Novel

മംഗല്യ താലി: ഭാഗം 13

രചന: കാശിനാഥൻ

ചോദിച്ചുനോക്കൂ പുന്നാര മരുമകളോട്, ആരാണ് ഇത് പൊട്ടിച്ചതെന്ന്.. അമ്മ കണ്ടു പിടിച്ചുകൊണ്ട് വന്ന സാധനം… എന്റെ കൺമുന്നിൽ നിന്ന് മാറിപ്പോകാൻ പറയുന്നുണ്ടോ ഇവളോട്..

അവൻ അലറിയതും ഭദ്രയും മഹാലക്ഷ്മിയും ഒരുപോലെ നടുങ്ങി.

ഐശ്വര്യയുടെ വീട്ടുകാരുടെ മുന്നിൽ അമ്മ കുറേ കാര്യങ്ങൾ എഴുന്നള്ളിയ്ക്കുന്നത് കേട്ടല്ലോ..
നാണമില്ലല്ലോ അമ്മേ… ഞാൻ അപ്പോൾ കൂടുതൽ ഒന്നും പറയാതിരുന്നത് അമ്മയെ വെറുതെ നാണം കെടുത്തണ്ടല്ലോ എന്ന് കരുതിയാണ്..

ഹരി…….

അതേ ഹരി തന്നേ… അമ്മ കൂടുതൽ ശബ്ദമുയർത്തി എന്നെ പേടിപ്പിക്കാൻ നോക്കണ്ട.അങ്ങനെ പേടിക്കുന്നവനും അല്ല ഈ ഹരിനാരായണൻ. അറിയാല്ലോ അല്ലേ..

എടാ….

അവർ വീണ്ടും അലറി

ഞാൻ ഇവിടുന്ന് പോവുകയാണ്,എനിക്ക് സ്വസ്ഥതയും സമാധാനവും വേണം,ഇവളെ കാണുന്നതുപോലും എനിക്ക് ദേഷ്യമാണ്, അറപ്പാണ്.
എവിടെയോ കിടന്ന സാധനം.. ജനിപ്പിച്ച തന്തയും തള്ളയും വലിച്ചെറിഞ്ഞു പോയതും പോരാ… എന്നിട്ട് ഒടുക്കം..

മഹാലക്ഷ്മിയുടെ കൈ വായുവിൽ ഒന്നു ഉയർന്നതും, ഭദ്ര കരഞ്ഞുകൊണ്ട് അവരുടെ കാലിലേക്ക് വീണു.

അമ്മേ…. ഹരിയേട്ടനെ ഒന്നും ചെയ്യല്ലേ.
എനിക്ക് പോണം, എനിക്ക് ഇവിടന്നു പോണം..പ്ലീസ്…. ഞാൻ അമ്മേടെ കാല് പിടിക്കുവാ, ഇനി ഇവിടെ തുടരാൻ എനിക്ക് കഴിയില്ലമ്മേ.ഹരിയെട്ടന് ഒരിക്കലും എന്നേ സ്നേഹിക്കാൻ കഴിയില്ല, അതെനിക്ക് ഉറപ്പാണ്. ഇഷ്ട്ടം ഉള്ള പെൺകുട്ടിയുടേ കൂടെ ഹരിയേട്ടൻ വിവാഹം കഴിച്ചു ജീവിക്കട്ടെ. ഞാൻ എവിടേക്കെങ്കിലും പൊയ്ക്കോളാം.

അവൾ വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞപ്പോൾ, മഹാലക്ഷ്മി വല്ലാതെയായി.

മോളെ…. ഭദ്രേ.

അമ്മ ഇനി ഈ കാര്യത്തെക്കുറിച്ച് ഒന്നും എന്നോട് ഒന്നും പറയരുത്, എനിക്ക് മടങ്ങി പോണംഅമ്മേ.. അരുതന്നു മാത്രം എന്നോട് പറയരുത്..

അവൾ കണ്ണീർ തുടച്ചു കൊണ്ട് അവരെ നോക്കി.

എന്നിട്ട് കൈയിൽ കിടന്ന വളകൾ ഊരി മേശമേൽ വെച്ചു. കഴുത്തിൽ താലിമാല കൂടാതെ മറ്റൊരു മാലയുണ്ട്. അതും ഊരി, കമ്മൽ അഴിക്കാൻ തുടങ്ങിയതും മഹാലക്ഷ്മി അവളുടെ കൈയിൽ കയറി പിടിച്ചു.

എന്റെ മകന്റെ ഭാര്യ ആയതിന്റെ പേരിൽ, തന്നതാണെന്ന് കരുതിയാണോ മോള് ഇതൊക്കെ അഴിച്ചു മാറ്റുന്നത്.

അവർ ചോദിച്ചതും ഭദ്ര മുഖമുയർത്തി ഒന്ന് നോക്കി.

എനിക്ക് ഇതൊന്നും വേണ്ട.. അർഹിക്കാത്തത് ഇന്നോളം മോഹിച്ചിട്ടില്ല. ആഗ്രഹിച്ചിട്ടില്ല. ആകെക്കൂടി ഓർത്തത്, എന്റെ അച്ഛനും അമ്മയും എന്നെങ്കിലും ഒരുദിവസമൊന്ന് മടങ്ങി വന്നിരുന്നങ്കിൽ എന്ന് മാത്രമാണ്. കൂടെക്കൊണ്ട് പോയ്‌ സംരക്ഷിക്കാൻ ഒന്നുമല്ല, എന്നാലും ഒരിയ്ക്കലെങ്കിലും ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം പോലെ… അത് മാത്രമായിരുന്നു എന്റെ മനസ്സിൽ ഉള്ളത്.

അല്ലാണ്ട് ഇന്നോളം ഭദ്ര ഒന്നും മോഹിച്ചിട്ടില്ല.

പറയുമ്പോൾ ആ പാവം പെൺകുട്ടിയുടെ ശബ്ദം പുറത്തേക്ക് വന്നത് പോലും വളരെ ബുദ്ധിമുട്ടിയാണ്. അത്രയ്ക്ക് സങ്കടം ആയിരുന്നു അവൾക്ക്.

കമ്മൽ അഴിച്ചു മാറ്റി വെച്ച ശേഷം അവൾ ഹരിയെ ഒന്ന് നോക്കി.

എന്നിട്ട് താലിമാല അഴിക്കാൻ തുടങ്ങിയതും മഹാലക്ഷ്മി അത് തടഞ്ഞു.

അഗ്നി സാക്ഷിയായി ഇവൻ അണിയിച്ചു തന്നത് അല്ലേ.. നീ ഇതു അഴിച്ചു മാറ്റണ്ട മോളെ, അത് ഹരി തന്നെ ചെയ്തോളും.

അവർ പിടിച്ച് അവളെ ഹരിയുടെ മുന്നിലേക്ക് നിർത്തി.

നീ അഴിച്ചെടുത്തോളൂ,നിനക്കല്ലേ ഇവളെ വേണ്ടാത്തത്,ഞാനായിട്ട്,ഈ താലിമാല സ്വീകരിക്കുന്നുമില്ല.പറ്റുമെങ്കിൽ വൈകുന്നേരം ക്ഷേത്രത്തിൽ പോകുമ്പോൾ നീയത് നേർച്ച ഭണ്ടാരത്തിൽ ഇട്ടേക്കൂ..

തന്റെ മുൻപിൽ നിറഞ്ഞ മിഴികളോടെ നിൽക്കുന്ന ഭദ്രയെ അവനൊന്നു നോക്കി.

അരുതേ എന്നൊരു യാചനയായിരുന്നു അവളുടെ മുഖത്ത് പ്രതിഫലിച്ചത്.

വൈകുന്നേരം അമ്പലത്തിൽ പോയേക്കാം.. അതല്ലേ അമ്മയുടെ പ്രശ്നം…

ചവിട്ടിത്തുള്ളി അവൻ അവിടെ നിന്നും ഇറങ്ങി വെളിയിലേക്ക് പോയി.

മഹാലക്ഷ്മി ഭദ്രയുടെ തോളിൽ പിടിച്ചതും അവൾ തിരിഞ്ഞവരുടെ നെഞ്ചോട് ചേർന്നു, കുറെയേറെ നേരം പൊട്ടിക്കരഞ്ഞു.

മോള് ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്ഥിക്കു, നിനക്ക് നല്ലതേ വരൂ, എനിക്ക് 100% ഉറപ്പാണ് മോളെ, ഒരിക്കലും ഭഗവതി നിന്നെ കൈവെടിയില്ല, എന്റെ ഹരിയോടൊപ്പം ഈ താലിമാല അണിഞ്ഞ് അവന്റെ ഭാര്യയായി നീയൊന്ന് അവിടെ ചെന്നാൽ മാത്രം മതി, ഉറപ്പായും അവന് മാറ്റം വരും. വിശ്വസിച്ച് ഒന്ന് പ്രാർത്ഥിക്കു മോളെ… പ്ലീസ്.

ലക്ഷ്മിയമ്മേ…. ഹരിയേട്ടനും, അനിയേട്ടനും ഒരുപോലെ വിവാഹം കഴിച്ചവരാണ്. എത്ര സന്തോഷമായിട്ടാണ് അനിയേട്ടൻ കഴിയുന്നത്, ഈ കുടുംബത്തിന് ഒത്തുചേർന്ന ഒരു പെൺകുട്ടിയാണ് ഐശ്വര്യ, അതുപോലെതന്നെ ഐശ്വര്യയുടെ കുടുംബവും. എന്നിരുന്നാലും അനിയേട്ടന് കിട്ടിയത് നല്ലൊരു ജീവിതമല്ലേ, പക്ഷേ ഹരിയേട്ടന്റെ അവസ്ഥ അങ്ങനെയാണോ, അച്ഛനുഅമ്മയും ആരെന്നറിയാത്ത,മംഗലത്ത് തറവാടിന്റെ അധീനതയിലുള്ള ഓർഫനേജിൽ വളർന്ന, ഒരു പെൺകുട്ടിയാണ് ഞാന്. ഒരിക്കലും, ഈ കുടുംബത്തിന് ഒത്തുചേർന്നവളല്ല, പണവും പ്രതാപവും ഒന്നുമില്ലാത്തവളാണ്, വെറുതെ എന്തിനാ ഹരിയേട്ടന്റെ ജീവിതം, എല്ലാവരും കൂടി നശിപ്പിച്ചു കളയുന്നത്. പാവമല്ലേ ഹരിയേട്ടൻ അദ്ദേഹത്തിന് ഇഷ്ടമുള്ള പെൺകുട്ടിയോടൊപ്പം, സന്തോഷമായിട്ട് കഴിയട്ടെ. ഞാൻ ഓർഫനേജിലേക്ക് മടങ്ങി പൊയ്ക്കോളാം, ഇനി ഇവിടെ നിൽക്കുന്ന ഓരോ ദിവസവും, ലക്ഷ്മി അമ്മയ്ക്കും ഈ കുടുംബത്തിൽ എല്ലാവർക്കും ഞാൻ ഒരു കരടായി മാറും. അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ പോകുവാൻ അനുവദിക്കണം. ഹരിയേട്ടൻ അഴിച്ചു മാറ്റാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തന്നെ ഇത് അഴിച്ചോളാം, എന്നിട്ട് ലക്ഷ്മിയമ്മ ക്ഷേത്രത്തിൽ പോകുമ്പോൾ, ഇത് അവിടെ നിക്ഷേപിച്ചാൽ മതി.

പറഞ്ഞുകൊണ്ട് അവൾ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന താലിമാല മേൽപ്പോട്ട് ഉയർത്താൻ തുടങ്ങിയതും, ഹരിയുടെ പിടുത്തം അവളുടെ കൈത്തണ്ടയിൽ മുറുകി.

ഒരുവേള മഹാലക്ഷ്മിയും ഭദ്രയും സംശയത്തോടെ അവനെ നോക്കി.

ക്ഷേത്രത്തിൽ പോയിട്ട് വന്നിട്ട് മതി ബാക്കി കാര്യങ്ങളൊക്കെ, നിന്നെ ഇവിടെ കെട്ടിലമ്മയായി വാഴിയ്ക്കാൻ ഒന്നുമല്ല, വേറെ ചിലതിനാണന്നു ഓർത്തോളൂ.

ശബ്ദം ഉയർത്തി പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി.

മോളെ… പോയ്‌ കുളിച്ചു റെഡി ആവൂ, നേരം പോകുന്നു..
മഹാലക്ഷ്മി കൂടി പറഞ്ഞതും അവള് വല്ലാതെയായി.

ഈ കമ്മലും വളയും ഒക്കെ എടുത്തു ഇട്ടേ മോളെ… എന്തിനാണ് ഇതെല്ലാം അഴിച്ചു മാറ്റിയത്.

അവർ സ്നേഹത്തോടെ ശാസിക്കുന്നത് കേട്ട് ഹരി പുച്ഛഭാവത്തിൽ മുഖം തിരിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button