കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം
Apr 10, 2025, 10:52 IST

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ് കേസിലെ പ്രതികൾക്ക് ജാമ്യം. വിദ്യാർഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെപി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്താണ് ജാമ്യം. കേസിൽ നേരത്തെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ മുതലാണ് ഇവർ ജൂനിയർ വിദ്യാർഥികളെ റാഗിംഗിന്റെ പേരിൽ ക്രൂര പീഡനത്തിന് വിധേയമാക്കിയത്. ഫെബ്രുവരി 11നാണ് പ്രതികൾ പിടിയിലായത്. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. വേദന കൊണ്ട് കുട്ടികൾ കരയുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തിയും ഇവർ ആഘോഷിച്ചിരുന്നു.