Novel

മംഗല്യ താലി: ഭാഗം 12

രചന: കാശിനാഥൻ

ഭദ്രയുടെ അരികിലൂടെ കടന്നുപോയപ്പോൾ ഹരി അവളെ ഒന്ന് അടിമുടി നോക്കി..
പേടിയോടെ പെട്ടന്ന് അവൾ മുഖം കുനിച്ചു നിന്നു.

സത്യത്തിൽ അവന് അമ്മയുടെ സംസാരം തീരെ പിടിച്ചിരുന്നില്ല.. ഐശ്വര്യയുടെ വീട്ടുകാരുടെ മുന്നില്‍ ആയതുകൊണ്ട്, മാത്രമാണ് അവൻ ഒരക്ഷരം പോലും പറയാതെ നിന്നത്..അമ്മ ഇത്രമാത്രം പുകഴ്ത്തി സംസാരിക്കുവാനിവൾക്ക് എന്ത് ഗുണം ആണുള്ളത്
ഹരി ഓർത്തു…

എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കുവാൻ ഒക്കെയായിട്ട് ഹരിയും അനിരുദ്ധനും ഒക്കെകൂടി.

മഹാലക്ഷ്മിയുടെ തുറന്നുള്ള സംസാരം എല്ലാവരെയും ഒരുവേളയൊന്നു അമ്പരപ്പിച്ചു. എന്നാലും ആരുമാരും അത് പറയാൻ തുനിഞ്ഞില്ല. എന്നിരുന്നാലും ഐശ്വര്യയ്ക്കു മുഖം വീർത്തു എന്നുള്ളത് അനിയ്ക്കു തോന്നി.

അടുക്കള കാണൽ ചടങ്ങിന് വന്ന വർ മടങ്ങിയപ്പോൾ ഐശ്വര്യയുടെ അച്ഛൻ ക്യാഷ് ചെക്ക് ആയിരുന്നു അനിരുദ്ധനു കൈമാറിയത്. ഒപ്പം അവർക്ക് ഹണി മൂൺ ആഘോഷിക്കുവാൻ പാരിസിലേക്ക് പറക്കുവാനുള്ള ഫ്ലൈറ്റ് ടിക്കറ്റും.

അതെല്ലാം കൂടി കണ്ടതും, ഐശ്വര്യ നിലത്തും താഴെയുമല്ല എന്ന മട്ടിലായി.
അവൾ അച്ഛനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു.

കാരണം പലതവണ പാരീസിലേക്ക് പോകുവാനായി അവർ ട്രിപ്പ് പ്ലാൻ ചെയ്യുമായിരുന്നു, പക്ഷേ എന്തെങ്കിലും ഒക്കെ കാരണത്താൽ ലാസ്റ്റ് മൊമെന്റില്‍ അത് മാറിപ്പോകും.അതായിരുന്നു പതിവ്. അപ്പോൾ മകളുടെ ആഗ്രഹപ്രകാരമുള്ള സ്ഥലത്തേക്ക്, അവളുടെ ഭർത്താവുമായി പോകുവാനായി അച്ചൻ ഫ്ലൈറ്റ് ടിക്കറ്റ് കൊടുത്തപ്പോൾ അവൾക്ക് ഒരുപാട് ഒരുപാട് സന്തോഷമായി.

അച്ഛനോടും അമ്മയോടും താങ്ക്സ് ഒക്കെ പറഞ്ഞ് അവൾ വലിയൊരു ഷോ ആയിരുന്നു അവിടെ നടത്തിയത്..

അങ്ങനെ ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ അവരെല്ലാവരും യാത്ര പറഞ്ഞു പോയി.

ഹരി തന്റെ മുറിയിലേക്ക് കയറി പോയപ്പോൾ, മഹാലക്ഷ്മി, ഭദ്രയോടും പോയ്‌ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. പക്ഷെ ഭദ്രയ്ക്ക് പേടിയായിരുന്നു..

വേണ്ടമ്മേ… ഞാൻ ഇവിടെ അമ്മയുടെ റൂമിലിരുന്നോളാം..

ഹേയ്… ചെല്ല് കുട്ടി.. ചെന്നിട്ട് അവനോട് പറയ് വൈകുന്നേരം കുടുംബ ക്ഷേത്രത്തിലേക്ക് പോകണമെന്ന്.

അതുകൂടി കേട്ടതും
ഭദ്രയുടെ ഭയം പിന്നെയും വർദ്ധിച്ചു..

ഹ്മ്മ്… ചെല്ല്, ആറുമണിക്ക് മുന്നേ കുളിച്ച് റെഡിയായി ഇറങ്ങണം കേട്ടോ മോളെ.. ഞാൻ പറഞ്ഞുന്ന് മോള് ഹരിയോട് പറഞ്ഞാൽ മതി..

മുകളിലേക്കുള്ള സ്റ്റെപ്സ് കയറുമ്പോൾ പാദങ്ങൾ വിറകൊണ്ടു.

വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തിട്ടില്ലായിരുന്നു, അതുകൊണ്ട് അവൾ മെല്ലെ ഒന്ന് തുറന്നു. എന്നിട്ട് അകത്തേക്ക് കയറി.

ഹരിയെ അവിടെഎങ്ങും കാണാഞ്ഞപ്പോൾ വാഷ് റൂമിൽ ആകുമെന്ന് ഭദ്ര കരുതി.

ആ വലിയ മുറിയിൽ തീർത്തും അപരിചിതയെ പോലെ ഭദ്ര നിൽക്കുകയാണ്.

പക്ഷെ ഹരി ഡ്രസ്സിംഗ് റൂമിൽ ആയിരുന്നു..

അവന്റെ ഫോൺ റിങ് ചെയ്തതും,ഭദ്ര അത് എടുത്തു നോക്കി.

പോളെട്ടൻ എന്നായിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു വന്നത്.

ഫോണിലേക്ക് നോക്കി നിന്നപ്പോഴാണ് അവളുടെ കൈയിൽ ശക്തിയായി അവൻ വന്നു പിടിച്ചത്.

ഓർക്കാപ്പുറത്ത് ആയതിനാൽ പാവം ഭദ്രയുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് പതിച്ചു.വലിയൊരു ശബ്ദത്തിൽ അത് ചിന്നി ചിതറി.

മിടിക്കുന്ന ഹൃദയത്തോടെ അവൾ മുഖം ഉയർത്തിയതും ഭദ്രയുടെ കരണം നോക്കി അവന്റെ കൈ പതിഞ്ഞു..

ടി……. ആരോട് ചോദിച്ചിട്ടാടി, നീ എന്റെ ഫോൺ എടുത്തത്.
അവളുടെ കൈത്തുടയിൽ പിടിച്ചു ഹരി ശക്തമായി ഉലച്ചപ്പോൾ ഭദ്രയ്ക്കു വേദന കൊണ്ട് തലകറങ്ങുംപോലെ ആയിരുന്നു.

ഹരിയേട്ടാ… എനിക്ക് വേദനിക്കുന്നു
അവൾ ദയനീയമായി കരഞ്ഞു കൊണ്ട് പറഞ്ഞു.

കാൽ കാശിനു ഗതിയില്ലാത്ത സാധനം, എന്ത് കണ്ടിട്ടാടീ നീ ഇങ്ങോട്ട് കെട്ടിക്കേറി വന്നത്. എന്റെ അമ്മയ്ക്ക് ഭ്രാന്ത് കയറി, ഓരോന്ന് കാണിച്ചു കൂട്ടിയതിന്റെ ദോഷം മുഴുവൻ അനുഭവിക്കുന്നത് ഈ ഞാനാണ്. നാലാളുകളുടെ മുന്നിൽ ഒന്ന് തലയുയർത്തി നിൽക്കാൻ പോലും എനിക്കിനി കഴിയില്ല. കണ്ടില്ലേ ഐശ്വര്യയുടെ വീട്ടുകാരൊക്കെ വന്നു പറഞ്ഞിട്ട് പോയത്.ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞു പോയിട്ട്…. ഒടുക്കം എന്റെ തലയിലായി. എന്ത് പാപം ചെയ്തിട്ടാണോ എനിക്കിങ്ങനെ ഒരു ഗതി വന്നത്.

അവൻ തലയ്ക്ക് കയ്യും കൊടുത്തുകൊണ്ട് ബെഡിലേക്ക് പോയിരുന്നു.

വായിൽ തോന്നിയതൊക്കെ ഹരി വിളിച്ചു പറഞ്ഞപ്പോഴും തിരിച്ച് ഒരക്ഷരം പോലും മറുപടി പറയാതെ ഭദ്ര അതെല്ലാം കേട്ട് നിന്നു.

നിലത്ത് ചിതറി കിടക്കുന്ന ഫോണിലേക്ക് നോക്കുംതോറും, അവൾക്ക് ഒരുപാട് സങ്കടമായി.

എത്ര ലക്ഷം രൂപയുടെ മുതലാണ് ഈ കിടക്കുന്നതെന്ന് നിനക്കറിയാമോടി,,,അതെങ്ങനെയാ നിനക്ക് ഇതു വല്ലതും അറിയാമോ.. നാശം പിടിച്ച സാധനം
നിലത്തേക്ക് മുഖം കുനിച്ചു നിൽക്കുന്നവളെ നോക്കി അവൻ വീണ്ടും ശബ്ദമുയർത്തി.

മുകളിലെ ബഹളം കേട്ടുകൊണ്ട് മഹാലക്ഷ്മി അവിടേക്ക് കയറി വന്നു.അപ്പോഴാണ് കരഞ്ഞു കൊണ്ട് നിൽക്കുന്ന ഭദ്രയെ അവർ കണ്ടത്..

എന്താ എന്തു പറ്റി മോളേ…
അവരോടി അരികിലേക്ക് വന്നതും, ഭദ്ര പെട്ടെന്ന് തടഞ്ഞു.

അപ്പോഴാണ് നിലത്ത് പൊട്ടി കിടക്കുന്ന മൊബൈൽ ഫോൺ മഹാലക്ഷ്മി കണ്ടത് .

ഇതെന്താ ഹരി,എങ്ങനെയാണ് നിന്റെ ഫോൺ പൊട്ടിയത്,നിനക്ക് യാതൊരു സൂക്ഷവും ഇല്ലല്ലേ.എത്ര ലക്ഷം രൂപയായതാ ഇതിനെന്നു നിനക്ക് അറിയില്ലെടാ.

ചോദിച്ചുനോക്കൂ പുന്നാര മരുമകളോട്, ആരാണ് ഇത് പൊട്ടിച്ചതെന്ന്.. അമ്മ കണ്ടു പിടിച്ചുകൊണ്ട് വന്ന സാധനം… എന്റെ കൺമുന്നിൽ നിന്ന് മാറിപ്പോകാൻ പറയുന്നുണ്ടോ ഇവളോട്..

അവൻ അലറിയതും ഭദ്രയും മഹാലക്ഷ്മിയും ഒരുപോലെ നടുങ്ങി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button