വീട് വെച്ചോളു; പണം അംബാനി തരും
മുംബൈ: വീട് നിങ്ങള്‍ വെച്ചോളൂ, പണം അംബാനി നല്‍കും. മൊബൈല്‍ ഡാറ്റ രംഗത്ത് ജിയോ സൃഷ്ടിച്ച മത്സരത്തിന്റെ ചുവടുപിടിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് ഭവന വായ്പാ രംഗത്തേക്കു വരുന്നതാണ് ഇത്തരം ഒരു ടാഗ് ലൈനിലേക്കു നയിച്ചിരിക്കുന്നത്.
റിലയന്‍സ് ഇന്റെസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമാണ് ജിയോ ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്.
ഹോം ലോണ്‍ മേഖലയില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചതായി ജിയോ ഫിനാന്‍ഷ്യല്‍ പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ടെലികോം മേഖലയില്‍ ജിയോയും ഉടമയായ അംബാനിയും എത്തരത്തിലുള്ള മത്സരമാണോ കാഴ്ചവച്ചത് അതേ രീതിയില്‍ ഭവന വായ്പാ രംഗത്തും പ്രവര്‍ത്തനം ആരംഭിച്ചാല്‍ രക്ഷപ്പെടുമെന്ന ചിന്തയാണ് ഇപ്പോള്‍ കുറഞ്ഞ പലിശക്ക് നൂലാമാലകള്‍ അധികമില്ലാതെ വായ്പ അന്വേഷിക്കുന്നവരില്‍നിന്നും വരുന്ന പ്രതികരണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
ജിയോയുടെ മറ്റു കമ്പനികളെ അപേക്ഷിച്ച് സാമ്പത്തിക ലാഭം നേടുന്ന കാര്യത്തില്‍ ജിയോ ഫിനാന്‍സിന്റെ ഗ്രാഫ് കുത്തനെ താഴോട്ടാണ് നില്‍ക്കുന്നത്.
2024ന്റെ ആദ്യ പാദത്തില്‍ ആറു ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. എന്തായാലും ഹോം ലോണ്‍ മേഖലയിലേക്കു കടക്കുന്നതോടെ തലവര മാറിമറിയുമെന്ന പ്രതീക്ഷയിലാണ് റിലയന്‍സ് അധികൃതര്‍.
ജിയോ ഫിനാന്‍സ് ആപ്പിന്റെ ബീറ്റ പതിപ്പ് കഴിഞ്ഞ മെയ് 30ന് ആയിരുന്നു കമ്പനി പുറത്തിറക്കിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷത്തില്‍ അധികം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ജിയോ മത്സര രംഗത്തേക്കു എത്തുന്നതോടെ ധനകാര്യ മേഖലയില്‍ നിലവില്‍ വായ്പ ഉള്‍പ്പെടെ നല്‍കുന്ന ബാങ്കുകള്‍ക്കും ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.