മംഗല്യ താലി: ഭാഗം 48

രചന: കാശിനാഥൻ
ഹരി ഇറങ്ങി പോകുന്നതും നോക്കി മഹാലക്ഷ്മി ഞെട്ടിത്തരിച്ച ഇരിക്കുകയാണ്. സ്വപ്നത്തിൽ പോലും കരുതിയതല്ല അവരിൽ നിന്നും ഇങ്ങനെയൊരു സമീപനം ആയിരിക്കും വരുന്നതെന്ന്. അതിനാണ് ഇങ്ങനെയൊരു അറ്റ കൈ പ്രയോഗം നടത്തിയത് പോലും. പക്ഷേ തന്റെ പ്രതീക്ഷകൾക്കപ്പുറമാണ് അവന് അവന്റെ ഭദ്രലക്ഷ്മിയിൽ ഉള്ള സ്ഥാനം എന്ന് വൈകാതെ മഹാലക്ഷ്മിക്ക് മനസ്സിലാവുകയായിരുന്നു..
അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും നെഞ്ച് നീറി പിടഞ്ഞാണ് ഹരി പുറത്തേക്ക് ഇറങ്ങിവന്നത്.
സ്റ്റാഫിൽ പലരും അവനോട് എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുവാനായി ഓടി വരുന്നുണ്ട്. അതും തികച്ചും ഒഫീഷ്യലായ സംശയങ്ങൾ.
അവർക്കൊക്കെ അത് ക്ലിയർ ചെയ്തു കൊടുത്ത ശേഷം ആയിരുന്നു അവൻ ഗേറ്റിന്റെ അടുത്തേക്ക് വന്നത്.
പോളേട്ടൻ സെക്യൂരിറ്റി ചേട്ടനുമായി സംസാരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.
അയാൾ ഹരിയുടെ അടുത്തേക്ക് വേഗത്തിൽ വന്നു.
Aah മോനെ, നീ എപ്പോ എത്തി.
അര മണിക്കൂർ കഴിഞ്ഞു.. അത്രയൊള്ളു.
ഹ്മ്മ്… ബീന വിളിച്ചു. ഭദ്രമോള് അവിടെ ഉണ്ടല്ലേ.
ആഹ്… ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോരണ്ടെന്നു കരുതി, ആദ്യമായിട്ടല്ലേ ആൾക്ക് നല്ല പേടിയും ഉണ്ട്…
അതേതായാലും നന്നായി.. ആ കുട്ടി അവിടെ നിന്നോട്ടെ, ഓഫീസിൽ നിന്നും മടങ്ങിപ്പോകുമ്പോൾ ഹരിക്ക് കൂട്ടിയാൽ മതിയല്ലോ. ബീനയ്ക്കും അമ്മച്ചിക്കും ഒക്കെ ഒരുപാട് ഇഷ്ടമായി ഭദ്രയെ.
ഹ്മ്മ്…
പോള് പറയുന്നത് കേട്ടുകൊണ്ട് ഹരി ഒന്ന് പുഞ്ചിരിച്ചു..
അവളുപാവമല്ലേ പോളേട്ടാ…. മനസ്സ് നിറയെ നന്മകൾ മാത്രമുള്ള ഒരു ശുദ്ധഗതിക്കാരിയാണ് എന്റെ ഭദ്ര. പക്ഷേ അത് അമ്മയ്ക്ക് മാത്രം മനസ്സിലാകുന്നില്ല എന്ത് ചെയ്യാം….
മാഡം വന്നിട്ടുണ്ടല്ലേ മോനെ…കണ്ടിരുന്നോ.
മ്മ്… കണ്ടിട്ട് ജസ്റ്റ് ഇറങ്ങിയതെ ഉള്ളൂ..
ഇങ്ങനെ ഒരു വരവ് പതിവില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ..
പതിവുകൾക്ക് വിപരീതമായി ആണല്ലോ പോളേട്ടാ എല്ലാം സംഭവിക്കുന്നത്. ഇതും അങ്ങനെ കണ്ടാൽ മതി.
ഹരി തന്റെ പോക്കറ്റ് നിന്നും ഫോൺ എടുത്തു. ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ആരോടോ സംസാരിച്ച ശേഷം പെട്ടെന്ന് കോൾ കട്ട് ചെയ്തു.
പോളേട്ടാ എന്നാപിന്നെ ഞാൻ പതിയെ പോയേക്കുവാ … ഏട്ടൻ വൈകുന്നേരത്തല്ലേ എത്തു.
അതെ മോനെ… ഇന്ന് അത്യാവശ്യം തിരക്കുകൾ ഉണ്ട്.മോൻ എങ്ങനെയാ പോകുന്നത്,,,?
ഞാന് ഒരു ഓട്ടോറിക്ഷയിൽ പൊയ്ക്കോളാം..
ആഹ്.. ഓക്കേ.. എന്നാൽപിന്നെ മോൻ വിട്ടോളു. എനിക്ക് ബാങ്കിലേക്ക് പോണം. മാഡം ഇപ്പൊ വിളിച്ചതെഒള്ളു.
ശരി പോളേട്ടാ…
അയാൾക്ക് കയ്യും കൊടുത്ത് അവൻ റോഡിലേക്ക് ഇറങ്ങി..
അങ്ങനെ മംഗലത്ത് കുടുംബത്തിൽ നിന്നും ഹരിനാരായണൻ എന്നൊരു നാമം അമ്മ എടുത്തു കളഞ്ഞിരിക്കുന്നു..
ഈ സ്ഥാപനങ്ങൾക്ക് ഒക്കെ വേണ്ടി താൻ എത്രമാത്രം കഷ്ടപ്പെട്ടതണ്.. തന്റെ ബുദ്ധിയും കഴിവും ഒക്കെ ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായിട്ട് ഈ സ്ഥാപനം പടുത്തുയർത്തി കൊണ്ടുവന്നത്. എന്നിട്ട് അമ്മയുടെ സംസാരം കേട്ടില്ലേ, തനിക്ക് യാതൊരു പങ്കുമില്ല എന്ന മട്ടിലാണ് അമ്മ പറയുന്നത്…
ഓർക്കുംതോറും ഹരിയുടെ നെഞ്ചിൽ കാരമുള്ളുകൊണ്ട് വലിക്കുന്നത് പോലെ ഒരു തോന്നൽ ആയിരുന്നു.
ഭദ്രയെ ഉപേക്ഷിച്ചാൽ, താൻ ചൂണ്ടിക്കാണിക്കുന്ന സ്വത്ത് അമ്മ തന്റെ പേരിലേക്ക് ആക്കി തരും… പക്ഷെ തനിയ്ക്കതൊന്നും വേണ്ട….
തന്റെ സ്വത്ത് എന്ന് പറയുന്നത് ഭദ്രയാണ്… അവൾ കൂടെയുണ്ട് താനും…
ഓട്ടോറിക്ഷയിൽ ബീന ചേച്ചിയുടെ വീടിന്റെ മുറ്റത്ത് വന്നിറങ്ങിയപ്പോൾ ഭദ്രയും അമ്മച്ചിയും കൂടി ഉമ്മറത്തുണ്ട്.
ഹരിയെ കണ്ടതും , നറുനിലാവ് ഉദിച്ചു വന്നത് പോലെയായിരുന്നു അവളുടെ മുഖം..
അരഭിത്തിയിൽ ഇരുന്നവൾ
ചാടി എഴുന്നേറ്റു.എന്നിട്ട് അവൻ വരുന്നത് നോക്കി നിൽക്കുകയാണ്.
ഓട്ടോറിക്ഷ പറഞ്ഞുവിട്ടില്ലായിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് അവൾക്ക് മനസ്സിലായി..
അപ്പോഴേക്കും ബീന ചേച്ചിയും പുറത്തേക്കിറങ്ങി വന്നു.
ചേച്ചിയാണെങ്കിൽ അടുക്കളയിൽ ഭയങ്കര പാചകത്തിൽ ആയിരുന്നു.
അയ്യോ
മോനെ ഹരി… നേരത്തെ വന്നല്ലോ.. ഞാന് ഊണ് കാലമാക്കുവാരുന്നു.
പോയിട്ട് അല്പം തിരക്കുണ്ട് ചേച്ചി, മറ്റൊന്നും ഓർക്കരുത്… വളരെ അത്യാവശ്യമായതു കൊണ്ടാണ്. അടുത്ത ദിവസം തന്നെ ഞാനും ഭദ്രയും ഇവിടേക്ക് വരാം.. ഊണൊക്കെ കഴിച്ചിട്ട് മടങ്ങുവൊള്ളൂ.
ശോ… കഷ്ടമായല്ലോ മോനെ… ഒരു മണിക്കൂർ കൂടി നിന്നാൽ മതിയായിരുന്നു.
സമയമില്ലാത്തതുകൊണ്ട ചേച്ചി സോറി… അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒഴിവ് കഴിവുകൾ പറയുന്നതല്ലല്ലോ ചേച്ചിയോട്..
അവൻ പിന്നെയും പറഞ്ഞപ്പോൾ അത് ശരിയാണെന്ന് ബീനയ്ക്ക് തോന്നി.
അമ്മച്ചിയോടും ബീന ചേച്ചിയോടും യാത്ര പറഞ്ഞ് ആ ഓട്ടോറിക്ഷയിൽ തന്നെ ഹരിയും ഭദ്രയും അവരുടെ വാടക വീട്ടിലേക്ക് മടങ്ങി..
ഹരിയുടെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് നോക്കിയപ്പോൾ, അവന് എന്തോ വിഷമമുള്ള കാര്യം, മനസ്സിൽ തട്ടിയിട്ടുണ്ടെന്ന്
ഭദ്രേയ്ക്ക് തോന്നി. കാരണം അത്രമേൽ ഗൗരവത്തോടെയാണ് ഹരിയുടെ ഇരിപ്പ്.
എന്താണെന്ന് വീട്ടിലെത്തിയിട്ട് ചോദിക്കാമെന്ന് ഭദ്ര ഓർത്തു..
ഒരു തണുത്ത സ്പർശം അവളുടെ വിരലുകളെ കീഴ്പ്പെടുത്തിയപ്പോൾ, പെട്ടെന്ന് ഭദ്ര മുഖം തിരിച്ചു നോക്കി.
ഹരിയുടെ വലം കൈയുടെ വിരലുകൾ അവളുടെ വിരലുകളിൽ കോർത്തു പിണച്ചുകൊണ്ട് അവൻ ഒന്ന് നെടുവീർപ്പെട്ടു.
എന്നിട്ട് സീറ്റിലേക്ക് ചാരി കണ്ണുകൾ അടിച്ചിരുന്നു
അവന്റെ പിടുത്തം അൽപ്പമൊന്നയഞ്ഞപ്പോൾ ഭദ്ര അതിൽ പിടിമുറുക്കി.. കൂടുതൽ കടുപ്പത്തിൽ…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…