Novel

മംഗല്യ താലി: ഭാഗം 58

രചന: കാശിനാഥൻ

ഇതാരാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ ശല്യപ്പെടുത്താൻ ആയിട്ട് വിളിക്കുന്നത്,,, അനിയേട്ടനോടൊന്നു ഫോൺ അറ്റൻഡ് ചെയ്യാൻ പറഞ്ഞിട്ട് അതും കേൾക്കില്ല..
പിറു പിറുത്തുകൊണ്ട് ഐശ്വര്യ ഫോൺ എടുത്ത് നോക്കിയതും മഹാലക്ഷ്മിയുടെ പേര് ആയിരുന്നു തെളിഞ്ഞുവന്നത്..

ഈ തള്ളയ്ക്ക് ഇത് എന്തിന്റെ സൂക്കേടാ.. ഇവർക്ക് ഉറക്കം ഒന്നും ഇല്ലേ…?

അവൾ കോൾ ബട്ടൺ പ്രസ് ചെയ്തശേഷം ഫോൺ കാതിലേക്ക് ചേർത്തു..

ഹലോ അമ്മേ….

ആഹ് മോളെ ഗുഡ് മോർണിംഗ്.

ഗുഡ് മോർണിംഗ് അമ്മേ,,, എന്തുപറ്റി അമ്മ കാലത്തെ വിളിച്ചത്.

ഐശ്വര്യ മോൾക്കും അനിക്കുട്ടനും ചെറിയൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്, ഇന്ന് ഫ്രീയാണെങ്കിൽ 11 മണിയാകുമ്പോൾ നമ്മുടെ ഓഫീസിലേക്ക് മോളും അനിക്കുട്ടൻ കൂടി വരാൻ പറ്റുമോ..

എന്താമ്മേ….?
അവൾ വീണ്ടും ആ ചോദ്യം തന്നെ ആവർത്തിച്ചു.

“നിങ്ങൾക്ക് രണ്ടാൾക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണെന്ന് കൂട്ടിക്കോളൂ…”

വരാം….. അമ്മ അവിടെ കാണുമോ.

ഉവ്വ… ഇനിമുതൽ എല്ലാ ദിവസവും ഞാൻ കമ്പനിയിൽ കാണും, എന്റെ ഒപ്പം മോളും ഉണ്ടായിരിക്കണം.

അവർ പറയുന്നത് കേട്ടതും ഐശ്വര്യയുടെ മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോയി. ഒരുപക്ഷേ ഹരിയെ, കമ്പനിയിൽ നിന്നും ഇറക്കികൊണ്ട്,തങ്ങൾക്ക് നൽകാനാകും ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. എന്നിരുന്നാലും ആ കമ്പനിയിൽ കയറിപ്പറ്റണം എന്നുള്ളത് തന്റെ മോഹമാണ്…

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഐശ്വര്യ വളരെ സ്നേഹത്തോടെ മഹാലക്ഷ്മിയോട് വിശേഷം തിരക്കികൊണ്ടിരുന്നു..

അമ്മയോടുള്ള അവളുടെ സംസാരം കേട്ട്കൊണ്ട് അനിയും കിടക്കയിൽ എണീറ്റ് വന്നു.

എന്താണെന്ന് അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ഒക്കെ പറയാം വെയിറ്റ് ചെയ്യാൻ അവൾ മറുപടിയും കൊടുത്തു.

പത്തു മിനിറ്റ് കൂടി സംസാരിച്ചിട്ട് ഫോൺ കട്ട്‌ ആക്കിയ ശേഷം അവൾ അവന്റെ അരികിലായി വന്നു ഇരുന്നു.

എന്താ ഐഷു.. എന്തിനാ അമ്മ കാലത്തെ വിളിച്ചത്.
ചോദിക്കുമ്പോൾ അവന്റെ നെറ്റിമേൽ സമാന്തരമായ വരകൾ വീണു..

എന്നോട് സംസാരിക്കാൻ കൊതി തോന്നീട്ട്.. എന്തെ മോന് ഇഷ്ട്ടമായില്ലേ?

ഇല്ല… തീരെ ഇഷ്ട്ടം ആയില്ല… നീ പറയുന്നുണ്ടോ ഐഷു.. അമ്മ എന്തിനാ വിളിച്ചേ?

അനിയേട്ടനു ടെൻഷൻ ആയോന്നെ?

ഹമ്… ചെറുതായിട്ട്.. നീ വേഗം കാര്യം പറ പെണ്ണെ…

മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ മുഴുവനും അവൾ അനിരുദ്ധനോട് അവതരിപ്പിച്ചു.

അതെന്ത് സർപ്രൈസ് ആണ് നമുക്ക് രണ്ടാൾക്കും ഓഫീസിൽവച്ച് അമ്മ നൽകുന്നത്..

ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല, ആ സർപ്രൈസ് കേൾക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഹാപ്പി ആകും എന്ന് മാത്രം ഒരു ക്ലൂ തന്നു.. എനിക്ക് തോന്നുന്നത്,ഒരു പക്ഷെ ഹരിയെ ഓഫീസിൽ നിന്നും മാറ്റിയിട്ട് നമ്മളെ രണ്ടാളെയും കൂടി നീയമിയ്ക്കുവാൻ ആണോ.

നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്… ഹരിയേ നമ്മുട കമ്പനിയിൽ നിന്ന് മാറ്റുവാനൊ, അങ്ങനെ അവനെ മാറ്റിയെങ്കിൽ, പിന്നെ കമ്പനി സീറോ ആയിഎന്ന് കരുതിയാൽ മതി.

അനി അവളെ നോക്കി പുച്ഛിച്ചത് ഐശ്വര്യ അങ്ങോട്ട് ദഹിച്ചില്ല..

അതെന്താ അനിയേട്ടാ.. അത്രയ്ക്ക് കേമനാണോ ഹരി…

നീ ഇപ്പോൾ ചോദിച്ചതിന്റെ ഉത്തരം നിനക്ക് മനസ്സിലാക്കണമെങ്കിൽ, നേരിട്ട് ആ കമ്പനിയിൽ തന്നെ വരണം. ഹരിയെന്ന ഒറ്റ വ്യക്തിയിലൂടെയാണ് ആ കമ്പനി ചലിക്കുന്നത്. അവന്റെ മാസ്റ്റർ ബ്രെയിൻ ഉപയോഗിച്ച്, അവൻ നടത്തുന്ന ഓരോ നീക്കങ്ങളും, നമ്മുടെ കമ്പനിയെ പടിപടിയായി സക്സസിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഞാനൊക്കെ വെറും കളിപ്പാവയാണ്, അവൻ പറയുന്നത് അനുസരിച്ച് ഞങ്ങളും പ്രവർത്തിക്കുന്നു എന്നേയുള്ളൂ. അല്ലാണ്ട്, നീ കരുതുന്നതുപോലെ ഒന്നുമല്ല കൊച്ചേ,,, പിന്നെ അമ്മ,, അമ്മയ്ക്ക് എന്തറിയാം ഹരിയെ പറ്റി….

ഐഷു പറഞ്ഞതുപോലെ,,നമ്മളെ അവിടേക്ക് കയറ്റി ഇരുത്തിയാൽ അമ്മ ഗോപി വരച്ചു നടക്കും.. ഹരിയെ ഒരിക്കലും അവിടുന്ന് പറഞ്ഞു വിടാൻ അമ്മയ്ക്ക് സാധിക്കില്ല… അമ്മ ബുദ്ധിമതിയാണ്.. കമ്പനിയുടെ പ്രോഫിറ്റ് കുറഞ്ഞു പോകാൻ ഒരിക്കലും സമ്മതിക്കില്ല.നിനക്ക് അമ്മയെ അറിഞ്ഞുകൂടാ…

അവൻ പറയുന്നത് കേട്ടപ്പോൾ ഐഷുവിനും സംശയം ആയി.
പിന്നെന്താ അമ്മയുടെ ഉദ്ദേശം.

സത്യത്തിൽ അവർ രണ്ടാളും അറിഞ്ഞിരുന്നില്ല ഹരിയെ മഹാലഷ്മി ഇറക്കി വിട്ട കാര്യങ്ങൾ..

ആഹ്. അനിയേട്ടാ.. എന്തായാലും പോയിട്ട് വരാം.. അമ്മ വിളിച്ചതല്ലേ..

മ്മ്… ശരി… കാലത്തെ പോയേക്കാം..നീ റെഡി ആയിക്കോ..
അവൻ ദൃതി കൂട്ടി..

കാലത്തെ ഒന്നും വേണ്ട… പതിനൊന്നു മണി ആണ് അമ്മ എന്നോട് പറഞ്ഞത്..അപ്പോളേക്കും പോകാം..

വാഷ് റൂമിലേക്ക് കയറി പോകവേ അവൾ വിളിച്ചു പറഞ്ഞു.

***

ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയത് കൊണ്ട് ഹരിയും ഭദ്രയും എഴുനേല്ക്കാനും ലേറ്റ് ആയിരുന്നു.

സത്യം പറഞ്ഞാൽ ഹരിയ്ക്ക് കാലത്തെ എഴുന്നേറ്റു കുറച്ചു കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ ക്ഷീണം കാരണം രണ്ടാളും ഉണരാൻ വൈകി.

അന്ന് ആദ്യം കണ്ണ് തുറന്നത്, ഹരി ആയിരുന്നു.

തന്റെ ശരീരത്തിന്റെ വലതു ഭാഗത്തു സുഖമുള്ള ഒരു ചൂടും, ചുടു നിശ്വാസവും.

നോക്കിയപ്പോൾ കണ്ടു തന്നോട് പറ്റിചേർന്ന് കിടന്നു ഉറങ്ങുന്ന തന്റെ കുറിഞ്ഞിപൂച്ചയെ..

ഒരു നനുത്ത പുഞ്ചിരിയോടെ അവനും അവളുടെ നേർക്ക് ചെരിഞ്ഞു കിടന്നു.

എന്നിട്ട് തന്റെ ഇടം കൈകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.

ഹമ്.. ഉറക്കത്തിൽ ആയോണ്ട് കുഴപ്പമില്ല.. അല്ലായിരുന്നുങ്കിൽ ഇവിടെ തിരിച്ചു വച്ചേനെ…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!