മംഗല്യ താലി: ഭാഗം 15
Oct 26, 2024, 09:13 IST

രചന: കാശിനാഥൻ
ദയവുചെയ്ത് എന്നെ ഒന്ന് വിശ്വസിക്കുമോ,,, ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം പൊട്ടിക്കരഞ്ഞുകൊണ്ട് തന്നെ നോക്കി പറയുന്നവളെ കാണും തോറും ഹരിയ്ക്കും സങ്കടം തോന്നി. ഹരിയേട്ടാ..... എന്റെ അച്ഛനെയും അമ്മയെയും ഒന്നും ഞാൻ കണ്ടിട്ടു പോലുമില്ല, ഒരിക്കൽപോലും അവരെ വെച്ചെന്നും ഞാൻ ഒരു സത്യം ചെയ്തിട്ടു പോലുമില്ല,എന്റെ അമ്മയാണേൽ സത്യമാ ഞാനിപ്പോ പറയുന്നത്. എന്നെ ആ ഓർഫനേജിലോന്നു എത്തിച്ചു തന്നാൽ മാത്രം മതി, അല്ലെങ്കിൽ എനിക്ക് വണ്ടിക്കൂലിക്ക് ഇത്തിരി പൈസ തന്നാൽ മതി, ഞാൻ അവിടേക്ക് പൊയ്ക്കോളാം, പ്ലീസ്.. നീ അവിടെ ചെന്ന് കഴിയുമ്പോൾ, അവരു നിന്നെ സ്വീകരിച്ചില്ലെങ്കിലോ. ലക്ഷ്മി അമ്മയുടെ അധീനതയിലുള്ള ഓർഫനേജ് അല്ലേയത്, ഒരുപക്ഷേ അമ്മ പറയുവാ ഇനി നിന്നെ അവിടെ നിർത്തണ്ട എവിടേക്കെങ്കിലും പറഞ്ഞുവിട്ടോളൂന്നു, അങ്ങനെയായാൽ ഭദ്ര ഇനി എന്ത് ചെയ്യും.. അവളെ നോക്കിക്കൊണ്ട് ഹരി സാവധാനം ചോദിച്ചു.. ആ പാവം പെൺകുട്ടിക്ക് പെട്ടെന്ന് ഒരു മറുപടി പറയാൻ ഇല്ലായിരുന്നു. സത്യത്തിൽ ഹരിയുടെ ആ ചോദ്യം, അവളെ ഒരു നിമിഷത്തേക്ക് ആകമാനം ചിന്തിപ്പിച്ചു.. ശരിയാണ്, ചിലപ്പോൾ ലക്ഷ്മിയമ്മ അങ്ങനെ പറയും, അതിനും സാധ്യതയുണ്ട്.. പക്ഷെ തനിയ്ക്ക് പോകാനൊരു ഇടമില്ല.. പറയൂ ഭദ്ര.... അങ്ങനെ അമ്മയൊരു കടുത്ത തീരുമാനമെടുത്താൽ താൻ എന്ത് ചെയ്യും. ദയനീയമായി അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയശേഷം അവൾ മുഖം താഴ്ത്തി. അപ്പോഴും അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുകയാണ്. അവളുടെ ഈ നിസ്സഹായാവസ്ഥയെയാണ് അമ്മ ചൂഷണം ചെയ്തത്, പിന്നെയും ഓർക്കും തോറും ഹരിയ്ക്ക് മഹാലക്ഷ്മിയോട് തീർത്താൽ തീരാത്ത ദേഷ്യവും പകയും തോന്നിയിരുന്നു. അവൻ സാവധാനം വണ്ടി മുന്നോട്ട് എടുത്തു. പിന്നീട് ഒരക്ഷരം പോലും ഭദ്ര അവനോട് ചോദിച്ചതേയില്ല. മീരടീച്ചർക്ക് തന്നെ കാണണമെന്ന് എന്നോട് വിളിച്ചുപറഞ്ഞു, അതുകൊണ്ട് അവിടെ വരെയൊന്ന് പോകാം.പക്ഷെ തിരിച്ച് എന്റെ ഒപ്പം ഇങ്ങു പോന്നേക്കണം കേട്ടോ, അങ്ങനെയൊരു ഉറപ്പ് തരുവാണെങ്കിൽ മാത്രമേ ഞാൻ തന്നേ കൊണ്ടുപോകുവൊള്ളു. എന്താ ഭദ്രേ സമ്മതമാണോ.... ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഹരി മുഖം തിരിച്ച് അവളെയൊന്ന് നോക്കി ചോദിച്ചു. ഞാൻ പോന്നോളം,,, എനിക്ക് അവരെയൊക്കെയൊന്ന് കണ്ടാൽ മാത്രം മതി.. ഹ്മ്മ്...... എങ്കിൽ ഓക്കേ... കുറച്ചു സമയങ്ങൾക്കുള്ളിൽ ഓർഭനേജിലേയ്ക്കുള്ള വഴിയെത്തുന്നത് ഭദ്ര അറിഞ്ഞു.. അവളുടെ മിഴികളിൽ അതുവരെ അവൻ കാണാത്ത ഒരു തിളക്കംമൊട്ടിട്ടു. ഹരി ഒരു ബേക്കറിയുടെ മുന്നിലായി ഒതുക്കി നിർത്തി, എന്നിട്ട് വണ്ടിയിൽ നിന്നുമിറങ്ങി. 40കുട്ടികളാണ് അവിടെയുള്ളത്. ബാക്കിയുള്ള അന്തേവാസികളെയൊക്കെ ചേർത്ത് 52 ആളുകൾ.. എല്ലാവർക്കും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ട് ആയിരുന്നു അവൻ ഇറങ്ങിവന്നത്... എല്ലാം കൊണ്ടുവന്ന കാറിന്റെ പിൻ സീറ്റിലേക്ക് വെച്ച ശേഷം, അവൻ വീണ്ടും മുൻപിലേക്ക് കയറിയിരുന്നു. തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കവർ അവൻ അവളുടെ നേർക്ക് നീട്ടി. സന്ദേഹത്തോടെ അവൾ തിരിച്ച് അവനെയും. താൻ എടുത്തോളൂ,, ഹരി വീണ്ടും പറഞ്ഞു. ഭദ്ര ആ പായ്ക്കറ്റ് തന്റെ മടിയിലേക്ക് വെച്ചു.. അത് പൊട്ടിച്ചു നോക്കടോ... എന്തിനാ ഇങ്ങനെ വെച്ചിരിക്കുന്നത്. പറയുമ്പോൾ ഭദ്രയതു പൊട്ടിച്ചു. മിൽക്കിബാറിന്റെ വലിയൊരു പാക്കറ്റ്. അതിലൊന്ന് വിരലോടിച്ചശേഷം, അത് അടച്ചു വീണ്ടും മടിയിലേക്ക് തന്നെ അവൾ വച്ചു. അത് കഴിച്ചോളൂ...... കുറച്ചു കഴിഞ്ഞു കഴിച്ചോളാം ഹ്മ്മ്... എന്തെ... അവൻ ചോദിച്ചുവെങ്കിലും ഭദ്ര മറുപടിയൊന്നും പറഞ്ഞില്ല. താൻ കഴിച്ചോളൂ അവർക്കൊക്കെ ഉള്ളത് ഞാൻ മേടിച്ചിട്ടുണ്ട്. ഹരി പിന്നെയും നിർബന്ധിച്ചു എങ്കിലും ഭദ്ര അത് കഴിക്കാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും അവർ ഓർഫനേജിന്റെ വാതിലിന്റെ വലിയ ആർച്ച് കണ്ടിരുന്നു. അത്യാഹ്ലാദത്തോടെ അവൾ അവിടേക്ക് നോക്കി പുഞ്ചിരി തൂകി. അപ്പോൾ പറഞ്ഞത് മറക്കണ്ട, എന്റെ കൂടെ മടങ്ങിപ്പോന്നോണം കേട്ടല്ലോ ഭദ്രേ. ഹരിയെ നോക്കി തലയാട്ടിയ ശേഷം അവൾ ഒരു മന്ദഹാസത്തോടെ വെളിയിലേക്ക് ഇറങ്ങി. ടീച്ചർ ഉമ്മറത്ത്ത്തന്നെ ഉണ്ടായിരുന്നു.,. ഇവരുടെ വരവ് പ്രതീക്ഷിച്ചുന്നോണം.. ഓടി ചെന്നിട്ട് ടീച്ചറിനെ അവൾ കെട്ടിപ്പിടിച്ചു. ഇരുവരും പരസ്പരം കരഞ്ഞുകൊണ്ട് ഇറുക്കി പുണർന്നു നിൽക്കുന്നതാണ് ഹരി അവിടേക്ക് വന്നപ്പോൾ കണ്ടത്. ഭദ്ര വന്നറിഞ്ഞ് കുട്ടികളിൽ ചിലരൊക്കെ ഓടി വരുന്നുണ്ട്. എല്ലാ മുഖത്തും സന്തോഷം, ഒപ്പം ആനന്ദ കണ്ണീരും. ദേവിയമ്മ എവിടെ? ഭദ്ര നാലു പാടും നോക്കി... അപ്പുറത്തുണ്ട് മോളെ, നീ വരുന്നതറിഞ്ഞു നീനക്കിഷ്ടപ്പെട്ട മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുവാണ്. ഓഹ്.. ഈ ദേവിയമ്മേടെ കാര്യം... അവൾ തന്റെ കൂടെ നിന്നിരുന്ന കുട്ടിപ്പട്ടാളങ്ങളുമായി അകത്തേക്ക് ഓടി പോകുന്നത് ഹരി ഒന്നെത്തി നോക്കിയപ്പോൾ കണ്ടു. മോനേ... ഹരി കയറി വാ മോനേ. ടീച്ചർ അവന്റെ കൈക്ക് പിടിച്ചു. അവൻ തന്റെ കൈയിൽ ഇരുന്ന കവറുകൾ ഒക്കെ മീരടീച്ചറെ ഏൽപ്പിച്ചു. കുറച്ചു സ്വീറ്റ്സ് ആണിത്.. കുട്ടികൾക്ക് കൊടുത്തേയ്ക്ക് കേട്ടോ ടീച്ചർ.. ഹ്മ്മ്... കൊടുത്തോളം മോനേ. . വരൂ.. നമ്മൾക്ക് അകത്തേയ്ക്ക് ഇരിക്കാം. ടീച്ചറിന്റെ ഒപ്പം ഹരി ഉള്ളിലേക്ക് കയറി പോയി. ദേവിയമ്മേ....ഓയ് ദേവിയമ്മേ... ഭദ്ര ഉറക്കെ വിളിക്കുന്നത് അവൻ കേട്ടു....കാത്തിരിക്കൂ.........