Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 99

രചന: റിൻസി പ്രിൻസ്

അമ്മയ്ക്ക് നൽകേണ്ട ബഹുമാനം എന്താണെന്ന് എനിക്കറിയാം അത് അർജുൻ എന്നെ പഠിപ്പിക്കാൻ വരണ്ട, മാത്രമല്ല എന്റെ ജീവിതത്തിൽ ഒരിടത്തേക്കും അർജുൻ കയറി വരാൻ നിൽക്കേണ്ട. എനിക്കത് ഇഷ്ടമല്ല.. ദയവു ചെയ്തു അടുക്കളയിൽ നിന്ന് ഇറങ്ങി പോകണം

ദേഷ്യത്തോടെ മീര ഇത്രയും പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കാൻ അവൾക്ക് അറിയുമോ എന്ന് ഭയമായിരുന്നു ആ നിമിഷം അർജുനിൽ നിറഞ്ഞുനിന്നത്

“അടുക്കളയിൽ നിന്ന് ഇറങ്ങി പോകാം, പക്ഷേ നിന്റെ മനസ്സിൽ നിന്നും ഞാൻ ഇതുവരെയും ഇറങ്ങിപ്പോന്നിട്ടില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. കാരണം നീ ജീവിതത്തിൽ ഒരാളെ മാത്രമേ ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ടുള്ളൂ, അത് എന്നെയാണ്, അതുകൊണ്ട് അത്ര പെട്ടെന്ന് എന്നെ മറക്കാൻ നിനക്ക് സാധിക്കില്ല, അങ്ങനെയാണെന്ന് നീ എത്ര നടിച്ചാലും അത് അഭിനയം മാത്രമായിരിക്കും, കാരണം നിന്നെ ഇപ്പോഴും മറക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല…

അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അവൻ..

“അത് നിന്റെ വെറും തെറ്റിദ്ധാരണ മാത്രമാണ്, ഞാൻ ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ടുള്ളത് ഒരാളെ മാത്രമാണ്. അത് എന്റെ ഭർത്താവിനെയാണ്. മറ്റാരെയും ഞാൻ അത്രത്തോളം സ്നേഹിച്ചിട്ടില്ല ഞാൻ, ഈ ഭൂമിയിലുള്ള മറ്റാരെയും ഞാൻ സുധിയേട്ടനോളം സ്നേഹിച്ചിട്ടില്ല. ഇനിയുമുണ്ട് സ്നേഹിക്കാൻ. വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല.

അവളുടെ ആ വാക്കുകൾ അവനിൽ ദേഷ്യം ഉണർത്തുകയാണ് ചെയ്തത്. പക്ഷേ പ്രതികരിക്കാൻ സാധിക്കുന്നില്ല, അവന്റെ ചെന്നിയിലെ നീല ഞരമ്പുകൾ വരഞ്ഞു മുറുകുന്നത് അവൾ കാണുന്നുണ്ടായിരുന്നു. വാക്കുകൾക്കൊപ്പം അവൾ നീ എന്ന് തന്നെ സംബോധന ചെയ്തത് അവൻ ശ്രദ്ധിച്ചു. അവൾ അങ്ങനെ സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല. അവൾ അത്രമാത്രം തന്നെ വെറുത്തു പോയിരിക്കുന്നു.. ഇനി അവളോട് ദേഷ്യത്തോടെ സംസാരിച്ചിട്ട് കാര്യമില്ല മയത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത് എങ്കിൽ മാത്രമേ തന്റെ വരിധിയിലേക്ക് അവളെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അത് ഉടനെയൊന്നും നടക്കുന്ന കാര്യമല്ല എന്ന് അവന് മനസ്സിലായി.. അവളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ആദ്യഘട്ടം, അതിനു വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്, ഈ നിമിഷം താൻ അവളോട് കലഹിച്ചാൽ നഷ്ടം തനിക്ക് തന്നെയാണ്. അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ അവൻ മൗനം പാലിച്ചു..

“മീര… നമ്മൾ തമ്മിൽ……

” പഴയ കാര്യങ്ങളാണെങ്കിൽ എനിക്ക് കേൾക്കണ്ട…! കേൾക്കാൻ താല്പര്യം ഇല്ല. ഞാൻ മറക്കാൻ ഇഷ്ടപ്പെടുന്ന എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കുറച്ച് ദിവസങ്ങളായി ആണ് ഞാൻ അതിനെ കാണുന്നത്. അത് പറഞ്ഞ് ബുദ്ധിമുട്ടാൻ നിൽക്കണ്ട,

അവൻ എന്തോ പറഞ്ഞു തുടങ്ങും മുൻപേ അവൾ മറുപടി പറഞ്ഞപ്പോൾ ഇനി എന്തു പറഞ്ഞു അവളെ വരുതിക്ക് കൊണ്ടുവരുമെന്നായിരുന്നു അവൻ ചിന്തിച്ചത്. ഏതാണെങ്കിലും അവളെ പിണക്കുന്നത് ശരിയല്ലന്ന് അവന് തോന്നി.

“നിന്റെ ജീവിതം നശിപ്പിക്കണമെന്നോ നിന്റെ ഭർത്താവിനെ നിന്നിൽ നിന്ന് അകറ്റണമെന്നോ ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. എന്റെ തെറ്റ് കൊണ്ടാണ് നമ്മൾ ഒരുമിച്ച് ഒരു ജീവിതം സാധ്യമാവാതെ പോയത്. അതിന്റെ പേരിൽ നിന്റെ ജീവിതം തകർക്കണം എന്നോ പഴയ കാമുകനായി നിന്ന് നിന്നെ ഭീഷണിപ്പെടുത്തണമെന്നോ നമ്മൾ തമ്മിലുള്ള ബന്ധം സുധിയേട്ടനോട് തുറന്നു പറയണം എന്നോ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല, അവിചാരിതമായി നിന്നെ കണ്ടപ്പോൾ ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തുപോയി, തൊട്ടടുത്ത് നീ ഉണ്ടല്ലോ എന്ന് അറിഞ്ഞപ്പോൾ പഴയത് പോലെ നിന്നെ ഒന്നു കൂടി കാണണമെന്ന് തോന്നി. അതിനപ്പുറം നിന്റെ ജീവിതം തകർക്കണമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല, നീ സമാധാനത്തോടെ ജീവിക്കുന്നതാണ് എനിക്ക് സന്തോഷം. പിന്നെ സുധിയേട്ടൻ, ഒരിക്കലും സുധിയേട്ടനെ വേദനിപ്പിക്കാൻ എനിക്ക് സാധിക്കില്ല. നിന്നെപ്പോലെ തന്നെ എനിക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാൾ ആണ് സുധിയേട്ടൻ. അദ്ദേഹത്തെ നീ ഇപ്പോൾ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്. അദ്ദേഹം ഭാഗ്യം ചെയ്ത മനുഷ്യനാ. അതുകൊണ്ടാ നിന്നെ പോലൊരു പെണ്ണിനെ ഭാര്യയായിട്ട് കിട്ടിയത്. ആ പഴയ സൗഹൃദം നിന്നോടൊപ്പം ഉണ്ടാവണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്, ഒരു അടുത്ത സുഹൃത്തായി, ഒരു ഫോൺകോൾ അപ്പുറം നീ ഉണ്ടെങ്കിൽ ഞാൻ സന്തോഷവാനാണ്.. പഴയ കാര്യങ്ങളൊക്കെ നിനക്ക് പെട്ടെന്ന് മറക്കാൻ സാധിച്ചു, പക്ഷേ എന്നെക്കൊണ്ട് അതൊന്നും അത്ര എളുപ്പമല്ല. നിന്നെ കാണാൻ സാധിക്കാത്തതുകൊണ്ട് ഞാൻ ഇത്രയും കാലം നാട്ടിൽ പോലും വരാതിരുന്നത്. ഒരു പെണ്ണിന് പുതിയ സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയും, പക്ഷേ ഒരു പുരുഷന് അത് അത്ര പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല.. പ്രത്യേകിച്ച് ഹൃദയം തുറന്നു ഒരു പെൺകുട്ടിയെ സ്നേഹിച്ച പുരുഷന്.. ഈ സമയങ്ങളിൽ അത്രയും ഞാൻ നിന്നെ മറന്നിട്ടില്ല, ഓരോ രാത്രിയും നിന്നെ ഓർക്കാതെ ഞാൻ കിടന്നിട്ടില്ല. നിന്നോട് ചെയ്തു പോയ തെറ്റിന്റെ പേരിൽ കുറ്റബോധം പേറിയായിരുന്നു ഇത്രയും നാൾ ഉള്ള എന്റെ ജീവിതം. എത്രയോ വട്ടം എത്രയോ കല്യാണ ആലോചനകളുമായി അമ്മയും അച്ഛനും എന്റെ അരികിൽ വന്നു.. അവരോടുള്ള ഒരു വാശി പോലെ ഞാൻ ഒരു കല്യാണത്തിനും സമ്മതിച്ചില്ല. എന്റെ സാഹചര്യം മനസ്സിലാക്കണം അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനാണ് ഞാൻ, അവർ ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന ഒറ്റ മകൻ. അവരുടെ ഇഷ്ടത്തിന് എതിരെ നിന്നുകൊണ്ട് നിന്നെ ഞാൻ സ്വന്തമാക്കിയില്ല, അതെന്റെ കഴിവുകേട് തന്നെയാണ്. ഞാൻ അംഗീകരിക്കുന്നു. പക്ഷേ അതിനർത്ഥം നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല എന്നല്ല. ഭൂരിഭാഗം പുരുഷന്മാരും നിസ്സഹായരായി പോകുന്നത് ഈ സാഹചര്യത്തിലാണ്. ജന്മ നൽകിയ അച്ഛനെയും അമ്മയെയും വേദനിപ്പിക്കണോ വാക്ക് കൊടുത്ത പെണ്ണിനെ വേദനിപ്പിക്കണമോന്ന് ചിന്തിച്ചു പോകുന്ന ആ നിമിഷം, അവരുടെ മാനസികാവസ്ഥ ആർക്കും മനസ്സിലാവില്ല. ആരെ തള്ളണം ആരെ കൊള്ളണം എന്ന് അറിയാത്ത ഒരു അവസ്ഥയാണ്. ആ ഒരു സമയത്ത് നിന്നെ ഉപേക്ഷിക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അത് ഒരിക്കലും ശരിയല്ല, ആ കുറ്റബോധം പേറിയാണ് ഞാൻ ജീവിക്കുന്നത് മുഴുവൻ. നിന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനായിരുന്നെങ്കിൽ എനിക്കത് എന്നേ ആകാമായിരുന്നു. നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്, പക്ഷേ ഇനി ഒരിക്കലും ഞാൻ നിന്നെ ആ കണ്ണോട കാണാൻ പാടില്ല. നീ പറഞ്ഞതുപോലെ നീ ഇപ്പോൾ എന്റെ ജേഷ്ഠന്റെ ഭാര്യയാണ്, എന്റെ അമ്മയ്ക്ക് തുല്യമാണ്. പക്ഷേ നിന്നോട് പഴയ സൗഹൃദം അത് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഒരു വിഷമം വന്നാൽ ഓടി വരാൻ സന്തോഷം വന്നാൽ അത് ഒന്ന് വിളിച്ചു എന്ന് പറയാൻ, നീ എന്റെ ജീവിതത്തിൽ നിന്ന് പോയതിനുശേഷം അങ്ങനെ ഒരാൾ ഇല്ലാതെ വരുമ്പോൾ എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് ഞാൻ മനസ്സിലാക്കിയത്. ആ ഒരു വിടവ് നികത്താൻ ഒരു നല്ല സുഹൃത്തായി നിനക്കെന്റെ ഒപ്പം നിന്നുകൂടെ…? അതുമാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്, നീ എന്നെ ശത്രുതയോടെ ആണ് കാണുന്നത്, നിന്റെ ജീവിതം തകർക്കാൻ വന്ന ഒരു വില്ലന്റെ പരിവേഷമാണ് നീ എനിക്ക് നൽകിയിരിക്കുന്നത്. പക്ഷേ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സുധിയേട്ടന്റെ ഭാര്യയായിട്ട് നീ എന്റെ കുടുംബത്തിലേക്ക് കടന്നുവന്ന നിമിഷം തന്നെ നിനക്കുള്ള എല്ലാ ബഹുമാനങ്ങളും ഞാൻ തന്നുകഴിഞ്ഞു. പക്ഷേ നിന്നെ കാണുമ്പോൾ ഓരോ നിമിഷവും എന്റെ മനസ്സിൽ ഒരു നഷ്ടബോധം അലയടിക്കുന്നുണ്ട്. ഞാൻ മനപ്പൂർ നിന്ന് ഉപേക്ഷിച്ചതാണല്ലോ എന്നുള്ള ഒരു നഷ്ടബോധം. ഒത്തിരിയൊന്നും ഞാൻ പറയുന്നില്ല മീര, ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. ഒരുപാട് എക്സ്പ്രസ്സ് ചെയ്യാൻ ഒന്നും എനിക്കറിയില്ല. ഒരു ഫോൺകോളിന് അപ്പുറം എങ്കിലും നീ എന്നോടൊപ്പം ഉണ്ടാവണം. അത് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ബാക്കിയൊക്കെ നിന്റെ തീരുമാനം പോലെ…! നിന്റെ ജീവിതത്തിന് ഒരു വിലങ് തടിയായി ഞാൻ ഒരിക്കലും വരില്ല. ആ ഒരു കാര്യം മാത്രം എനിക്ക് നിനക്ക് ഉറപ്പു തരാൻ സാധിക്കുകയുള്ളൂ, നിന്റെ ജീവിതം തകർക്കാൻ ആയിരുന്നുവെങ്കിൽ എനിക്ക് അത് എപ്പോഴേ ആകാമായിരുന്നു…? ഇപ്പോൾ പോലും എനിക്കതിന് സാധിക്കും. ഞാൻ അമ്മായിയോട് മറ്റോ ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ എന്തായിരിക്കും നിന്റെ ഇവിടുത്തെ അവസ്ഥ
..? പക്ഷേ ഞാൻ അതൊന്നും ചെയ്യില്ല, എനിക്ക് നിന്റെ സന്തോഷമാണ് വലുത്. നിന്റെ സൗഹൃദം എങ്കിലും എനിക്ക് വേണം. ഞാനീ പറയുന്നതും അഭിനയമായിട്ട് നിനക്ക് തോന്നുന്നുണ്ടോ..?

അവളുടെ മുഖത്തേക്ക് ഒളിഞ്ഞിട്ട് നോക്കി അവൻ പറഞ്ഞു

” നീ ആലോചിച്ചു തീരുമാനിക്കു, ഞാൻ ഏതായാലും ഇടയ്ക്ക് നിന്നെ വിളിക്കാം, ഫോൺ എടുക്കാതിരിക്കരുത്.

അത്രയും പറഞ്ഞു അവൻ അടുക്കളയിൽ നിന്നും ഇറങ്ങി പോയിരുന്നു, അവളെ ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിലൂടെ മാത്രമേ തന്നിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇനി അവൾ എടുക്കുന്ന തീരുമാനം താനുമായുള്ള സൗഹൃദം തന്നെയാണ്. ആ സൗഹൃദത്തെ വേണം ഇനി തനിക്ക് പ്രണയമാക്കി മാറ്റാൻ. കൗശലത്തോടെ അവൻ ചിന്തിച്ചു എന്തെങ്കിലുമൊന്ന് പറയാൻ തുടങ്ങുന്നതിനു മുൻപ് അവന്റെ വണ്ടി സ്റ്റാർട്ട് ആകുന്നതും അത് ഇരച്ചു പോകുന്നതും അവൾ കേൾക്കുന്നുണ്ടായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button