പോകണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇവിടെ എന്തെങ്കിലും ജോലി ചെയ്താൽ നമുക്ക് പറ്റുന്ന രീതിയിൽ ജീവിച്ചാൽ മതി..
മീരയുടെ വാക്കുകൾ അവനിൽ ആശ്വാസം തോന്നിയിരുന്നു,
” സത്യം പറഞ്ഞാൽ രണ്ടു രണ്ടര ലക്ഷം രൂപ കടമാക്കിയിട്ട് ഞാൻ ഇങ്ങോട്ട് വന്നത്, ഇത്രയും പൈസ താൻ സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സമാധാനം തോന്നുന്നു, ഏതായാലും ഒരു കടക്കാരൻ ആയിട്ട് എനിക്ക് ജീവിക്കേണ്ടി വരില്ലല്ലോ, പിന്നെ അമ്മയുടെ പേരില് ഞാനൊരു ചിട്ടി തുടങ്ങിയിട്ടുണ്ടായിരുന്നു, കെഎസ്എഫ്ഇയിലെ അതിപ്പോ കുറെ വർഷമായി, തീരാൻ അഞ്ചോ ആറോ മാസമേ ഉള്ളൂ, 8 ലക്ഷം രൂപയുടെ ചിട്ടി ആയിരുന്നു എങ്ങനെ നോക്കിയാലും ഒരു 7 ലക്ഷം രൂപ നമ്മുടെ കയ്യിൽ കിട്ടും. അത് പിടിക്കാം അത് പിടിക്കുകയാണെങ്കിൽ ശ്രീലക്ഷ്മിയുടെ പഠിപ്പുള്ള ബാക്കി രണ്ട് ലക്ഷം രൂപയാണ് ആ പൈസയും കൂടി കോളേജിൽ അടച്ച് അവളുടെ കാര്യങ്ങൾ ഏകദേശം ഒക്കെ ആവും. പിന്നെ ഒരു 5 ലക്ഷം രൂപയെങ്കിലും നമ്മുടെ കൈയിൽ ഉണ്ടാകും അതുകൊണ്ട് എന്തെങ്കിലും ചെറുതായിട്ട് ബിസിനസ് തുടങ്ങാം, അല്ലെങ്കിൽ എന്തെങ്കിലും ജോലി നോക്കാം, തന്റെ പഠിത്തം തീർന്നാൽ എനിക്കൊരു ആശ്വാസമാകുമല്ലോ, എല്ലാ കാലത്തും ഗൾഫിൽ പോയി കിടന്നു ജോലി ചെയ്തു ജീവിക്കാൻ ഒന്നും പറ്റില്ലല്ലോ. നമുക്ക് പറ്റുന്ന രീതിയിൽ ഇവിടെ എന്തെങ്കിലും ചെറുതായിട്ട് നോക്കുന്നതാണ് നല്ലത് നാളെ വിനോദിനോടും കൂടി ഒന്ന് സംസാരിച്ചിട്ട് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാം.. എനിക്കൊരുപാട് സമാധാനമായി എന്നെ മനസ്സിലാക്കുന്ന ഏത് സാഹചര്യത്തിലും എനിക്ക് താങ്ങായിട്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ തന്നെയാണല്ലോ ഞാൻ കണ്ടുപിടിച്ചത്, ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം താൻ തന്നെയാ…
ഏറെ സമാധാനത്തോടെ അവളെ അവൻ ചേർത്തുപിടിച്ചു
, അവളുടെ നിർബന്ധത്തിന് ഭക്ഷണം കഴിക്കുവാനായി പുറത്തേക്ക് വരികയും ചെയ്തിരുന്നു. ഡൈനിങ് ടേബിളിൽ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന സതിയെയാണ് സുധി കണ്ടത്..
” അമ്മ വിഷമിക്കാതെ
അവരുടെ അരികിലേക്ക് ഇരുന്നുകൊണ്ട് സുധി പറഞ്ഞപ്പോഴാണ് ചിന്തകളിൽ നിന്നും അവർ ഉണർന്നത്. പെട്ടെന്ന് പ്രേതത്തെ കണ്ടതുപോലെ അവനെ അവർ നോക്കി..
” ശ്രീലക്ഷ്മിയുടെ പഠിത്തത്തിന്റെ കാര്യം ഓർത്താ അമ്മ പേടിക്കുന്നത് എനിക്കറിയാം, അമ്മ വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരം ഉണ്ടല്ലോ, നമ്മള് അടച്ചു കൊണ്ടിരുന്ന കെഎസ്എഫ്ഇയിലെ ചിട്ടി പിടിക്കാം നാളെ തന്നെ ഞാൻ അവിടെ ഓഫീസിൽ പോയി അതിനു വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം, കൂടിപ്പോയാൽ ഒരു ലക്ഷം രൂപയുടെ നഷ്ടം വരും അതിൽ കൂടുതൽ വരാൻ പോകുന്നില്ല, അതുപോട്ടെ. നമുക്ക് വിധിച്ചിട്ടില്ലാത്ത ആണെന്ന് പറയാം, എന്താണെങ്കിലും 7 ലക്ഷം രൂപയോളം കയ്യിൽ കിട്ടും, അത് വെച്ച് ശ്രീലക്ഷ്മിയുടെ പഠിത്തം തീർക്കാം, പോയിട്ട് ഒരു 5 ലക്ഷം രൂപ ഉണ്ട് അതുവച്ച് ഞാനും എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാം, അമ്മേ അതിന്റെ ഫോം എല്ലാം എടുത്തു വയ്ക്ക്
മീര വിളമ്പിയ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുധി പറഞ്ഞിരുന്നു. സതി ഏറ്റവും കൂടുതൽ ഭയന്ന് വാക്കുകൾ തന്നെയായിരുന്നു അത്. മകനോട് എന്തു പറയുമെന്ന് അറിയാതെ അവർ കുഴങ്ങി …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…