Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 97

രചന: റിൻസി പ്രിൻസ്

ഒരു 5 ലക്ഷം രൂപ ഉണ്ട് അതുവച്ച് ഞാനും എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാം, അമ്മേ അതിന്റെ ഫോം എല്ലാം എടുത്തു വയ്ക്ക്

മീര വിളമ്പിയ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുധി പറഞ്ഞിരുന്നു. സതി ഏറ്റവും കൂടുതൽ ഭയന്ന് വാക്കുകൾ തന്നെയായിരുന്നു അത്. മകനോട് എന്തു പറയുമെന്ന് അറിയാതെ അവർ കുഴങ്ങി

“ഞാൻ പറഞ്ഞത് അമ്മ കേട്ടില്ലേ..?
അവൻ ഒരിക്കൽ കൂടി ചോദിച്ചു.

” നാളെ തന്നെ നമുക്ക് രണ്ടുപേർക്കും കൂടി കെഎസ്എഫ്ഇയിൽ പോണം അതിനുശേഷം അതിന്റെ ബാക്കി കാര്യങ്ങളൊക്കെ എന്താണെന്നു നോക്കണം, അങ്ങനെയാണെങ്കിൽ അടുത്ത ആഴ്ച തന്നെ ശ്രീക്കുട്ടിയുടെ പഠനത്തിനുള്ള കാര്യങ്ങൾ എല്ലാം നമുക്ക് ചെയ്തുതീർക്കാം.

സുധി പറഞ്ഞു

“പോവാം മോനെ, ഞാൻ അതിന്റെ പേപ്പർ ഒക്കെ ഒന്ന് നോക്കി വെക്കട്ടെ, എനിക്ക് വല്ലാത്ത തലവേദന നിങ്ങള് കഴിക്ക്…

അത്രയും പറഞ്ഞ് സതി അകത്തേക്ക് പോയിരുന്നു, മുറിയിലേക്ക് ചെല്ലുമ്പോൾ അവരുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, ആരോടാണ് ഇക്കാര്യം താൻ പറയുന്നതെന്ന് അവർക്ക് അറിയില്ല. ഏതായാലും വൈകിട്ട് ശ്രീജിത്ത് വരുമ്പോൾ സംസാരിക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു അവർ എത്തിയിരുന്നത്. സുഗന്ധിയോടും ഇക്കാര്യത്തെക്കുറിച്ച് പറയാൻ പറ്റില്ല. വീടുപണിയുടെ സമയത്ത് ആ പൈസ എങ്ങനെയെങ്കിലും സുധിയോട് വാങ്ങി കൊടുക്കാമോ എന്ന് അവൾ ചോദിച്ചതാണ് അപ്പോൾ അത് പറ്റില്ല എന്ന് പറഞ്ഞതായിരുന്നു, ഈ വീട് സുധി പുതുക്കി പണിയും എന്ന പ്രതീക്ഷയിൽ ആയിരുന്നു താൻ അങ്ങനെ അവളോട് പറഞ്ഞത്. അത് കഴിഞ്ഞാണ് ശ്രീജിത്ത് പണം ചോദിച്ചതും കൊടുക്കേണ്ടി വന്നതും, ഇനിയിപ്പോൾ ശ്രീജിത്ത് തന്നെ സഹായിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സതി. ഭക്ഷണം കഴിച്ച് കഴിഞ്ഞതും വിനോദിനെ കണ്ട് തിരികെ വരാമെന്ന് പറഞ്ഞാണ് സുധി ഇറങ്ങിയിരുന്നത്. ആ സമയം കൊണ്ട് കുറച്ചു ജോലികൾ ഒക്കെ മീര ചെയ്തു തീർക്കുകയും ചെയ്തു.

വൈകുന്നേരം ആയപ്പോൾ പുറത്തൊരു വണ്ടി വരുന്ന ശബ്ദം കേട്ടുകൊണ്ടാണ് അടുക്കളയിൽ നിന്നും മീര ഉമ്മറത്തേക്ക് ഇറങ്ങി വന്നത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും അവളിൽ ഒരു നടുക്കം നിറഞ്ഞിരുന്നു.

” അർജുൻ

അവൾ മനസ്സിൽ പറഞ്ഞു. അവൻ തന്നെ കണ്ടിട്ടില്ലന്ന് ഉറപ്പായതോടെ അവൾ അടുക്കളയിലേക്ക് തന്നെ കയറിയിരുന്നു… എന്തിനാണ് അവൻ ഇവിടേക്ക് വന്നത് എന്നായിരുന്നു അവൾ ചിന്തിച്ചത്. സുധിയേട്ടനും ഈ സമയത്ത് ഇല്ല എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു ഊഹവും കിട്ടിയിരുന്നില്ല. പെട്ടെന്ന് സതിയുടെ സംസാരം അവൾ കേട്ടു, അവൻ വന്നത് അവർ അറിഞ്ഞിട്ടുണ്ടാകും എന്ന് അതോടെ അവൾക്ക് ഉറപ്പായി.

” നിന്നെ ഇങ്ങോട്ടൊന്നും കാണാൻ പോലും ഇല്ലല്ലോ, സുധിയുടെ കല്യാണത്തിന് കൂടെ കണ്ടില്ല

“എന്ത് ചെയ്യാനാണ് വല്യമ്മെ ഒരു ജോലിയൊക്കെ കിട്ടുക എന്ന് പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാ, ആ ജോലി കളയാതെ കൊണ്ടുപോവുക എന്ന് പറയുന്നത് അതിലും വലിയ ബുദ്ധിമുട്ടാണ്.. ബിടെക്ക് കഴിഞ്ഞവർക്ക് വലിയ വിലയൊന്നുമില്ല ഇപ്പോൾ, നാട്ടിലുള്ള എല്ലാവരും ഏകദേശം ഇതൊക്കെ പഠിച്ചു കഴിഞ്ഞിട്ട് ആണ് വരുന്നത്. അതുകൊണ്ട് കിട്ടിയ ജോലി കളയാതെ മുന്നോട്ടു കൊണ്ടുപോകാൻ നോക്കിയതാ. ഇടയ്ക്ക് വല്ലോം ലീവ് എടുത്താൽ പിന്നെ അതുമതി

” എന്നിട്ട് ഇപ്പോൾ നല്ല ശമ്പളം ഒക്കെ ഉണ്ടോ..?

അവന്റെ മുഖത്തേക്ക് നോക്കി സതി ചോദിച്ചു

” കുഴപ്പമില്ല…തരക്കേടില്ലാത്ത രീതിയില് ശമ്പളം ഒക്കെ ഉണ്ട്, പിന്നെ ഗൾഫിലോട്ടോ മറ്റോ നോക്കണോന്നുള്ള ഒരു ചിന്ത ഉണ്ടായിരുന്നു, അപ്പോൾ അച്ഛനും അമ്മയ്ക്കും അതിനോട് താല്പര്യം ഇല്ല…

” നിനക്ക് ഏകദേശം എത്ര രൂപ ശമ്പളം കാണും…?

താല്പര്യത്തോടെ സതി ചോദിച്ചു

” ഏകദേശം ഒരു 50,000 രൂപ കാണും,

“അഹാ എന്നിട്ടാണോ പോകുന്നത്, സുധിയ്ക്ക് പോലും ഒരു മാസം ഗൾഫിൽ അത്രേം രൂപ കിട്ടുന്നത് എത്ര കഷ്ടപ്പെട്ടാലാണ് എന്നറിയോ.? നിനക്ക് വേറെ പ്രാരാബ്ധങ്ങൾ ഒന്നുമില്ല, നിന്റെ അപ്പനും അമ്മയ്ക്കും ഇട്ടു മൂടാനുള്ള പൈസയും ഉണ്ട്. പിന്നെ നീ എന്തിനാ അന്യ നാട്ടിൽ പോയി കിടന്ന് കഷ്ടപ്പെടുന്നത്..? 50,000 രൂപ നാട്ടിൽ കിട്ടുകയാണെങ്കിൽ നിനക്ക് ഇവിടെ തന്നെ ജോലി ചെയ്യേണ്ട ആവശ്യമല്ലേ ഉള്ളൂ…? ജോലിയുള്ള ഒരു പെണ്ണിനെ കൂടി കല്യാണം കഴിച്ച് സുഖമായിട്ട് മുന്നോട്ട് പോകാം,

സതി പറഞ്ഞു

“അതും ശരിയാ,
.സുധിയേട്ടൻ ഇവിടെയില്ലേ..?

അകത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു

തിരക്കിയത് സുധിയെ ആണെങ്കിലും മീരയെ കാണാത്തതുകൊണ്ടാണ് അവൻ ആ ചോദ്യം ഉന്നയിച്ചത് എന്ന് മീരക്ക് മനസ്സിലായി.

“സുധി അവന്റെ കൂട്ടുകാരെ ആരെയോ കാണാൻ വേണ്ടി പോയിരിക്കുകയാ. നീ സുധിയെ കാണാൻ വേണ്ടി വന്നതാണോ..? അതോ വെറുതെ ഇറങ്ങിയതാണോ.?

സതി ചോദിച്ചു

” എന്റെ ഒരു കൂട്ടുകാരന്റെ വീട് ഇവിടെ അടുത്ത് ഉണ്ടായിരുന്നു വല്ല്യമ്മേ, അവന്റെ വീട്ടിലേക്ക് പോയപ്പോൾ ഞാൻ ഇവിടെയൊക്കെ വെറുതെ ഒന്ന് ഇറങ്ങിയത്,

” ഏതായാലും വന്ന സ്ഥിതിക്ക് നീ ഇരിക്കെ കുറച്ചുനേരം കഴിഞ്ഞു പോകാം, മീരേ കുറച്ചു ചായ എടുത്തേ

അവർ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

അതോടെ മീര അവിടെ ഉണ്ട് എന്ന് അർജുന ഉറപ്പായി.. അവന് ഒരു ആത്മവിശ്വാസം വന്നിരുന്നു. സുധിയില്ലാത്ത സമയം കൂടിയാണ് എങ്ങനെയെങ്കിലും മീരയോട് സംസാരിക്കണം തന്റെ ഉള്ളിലുള്ള ഉദ്ദേശം അവളെ അറിയിക്കണം, അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

” പുതിയ മരുമകൾ ഒക്കെ വന്നതുകൊണ്ട് വല്യമ്മയ്ക്ക് വലിയ ജോലികൾ ഒന്നുമില്ല അല്ലേ

അവരുടെ മനസ്സ് അറിയാൻ അർജുൻ ചോദിച്ചു

“എന്ത് പറയാനാടാ അജു ആര് വന്നാലും പോയാലും നമ്മുടെ ജോലിയൊക്കെ നമ്മൾ തന്നെ ചെയ്യണം, ഇതിപ്പോ അവൾ വന്നിട്ട് എന്ത് വിശേഷം.? അല്ലെങ്കിൽ തന്നെ എന്തെങ്കിലും അറിയാമോ.? ഒരു വക ചെയ്യത്തില്ല, 24 മണിക്കൂറും പഠിക്കാൻ ഉണ്ടെന്നും പറഞ്ഞ് മുറിയിൽ കയറിയിരിക്കും. അവനോട് ഞാൻ അപ്പോഴേ പറഞ്ഞതാ നല്ല ജോലിയുള്ള പെങ്കൊച്ചിനെ കെട്ടിയാൽ മതിയെന്ന് അപ്പോ ഒരു വർഷം കൂടി ഉള്ളൂ പഠിത്തം തീരാനൊന്നും പറഞ്ഞുകൊണ്ട് അവൻ ഇവളെ കല്യാണം കഴിച്ചു. ഇപ്പൊ പഠിത്തത്തിനുള്ള ചെലവ് മൊത്തം നോക്കുന്നത് നമ്മളാണ്. എന്നാൽ കാര്യമായിട്ട് എന്തെങ്കിലും കിട്ടിയോ അതുമില്ല. ഒരു ബ്രോക്കർ കൊണ്ടുപോയി അവനെ കുഴിയിൽ ചാടിച്ചതാണെന്ന്, ഇനിയിപ്പോ പറഞ്ഞിട്ട് എന്നാ കാര്യം. അവളും അവളുടെ വീട്ടുകാരും കൂടി ഏതാണ്ട് കൈവിഷം കൊടുത്തു വെച്ചിരിക്കുകയാ. അവനിപ്പോൾ അമ്മയും വേണ്ട സഹോദരങ്ങളെയും വേണ്ട, അവളെയും വീട്ടുകാരെയും മാത്രം മതി..

അല്പം ഒച്ച താഴ്ത്തിയാണ് സതി അത് പറഞ്ഞത്. അതിൽ നിന്ന് തന്നെ മീരയോട് അത്ര താല്പര്യം അവർക്ക് ഇല്ല എന്നും തന്റെ വഴി കുറച്ചു കൂടി ക്ലിയർ ആണ് എന്നും അർജ്ജുന് മനസ്സിലായി.

” കണ്ടിട്ട് ഒരു പാവം പോലെയാണല്ലോ തോന്നിയത്,

” കാഴ്ചയിൽ മാത്രം ഉള്ളൂ പാവം, ഞാനൊന്നും പറയുന്നില്ലന്റെ പൊന്നുമോനെ അവൻ ഗൾഫിലായിരുന്ന സമയത്ത് അവനെ ഫോൺ വിളിച്ച് ഇവിടുത്തെ കുറ്റങ്ങളെല്ലാം പറയും, അതുമാത്രമാണോ ആ ചെറുക്കന് ഒരു സമാധാനം കൊടുക്കത്തില്ലെന്ന്, അതുകൊണ്ടല്ലേ അവനിപ്പോ ദേ ജോലിയും കളഞ്ഞിട്ട് വന്ന് നിൽക്കുക, നിനക്കറിയാലോ വല്യമ്മ ആവശ്യമില്ലാതെ ആരോടെങ്കിലും വഴക്കിനു പോവുമോ.? അവൾക്ക് ഇവിടെ നിൽക്കാൻ വയ്യ, ഇവിടെ നിന്നാൽ എന്നെ ഒന്ന് സഹായിക്കണ്ടേ, എപ്പോഴും അവടെ വീട്ടിൽ പോയി നിൽക്കണം, അതിന് സുധിയോട് എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞു കൊടുത്തിരിക്കുകയാണ്, അവനാണെങ്കിൽ ഒരു പൊട്ടൻ പെണ്ണുമ്പിള്ള പറയുന്നത് കേട്ട് മിണ്ടാതിരിക്കുക, അവടെ വീട്ടിലായിരുന്നു അവൻ ഇങ്ങു വന്നു കഴിഞ്ഞ പിന്നെ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയത്. സ്വന്തം വീട്ടിൽ ആകുമ്പോൾ ഒരു പണിയും ചെയ്യണ്ടല്ലോ, ഇവിടെ ഞാൻ ഒരു ജോലിയും ചെയ്യിപ്പിക്കില്ലായിരുന്നു. എന്റെ ശ്രീക്കുട്ടിയും സുഗന്ധിയും പോലെ തന്നെയാ ഞാൻ നോക്കിക്കൊണ്ടിരുന്നത്, പക്ഷേ എന്റെ കുഞ്ഞിനോട് എന്തൊക്കെ കുറ്റങ്ങളാണ് എന്റെ പറഞ്ഞുകൊടുത്തേ എന്നറിയോ

മീരയുടെ കുറ്റം പറഞ്ഞപ്പോഴേക്കും സതി വാചാലയായി, അത് കേട്ടുകൊണ്ട് അർജുനും ഇരുന്നു. സുധിയ്ക്ക് മാത്രമാണ് മീരയോടാ വീട്ടിൽ താല്പര്യം ഉള്ളത് എന്ന് ഏകദേശം അർജുൻ മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ സുധി പോവുകയാണെങ്കിൽ മീര ആ വീട്ടിൽ ഒറ്റപ്പെടും എന്നും, ആ ഒറ്റപ്പെടലിലൂടെ മീരയുടെ മനസ്സിൽ കയറിപ്പറ്റാൻ വീണ്ടും തനിക്ക് സാധിക്കുമെന്നും അവൻ മനസ്സിൽ ചിന്തിച്ചിരുന്നു …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button