തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ വിജയം കൈവിട്ട് കേരളം. മധ്യപ്രദേശിനെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന് പുറത്താക്കിയ കേരളാ ബോളര്‍മാരുടെ പ്രകടനത്തോട് നീതി പുലര്‍ത്താതെ ബാറ്റ്‌സ്മാന്മാര്‍ ക്രീസിലെത്തി. മധ്യപ്രദേശിന്റെ ബോളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ കേരളത്തിന്റെ പത്ത് വിക്കറ്റുകളും 57 ഓവറിനുള്ളില്‍ അവര്‍ പിഴുതെടുത്തു. ഏഴ് റണ്‍സിന്റെ ലീഡ് നേടി 167 റണ്‍സിനാണ് കേരളം പുറത്തായത്. മധ്യപ്രദേശിന് വേണ്ടി ഓപ്പണര്‍ ബോളര്‍മാരായ അര്യന്‍ പാണ്ഡേയും ആവേശ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
കേരളത്തിന്റെ ആദ്യ വിക്കറ്റെടുക്കാന്‍ മധ്യപ്രദേശിന് 18 ഓവര്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. പിന്നീട് പത്ത് ഓവറിനുള്ളില്‍ നാല് വിക്കറ്റുകള്‍ നേടിയ മധ്യപ്രദേശിന് 41ാം ഓവറിലാണ് അഞ്ചാം വിക്കറ്റ് ലഭിക്കുന്നത്.
36 റണ്‍സെടുത്ത സല്‍മാന്‍ നിസാറും, 34 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മാത്രമാണ് ടീമില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.
41ാം ഓവറില്‍ അസ്ഹറുദ്ദീനും തൊട്ടടുത്ത ഓവറില്‍ സല്‍മാന്‍ നിസാറും പുറത്തായതോടെ മധ്യപ്രദേശ് ബോളര്‍മാര്‍ കളി കൈയ്യിലാക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഒന്നാം ഇന്നിംഗ്‌സിലെ പിഴവ് ആവര്‍ത്തിക്കാതെ മധ്യപ്രദേശ് ശ്രദ്ധയോടെയാണ് ബാറ്റ് തട്ടിയത്. ഏഴാം ഓവറില്‍ ഒന്നാമത്തെയും 15ാം ഓവറില്‍ രണ്ടാമത്തെയും വിക്കറ്റ് പോയെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ശര്‍മയും രാജാട് പടിദാറും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ഇരുവരും യഥാക്രമം 46ഉം 50ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നതോടെ 41 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശിന്റെ സ്‌കോര്‍ 140 റണ്‍സിലെത്തി. 133 റണ്‍സിന്റെ ലീഡാണ് മധ്യപ്രദേശ് ഉയര്‍ത്തിയത്. എട്ട് വിക്കറ്റുകള്‍ നാളെ അടിക്കടി പിഴുതെടുക്കാനായാല്‍ മാത്രമാണ് കേരളത്തിന് വിജയ പ്രതീക്ഷയുള്ളത്. എന്നാല്‍ സമനിലയെങ്കിലും പിടിക്കാനാകും കേരളം ശ്രമിക്കുക.
ക്വാര്‍ട്ടറിലേക്ക് കയറണമെങ്കില്‍ കേരളത്തിന് സമനില പിടിച്ചാല്‍ മതി, എന്നാല്‍ മധ്യപ്രദേശിന് വിജയം അനിവാര്യമാണ്. നിലവില്‍ ഗ്രൂപ്പ് സിയില്‍ 18 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. മധ്യപ്രദേശ് ആറാം സ്ഥാനത്താണുള്ളത്.