Kerala

കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

പണം എത്തിയത് തിരഞ്ഞെടുപ്പ് ഫണ്ടായി തന്നെയെന്ന് ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി തന്നെയാണ് കോടികളുടെ കുഴല്‍പ്പണം ഓഫീസില്‍ എത്തിച്ചതെന്നും ഈ ഇടപാട് നടക്കുമ്പോള്‍ താനായിരുന്നു ഓഫീസ് സെക്രട്ടറിയെന്നും സതീശ് 24 ന്യൂസിനോട് വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സതീഷിന്റെ വെളിപ്പെടുത്തല്‍.

കേസിലെ സാക്ഷി കൂടിയാണ് തിരൂര്‍ സതീഷ്. ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഉണ്ടായിരുന്നു എന്നാണ് സതീഷ് പറയുന്നത്.

തിരൂര്‍ സതീഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
ഈ സംഭവം ഉണ്ടാകുന്നതിന്റെ തലേദിവസം രാത്രി തൃശൂര്‍ ജില്ലാ ഓഫീസില്‍ പണം വന്നിട്ടുള്ളതാണ്. ആ പണം ഓഫീസില്‍ വെച്ചിട്ട് കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ജില്ലാ ഓഫീസില്‍ നിന്ന് പറഞ്ഞത് പ്രകാരമാണ് താമസിക്കാന്‍ മുറി ശരിയാക്കി കൊടുത്തത്. അവര്‍ അവിടെ താമസിച്ചു. അത് കഴിഞ്ഞ് പുലര്‍ച്ചെ അവിടേക്ക് പോയിട്ടാണ് കൊടകരയില്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഈ പണം ബിജെപിക്ക് വേണ്ടി വന്നിട്ടുള്ള പണം തന്നെയാണ്. അത് പൊലീസ് കുറ്റപത്രം കൊടുത്തപ്പോഴും ബിജെപിയുടെ തിരഞ്ഞെടുപ്പിന് വന്ന പണമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

ധര്‍മ്മരാജനെ എനിക്ക് ആദ്യം അറിയുമായിരുന്നില്ല. ഒരു ദിവസം ഞാന്‍ ഓഫീസില്‍ സെക്രട്ടറി എന്ന നിലയില്‍ എന്റെ കസേരയില്‍ ഇരിക്കുമ്പോഴാണ് ഇയാള്‍ കയറി വരുന്നത്. ആ സമയത്ത് ഓഫീസില്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമൊക്കെയുണ്ടായിരുന്നു. ഇദ്ദേഹം വന്ന് അവരോട് സംസാരിച്ചതിന് ശേഷമാണ് ഓഫീസില്‍ നിന്ന് ഇറങ്ങി പോയത്. അതിന് ശേഷമാണ് എന്നോട് ഇദ്ദേഹമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ എത്തിക്കുന്നത് എന്ന് പറയുന്നത്. അതിന് ശേഷം പണം കൊണ്ടുവരുമ്പോഴാണ് ഇദ്ദേഹമാണ് മെറ്റീരിയല്‍ കൊണ്ടുവരുന്ന ആള്‍ എന്ന് അറിയുന്നത്.

ഓഫിസില്‍ എത്തിയപ്പോഴാണ് ഇത് പണമാണ് എന്ന് അറിയുന്നത്. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ട് പോയ പണമാണ്,’ തിരൂര്‍ സതീഷ് പറഞ്ഞു.

Related Articles

Back to top button