മംഗല്യ താലി: ഭാഗം 29
Nov 13, 2024, 06:46 IST
രചന: കാശിനാഥൻ
ഭദ്രേ... എടി... വാതിൽ തുറക്കെടി അസത്തെ.. അപ്പോളേക്കും കേട്ടു മഹാലക്ഷ്മിയുടെ ഉറക്കെയുള്ള വിളിയൊച്ച. ഭദ്രയെ കിടു കിടെ വിറച്ചു പോയിരിന്നു വാതിൽ തുറക്കണോ വേണ്ടയോ എന്നോർത്ത് അവൾ കുറച്ച് സമയം അതേ നിൽപ്പ് നിന്നു.കാരണം ഹരി പ്രത്യേകം പറഞ്ഞിട്ട് പോയതാണ് വാതിൽ തുറക്കരുത് എന്നുള്ളത്,അതുപോലെ അനിരുദ്ധനും. അതുകൊണ്ടാണ് അവൾ സത്യത്തിൽ ശങ്കിച്ചു നിന്നതുപോലും. എടി ഭദ്രേ .. നിന്റെ ചെവി കേട്ടൂടെ... അതോ മനപ്പൂർവ്വം വാതിൽ തുറക്കാത്തതാണോടി നീയ് .... പുറത്തുനിന്നും മഹാലക്ഷ്മി വീണ്ടും ഉച്ചത്തിൽ വാതിലിൽ കൊട്ടുന്നുണ്ട്.. എന്തും വരട്ടെയെന്ന് ഓർത്തുകൊണ്ട് ഭദ്ര രണ്ടും കൽപ്പിച്ച് വാതിൽ തുറന്നു. എന്താടി നിനക്ക് വാതിൽ തുറക്കുവാൻ ഇത്ര താമസം ഞാൻ വിളിച്ചത് നീ കേട്ടില്ലായിരുന്നോ? അവളുടെ ഇരുതോളിലും പിടിച്ച് ശക്തിയായി കുലുക്കുകയാണ് മഹാലക്ഷ്മി മറുപടിയൊന്നും പറയാതെ ഭദ്ര അവരെ ഉറ്റു നോക്കി നിന്നു. നീയെന്താടി നോക്കി പേടിപ്പിക്കുന്നെ....? അവർ അകത്തേക്ക് കയറി അവളെ അടിമുടി നോക്കി ലക്ഷ്മി അമ്മയോട് ഞാൻ പറഞ്ഞത് സത്യമാണ്,എനിക്ക് എങ്ങനെയെങ്കിലും ഇവിടെ നിന്നും ഒന്നു പോയാൽ മാത്രം മതി.ലക്ഷ്മി അമ്മയുടെ മകന്,ജാതകത്തിൽ രണ്ടു വിവാഹത്തിന് യോഗമുണ്ട് ശരിയായിരിക്കാം,അതിൽ ആദ്യത്തേത് നടന്നു കഴിഞ്ഞു, ഇനി അമ്മയുടെ ഇഷ്ടപ്രകാരം ഏത് പെൺകുട്ടിയെ വേണമെങ്കിലും, ഹരിയേട്ടനെ കൊണ്ട് കല്യാണം കഴിപ്പിച്ചോളൂ. എനിക്കതിൽ സത്യമായിട്ടും യാതൊരു പരാതിയുമില്ല. ഇവിടെ നിന്നും എങ്ങനെയെങ്കിലും എന്റെ ഓർഫനേജിലേക്ക് എന്നെ ഒന്ന് എത്തിച്ചു തരാൻ ഉള്ള കരുണ ഉണ്ടായാൽ മാത്രം മതി. അവൾ അവരുടെ മുന്നിൽ നിന്ന് കൈകൂപ്പി കരഞ്ഞു. മതിയെടി നിന്റെ അഭിനയം ഒക്കെ.... നീയ് ബുദ്ധിമതിയാണ്. നല്ല അസ്സല് ബുദ്ധി മതിഅതുകൊണ്ടാണല്ലോ എന്റെ മകനെ,നീ കുപ്പിയിലാക്കി വെച്ചിരിക്കുന്നത്. പക്ഷേ എന്റെ അടുത്ത് നിന്റെ ഒരു അഭ്യാസവും നടക്കില്ല. ഈ മഹാലക്ഷ്മിയെ നിനക്ക് ശരിക്കും അറിഞ്ഞുകൂടാ, ഇന്നുവരെ എന്റെ നേർക്ക് ഒരക്ഷരം പോലും എതിർത്ത് പറയാതിരുന്ന എന്റെ ഹരി, ആദ്യമായി ശബ്ദം ഉയർത്തിയത്, നിന്റെ പേരിലാണ്... നീ എന്തൊക്കെയോ കള്ളക്കഥകൾ പറഞ്ഞുകൊടുത്ത് അവനെ മാറ്റിയെടുത്തു, അതുകൊണ്ടല്ലേടി അവൻ എന്നോട് വഴക്കുണ്ടാക്കിയത്.... അനുഭവിയ്ക്കും നീയ്, ഇഞ്ചിഞ്ചായി നീറി നീറി നീ അനുഭവിച്ചേ ഈ ഭൂമിയിൽ നിന്ന് പോകുവൊള്ളൂ..... അവർ ഇരു കൈകളും അവരുടെ നെറുകയിലേക്ക് വെച്ച് അവളെ ശപിക്കുകയായിരുന്നു. ഭദ്രയാണെങ്കിൽ അതുകണ്ട് വിങ്ങിപ്പൊട്ടി. അവൾക്ക് ശരിക്കും ഒരുപാട് സങ്കടം വന്നു. യാതൊരു തെറ്റും ചെയ്യാത്ത താൻ ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന ശാപവാക്കുകൾ. എന്തൊരു വിധിയാണ് ഈശ്വരാ നീ എനിക്ക് വെച്ച് നീട്ടിയത്, ഇതിനുമാത്രം എന്ത് പാപമാണോ ഞാൻ ചെയ്തത്. ഈ ജന്മത്തിലെ കാര്യം ഒന്നും എനിക്കറിയില്ല, ഏതോ മുജ്ജന്മ ശാപം പോലെ... അവർ പറയുന്ന ഓരോ വാക്കുകൾ കേട്ടുകൊണ്ട് ഭദ്ര അനങ്ങാതെ നിന്നു.. ഓർഫനേജിലേക്ക് മടങ്ങിപ്പോണമത്രേ, കല്ലുവെച്ച നുണകൾ പറഞ്ഞു കൂട്ടുകയാണ് നീയ് അല്ലേടി.... എന്റെ മകനെയും കൂടി ആയിട്ട് ഈ തറവാട്ടിൽ നിന്നും ഇറങ്ങി പോയിട്ട് അവിടെ പൊറുതി തുടങ്ങാൻ വേണ്ടിയാണോ നീയിങ്ങനെ ഒക്കെ പറയുന്നത്. ലക്ഷ്മിയമ്മേ,എന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്,ഒന്നോർത്താൽ പോരെ,ഞാൻ എപ്പോഴെങ്കിലും ഹരിയേട്ടനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു അമ്മയുടെ പിന്നാലെ വന്നതാണോ, അമ്മയും മീര ടീച്ചറും ഒക്കെ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക മാത്രമല്ലേ ഞാൻ ചെയ്തേ... എന്നിട്ട് അവസാനം എന്നെ എല്ലാവരും ചേർന്ന് ക്രൂശിക്കുകയാണല്ലേ.. അല്ലടി നിന്നെ ഇവിടുത്തെ കെട്ടിലമ്മയായി വാഴിക്കാം.അതല്ലേ നിനക്ക് ഇഷ്ടം,അപ്പോൾ അങ്ങനെ തുടരാം.. എന്തെ.. നിനക്ക് സന്തോഷമാകുമോ.. അവർ പുച്ഛഭാവത്തിൽ ഭദ്രയെ നോക്കി ചോദിച്ചു. മഹാലക്ഷ്മി ഭദ്രയോട് വഴക്കുകൂടിയ സമയത്ത് അനിരുദ്ധൻ ഹരിയുടെ ഫോണിലേക്ക് കോൾ ചെയ്യുകയായിരുന്നു. എത്രയും പെട്ടെന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടുകൊണ്ട്. താൻ രണ്ടെണ്ണം പറഞ്ഞു ഇറങ്ങിപ്പോന്ന സ്ഥിതിക്ക് അമ്മ ഇനി അവളുടെ അടുത്തേക്ക് ഉടക്കുവാൻ ഒന്നും പോകില്ല എന്നായിരുന്നു ഹരി കരുതിയത്, തന്നെയുമല്ല വൈകുന്നേരം റിസപ്ഷൻ ഉണ്ട്, അപ്പോൾ എന്തായാലും ബ്യൂട്ടിപാർലറിൽ ഒക്കെ അമ്മ പോകും, അതെല്ലാം കൂടി ഓർത്തുകൊണ്ടാണ്, ഹരി ടൗണിലേക്ക് ഒന്നു പറഞ്ഞു ഇറങ്ങിയത്.. അനിയുടെ ഫോൺ വല്ലതും അവൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോകുവാൻ തയ്യാറായി.. പോളേട്ടാ.. അപ്പൊ എല്ലാം പറഞ്ഞത് പോലെ... ഞാൻ വിളിക്കാം കേട്ടോ. പോളിന് കൈ കൊടുത്തു കൊണ്ട് ഹരി വേഗം വണ്ടിയിൽ കയറി. എന്നിട്ട് ഉടനെ തന്നെ അനിയെ വീണ്ടും വിളിച്ചു. ഏട്ടാ ഒന്ന് ശ്രദ്ധിച്ചോണേ..ഞാനൊരു 15 മിനിറ്റിനുള്ളിൽ അവിടെ എത്തും. നീ പേടിക്കണ്ട.. പതിയെ വന്നാൽ മതിടാ... ഹ്മ്മ്... അവനൊന്നു മൂളി. എന്നാലും അമ്മ തന്റെ റൂമിൽ കയറി വാതിൽ അടച്ചു എന്ന് അനി പറഞ്ഞപ്പോൾ ഹരിയുടെ ഉള്ളിൽ ഒരാന്തൽ ആയിരുന്നു അതി വേഗത്തിൽ വണ്ടിയോടിച്ചു അവൻ പാഞ്ഞു....കാത്തിരിക്കൂ.........