Kerala

കോഴിക്കോട് ലോഡ്ജിലെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി

സനൂഫിനെ കോഴിക്കോട്ടെത്തിക്കും

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. കേരള പോലീസ് നടത്തിയ അതിതീവ്രമായ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

വ്യാഴാഴ്ച ലോഡ്ജില്‍ മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)ക്കൊപ്പം മുറിയെടുത്ത സുഹൃത്തായ പ്രതി തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം ലോഡ്ജില്‍ നിന്ന് മുങ്ങിയ പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.

ഇന്ന് ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍നിന്ന് മുങ്ങിയ പ്രതി വേഷംമാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാറില്‍ പാലക്കാടെത്തിയ പ്രതി ഇവിടെനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ പോലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. പ്രതി ഉപയോഗിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നു പറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Related Articles

Back to top button