Novel

മംഗല്യ താലി: ഭാഗം 53

രചന: കാശിനാഥൻ

പോള് കരഞ്ഞുകൊണ്ട് പറയുന്നത്കേട്ട് ഒരുവൾ വാതിലിനപ്പുറം തരിച്ചു നിൽപ്പുണ്ടായിരുന്നു

ഈശ്വരാ…. അപ്പോ ഹരിയേട്ടൻ വിഷമിച്ചതിന്റെ കാരണം, ഇതായിരുന്നോ.

മോനെ…. നിന്റെ അമ്മ എന്തൊക്കെയാണെന്നോ എന്നോട് വിളിച്ചു കൂവിയത്.. അവര്… അവര് നിന്റെ പെറ്റതള്ളയാണോടാ… എനിയ്ക്ക് നല്ല സംശയമുണ്ട്.. ഏട്ടൻ സത്യമാണ് പറയുന്നത്, അവര് നിന്റെ അമ്മയല്ല,,, കുറച്ചെങ്കിലും രക്തബന്ധം നിന്നോട് ഉണ്ടായിരുന്നുവെങ്കിൽ, ഇങ്ങനെയൊന്നും ആ സ്ത്രീ പെരുമാറില്ലായിരുന്നു. അവരുടെ ഉള്ളം നിറയെ കുരുട്ട് ബുദ്ധിയാണ് മോനെ. അടവ് പിടിച്ച സ്ത്രീയാണ്.. ഈ ലോകത്തിൽ ഇങ്ങനെ ഒരു സാധനം ഉണ്ടോ എന്നുപോലും എനിക്ക് സംശയമാണ്. അവര് പറഞ്ഞിട്ടില്ലേ നീയ് ഭദ്രമോളേ വിവാഹം കഴിച്ചത്, അവരുടെ വാക്ക് ധിക്കരിയ്ക്കാതെ നീ അത് ചെയ്തിട്ട് ഒടുവിൽ കുറ്റം മുഴുവൻ നിനക്കായി..

ഹരിക്കുട്ട…. നീ നല്ലവനാടാ ഒരുപാട് ഒരുപാട് നന്മയുള്ളവനാണ് നീയ്..അത്കൊണ്ടാണ് ഭദ്ര മോളെ നീ ഉപേക്ഷിക്കാതെ നിന്നോട് ചേർത്തുവച്ചത്..അവൾ അനാഥയായി പോയത് അവളുടെ തെറ്റുകൊണ്ടാണോ, ജന്മം നൽകിയ മാതാപിതാക്കൾ, ആ പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞു പോയത്, അവളുടെ പാപം കൊണ്ടല്ല, മുകളിൽ ഇരിക്കുന്നവന്റെ തീരുമാനം അങ്ങനെയായിരുന്നു അവൾ അനുഭവിച്ച ദുഃഖവും ദുരിതവും എല്ലാം, തുടച്ചു മാറ്റിക്കൊണ്ട്, എന്റെ ഹരിക്കുട്ടന്റെ ഭാര്യയായി ഈശ്വരൻ ചേർത്തുവച്ചത് , എല്ലാ സൗഭാഗ്യവും ഇനിയുള്ള കാലം അനുഭവിക്കുവാനാണ്.

ആ പാവത്തിനെ ഉപേക്ഷിക്കാതെ, എന്റെ മോൻ വീടുവിട്ടിറങ്ങിയില്ലേ, അതിന് പകരമായി, മഹാലക്ഷ്മി എന്ന തമ്പുരാട്ടി എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്… കാണാ മോനെ നമുക്കെല്ലാം കാത്തിരുന്നു കാണാം.

സത്യം പറയാലോ, ഒരമ്മയുടെ വയറ്റിൽ നിന്ന് വന്നവരാണെങ്കിലും, നിന്റെ പകുതി കഴിവു പോലുമില്ല അനിരുദ്ധന്. നീ പറയുന്നത് എന്തോ അത് ചെയ്താണ് അവൻ പ്രശസ്തനായിട്ടുള്ളത്, അല്ലാതെ സ്വന്തമായിട്ട് ഒരു തീർച്ച തീരുമാനവും ഇല്ല അയാൾക്ക്…

നിന്റെ ബുദ്ധി ഉപയോഗിച്ചാണ്, ഈ കമ്പനി ഇത്രത്തോളം വലുതായത് എന്നുള്ളത് മഹാലക്ഷ്മി മാഡത്തിന് അറിയില്ലല്ലേ… അതുകൊണ്ട് ധൈര്യമായിട്ട് ഇനി എല്ലാ കാര്യങ്ങളും അമ്മയും മകനും കൂടി അങ്ങ് ചെയ്തോളും. പിന്നെ ഐശ്വര്യയില്ലേ,, ആ കുട്ടി അത്ര തങ്കമൊന്നുമല്ല.. ഇവരെ വരച്ച വരയിൽ നിർത്തുംഇല്ലെങ്കിൽ നോക്കിക്കോ…. പോളേട്ടൻ പറയുന്നതിൽ,അണുവിട മാറ്റം വരില്ല ഹരിക്കുട്ടാ.

ഇവര് അനുഭവിക്കും.. എന്റെ മോനോട് ഇങ്ങനെ പെരുമാറിയതിന് ഈശ്വരൻ ആ സ്ത്രീയെ വെറുതെ വിടില്ല..മോനും ഭദ്രമോൾക്കും ഞങ്ങളുണ്ട്…ഞാനും എന്റെ കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നത് നിന്നോട് മാത്രമാണ്.

പോളേട്ടൻ കേറി വന്നേ..ഞാനൊന്ന് പറയട്ടെ.. ആളുകൾ ആരെങ്കിലും കേൾക്കും.

അവൻ അയാളുടെ വലം കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു.

അപ്പോഴാണ് നിറഞ്ഞ മിഴിയാലേ വാതിലിനപ്പുറം നിൽക്കുന്ന ഭദ്രയെ ഹരി കണ്ടത്.

കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് അവൾ വേഗം അടുക്കളയിലേക്ക് പോയപ്പോൾ ഹരിയ്ക്കും ഏറെ വിഷമമായിരുന്നു…

പോളേട്ടൻ അമ്മയെ കണ്ടോ?
ഹരി അയാളോട് ചോദിച്ചു.

ഹ്മ്മ്.. കണ്ടിരുന്നു.
എന്നോട് വീട്ടിൽ വരെ മേഡത്തിനെ കൊണ്ടുപോയി വിടണം എന്നു പറഞ്ഞു.. അങ്ങനെ വണ്ടിയിൽ കയറിയ ശേഷം ആയിരുന്നു എന്നോട് ഈ സംഭവങ്ങളൊക്കെ പറഞ്ഞത്. ഹരി ഇപ്പോൾ വെറും സീറോ ആണെന്നും, അവരെ നമ്പി നിൽക്കുകയാണെങ്കിൽ, എനിക്ക് മെച്ചം ഉണ്ടാകുമെന്നും, ഹരിക്ക് യാതൊരു സ്വത്ത് വകകളും, കൊടുക്കുവാൻ ഉദ്ദേശിക്കുന്നില്ല ന്നുമൊക്കെ എന്നോട് പറഞ്ഞു..

നടന്ന കാര്യങ്ങൾ അത്രയും അയാൾ വള്ളി പുള്ളി വിടാതെ ഹരിയോട് വിശദീകരിച്ചു കൊടുത്തു.

എല്ലാം കേട്ടുകൊണ്ട് ഹരി സെറ്റിയിൽ അമർന്നിരിക്കുകയാണ്.

അമ്മ ഇത്രമാത്രം അധപതിച്ചു പോകും എന്നുള്ളത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പോളേട്ടൻ തന്റെ പ്രിയപ്പെട്ടവനാണ്. താനും പോളേട്ടനും തമ്മിൽ യാതൊരു രഹസ്യവുംമില്ല, ഒക്കെ ശരി തന്നെ… പക്ഷെ എന്ന് കരുതി തങ്ങളുടെ കുടുംബകാര്യങ്ങളൊക്കെ ഇങ്ങനെ വിശദീകരിച്ചു പറയേണ്ട യാതൊരു കാര്യവുമില്ലയിരുന്നു.
എന്തെങ്കിലുമുണ്ടെങ്കിൽ അത് താനും അമ്മയും അനിയേട്ടനും മാത്രം അറിഞ്ഞാൽ മതി, ഇതിപ്പോ … രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ പോളേട്ടൻ ആരോടൊക്കെ ഇതെല്ലാം പറഞ്ഞു നടക്കുമെന്ന് പോലും അറിയില്ല

ഹരിയ്ക്ക് മഹാലക്ഷ്മിയോട് പുച്ഛം തോന്നി.

ഭദ്രയെപ്പോലും ഒന്നുമറിയിക്കാതിരുന്നത് അവൾക്ക് വിഷമമാകുമല്ലോ എന്ന് കരുതിയാണ്. എന്നിട്ട് ഇപ്പോൾ എല്ലാം അവളും കേട്ടു .

മനപ്പൂർവ്വം, തന്നെ ചെളിവാരി എറിയുകയാണ് അമ്മയെന്ന് അവൻ ഓർത്തു.

പോളേട്ടാ…. അമ്മ ഈ സാഹചര്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞു കൂട്ടിയതാണ്, അറിയാലോ ദേഷ്യമൊക്കെ ഇത്തിരി കൂടുതലുള്ള ആളാണെന്നുള്ളത്, അമ്മയുടെ വിജയത്തിനായി ഏത് അറ്റംവരെയും പോകും , അതാണ് നേയ്ച്ചർ, കുറച്ചുകഴിയുമ്പോൾ ആയിരിക്കും ചിന്തിച്ചു കൂട്ടുന്നത്, അപ്പോഴേക്കും വന്ന് ഒരു സോറി പറഞ്ഞു നമ്മളെ, കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ നൽകി അമ്മയോട് ചേർത്തു പിടിക്കും, ഇതാണ് പതിവ്… അതുകൊണ്ട് അമ്മ പറഞ്ഞതൊന്നും പോളേട്ടൻ അത്ര കാര്യമായിട്ട് എടുക്കണ്ട, ചുമ്മാ എന്തെങ്കിലും വിളിച്ചു കൂവിയെന്ന് കരുതി, ആ കമ്പനിയിൽ ഞാൻ ഇല്ലാതെ പറ്റുമോ,,, പോളേട്ടൻ ഇതൊന്നും കേട്ടതായി പോലും ഭാവിയ്ക്കണ്ട ..

ഞാൻ നാളെ മുതൽ ഓഫീസിലേക്ക് പോകും, അമ്മയും വരട്ടെ,പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ,ഞാനും അനിയേട്ടനും അമ്മയും ഓഫീസിൽ തന്നെയായിരുന്നല്ലോ.. പിന്നെ എന്റെ സ്വന്തം കഴിവ് തന്നെയാണ് കമ്പനിയുടെ ഉയർച്ചയുടെ പിന്നിലെന്ന് ഞാൻ പറയുന്നില്ല, അനിയേട്ടനും, അമ്മയുമൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്, ട്രാവൽ ചെയ്യുന്നത് കൂടുതലും ഞാനായിരുന്നു എന്ന് മാത്രം…

ഇത്രയൊക്കെയായിട്ടും സ്വന്തം കുടുംബത്തെ പറ്റി, തെറ്റായ ഒരു വാക്കുപോലും പറയാതെ തന്റെ മുൻപിൽ ഇരിക്കുന്ന ഹരിയെ പോളേട്ടൻ കണ്ണിമ ചിമ്മാതെ നോക്കിയിരിന്നു.

അതെ അവസ്ഥയിലായിരുന്നു ഭദ്രയും.

ഉള്ളിൽ ഒരു നേരിപ്പോട് എരിയുമ്പോഴും ഹരിയേട്ടൻ അമ്മയെ പറ്റി ഒരക്ഷരം പോലും തെറ്റായി പറയാതെ പോളേട്ടനോട് സംസാരിക്കുന്നത്.

പോളിന്റെ വാക്കുകളിൽ കൂടി ഏകദേശം കാര്യങ്ങളൊക്കെ ഭദ്രക്ക് പിടികിട്ടിയിരിന്നു,….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!