Novel

മംഗല്യ താലി: ഭാഗം 14

രചന: കാശിനാഥൻ

ലക്ഷ്മി അമ്മയോട് യാത്രപറഞ്ഞ് ഭദ്ര ഹരിയോടൊപ്പം അമ്പലത്തിലേക്ക് പുറപ്പെട്ടു.

അവനോടൊപ്പം യാത്ര ചെയ്യാൻ അവൾക്ക് വല്ലാത്ത ഭയമായിരുന്നു.
തന്റെ ശരീരം വിറ കൊള്ളുന്നത് പോലും അവൾ അറിയുന്നുണ്ട്..

അമ്പലത്തിലേക്കുള്ള വഴിയൊന്നും നിശ്ചയം ഇല്ലാത്തതിനാൽ, ഹരി എവിടേക്കാണ് പോകുന്നതെന്ന് പോലും അവൾക്കറിയില്ലായിരുന്നു. 15 മിനിറ്റ് കൊണ്ട് ക്ഷേത്രത്തിൽ എത്തുമെന്ന് അമ്മ പറഞ്ഞതാണ് പക്ഷേ ഇതിപ്പോൾ അരമണിക്കൂർ കഴിഞ്ഞു. എന്നിട്ടും പിന്നെയും അവൻ വണ്ടി മുന്നോട്ടു ഓടിച്ചു പോയി കൊണ്ടേയിരുന്നു.

ഭദ്രയ്ക്ക് ചെറുതായി പേടിയാവാൻ തുടങ്ങി..

അവൾ മുഖം തിരിച്ച് ഹരിയെ ഒന്നു നോക്കി.

ഹ്മ്മ്… എന്താടി.

പെട്ടെന്ന് അവന്റെ ശബ്ദം അവിടെ മുഴങ്ങി.

അമ്പലത്തിലേക്ക് അല്ലേ പോകുന്നത്.
ഭയത്തോടെ അവൾ അവനോട് ചോദിച്ചു.

അല്ല…..

പിന്നെങ്ങോട്ടാണ്…

അത് നിന്നെ ബോധിപ്പിക്കാൻ എനിക്കിപ്പോൾ മനസ്സില്ല..

ഹരി പുച്ഛഭാവത്തിൽ അവളെ നോക്കി പറഞ്ഞു.

എന്നെ എന്റെ ഓർഫനേജിൽ ആക്കിയാൽ മതി,ഞാൻ അവിടെ നിന്നോളാം ഹരിയേട്ടാ. ലക്ഷ്മി അമ്മയുടെ വിവരങ്ങളൊക്കെ മീര ടീച്ചറെ കൊണ്ട് ഞാൻ പറയിച്ചോളാം.

അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.

എവിടേക്കാണ് പോകുന്നത് ഒന്നു പറയുമോ… ഇക്കുറി ഭദ്രയുടെ ശബ്ദം ഇടറി.

മിണ്ടാതിരിക്കെടി….
അവൻ വീണ്ടും ഉച്ചത്തിൽ പറഞ്ഞു.

എനിക്ക് പേടിയാവുന്നു, പറ ഹരിയേട്ടാ എവിടേക്കാ പോകുന്നേ, ഇല്ലെങ്കിൽ ഞാൻ ടീച്ചറിനെ ഫോൺ വിളിക്കും.

പറയുന്നതിനൊപ്പം അവൾ അവന്റെ ഫോൺ ഒന്ന് എടുക്കുവാൻ ഒരു ശ്രമം നടത്തി.

പെട്ടെന്ന് ഹരി വണ്ടി ഒതുക്കി നിർത്തി.

ഒരെണ്ണം ഇപ്പോൾ പൊട്ടിച്ചത് ഉള്ളൂ, ഇനി അടുത്തതും കൂടി എടുത്താൽ നിനക്ക് സമാധാനമാകുവൊള്ളൂ അല്ലേ?

അവൻ ഭദ്രയുടെ കൈത്തണ്ടയിൽ കയറി ബലമായി പിടിച്ചു.

എനിക്ക് വണ്ടിക്കൂലിയ്ക്കു ഇത്തിരി പൈസ തന്നാൽ മതി. ഞാൻ തിരിച്ചു പോയ്കോളാം. എനിക്ക് പേടിയാവുന്നു..
കരഞ്ഞു കൊണ്ട് അവൾ ഹരിയെ നോക്കി കേണു.

ഒരു നിമിഷത്തേയ്ക്ക് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

എത്ര വയസ് ഉണ്ട്, ഏറിയാൽ ഒരു 23….അതിൽ കൂടുതലൊന്നും കാണില്ല. ഇരു നിറത്തെക്കാൾ കൂടുതൽ നിറമുണ്ട്, അവളുടെ വിടർന്ന മിഴികളിളാണ് ആദ്യം അവന്റെ നോട്ടം ഉടക്കിയത്. കൂട്ടിമുട്ടിയ പുരികക്കൊടികൾ, യാതൊരു വിധ ചമയങ്ങളും ഇല്ല, ആകെയുള്ളത് നെറുകയിൽ അല്പം സിന്ദൂരം മാത്രം.

നിറ മിഴികളോട് അല്ലാതെ താൻ ഇവളെ കണ്ടിട്ടില്ലന്നു അവൻ ഓർത്തു.

അവന്റെ ഇടതു കൈയിൽ കൂട്ടിപിടിച്ചു കൊണ്ട് വിങ്ങി കരയുകയാണ്….

എന്തോ… അവനു ആ പെൺകുട്ടിയോട് സഹതാപം തോന്നിപ്പോയ്.

അമ്മ കാരണമാണ് എല്ലാം..ചേ… വേണ്ടിയിരുന്നില്ല.

ഹരിയേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് ഞാൻ എന്റെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞോളാം,ആ കുട്ടിക്ക് എന്നെ മനസ്സിലാക്കാൻ പറ്റും, എന്നിട്ട് എത്രയും വേഗം നിങ്ങള് വിവാഹം കഴിക്ക്,സന്തോഷത്തോടെ ജീവിയ്ക്ക്.
ഞാൻ പോയ്കോളാം.. പ്ലീസ്….
എന്നേയൊന്നു വിശ്വസിക്കുമോ.. ഹരിയേട്ടന്റെ ജാതകത്തിൽ ഒരു അനാഥ പെണ്ണിന് ജീവിതം കൊടുക്കുമെന്നുണ്ടെന്ന് ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ലക്ഷ്മിയമ്മ, ഈ വിവാഹത്തിന് മുൻകൈയെടുത്തത്. അല്ലെങ്കിൽ ഒരിക്കലും സ്വന്തം മകനോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു, ഒരു പക്ഷെ വിവാഹം കഴിക്കുമെന്ന് ജാതകത്തിൽ കാണും അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ നടന്നത്, എന്ന് കരുതി ഒരുമിച്ച് ജീവിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല, എങ്ങനെയെങ്കിലും ഹരിയേട്ടൻ ഇതിൽ നിന്ന് ഒഴിവായി പോയിട്ട്, അമ്മാവന്റെ മകളെ സ്വീകരിക്കു. എനിക്കെന്റെ ജീവിതത്തിൽ കുറച്ച് ലക്ഷ്യങ്ങളൊക്കെയുണ്ട്, ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയും ഒരു വർഷം കൂടി വേണം എന്റെ പഠനം പൂർത്തിയാകുവാൻ, സ്വന്തമായി ഒരു ജോലിയൊക്കെ നേടിയെടുത്തിട്ട്, എന്റെ ഓർഫനേജിൽ എന്തെങ്കിലുമൊക്കെ സഹായം ചെയ്യണമെന്ന്, എനിക്ക് ആഗ്രഹമുണ്ട്. അതോടൊപ്പം എന്റെ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയണം. അതിനോടിടയ്ക്ക് മീര ടീച്ചറും ദേവിയമ്മയും അവിടെ ഓർഫനേജിലെ എല്ലാ അമ്മമാരും എന്നെ ഈ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ എനിക്ക് വേറൊരു മാർഗ്ഗവും ഇല്ലാതായിപ്പോയി. അവരൊക്കെ പറയുന്നത് അനുസരിച്ച് എനിക്ക് ഇന്നോളം ശീലം ഉള്ളൂ, എന്നാലും ഞാൻ എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഒക്കെ എതിർത്തതാണ്, പക്ഷേ ലക്ഷ്മിയമ്മ..

. ലക്ഷ്മിയമ്മ പറഞ്ഞതുകൊണ്ട് എനിക്ക് ഈ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. അല്ലാണ്ട് ഞാൻ അറിഞ്ഞു കൊണ്ട് ഒരിക്കലും, ഹരിയേട്ടനോട് ചതി ചെയ്തിട്ടില്ല. ഹരിയേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നുള്ളത് സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ യാതൊരു കാരണവശാലും ഞാനിന്ന് ഹരിയേട്ടൻ അണീയിച്ച താലിയും അണിഞ്ഞു ഇവിടെ ഉണ്ടാവില്ല…

ദയവുചെയ്ത് എന്നെ ഒന്ന് വിശ്വസിക്കുമോ,,, ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം
പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ നോക്കി പറയുന്നവളെ കാണും തോറും ഹരിയ്ക്കും സങ്കടം തോന്നി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Related Articles

Back to top button