Novel

മംഗല്യ താലി: ഭാഗം 26

രചന: കാശിനാഥൻ

ഭദ്രേ…അങ്ങനെ തോന്നുമ്പോൾ താലികെട്ടുവാനും, തോന്നുമ്പോൾ വലിച്ചെറിയാനുമല്ല ഞാൻ നിന്നെ വിവാഹം കഴിച്ചത്. സത്യം പറഞ്ഞാൽ പെട്ടെന്ന് ഇങ്ങനെ നടന്നപ്പോൾ എനിക്ക് ലേശം വിഷമമുണ്ടായിരുന്നു, രണ്ടുദിവസം കൊണ്ടാണ് അമ്മ ഇങ്ങനെയൊക്കെ പ്ലാൻ ചെയ്തത്, എന്താണ് കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും അമ്മ എന്നോട് പറഞ്ഞു ഇല്ല, എന്നിട്ടും ഞാൻ അമ്മയെ എതിർത്തു, കുറെയേറെ ബഹളം വച്ചു,പിന്നീടങ്ങനെ കൂടുതലായ് ഒന്നും എന്നോട് പറഞ്ഞില്ല അപ്പോൾ അമ്മ എന്നെ എന്റെ വഴിക്ക് വിടുകയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ അന്ന് അനിയേട്ടന്റെ ആ കതിർമണ്ഡപത്തിൽ എത്തിയപ്പോഴാണ്, എന്റെ വിവാഹവും അന്നേദിവസം അവിടെ വച്ച് നടക്കപ്പെടും എന്ന് ഞാൻ അറിഞ്ഞത്. കുറെയേറെ തവണ ഞാൻ അമ്മയെ എതിർത്തു, പക്ഷേ അമ്മ തീരുമാനിച്ചത് അപ്പോൾ അവിടെ നടക്കൂ എന്ന വാശിയിലായിരുന്നു.
വിവാഹത്തെക്കുറിച്ച് ഒക്കെ ഏതൊരു പുരുഷനെയും പോലെ എനിക്കും ചില സങ്കല്പങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടായിരുന്നു,വെളുത്തു തുടുത്ത് പൂവൻപഴം പോലുള്ള പെൺകുട്ടിയെ വേണമെന്ന് ഒന്നും അല്ലായിരുന്നു കേട്ടോ,എന്നാലും വിവാഹത്തിനു മുന്നെ മനസ്സ് തുറന്ന് കുറെ സംസാരിക്കണം എന്നും,രണ്ടാളുടെയും ഇഷ്ടങ്ങളൊക്കെ പരസ്പരം മനസ്സിലാക്കി, പുതിയൊരു ജീവിതത്തിലേക്ക് തുടക്കം കുറിക്കണമെന്നും ഒക്കെയായിരുന്നു എന്റെ കാഴ്ചപ്പാട്. പെട്ടെന്ന് അതെല്ലാം കാറ്റിൽ പറത്തി വിട്ടുകൊണ്ട് അമ്മയുടെ ഇഷ്ടത്തിന് ഞാൻ ഒടുവിൽ വഴങ്ങി കൊടുക്കുകയായിരുന്നു.

അപ്പോൾ മൃദുല?

സംശയത്തോടെ ഭദ്ര ഹരിയെ നോക്കി.

മൃദുല എന്റെ കസിൻ സിസ്റ്റർ ആണ്,അതിനേക്കാൾ ഉപരി എന്റെ ബെസ്റ്റ് ഫ്രണ്ടും.ഒരിക്കലും അവളെ ഞാൻ എന്റെ ഭാര്യയുടെ സ്ഥാനത്ത് കണ്ടിട്ടില്ല,ഇനിയൊട്ടു കാണാനും പോകുന്നില്ല.അതുപോലെതന്നെയാണ് അവൾ തിരിച്ചും.എന്റെ അമ്മയുടെ സഹോദരന്റെ മകളാണ് മൃദുല,തനിക്ക് ഏകദേശം എന്റെ അമ്മയെ ഇപ്പോൾ മനസ്സിലായി കാണുമല്ലോ,അപ്പോൾ അവരുടെ സഹോദരനെ ഊഹിക്കാല്ലോ,അത്രയേ ഉള്ളൂ, എന്റെ അമ്മ പറയും പോലെ എന്നെ മാത്രം മനസ്സിൽ ഓർത്തു കരഞ്ഞു നിലവിളിച്ചിരിക്കുകയൊന്നും അല്ല മൃദുല, വളരെ ബോൾഡ് ആയിട്ടുള്ള നല്ലൊരു പെൺകുട്ടിയാണ് അവള്. അമ്മാവൻ ഈ കാര്യം സംസാരിച്ചപ്പോൾ തന്നെ അവൾ അവരോട് ബഹളം വെച്ചു. ഈ പ്രൊപ്പോസലിന്റെ കാര്യം അവളോട് ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ,അവൾക്ക് തോന്നിയവനെ കണ്ടുപിടിച്ച അവന്റെ ഒപ്പം ഇറങ്ങിപ്പോകും എന്നും, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കും എന്നും പറഞ്ഞു അമ്മാവനെ വിരട്ടിയിരിക്കുകയാണ്. ആ മൃദുല ആണോ ഇങ്ങോട്ട് എന്നെ തേടി വരുമെന്ന് അമ്മ പറഞ്ഞിരിക്കുന്നത്, ചുമ്മാ… അതൊക്കെ അമ്മയുടെ വെറും വ്യാമോഹം മാത്രമാണ്..

ഭദ്ര അവനെ തുറിച്ചു നോക്കി നിൽക്കുകയാണ്.

താനൊരു കാരണവശാലും മടങ്ങിപ്പോകും ഒന്നും വേണ്ട,തനിയ്ക്ക് കുറെയേറെ ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടെന്നല്ലേ പറഞ്ഞത്, നല്ലൊരു ജോലി മേടിക്കണം ഓർഫനേജിൽ എല്ലാവരെയും ഹെല്പ് ചെയ്യണം, തന്റെ അച്ഛനെയും അമ്മയെയോ ആരെയെങ്കിലും ഒരാളെ എങ്കിലും തനിക്ക് കണ്ടുപിടിക്കണം… ഇതൊക്കെയല്ലേ ഭദ്രകുട്ടിയുടെ ആഗ്രഹങ്ങൾ…. വെട്ടം സിനിമയിൽ നമ്മുടെ ഹീറോയിൻ പറയുന്നതുപോലെ, എന്റെ കൂടെ നിന്നാലെ, ഞാൻ ഇയാളെ സഹായിക്കാം, തന്റെ ലക്ഷ്യങ്ങളൊക്കെ പൂർത്തീകരിക്കുവാൻ ഈ ഹരിനാരായണൻ കൂടെയുണ്ടായിരിക്കും, ആലോചിച്ചു പറഞ്ഞാൽ മതി. അവിടെ ആരൊക്കെ തടസ്സമായാലും അതൊക്കെ തുടച്ചുമാറ്റുന്ന കാര്യം ഞാൻ ഏറ്റു..

ആലോചിക്കാൻ ഒന്നുമില്ല ഹരിയേട്ടാ,വേണ്ട അതൊന്നും ശരിയാവില്ല,എന്നോട് ദേഷ്യം ഒന്നും തോന്നരുത്,എനിക്ക് ഹരിയേട്ടനോടൊപ്പം താമസിക്കുവാൻ ബുദ്ധിമുട്ടുണ്ട്,എന്റെ വിലയും നിലയും ഒക്കെ ഞാൻ നോക്കേണ്ടവളാണ്,അതിനനുസരിച്ചുള്ള പദവിയിലേക്ക് ഞാൻ ഉയരാൻ പാടുള്ളൂ,മംഗലത്ത് വീട്ടിലെ ഹരിനാരായണന്റെ ഭാര്യാപദവി അതൊരിക്കലും എനിക്ക് വേണ്ട…… എന്നോട് ക്ഷമിക്കണം.

ഹരി തന്റെ ചൂണ്ടുവിരൽ താടിയിലേക്ക് മുട്ടിച്ചുകൊണ്ട് അവളെ സാകൂതം നിരീക്ഷിച്ചു.

സത്യം പറഞ്ഞാൽ,ഭദ്ര തന്റെ വാക്കുകൾ കേൾക്കുമ്പോൾ സമ്മതിക്കും എന്നായിരുന്നു കരുതിയത്. പക്ഷേ തനിക്ക് തെറ്റിപ്പോയി, ഒന്നാലോചിക്കാൻ പോലും കൂട്ടാക്കാതെ കൊണ്ട് അവൾ വേഗം തന്നെ മറുപടി പറഞ്ഞു. അതിന്റെ കാരണം അമ്മയെ അവൾ ഭയന്നതാണ്.

അതെന്താ ഭദ്രേ, തന്റെ സങ്കല്പത്തിലുള്ള ഒരാളല്ലേ ഞാന്, അതുകൊണ്ടാണോ താൻ എന്നെ ഒഴിവാക്കുന്നത്.

അയ്യോ അല്ല..സത്യമായിട്ടും അല്ല… ഞാൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ല, പക്ഷേ വേണ്ട ഹരിയേട്ടാ ഞാനിനി ഇവിടെ തുടരുന്നത് ശരിയല്ല.

ഇത്രയൊക്കെ കാര്യങ്ങൾ വഷളായി സ്ഥിതിക്ക് തന്നെ ഇനി ഓർഫനേജിൽ അമ്മ നിർത്തുമെന്ന് തോന്നുന്നുണ്ടോ…
പെട്ടെന്ന് അവൻ ചോദിച്ചു.

അറിയില്ല, സാധ്യത കുറവാണ്, പക്ഷേ മീര ടീച്ചർ എനിക്ക് എന്തെങ്കിലും ഒരു വഴി കാട്ടിത്തരും, ആ ഒരു വിശ്വാസത്തിലാണ് ഞാൻ..

എല്ലാവരെയും അത്രയ്ക്ക് വിശ്വാസമുണ്ട്,പക്ഷേ എന്നെ മാത്രം… എന്തേ….

എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്.നൂറു വട്ടം.. പക്ഷെ ഞാൻ ഇവിടെ തുടരുന്നത് ഹരിയേട്ടന്റെ ജീവിതം കൂടിഇല്ലാതാക്കും.. അതുകൊണ്ടാണ്.എനിയ്ക്ക് പോണം, പോയെ തീരൂ

അവൾ വീണ്ടും അത് തന്നേ ആവർത്തിച്ചു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button