കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അഞ്ച് പേരുടെ മരണകാരണത്തിൽ അവ്യക്തത, പരിശോധനകൾ ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മൂന്ന് പേർ മരിച്ചത് ശ്വാസം കിട്ടാതെയാണെന്ന ടി സിദ്ധിഖ് എംഎൽഎയുടെ ആരോപണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തള്ളി.
വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. നസീറയുടേതടക്കം രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 7.45 ഓടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്.
യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീ പടർന്നുവെന്നുമാണ് വിവരം. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പോലീസ് സീൽ ചെയ്തു. അത്യാഹിത സേവനങ്ങൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനവും ബീച്ച് ആശുപത്രിയിലുണ്ടാകും
പുക പടർന്നതോടെ രോഗികൾക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളോട് മുഴുവൻ പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട ജീവനക്കാർ ഓരോ രോഗിയെയും ശ്രദ്ധയോടെ പുറത്തിറക്കിയിരുന്നു. അപ്പോഴേക്കും പോലീസും ഫയർ ഫോഴ്‌സും എത്തി. നഗരത്തിലെ ആശുപത്രികളിൽ അടിയന്തരമായി ഐസിയു അടക്കമുള്ള സംവിധാനങ്ങളും ഒരുക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന നൂറുകണക്കിന് ആംബുലൻസുകൾ മെഡിക്കൽ കോളേജിലേക്ക് പാഞ്ഞുവന്നു.
ജീവനക്കാരും നാട്ടുകാരും ചേർന്ന് രോഗികളെ ഓരോരുത്തരായി ആംബുലൻസിൽ കയറ്റി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇഖ്‌റ, മെയ്ത്ര, ബേബി മെമ്മോറിയൽ, കോട്ടപ്പറമ്പ്, സഹകരണ ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.