മലയാളി നഴ്‌സിനും സംഘത്തിനും ബിഗ് ടിക്കറ്റിന്റെ മൂന്നു കോടി ദിര്‍ഹം സമ്മാനം
ദുബൈ: ബഹ്‌റൈനില്‍ നഴ്‌സായി കഴിയുന്ന മലയാളിക്കും അദ്ദേഹത്തിന്റെ 16 സഹപ്രവര്‍ത്തകര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നു കോടി ദിര്‍ഹം സമ്മാനം. ബഹ്‌റൈനില്‍ ഇന്ത്യന്‍ ആംബുലന്‍സ് നഴ്‌സായി കഴിയുന്ന മനു മോഹനനും സംഘത്തിനുമാണ് ബിഗ് ടിക്കറ്റിലെ ബംബര്‍ അടിച്ചിരിക്കുന്നത്. ഇന്നലെ വരെ വാര്‍ഷിക അവധിക്ക് ഭാര്യയും അമ്മയും മകനും ഉള്‍പ്പെട്ട നാലംഗ സംഘത്തിന് എങ്ങനെ ടിക്കറ്റ് എടുക്കാനാവുമെന്ന ആധിയുമായി കഴിയുന്നതിനിടെയാണ് ഒരൊറ്റ രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞത്.
മനു ഡ്യൂട്ടിയില്‍ ഇരിക്കേയാണ് സമ്മാനം ലഭിച്ച വിവരം വരുന്നത്. ഉടനെ ടിക്കറ്റെടുക്കുന്നതില്‍ പങ്കാളികളായ 16 സഹപ്രവര്‍ത്തകരെയും വീഡിയോ കോളില്‍ വിളിച്ച് വിവരം പങ്കിടുകയായിരുന്നു. പിന്നീട് ഭാര്യയെയും അമ്മയെയും വിളിച്ചു വിവരം കൈമാറി. നാലു മാസം മുന്‍പ് ഭാര്യയുടെ ആദ്യ പ്രസവത്തിനായാണ് അമ്മയെ നാട്ടില്‍നിന്നും കൊണ്ടുവന്നത്. നഴ്‌സായ ഭാര്യക്കും ഒരു ജോലിക്കായുള്ള ശ്രമത്തിനിടെയാണ് ഭാഗ്യകടാക്ഷം.
‘ഫോണ്‍ വന്നപ്പോള്‍തന്നെ മനസിലായി അത് പറ്റിക്കലല്ലെന്ന്. ഞാന്‍ ഇതിന്റെ നറുക്കെടുപ്പ് ലൈവായി കാണുന്നതാണ്. കേട്ടിട്ടും വിശ്വസിക്കാനായില്ല. വളരെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍നിന്നാണ് ഇതുവരെയും എത്തിയത്. എനിക്ക് ഒരു വയസുള്ളപ്പോഴാണ് അമ്മയെ അച്ഛന്‍ വിവാഹമോചനം ചെയ്യുന്നത്. പിന്നീട് കല്ലും മണ്ണും ചുമന്നെല്ലാമാണ് എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കിയത്. അമ്മക്ക് നല്ലൊരു സമ്മാനം നല്‍കുകയാണ് എനിക്ക് ആദ്യം വേണ്ടത്. അത്രമാത്രം പൊരുതിയാണ് അവര്‍ എന്നെ വളര്‍ത്തിയത്’. മനുവിന്റെ വാക്കുകളില്‍ ജീവിതത്തിന്റെ പരുക്കുകള്‍ ഏറെ പ്രകടമായിരുന്നു.
മനുവും സുഹൃത്തുക്കളും കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നു. ഇത്തവണ വേണ്ടെന്ന് വെച്ചതായിരുന്നു. സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിര്‍ബന്ധിച്ചത്. അതാണ് എല്ലാവര്‍ക്കുമായി ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.