കൊച്ചിയിലെ തൊഴിൽ പീഡനം; രണ്ട് വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നം: പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

കൊച്ചിയിലെ മാർക്കറ്റിങ് സ്ഥപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിൽ അതിക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൊഴിൽ വകുപ്പിൻറെ കണ്ടെത്തൽ. തൊഴിലിടത്തിലെ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തെയാണ് തൊഴിൽ പീഡനം എന്ന രീതിയിൽ ചിത്രീകരിച്ചത് എന്ന നിഗമനത്തിലാണ് തൊഴിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രി വി ശിവൻകുട്ടിക്ക് തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കും.
പുറത്തുവന്ന ദൃശ്യത്തിലെ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴിൽ വകുപ്പ് എത്തിയത്. തൊഴിൽ പീഡനം ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളിൽ കാണുന്ന യുവാവ് നേരത്തെ പോലീസിനും തൊഴിൽ വകുപ്പിനും മൊഴി നൽകിയിരുന്നു. ജീവനക്കരെ നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് കൊണ്ട് നടത്തിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടാർഗറ്റ് എത്തിക്കാത്ത ജീവനക്കാരെ അടുത്ത ദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിന് നൽകുന്ന ശിക്ഷയാണെന്ന ആരോപണമാണ് ഉയർന്നത്
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് സംഭവം നടന്നതെന്നും ദൃശ്യങ്ങളിൽ ഉള്ളതുൾപ്പടെ അതിക്രൂരമായ ശിക്ഷകൾ സ്ഥാപനത്തിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഫോർട്ട് കൊച്ചി സ്വദേശി അഖിൽ ആരോപിക്കുകയും ചെയ്തിരുന്നു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്, പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഡീലർഷിപ്പ് സ്ഥാപനമായ കെൽട്രോകോപ്പ് എന്നിവയ്ക്കെതിരെ ആണ് ആരോപണമുയർന്നത്. ഇതോടെ വിഷയത്തിൽ പോലീസും തൊഴിൽ വകുപ്പും അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതായി പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയത്.