Novel

മംഗല്യ താലി: ഭാഗം 56

രചന: കാശിനാഥൻ

തന്റെ ഫോണിലേക്ക് ആരുടെയൊക്കെയോ മെസ്സേജ് വരുന്ന ട്യൂൺ കേട്ടുകൊണ്ടാണ് അനിരുദ്ധൻ അത് എടുത്തു നോക്കിയത്.
.
സത്യത്തിൽ അപ്പോഴാണ് അവൻ ഐശ്വര്യ ഇട്ടിരുന്ന സ്റ്റാറ്റസ് പോലും കണ്ടത്.

ആദ്യമായി സീൻ ചെയ്ത ആള് അമ്മയായിരുന്നു എന്ന് അവൻ കണ്ടു.

ശോ.. ഇവൾക്ക് ഇത് എന്തിന്റെ കേടാണ്, അമ്മയ്ക്ക് ഇത്തിരി കാര്യം മതി… അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കുറെ നിർബന്ധിച്ചതാണ്, അതിന്റെ കൂടെ, ഈ സ്റ്റാറ്റസ് കൂടി കണ്ടപ്പോൾ പൂർത്തിയായി കാണും..

അനി ഫോണിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടു കൊണ്ടാണ്, ഐശ്വര്യ റൂമിലേക്ക് വരുന്നത്.

സമയം അപ്പോൾ ഏകദേശം 10 മണി കഴിഞ്ഞിരുന്നു..

അവനാണെങ്കിൽ ഐശ്വര്യയെ ദേഷ്യത്തിൽ ഒന്ന് നോക്കി

എന്താ എന്തു പറ്റി…?
കാര്യം പിടികിട്ടിയത് കൊണ്ട് ഒരു പുഞ്ചിരിയോട് കൂടി അവൾ അനിരുദ്ധന്റെ അടുത്തയി വന്നിരുന്നു.

എന്തിനാണ് ആവശ്യമില്ലാതെ എന്റെ ഫോണിൽ സ്റ്റാറ്റസ് ഒക്കെ ഇട്ടിരിക്കുന്നത്..

അല്പം ഈർഷ്യയോടുകൂടി അവൻ ചോദിച്ചു..

അതെന്താ, എന്റെ അച്ഛനോടും അമ്മയോടും ഒപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടത്, അനിയേട്ടന് ഇഷ്ടമായില്ലേ. ഫോൺ ഇങ്ങട് തന്നേക്ക് ഞാൻ അത് ക്ലിയർ ചെയ്തോളാം..

അവൾ അവന്റെ ഫോൺ മേടിക്കുവാനായി കൈ നീട്ടി..

ഞാനെങ്ങനെ എന്റെ ഫോണിൽ അനാവശ്യമായി സ്റ്റാറ്റസ് ഒന്നും ഇടാറില്ല, ഐശ്വര്യ കണ്ടിട്ടുണ്ടോ, അങ്ങനെ വല്ലതും. ആകെ കൂടി നമ്മുടെ കല്യാണം കഴിഞ്ഞദിവസം,വെഡിങ് ഫോട്ടോ മാത്രമാണ് ഞാനൊന്ന് ഇട്ടത്.
ഐശ്വര്യയെ നോക്കി അനി ഗൗരവത്തിൽ പറഞ്ഞു.

അനിയേട്ടന് താൽപര്യമില്ലെന്നുള്ളത് എനിക്കറിഞ്ഞുകൂടായിരുന്നു, ഞാനിവിടെ ഒറ്റ മോളായതുകൊണ്ട്, അനിയേട്ടനെ കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷമായി, ഒരു മകൻ ഇല്ലാത്തതിന്റെ, എല്ലാ കുറവുകളും, വിഷമങ്ങളും ഒക്കെ അവരിന്നു മറന്നു
അമ്മ ഇക്കാര്യം തന്നെ എന്നോട് എത്രവട്ടം പറഞ്ഞു എന്ന് അറിയോ. അച്ഛനും അമ്മയ്ക്കും, അനിയേട്ടനെ എന്തിഷ്ട്ടമാണ് . അതൊക്കെ കണ്ട്, ജസ്റ്റ് ആ ഫോട്ടോ എടുത്തപ്പോൾ എനിക്ക്, സ്റ്റാറ്റസായി ഇടണം എന്ന് തോന്നി
അത് ഏട്ടൻ ഇത്രയ്ക്ക് സീരിയസായിട്ട് എടുക്കും എന്നുള്ളത് ഞാൻ അറിഞ്ഞില്ല..സോറി.

അനിരുദ്ധന്റെ കയ്യിൽ നിന്നും അല്പം ബലത്തിൽ അവൾ ഫോൺ തട്ടിപ്പറിച്ച് മേടിക്കുവാൻ ശ്രമിച്ചു.

സാരമില്ല അത് കിടന്നോട്ടെ,, ഈ പതിവുകൾ ഒന്നും എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാൻ പറഞ്ഞെന്നേയുള്ളൂ

വേണ്ട.. ഇങ്ങു തന്നേയ്ക്ക്… ഇനിയെന്റെ അച്ഛന്റെ അമ്മയുടെ ഒപ്പം നിൽക്കുന്നതിൽ, ഏട്ടന് ബുദ്ധിമുട്ട് ആവണ്ട.. ഇനി ഇങ്ങനെയൊന്നും ഞാൻ ആവർത്തിക്കുകയും ഇല്ല പോരെ.

നേരം ഒരുപാട് ആയി… എനിക്ക് ഉറക്കം വരുന്നുണ്ട്.. താൻ കേറി കിടക്കാൻ നോക്ക്..

അനിരുദ്ധൻ, എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു. എന്നിട്ട് കിടക്കയിലേക്ക് കയറി ക്കിടന്നു.

അനിയേട്ടന് എന്നോട് പിണക്കമായോ..
അവന്റെ അരികിലിരുന്നുകൊണ്ട് അവൾ ചോദിച്ചു..

ഞാനെന്തിനാ ഐശ്വര്യയോട് പിണങ്ങുന്നത്, ജസ്റ്റ് ഈക്കാര്യം പറഞ്ഞന്നല്ലേ ഒള്ളു.. അത് ആ സെൻസിൽ എടുത്താൽ മതി.. എനിക്കെന്റെ സ്വന്തം മാതാപിതാക്കളെ പോലെ തന്നെയാണ് ഐശ്വര്യയുടെ അച്ഛനും അമ്മയും. അവരോടൊപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടത്കൊണ്ടൊന്നും എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല.. ഒക്കെ തന്റെ വെറും തെറ്റിദ്ധാരണകൾ ആണ്. ഇനിയിപ്പോ അതിനെക്കുറിച്ചൊന്നും പറയണ്ട. താൻ വാടോ…വന്ന് കിടക്കാൻ നോക്ക്..

തന്റെ അനിയേട്ടൻ ഒരു പാവം മനുഷ്യനാണ്, എല്ലാ ആളുകളോടും, സ്നേഹം മാത്രമേയുള്ളൂ, അത് തനിക്ക് വ്യക്തമായതാണ്, തന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ, ഒരുപാട് ഒരുപാട് ഇഷ്ടമാണ് അനിയേട്ടനെ… പക്ഷേ അതൊക്കെ ചൂഷണം ചെയ്യുന്നത്, അവരുടെ അമ്മയെന്ന സ്ത്രീയാണ്… ഒരു പാഠം താൻ അവരെ പഠിപ്പിക്കും.. എന്നിട്ട് ഇനി ഐശ്വര്യയ്ക്ക് വിശ്രമമുള്ളത്…

പല കണക്കുകൂട്ടലുകൾ ഒക്കെ നടത്തിക്കൊണ്ടായിരുന്നു അവൾ അനിയുടെ അടുത്തായി വന്നു കിടന്നത്.

വലതു കൈയ് എടുത്തു അവനെ ചുറ്റിപ്പിടിച്ച്,, അല്പം കൂടി അവനിലേക്ക് ചേർന്നു കിടക്കുകയാണ് ഐശ്വര്യ.

അനിരുദ്ധനും തന്റെ വലം കൈകൊണ്ട് അവളെ അപ്പോഴേക്കും പൊതിഞ്ഞു പിടിച്ചിരുന്നു.

ഒന്നു ഉയർന്നുപൊങ്ങി അവന്റെ കവിളിൽ ആഞ്ഞ് ഒന്നുമുത്തിയപ്പോൾ ആ പിടുത്തം ഒന്നുകൂടി മുറുകി.

കരളാനകളും സ്നേഹ സ്പർശനങ്ങളും, കൊണ്ട് അവരുടെ രാത്രി പുതുമ നിറഞ്ഞതായിരുന്നു..

***
രാത്രി ഏറെ വൈകും വരെയും ഹരി തന്റെ ലാപ്ടോപ്പിൽ, എന്തൊക്കെയോ നോക്കിക്കൊണ്ട് ഹോളിൽ ഇരിക്കുകയാണ്.

ഭദ്രയും അവന്റെ അരികിലായി ഉണ്ട്.

ഓഫീസ് കാര്യങ്ങളൊക്കെ തന്നെയാണ് ഹരി ചെയ്യുന്നത്. എന്തൊക്കെയോ പെന്റിംഗ് വർക്കുകൾ ഉണ്ടത്രേ,ഇന്ന് കമ്പ്ലീറ്റ് ആകേണ്ട ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു.പക്ഷേ അമ്മ അങ്ങനെയൊക്കെ പെരുമാറിയതിനാൽ, ഹരിയും ആകെ വിഷമത്തിൽ ആയിപ്പോയി. അതുകൊണ്ട് ഏറെ സമയം നിൽക്കാണ്ട് ഓഫീസ് വിട്ട് ഇറങ്ങിപ്പോന്നത്.
രാത്രി 7 മണി ആയപ്പോൾ, പികെ ഗ്രൂപ്പിലെ എംഡി വിളിച്ചപ്പോഴാണ്, ഹരി മെയിൽ അയച്ചില്ലല്ലോ എന്ന് ഓർക്കുന്നത്.
അപ്പോൾ ലാപ്ടോപ്പ് തുറന്നതാണ്. മണി 11 കഴിഞ്ഞിട്ടും അവന്റെ വിരലുകൾ വേഗത്തിൽ ആ കീപാഡിലൂടെ ചലിച്ചു കൊണ്ടേയിരുന്നു

എത്ര മാത്രം ആത്മാർത്ഥതയിലാണ് ഹരിയേട്ടൻ ജോലികളൊക്കെ ചെയ്ത് തീർക്കുന്നത്, എന്നിട്ടും ഇതൊന്നും ആ അമ്മയ്ക്ക് മനസ്സിലായില്ലല്ലോ,,, അതായിരുന്നു ഭദ്രയേ ഏറെ സങ്കടപ്പെടുത്തിയിരുന്നത്.

ഭദ്രക്കുട്ടിയ്ക്ക് ഉറക്കം വരുന്നുണ്ടോ..?

ഹരിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി മുഖം ഉയർത്തി.

ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളൂ… എനിക്ക് ഒന്നൊന്നര മണിക്കൂർ കൂടി, ഇരുന്നാൽ മാത്രമേ ഇത് കമ്പ്ലീറ്റ് ചെയ്യാൻ ആവൂ.

ഇല്ല ഹരിയേട്ടാ… എനിക്ക് ഉറക്കം ഒന്നും വരുന്നില്ല ഏട്ടന് കോഫിയോ മറ്റോ എടുക്കണോ..

ഹേയ് ഒന്നും വേണ്ട…. താൻ പോയി കിടന്നോളൂ. എനിയ്ക്ക് ഇതൊക്കെ പതിവുള്ള കാര്യമാണ്..

ഹേയ്.. കുഴപ്പമില്ല.. ഞാനും ഇരുന്നോളാം.. എന്നെ ഇതൊക്കെ പഠിപ്പിച്ചു തരുകയാണെങ്കിൽ, ഹെൽപ്പ് ചെയ്യാമായിരുന്നു.

മ്മ്….. ഈയൊരു വർക്ക് കൂടി, എനിക്ക് ചെയ്തു തീർക്കുവാൻ ഉണ്ട്. നമ്മൾ പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്യുമ്പോൾ, എനിക്ക് എന്റെ ഭദ്രകുട്ടിയുടെ ഹെൽപ്പ് വേണം കേട്ടോ, ഇത് ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം.. ഡോണ്ട് വറി.

ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
അതുകണ്ട് അവളും ചെറുതായി ഒന്നു മന്ദഹസിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!