Novel

മംഗല്യ താലി: ഭാഗം 49

രചന: കാശിനാഥൻ

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ വാതിൽക്കൽ ഓട്ടോയിൽ വന്നിറങ്ങിയ ശേഷം അയാൾക്കുള്ള ചാർജും കൊടുത്ത് ഹരി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

അവന്റെ പിന്നാലെ നടക്കുമ്പോൾ ഭദ്ര ഉറപ്പായിരുന്നു അരുതാത്തത് എന്തോ ഹരിയ്ക്ക് സംഭവിച്ചുഎന്ന്.

കാരണം അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അത്രമേൽ സങ്കടപ്പെട്ട് അവൾ കണ്ടിട്ടേ ഇല്ലായിരുന്നു.

ഹരിയേട്ടാ ഊണെടുത്തു വയ്ക്കട്ടെ.. നേരെ ഒരുപാട് ആയല്ലോ…ഏട്ടൻ എന്തെങ്കിലും കഴിച്ചിരുന്നോ..

ഇപ്പോ ഒന്നും വേണ്ട ഭദ്രേ… കുറച്ചു കഴിയട്ടെ.. വല്ലാത്ത തലവേദന..ഞാൻ ഇത്തിരി നേരം ഒന്ന് കിടന്നിട്ട് വരാം…

ഹരി പെട്ടെന്ന് തന്നെ റൂമിലേക്ക് കയറിപ്പോയി. ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റിയ ശേഷം നേരെ അവൻ ബെഡിലേയ്ക്ക് മറിഞ്ഞു.

എന്താണ് പറ്റിയെ.. പാവം ഹരിയേട്ടൻ.ഈശ്വരാ,,, സങ്കടപ്പെടുത്തല്ലേ

ഭദ്ര മൂകമായി പ്രാർത്ഥിച്ചു.

**

മഹാലക്ഷ്മി മാഡത്തിന് എവിടെയോ പോകണം എന്ന് പറഞ്ഞത്കൊണ്ട് പോള് വണ്ടി ഇറക്കി കൊണ്ട് വരികയാണ്.
അപ്പോഴേക്കും കണ്ടു വലിയ ഗൗരവത്തിൽ പത്രാസോടുകൂടി നടന്നു വരുന്ന മഹാലക്ഷ്മിയെ.

വണ്ടിയുടെ അരികിലേക്ക് വന്നശേഷം അവർ മുൻവശത്ത് ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു.

എവിടേക്കാണെന്ന് അവർ പറയാഞ്ഞതിനാൽ, വളരെ ഭവ്യതയോടെ പോൾ അവരെയൊന്നും നോക്കി.

മംഗലത്തെ വീട്ടിലേക്ക്…..
കടുപ്പത്തിൽ മഹാലക്ഷ്മി പറഞ്ഞു.
അതിനുശേഷം അയാൾ വണ്ടി തിരിച്ചു വിട്ടു.

ഹരിക്ക് താമസിക്കുവാൻ വാടക വീട് റെഡിയാക്കി കൊടുത്തത് താനായിരുന്നോടോ..
യാതൊരു മുഖവുരയും കൂടാതെ മഹാലക്ഷ്മി ചോദിച്ചു..

പെട്ടെന്ന് അവർക്കൊരു മറുപടി കൊടുക്കുവാൻ , പോളിന് സാധിച്ചില്ല എന്നതായിരുന്നു സത്യം.

ചോദിച്ചത് കേട്ടില്ലേ താന്… ഹരിക്ക് വീട് എടുത്തു കൊടുത്തത് താനാണോ.

അത് പിന്നെ മാഡം,, ഹരികുഞ്ഞിന്, ഭദ്ര മോളോടൊപ്പം താമസിക്കുവാനായി, ചെറിയൊരു വീട് എവിടെയെങ്കിലും തരപ്പെടുത്താമോ എന്ന് എന്നോട് ചോദിച്ചു.. എന്റെ പരിചയത്തിലുള്ള ഒരു ബ്രോക്കറോട് ആണ് ഞാൻ ഇക്കാര്യം പറഞ്ഞത്.. നാലഞ്ചു വീടുകൾ ഒഴിവുണ്ടായിരുന്നു.

ഹ്മ്മ്…. അവൻ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത്..

സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല മാഡം, ഞാൻ വീടുകളെക്കുറിച്ച് ഒക്കെ പറഞ്ഞതേയുള്ളൂ. ഹരി ഏതു വീടാണ് സെലക്ട് ചെയ്തതെന്ന് എനിക്കറിയില്ല..

ഓഹോ… അത് കളവാണല്ലോ പോളേ,,, എന്തൊക്കെയായാലും ശരി, തന്നോട് പറയാതിരിക്കില്ല.

അല്ല മാഡം…. എനിക്കറിയില്ല, ഇന്നലെയൊക്കെ ഞാൻ ഹരിയെ ഫോൺ ചെയ്യാൻ ശ്രമിച്ചിരുന്നു പക്ഷേ കോൾ കണക്ട് ആയിരുന്നില്ല.

ഹ്മ്മ്……. ഞാനത് വിശ്വസിച്ചു, എന്തേ തനിക്ക് സന്തോഷമായോ. എടോ പോളേ, തനിക്ക് നുണ പറയാൻ ഒന്നുമറിയില്ലടോ, നിന്ന് പരുങ്ങുന്നത് കാണുമ്പോൾ എനിക്ക് ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടി.. സാരമില്ല താൻ പറയണ്ട, ഞാൻ വേറെ വഴിക്ക് കണ്ടു പിടിച്ചോളാം. മഹാലക്ഷ്മി അയാളെ പരിഹസിച്ചു..

എന്തൊക്കെയായാലും ശരി, ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ തനിക്ക് കൊള്ളാം, കാരണം ഇനിമുതൽ താൻ ഹരിയുടെ ഡ്രൈവർ അല്ല, അവന്റെ ഓഫീസിലെ കാര്യങ്ങൾ നോക്കാനും തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.. ഇനിമുതൽ ഞാനും എന്റെ മൂത്തമകൻ അനിരുദ്ധനും ആയിരിക്കും ഓഫീസിൽ കാണുന്നത്, തനിക്ക് ശമ്പളം തരുന്നതും, ഈ മഹാലക്ഷ്മിയാണ്.. ഹരിക്ക് യാതൊരു സ്ഥാനവുമില്ലവിടെ, അതോർത്താൽ തനിക്ക് കൊള്ളാം…
മഹാലക്ഷ്മി തികഞ്ഞ ഗാർവ്വോടുകൂടി പറയുകയാണ്..

പോളിനാണെങ്കിൽ കാര്യം പിടികിട്ടിയതുമില്ല. അയാൾ അവരെയൊന്നും മുഖം തിരിച്ചു നോക്കി.

എന്റെ വാക്ക് ധിക്കരിച്ചിറങ്ങി പോയവനാണ് ഹരി, മംഗലത്ത് കുടുംബത്തിൽ നിന്നും , അവളെയും വലിച്ചു കൊണ്ട് ഇറങ്ങി പോയപ്പോൾ, ഹരി ഓർത്തിരുന്നില്ല , അമ്മയുടെ ഇനിയുള്ള നീക്കം എങ്ങനെയാണെന്ന്… എന്റെ കുടുംബത്തിന്റെതായ യാതൊരു, സ്ഥാപനങ്ങളിലൊ വസ്തുവകകളിലോ, ഒന്നും തന്നെ അവന് ഒരു സ്ഥാനവുമില്ല. ഇറക്കിവിട്ടടോ ഞാൻ അവനെ…പുഷ്പം പോലെ നുള്ളി കളഞ്ഞു .

ഇക്കുറി അവര് പറയുന്നത് കേട്ടതും, പോളേട്ടൻ ശരിക്കും ഞെട്ടിത്തരിച്ചു പോയിരുന്നു.

ഹരിയെ പറഞ്ഞുവിട്ട വിവരങ്ങൾ മുഴുവൻ മഹാലക്ഷ്മി അയാളെ ധരിപ്പിച്ചു
ഒരു വാക്കുപോലും ഉരിയാടാൻ അയാൾക്ക് സാധിച്ചില്ല. കാരണം ഹരി ഒറ്റയൊരാൾ കാരണമാണ് ആ കമ്പനി അത്രമേൽ മികവോടുകൂടി പടുത്തുയർത്തു നിൽക്കുന്നത് എന്നുള്ളത് അവിടുത്തെ ഓരോ സ്റ്റാഫിനും വ്യക്തമായ കാര്യമാണ്.. അവന്റെ കൂർമ്മബുദ്ധിയിൽ സൂക്ഷ്മതയോട് കൂടി ഓരോ കരുക്കൾ നീക്കുന്നത് കൊണ്ടാണ്, മറ്റേതൊരു കമ്പനിയോടും കിടപൊരുതി ഹരി കുതിച്ചു കയറുന്നത്. അവന്റെ നാലിൽ ഒരംശം പോലും കഴിവും തന്റേടവും ഇല്ല അനിരുദ്ധന്.
ഹരി എന്തുപറയുന്നു അത് ചെയ്യുമെന്നല്ലാതെ അത്രയ്ക്ക് മികവുറ്റയാളൊന്നുമല്ല അവൻ..

പോളിന്റെ മനസ്സിലൂടെ പലവിധ വിചാരങ്ങളുഴറി നടക്കുകയായിരുന്നു..
ഓഫീസിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഹരിക്ക് എന്തോ സങ്കടം ഉള്ളതുപോലെ തോന്നിയിരുന്നു. അത് പക്ഷേ മഹാലക്ഷ്മിയുമായി എന്തെങ്കിലും വാക്കേറ്റം ഉണ്ടായതാകും എന്നാണ് കരുതിയത്. കാരണം അമ്മയും മകനും അത്ര രസത്തിൽ അല്ലന്നുള്ളത് പോളിനും അറിയാം. അതിന്റെ എന്തെങ്കിലു പ്രശ്നമായിരിക്കും ഹരിയുടെ മുഖഭാവം മാറിയതെന്ന് ഓർത്തു. പക്ഷേ കാര്യങ്ങൾ ഇത്രത്തോളം വഷളായി എന്നുള്ളത് സ്വപ്നത്തിൽ പോലും തന്റെ മനസ്സിൽ വന്നില്ല..

മംഗലത്ത് വീട്ടിലേക്ക് വണ്ടി എത്തിയപ്പോൾ ഒരു സെക്യൂരിറ്റി ഓടിവന്ന് ഗേറ്റ് തുറന്നു..

കാറിൽ നിന്ന് ഇറങ്ങവെ മഹാലക്ഷ്മി പോളിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി..

അപ്പോൾ എങ്ങനെയാ പോളേ മുന്നോട്ടുള്ള കാര്യങ്ങളൊക്കെ…, എന്റെ വാക്ക് കേട്ട് നിൽക്കാൻ ആണോ അതോ, യാതൊരു വേലയും കൂലിയും ഇല്ലാത്ത ഹരിയുടെ കൂടെ കൂടാനോ..ഒരു കുടുംബം കഴിഞു പോകേണ്ടതാണ്.. അതോർത്താൽ നന്ന്

മഹാലക്ഷ്മി പറഞ്ഞതും
മറുതൊന്നും ചിന്തിക്കാതെ, വണ്ടി ഓഫ് ചെയ്തിട്ട് കാറിന്റെ കീ അയാൾ മഹാലക്ഷ്മിയുടെ കൈയിലേക്ക് കൊടുത്തു.

ഇതാ മാഡം..ഇത് ഐശ്വര്യമായിട്ട് അങ്ങ് തിരികെ മേടിച്ചോളൂ.

പെട്ടെന്നയാൾ പറഞ്ഞതും മഹാലക്ഷ്മി ഒന്ന് അമ്പരന്നു..

നിങ്ങളുടെ ഡ്രൈവറായി തുടരുന്നതിനും ഭേദം,എവിടെയെങ്കിലും പിച്ചയെടുത്ത് ജീവിക്കുന്നതാണ്.. 10 മാസം മുമ്പ് പ്രസവിച്ച മകനെ അല്ലേ നിഷ്ക്കരുണം നിങ്ങൾ വലിച്ചെറിഞ്ഞത്, ഹരി ഒറ്റ ഒരാളാണ് ഈ കുടുംബത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം, അത് ഇവിടുത്തെ പുൽനാമ്പിന് പോലും വ്യക്തമായിട്ട് അറിയാം, ആ മകനെ നിങ്ങൾ തെരുവിലേക്ക് ഇറക്കി വിട്ടിട്ട്, വിസ്തരിക്കുന്നോ.. യാതൊരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ പറയുവാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു. മരണം വരെയും ഈ പോൾ ഹരിയുടെ കൂടെ കാണും… അതിൽ ഒരു മാറ്റവും ഇല്ല… നിങ്ങൾ നോക്കിക്കോ, നിങ്ങളെക്കാൾ സമ്പന്നനായി, അധികാരത്തോടെ, സ്വന്തമായി അധ്വാനിച്ച് എല്ലാം കെട്ടിപ്പടുത്ത് ഹരി ജീവിയ്ക്കും.. ഇത് പറയുന്നത് അവന്റെ സ്വന്തം പോളേട്ടനാണ്. അവനു വേണ്ട എന്ത് സഹായവും ചെയ്തു കൊടുത്തു,ഞാൻ ഒപ്പം നിൽക്കും… നിങ്ങളെപ്പോലൊരു ദുഷ്ടയായ സ്ത്രീയുടെ വയറ്റിൽ പിറന്നു എന്നുള്ള ഒരു തെറ്റ് മാത്രമേ അവൻ ചെയ്തുള്ളൂ..

അന്തസ്സുള്ളവനാ ഹരി,, മംഗലത്ത് വീട്ടിലെ ഒരു മണൽത്തരി പോലും ഹരിയ്ക്കു വേണ്ട..അവന്റെ തലച്ചോറ് വെച്ച് അവൻ പ്രവർത്തിക്കും… കണ്ടോ….. കളി തുടങ്ങാൻ പോകുന്നതേയൊള്ളു..

പോളു മഹാലക്ഷ്മിയെ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!