മംഗല്യ താലി: ഭാഗം 62
രചന: കാശിനാഥൻ
ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ മഹാലക്ഷ്മിയുടെ മുഖത്ത് വിജയത്തിന്റെയും അഹമ്മതിയുടെയും ചിരിയായിരുന്നു നിഴലിച്ചു നിന്നത്..
ഹരി അവന്റെ മുട്ടുമടക്കി എന്റെ മുന്നിൽ വരും. അവളെ നിഷ്കരുണം വലിച്ചെറിയും ഇല്ലെങ്കിൽ നീ കണ്ടോ മോളെ..
കാറിലേക്ക് കയറുന്നതിനിടയിൽ മഹാലക്ഷ്മി ഐശ്വര്യയെ നോക്കി പറഞ്ഞു.
ഹരി ഒരു കാരണവശാലും വരരുത് എന്നായിരുന്നു അവളുടെ അപ്പോഴത്തെ പ്രാർത്ഥന. കാരണം അവൻ വന്നു കഴിഞ്ഞാൽ പിന്നെ വീണ്ടും തന്റെ സ്ഥാനം പോകുമല്ലോ എന്നായിരുന്നു അവളുടെ ചിന്ത. ഹരിക്ക് ഒരു പകരക്കാരിയായിട്ടാണ് അവളെ മഹാലക്ഷ്മി നീയമിച്ചത്.
ഇത്രയും വലിയ കമ്പനിയുടെ മേൽനോട്ടങ്ങൾ വഹിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, എന്നാലും അനിയേട്ടൻ കൂടെ ഉള്ളതാണ് അവളുടെ ധൈര്യവും. ഐശ്വര്യയാണെങ്കിൽ ഏതോ സ്വപ്നലോകത്തൂടെ ആയിരുന്നു സഞ്ചരിച്ചത് പോലും. അപ്പോഴാണ് അമ്മ പറയുന്നത് ഭദ്രയെ കളഞ്ഞിട്ട് ഹരി വീണ്ടും തിരിച്ചു വരുമെന്ന്
ഉള്ളിൽ ഉറഞ്ഞുകൂടിയ ദേഷ്യത്തെ കടിച്ചമർത്തി അവൾ അവരോടൊപ്പം വണ്ടിയിൽ കയറി.
**
അന്നും ഹരി ഒരു ഓട്ടോറിക്ഷയിൽ ആയിരുന്നു പോളേട്ടന്റെ വീട്ടിലെത്തിയത്.
ഭദ്രയും ബീന ചേച്ചിയും വണ്ടിയുടെ ശബ്ദം കേട്ട് ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു..
ഓട്ടോറിക്ഷയിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ അപ്പോൾ, ആരോടൊ ഫോണിൽ സംസാരിച്ചുകൊണ്ട്..
ഭദ്രയെ ഇടയ്ക്ക് അവൻ കൈകാട്ടി വിളിച്ചപ്പോൾ, ബീന ചേച്ചി ഹരിയുടെ അടുത്തേക്ക് ചെന്നു..
ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് ഹരിയപ്പോൾ ചേച്ചിയെ നോക്കി..
മോനെ ഹരി,,, ഇറങ്ങി വാ,,ഒരു പത്ത് മിനിറ്റ് ഇത്തിരി ചോറുണ്ടിട്ട് പോകാം…
അയ്യോ ഒന്നും വേണ്ട.. എനിക്ക് പോയിട്ട് ഇത്തിരി തിരക്കുണ്ടായിരുന്നു.
എന്തൊക്കെ തിരക്കാണേലും ശരി മോൻ വന്നേ പറ്റൂ… പെട്ടെന്ന് പോകാം.. ഒരുപിടി ചോറുണ്ണു മോനെ.. ചേച്ചി എല്ലാം എടുത്തു വച്ചിരിക്കുകയാണ്.
ബീന പിന്നെയും നിർബന്ധിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് ഓട്ടോക്കാരനോട് പറഞ്ഞിട്ട്, ഹരി വണ്ടിയിൽ നിന്നും ഇറങ്ങി.
അവന്റെ ദയനീയമായ മുഖഭാവം കണ്ടപ്പോൾ ഭദ്രയ്ക്ക് മനസ്സിലായി ആൾക്ക് നല്ല സങ്കടമുണ്ടെന്ന്. എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ചു കൂട്ടിയായിരുന്നു ഹരിയേട്ടൻ വീട്ടിൽ നിന്നും ഇറങ്ങിയത് അതൊന്നും സാധ്യമാകാത്തതിന്റെ സങ്കടമാണ് ആ മുഖത്ത് നിഴലിച്ചു നിൽക്കുന്നത്. അവൾക്കും ഒരുപാട് വേദന തോന്നി.
ഹരി… കേറി വാ മോനെ… കൈ കഴുക് കെട്ടോ.
ബീന ചേച്ചി പറഞ്ഞപ്പോൾ, ഹരി വാഷ് ബേസിന്റെ അരികിലേക്ക് പോയി..
പോളേട്ടൻ വിളിച്ചിരുന്നോ ചേച്ചി?
കൈ കഴുകി വന്നശേഷം കസേരയിലേക്ക് ഇരുന്നുകൊണ്ട് അവൻ ചേച്ചിയോട് ചോദിച്ചു..
ആഹ്,,, എയർപോർട്ടിലേക്ക് ഓട്ടം പോയതാണ്. വരാറാവുന്നതേയുള്ളൂ.
ഹമ്.. ഭദ്രേ,ഇരിക്കു കേട്ടോ. പെട്ടെന്നാവട്ടെ… ഓട്ടോക്കാരൻ ഒരുപാട് നേരം വെയിറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല.
ഹരി പറഞ്ഞപ്പോൾ തിടുക്കപ്പെട്ടവന്റെ അരികിലായി അവളും ഇരുന്നു.
ബീന ചേച്ചി,,,, ഇത് എന്തൊക്കെയാണ്,,, ഇത്രക്ക് കറികളുടെ ഒന്നും ആവശ്യമില്ല കേട്ടോ..
കറികൾ ഒന്നൊന്നായി എടുത്തു കൊണ്ട്
വരുന്നത് കണ്ട് ഹരി അവരെ വഴക്ക് പറഞ്ഞു..
ഭദ്രമോളും എന്നെ സഹായിച്ച കൊണ്ടാ മോനേ, ഒറ്റയ്ക്ക് എനിക്ക് ഇതെല്ലാം കൂടി വെയ്ക്കുവാൻ പറ്റില്ലയിരുന്നു..
ചേച്ചി പറഞ്ഞതും അരികിലിരുന്ന ഭദ്രയെ അവനൊന്നു മുഖം തിരിച്ചു നോക്കി.അവൾ ഹരിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു
അമ്മച്ചി എവിടെ?
റൂമിലുണ്ട്..ഊണൊക്കെ കഴിഞ്ഞ് അമ്മച്ചി ഉറക്കമാണ്…
കുടംപുളിയിട്ടു പറ്റിച്ച നല്ല മീൻകറിയിലേക്കു, പുളിശ്ശേരി ഒഴിച്ച് ഇത്തിരി മീൻ പൊരിച്ചതും ഒക്കെ കൂട്ടി ആസ്വദിച്ചിരുന്നു ഹരി ഭക്ഷണം കഴിച്ചത്..
അല്ലേലും അവന് ബീനചേച്ചിയുടെ ഫുഡ് ഒക്കെ വളരെ ഇഷ്ടമാണ്. ക്രിസ്തുമസിനും ഈസ്റ്ററിനും ഒക്കെ, പോളേട്ടൻ വിളിച്ചിട്ട് ഹരി ഇവിടെ വരാറുണ്ട്. പാലപ്പവും താറാവ് മപ്പാസും ഒക്കെ കൂട്ടി നന്നായി ഭക്ഷണം കഴിച്ചിട്ടാണ് അവൻ പോകുന്നത്.
ചേച്ചി… മീൻ കറി സൂപ്പർ ആയിട്ടുണ്ട് കേട്ടോ.
ഹരി അവരെ നോക്കി പറഞ്ഞു..
മറുപടിയായി ചേച്ചി ഇത്തിരികൂടി കറിയെടുത്ത് അവന്റെ പ്ലേറ്റിലേക്ക് ഒഴിച്ചു.
Yyo… എന്റെ ചേച്ചി മതി മതി…. എനിക്കാണെങ്കിൽ വയർ പൊട്ടാറായി..
10,,20 മിനിറ്റിനുള്ളിൽ ഇരുവരും ബീന ചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു..
ഇറങ്ങും മുൻപേ അവൻ പോളേട്ടനെ ഒന്ന് വിളിക്കുവാനും മറന്നില്ല.
വീട്ടിലെത്തിയ ശേഷം ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് ഹരി നേരെ വന്ന് ബെഡിലേയ്ക്ക് കയറി കിടന്നു..
വലംകൈ കൊണ്ട് മുഖം മറച്ച് ബെഡിൽ കിടക്കുന്ന ഹരിയുടെ അടുത്തേക്ക് ഭദ്ര വന്നിരുന്നു.
ഹരിയേട്ടൻ ഉറങ്ങുവാണോ.
അവളുടെ ശബ്ദം കേട്ടതും അവൻ കയ്യെടുത്ത് മാറ്റി. എന്നിട്ട് ഭദ്രയെ നോക്കി.
ഹേയ്… അല്ലടോ ഞാൻ വെറുതെ..
ഹരിയേട്ടാ എന്തുപറ്റി…. ഇന്ന് പോയിട്ട് ആളെ കാണാൻ സാധിച്ചില്ലേ.?
ഇല്ല….. ഞാൻ ബാങ്കിൽ എത്തുന്നതിനു മുന്നേ, അമ്മയും ഐശ്വര്യയും അവിടെ ചെന്നിട്ട്ണ്ടായിരുന്നു.
നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു..
ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഭദ്രയ്ക്കും സങ്കടം കൂടി വന്നു..
ഹരിയേട്ടാ….. പോട്ടെ സാരമില്ല. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം.
എന്ത് സ്റ്റാർട്ട് ചെയ്യണമെങ്കിലും, മുതൽമുടക്കിന് വേണ്ടി പണം വേണ്ടേ ഭദ്രേ, എന്നെ അറിയുന്ന ബാങ്കുകാരല്ലേ എനിക്ക് ക്യാഷ് തരുവൊള്ളൂ. ഇതിപ്പോ കാനറാ ബാങ്കിലെ മാനേജരായ ഫിലിപ്പുമായിട്ട് ഞാൻ ഏറെ നാളുകളായി അടുപ്പത്തിലാണ്. നമ്മുടെ കമ്പനിയിലെ ഫുൾ ട്രാൻസാക്ഷൻസും നടക്കുന്നത് ആ ബാങ്ക് വഴിയായിരുന്നു. അതുകൊണ്ടാണ് ഞാൻ അയാളെ കാണുവാനായി പോയതും. പക്ഷേ അതിനേക്കാൾ മുന്നേ അമ്മ അവിടെ ചെന്നിട്ട്, എല്ലാം ബ്ലോക്ക് ചെയ്തു കളഞ്ഞു.
ഇനി എന്റെ മുൻപിൽ മറ്റൊരു മാർഗ്ഗവും തെളിയുന്നില്ലടൊ.
അത് പറയുമ്പോൾ ഹരി ഏറെ നിസ്സഹായനായി…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…