Novel

മംഗല്യ താലി: ഭാഗം 11

രചന: കാശിനാഥൻ

ഹരി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ, അനിരുദ്ധൻ മുഖം തിരിച്ച് ഭദ്രയെ ഒന്ന് നോക്കി..
അപമാന ഭാരത്താൽ വെന്തുരുകി നിൽക്കുകയാണ് ആ പാവം പെൺകുട്ടി

അവൻ നോക്കുന്നു എന്ന് മനസ്സിലാക്കിയതും ഭദ്ര അത്രമേൽ വിഷമത്തിന്റെ ഇടയിലും അനിരുദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഈശ്വരാ.. പാവം പെൺകുട്ടി. എന്തിനാണ് അമ്മ ഇങ്ങനെയൊരു വിധി ഈ കുട്ടിക്ക് വരുത്തി തീർത്തത്. ഹരി എത്രയോ തവണ പറഞ്ഞതാണ്, അവന് ഈ ബന്ധം വേണ്ടെന്ന്. പക്ഷേ അമ്മ കേട്ടില്ല, അമ്മയ്ക്ക് എപ്പോഴും അമ്മ എടുക്കുന്ന തീരുമാനങ്ങൾ മാത്രമാണ് ശരി, അതുകൊണ്ടല്ലേ ഇന്നിപ്പോൾ ഇവിടെ ഭദ്രയുടെ കണ്ണുനീര് വീണത്.

ഏറിവന്ന സങ്കടത്തോടെ അനിരുദ്ധൻ ഭദ്രയെ നോക്കി തിരിച്ചൊന്നു പുഞ്ചിരിച്ചു..

അപ്പോഴേക്കും ഐശ്വര്യയുടെ വീട്ടിൽ നിന്നും ആളുകളൊക്കെ എത്തി.

മോളെ ഭദ്രേ പോയി കണ്ണും മുഖവും ഒക്കെ കഴുകു, അവരൊക്കെ വന്നു എന്ന് തോന്നുന്നു.

മഹാലക്ഷ്മി പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് ഇറങ്ങിപ്പോയി. ഒപ്പം അനിയും ഐശ്വര്യയും..

ഹരിയൊന്നു മുഖം തിരിച്ചപ്പോൾ ഒരുവേള ഭദ്രയുടെ മിഴികളുമായി കോർത്തു.

നിസ്സഹായതയോടെ അവൾ നോക്കിയപ്പോൾ അവന് അവളോട് അവജ്ഞയായിരുന്നു.

കണ്ണ് മുഖവും കഴുകിയശേഷം സൂസമ്മ ചേച്ചിയോടൊപ്പം അവൾ അടുക്കളയിൽ കൂടി.

സൂസമ്മയ്ക്കും അവളുടെ മുഖത്ത് നോക്കാൻ പോലും സങ്കടമായിരുന്നു.

ഹരിക്കുഞ്ഞിന് എങ്ങനെ തോന്നി ഈ കുട്ടിയോട് ഇങ്ങനെയൊക്കെ സംസാരിക്കുവാൻ. എന്തൊരു പാവമാണ് ഈ കുട്ടി, അനാഥയാണെന്നൊരു കുറ്റം മാത്രമല്ലേ ഇവൾക്കൊള്ളു, അതിന് കാരണക്കാരി ഈ പാവമാണോ, ഇവൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ അല്ലേ
എങ്ങനെ ഉപേക്ഷിക്കാൻ തോന്നി ഈ കുഞ്ഞിനെ അവർക്ക്, എന്തൊരു ശാലീനത നിറഞ്ഞ ഒരു പെൺകുട്ടിയാണ് അവൾ.

സൂസമ്മയ്ക്കു തന്റെ നെഞ്ചവിങ്ങിപൊട്ടി.

ചേച്ചി… അവർക്ക് കുടിക്കാൻ ജ്യൂസ്‌ എടുക്കുമോ.
ഐശ്വര്യ ഓടിവന്ന് പറഞ്ഞപ്പോൾ സൂസമ്മ വേഗം ഫ്രിഡ്ജ് തുറന്നു.

ഭദ്രയും അവരോടൊപ്പം എല്ലാത്തിനും ചേർന്നു. ജ്യൂസും ബേക്കറി ഐറ്റംസ് ഒക്കെ എടുത്തിട്ട് ടേബിളിൽ വെച്ചത് സുസമ്മയും ലേഖയും ആയിരുന്നു..

ഭദ്രമാത്രം അവിടേക്ക് പോകാതെ അടുക്കളയിൽ ഒതുങ്ങിക്കൂടി.

ഐശ്വര്യയുടെ അമ്മയും, ഒന്ന് രണ്ട് സ്ത്രീകളും ചേർന്ന് അവിടേക്ക് കയറി വന്നപ്പോൾ ഭദ്ര പിൻവാതിലിലൂടെ വെളിയിലേക്ക് പോയി.

മഹാലക്ഷ്മി വന്നിട്ട് ആയിരുന്നു ഭദ്രയെ അവരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു ചെന്നത്.

ഐശ്വര്യയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന,പലഹാര കെട്ടുകളൊക്കെ ഡൈനിങ് ടേബിളിലും മറ്റുമായി നിറഞ്ഞിരിക്കുകയാണ്. എല്ലാവരും വളരെ പ്രതാപമുള്ള ആളുകൾ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. ഒരു കാഞ്ചീപുരം പട്ടുസാരിയൊക്കെ ചുറ്റി നെറ്റിയിൽ വലിയൊരു വട്ടപൊട്ടും വെച്ച്, കഴുത്തിൽ പാലക്കാ മാലയും, അതിനു മാച്ച് ചെയ്യുന്ന കമ്മലും വളകളും ഒക്കെ അണിഞ്ഞു ഒരു സ്ത്രീ ഐശ്വര്യയെ വന്ന് തഴുകി തലോടി എന്തൊക്കെയോ ഒരുപാട് സംസാരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ അത് ഐശ്വര്യയുടെ അമ്മയാണെന്ന് ഭദ്രയ്ക്കു തോന്നി..
മഹാലക്ഷ്മിയോടൊപ്പം വരുന്ന ഭദ്രയെ കണ്ടതും ആ സ്ത്രീയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

ഗീതേ… ഹരിടെ കുട്ടിയേ പരിചയപ്പെട്ടില്ലലോ അല്ലേ.

ഭദ്രയെ കാണിച്ചുകൊണ്ട് മഹാലക്ഷ്മി പറഞ്ഞപ്പോൾ ഗീത തന്റെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി…

ഹ്മ്മ്… കല്യാണത്തിന്റെ അന്ന് ഒന്ന് കണ്ടിരുന്നു, മംഗലത്തെ ഓർഫനേജിൽ വളർന്ന കുട്ടിയാണല്ലേ.. എത്ര പ്രായമുള്ളപ്പോഴാണ് അവിടെ വന്നത്, എടുത്തടിച്ച പോലെയുള്ള ഗീതയുടെ ചോദ്യത്തിന് മുന്നിൽ മഹാലക്ഷ്മി പോലും ഒരുവേള ഒന്നു വല്ലാണ്ടായി.

ഹരിയും അനിരുദ്ധനും കൂടി ഐശ്വര്യയുടെ അച്ഛനോടും അമ്മാവനോടും സംസാരിച്ചു നിൽക്കുകയായിരുന്നു, അപ്പോഴാണ് ഗീതയുടെ ചോദ്യം അവരും കേട്ടത്.

അനിരുദ്ധൻ വല്ലായ്മയോട് കൂടി മുഖം തിരിച്ചു ഹരിയെ നോക്കി.

അവൻ പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടിലായിരുന്നു.

ഭദ്രയുടെ അച്ഛനും അമ്മയും ആരാണെന്നൊക്കെ അറിയാമോ, അവര് ജീവിച്ചിരിപ്പുണ്ടോ അതോ….
ഗീത പിന്നെയും ചോദിച്ചു.

ഭദ്രയുടെ അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ ഞാനാണ്, പിന്നെ നന്നേ ചെറുപ്പത്തിൽ ഭദ്ര ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നുചേർന്നവളാണ്.അവിടുത്തെ ഓരോ കുട്ടികളെയും ഞങ്ങൾ അനാഥരായിട്ട് കണ്ടിട്ടില്ല,എല്ലാവരും ഒരു കുടക്കീഴിൽ,സഹോദരങ്ങൾ ആയിട്ട് തന്നെയാണ് കഴിയുന്നത്.. അതിനൊരിക്കലും യാതൊരു മാറ്റവും ഉണ്ടാവില്ല. പിന്നെ എന്നെ സംബന്ധിച്ച്, മറ്റെല്ലാവരെയുംക്കാൾ ഒരുപിടി മുന്നിലാണ് ഭദ്രയോടുള്ള സ്നേഹം. അതന്റെ മരണം വരെ അങ്ങനെ ആയിരിക്കുകയും ചെയ്യും.അത്രമേൽ ഇവൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആയതുകൊണ്ടാണ് എന്റെ മകന്റെ ഭാര്യയായി ഇവിടേക്ക് കൊണ്ടുവന്നത്.അല്ലാണ്ട് കരുണയുടെയും സഹതാപത്തിന്റെയോ ഒന്നും പേരിൽ അല്ല,ഭദ്ര ഹരിയുടെ ഭാര്യയായത്, എന്റെ മകന് ഏറ്റവും യോജിച്ചവളാണെന്ന്, എനിക്ക് 100% വ്യക്തമായി അറിയാം. ആരും എന്റെ ഭദ്രയെ അത്ര വില കുറഞ്ഞവളായി കാണുകയും വേണ്ട..

മഹാലക്ഷ്മിയുടെ ശബ്ദം അവിടമാകെ മുഴങ്ങി.

ഒരുവേള,അതിഥികളൊക്കെ ഒന്നു വല്ലാതായി.
ഐശ്വര്യ തലേരാത്രിയിൽ ഗീതയ്ക്ക് ചെറിയൊരു സൂചന കൊടുത്തിരുന്നു, ഭദ്രയെ ഒന്ന് കൊച്ചാക്കി കാണിക്കണമെന്ന്.. കാരണം മഹാലക്ഷ്മി അവളെ തലയിലേറ്റി നടക്കുന്നു എന്നൊക്കെ ഐശ്വര്യ അമ്മയെ വിളിച്ച് അറിയിച്ചിരുന്നു..അതിന് പകരമായി ഗീത ഒന്നാളാകാൻ ശ്രമിച്ചതായിരുന്നു. പക്ഷെ നടന്നില്ല..

ഞാൻ വേറൊന്നും വെച്ച് പറഞ്ഞതല്ല കേട്ടോ ലക്ഷ്മിചേച്ചി… ഈ കുട്ടിയെ കുറിച്ച് കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ല, പിന്നെ ഇതുപോലൊരു കുടുംബത്തിൽ അതും, ഹരിയുടെ ഭാര്യ പദവി ഭദ്രയ്ക്കുക കിട്ടുക എന്ന് വെച്ചാൽ അതൊരു വലിയ കാര്യമാണ്..

ഗീത,പറഞ്ഞപ്പോൾ മഹാലക്ഷ്മി ഒന്ന് ചിരിച്ചു.

ഞാൻ പറഞ്ഞല്ലോ,ഇവളെപ്പോലെ ഒരു പെൺകുട്ടിയെ കിട്ടിയത് എന്റെ മകന്റെ ഭാഗ്യമാണ്,അത്രയ്ക്ക് നന്മയുള്ളവളാണ് ഭദ്ര.ആരുമില്ലാത്തവൾ ആണെന്നോ,സാമ്പത്തികം ഇല്ലെന്നോ,ഒന്നും ഞങ്ങൾ ആരും നോക്കുന്നില്ല. ഭദ്രയ്ക്ക് അതിന്റെ ഒന്നും യാതൊരു ആവശ്യവുമില്ല. കാരണം അതെല്ലാം വാരിക്കോരി ഈശ്വരൻ ഞങ്ങൾക്ക് തന്നിട്ടുണ്ട്, പിന്നെന്തിനാണ്.

മഹാലക്ഷ്മിയും വിട്ടുകൊടുക്കുവാനുള്ള ഭാവത്തിൽ അല്ലായിരുന്നു..

ഇതെല്ലാം കണ്ടും കേട്ടും , എല്ലാവരും തരിച്ചു നിൽക്കുകയാണ്. ഐശ്വര്യക്കു പോലും തോന്നി തന്റെ അമ്മ അപമാനിക്കപ്പെട്ടതായി.

അനിരുദ്ധൻ പെട്ടെന്ന് കയറി വന്നിട്ട്, എല്ലാവരെയും ഭക്ഷണം കഴിക്കാനായി വിളിച്ചു.

ഭദ്രയുടെ അരികിലൂടെ കടന്നുപോയപ്പോൾ ഹരി അവളെ ഒന്ന് അടിമുടി നോക്കി..
പേടിയോടെ അവൾ മുഖം കുനിച്ചു നിന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button