മംഗല്യ താലി: ഭാഗം 64
Dec 31, 2024, 08:08 IST

രചന: കാശിനാഥൻ
മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തി ചേരണമെങ്കിൽ മുക്കാൽ മണിക്കൂർ എങ്ങനെയുമെടുക്കും, അവൻ ഓർത്തു. വേഗത്തിൽ വണ്ടിയോടിച്ചു പോകുകയാണ് അവൻ.. ഈശ്വരാ ഈ മനുഷ്യന് ആപത്തൊന്നും വരുത്തല്ലേ.. ആ ഒരു പ്രാർത്ഥന മാത്രമൊള്ളു ഹരിയ്ക്ക് അപ്പോൾ. ഇടയ്ക്കൊക്കെ അവൻ തിരിഞ്ഞു നോക്കുന്നുണ്ട്, സീറ്റിൽ ചാരി കിടക്കുകയാണ് ആ അപരിചിതൻ. സാർ.... ഹരി ഉച്ചത്തിൽ വിളിച്ചു. ഹ്മ്... അയാൾ ഒന്നു പതിയെ മൂളി. ഇപ്പത്തന്നെ ഹോസ്പിറ്റലിൽ എത്തും സാർ പേടിക്കൊന്നും വേണ്ട... ഹ്മ്... അയാൾ പിന്നെയും മൂളി. ഹോസ്പിറ്റലിൽ എത്തിയ പാടെ, ഹരി സെക്യൂരിറ്റിസിനെ ഉറക്കെ വിളിച്ചു. അവർ സ്ട്രക്ചറുമായി പാഞ്ഞു വന്നു. രണ്ടുമൂന്നു പേര് കൂടി, അയാളെ സ്ട്രക്ച്ചറിലേക്ക് എടുത്ത് വേഗത്തിൽ കിടത്തി. ഹരി പാർക്കിങ്ങിലേക്ക് വണ്ടി ഇട്ട ശേഷം, എമർജൻസി വിഭാഗത്തിലേക്ക് ഓടിക്കയറിച്ചെന്നു. ഈ പേഷ്യന്റിന്റെ പേരും ഡീറ്റെയിൽസ് ഒക്കെ.. ഒരു സിസ്റ്റർ വന്നിട്ട് അവനോട് ചോദിച്ചു. സിസ്റ്റർ എനിക്ക് ഇയാളെ നേരിട്ട് പരിചയമൊന്നുമില്ല, ഞാൻ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ വഴിയിൽ കാർ നിർത്തിയിട്ട് വയ്യാണ്ട് കിടക്കുകയായിരുന്നു ഇദ്ദേഹം. എനിക്ക് അങ്ങനെ പരിചയം മാത്രം ഒള്ളു. അവനത് പറയുകയും ആ സിസ്റ്റർ ഹരിയെ ഒന്ന് സൂക്ഷിച്ചു നോക്കി.. സത്യമാണ് സിസ്റ്റർ ഞാൻ പറയുന്നത്, ഇദ്ദേഹത്തെക്കുറിച്ച് ഒരു ഡീറ്റെയിൽസും എനിക്കറിയില്ല. അപ്പോഴേക്കും മറ്റൊരു സിസ്റ്റർ വന്നിട്ട്, അയാളുടെ പോക്കറ്റിൽ കിടന്ന, എന്തൊക്കെയോ രേഖകൾ ചെക്ക് ചെയ്യുന്നത്, ഹരി കണ്ടു. രണ്ടുമൂന്നു ഡോക്ടർസ് ചേർന്ന് അയാളെ പരിശോധിക്കുന്നുമുണ്ട്. ഹരിയോട് പുറത്തേക്ക് വെയ്റ്റ് ചെയ്യുവാൻ അവർ പറഞ്ഞു.. ആ സമയത്ത് അവന്റെ മൊബൈൽ ഫോൺ ഇരമ്പി. നോക്കിയപ്പോൾ ഭദ്ര ആയിരുന്നു. വീട്ടിലെത്തേണ്ട സമയമായിട്ടും തന്നെ കാണാഞ്ഞ് ഭദ്ര വിളിക്കുന്നതാണെന്ന് അവന് മനസ്സിലായി. ഹെലോ ഭദ്ര... ഹരിയേട്ടാ, ഇതെവിടെയാണ്.. എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു... ഭദ്രയുടെ ആകുലത നിറഞ്ഞ ശബ്ദം അവൻ കാതിൽ കേട്ടു. എടൊ,, ഞാനിപ്പോ ടൗണിലെ ഹോസ്പിറ്റലിൽ നിന്നാണ് സംസാരിക്കുന്നത്. അവൻ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടതും ഭദ്ര ഉറക്കെ നിലവിളിച്ചു. അയ്യോ... എന്തുപറ്റി ഹരിയേട്ടാ... ഭദ്ര എനിക്ക് കുഴപ്പമൊന്നുമില്ല, ഞാന് ഒരാളെയും കൂട്ടി വന്നതാണ്. നടന്ന കാര്യങ്ങളൊക്കെ അവൻ, ഭദ്രയോട് വിശദീകരിച്ചു. എന്റെ ഈശ്വരാ എന്നിട്ടിപ്പോൾ അയാൾക്ക് എങ്ങനെയുണ്ട്... ഒന്നും അറിയില്ല... ഡോക്ടർസ് നോക്കിക്കൊണ്ട് ഇരിക്കുന്നതേയൊള്ളു.. ഹ്മ്..... ഭദ്ര തനിക്ക് ഒറ്റയ്ക്ക് പേടിയുണ്ടോ... ഞാൻ ബീന ചേച്ചിയോട്, വിളിച്ചു പറയട്ടെ. തനിക്കൊന്നു കൂട്ടിരിക്കാൻ. വേണ്ട ഹരിയേട്ടാ.... തൽക്കാലം ഒന്നും പറയണ്ട. ഈ സമയത്തൊക്കെ അവരെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നത് പിന്നെ താൻ എങ്ങനെയാ ഭദ്രേ.. അതൊന്നും സാരമില്ല, ഇവിടെ അടുത്ത് വീടുകൾ ഒക്കെ ഉണ്ടല്ലോ. പിന്നെ ഫോണും ഉണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം. ഭദ്രയോട് സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് ഹരിയെ സിസ്റ്റർ വന്ന് വിളിച്ചത്. ഫോൺ കട്ടാക്കിയ ശേഷം അവൻ അകത്തേക്ക് കയറി ചെന്നു. കാർഡിയാക് അറസ്റ്റ് ആയിരുന്നു, എമർജൻസി ആയിട്ട് സർജറി വേണം, ഇല്ലെങ്കിൽ ചിലപ്പോൾ ആള് കൈവിട്ടു പോകും. കാഡിയോളജി വിഭാഗത്തിലെ മെയിൻ ഡോക്ടർ അവനോട് വിശദീകരിക്കുകയാണ്. ഓരോരോ കാര്യങ്ങളായി. സർജറി ചെയ്യുന്നതിനായി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമാണ് . ഇവിടെ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല, വേണമെങ്കിൽ പേഷ്യന്റിനെ മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യാം, പക്ഷേ അയാളുടെ കണ്ടീഷൻ വളരെ ക്രിട്ടിക്കലാണ്. അവിടെ വരെ എത്തുമെന്ന് പോലും യാതൊരു ഉറപ്പുമില്ല.. എങ്ങനെയായാലും താൻ ആലോചിച്ചു മറുപടി പറയു. തനിക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് എന്നല്ലേ പറഞ്ഞത്, ഇത്രയും വലിയൊരു തുക,,,,,, ഡോക്ടർ ഹരിയെ നോക്കി. ഡോക്ടർ പണം ഞാൻ അടച്ചു കൊള്ളാം, അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ. അങ്ങനെ ചോദിച്ചാൽ ഞങ്ങളിപ്പോൾ എന്താണ് പറയേണ്ടത്, ജീവൻ രക്ഷിക്കുവാനാണ് സർജറി എമർജൻസി ആയിട്ട് ചെയ്യുന്നത്, നൂറിൽ 95% ആളുകളും രക്ഷപ്പെട്ടിട്ടേയുള്ളൂ, ഇദ്ദേഹവും അങ്ങനെ ആകണമെന്ന് മാത്രമേ നമ്മൾക്ക് പ്രത്യാശിക്കാൻ സാധിക്കൂ. ബാക്കിയൊക്കെ ഈശ്വരന്റെ കൈയിൽ ആണുള്ളത്. ഇസിജി യിൽ വന്ന വേരിയേഷനെക്കുറിച്ചും ബ്ലഡ് ടെസ്റ്റ് ചെയ്ത റിസൾട്ടും, ഒക്കെ, ഡോക്ടർ ഹരിയെ കാണിച്ചു കൊടുത്തു. എങ്കിൽ പിന്നെ നമ്മൾക്ക് വെയിറ്റ് ചെയ്യേണ്ട,,, എത്രയും പെട്ടെന്ന് ഡോക്ടർ, സർജറിയുടെ കാര്യങ്ങൾ നടത്തിക്കോളൂ. ഹരി പറഞ്ഞു. Ok.. ഡോക്ടർ എഴുന്നേറ്റ് പോവുകയും ചെയ്തു. അക്കൗണ്ടിൽ ക്യാഷ് കിടപ്പുണ്ട്. ഏകദേശം 15 ലക്ഷത്തിനു മുകളിൽ കാണുവാനാണ് സാധ്യത, അതിന്റെ കൂടെ ബാക്കി ക്യാഷും റെഡിയാക്കി, എങ്ങനെയെങ്കിലും ഒരു ബിസിനസ് തട്ടി കൂട്ടുവാനായിരുന്നു ഹരിയുടെ പ്ലാന്.. അതിന്റെ ഓട്ടത്തിലായിരുന്നു അവനും. പക്ഷേ ബാങ്ക് മാനേജർ കാണാൻ സാധിക്കാഞ്ഞപ്പോൾ അവൻ തന്റെ സ്വപ്നങ്ങളൊക്കെ മാറ്റിവെക്കുകയായിരുന്നു. എമർജൻസി വിഭാഗത്തിൽ നിന്ന് ഇറങ്ങി വന്ന ശേഷം, ഹരി വീണ്ടും കാര്യങ്ങളൊക്കെ ധരിപ്പിച്ചു. ഒരു ജീവൻ രക്ഷിക്കാൻ ആയാൽ അത് വലിയ കാര്യം തന്നെയാണ് ഹരിയേട്ടാ, ഈ രണ്ട് ലക്ഷം രൂപ എന്ന് പറയുന്നത് നമുക്ക് വലിയ തുക തന്നെയാണ്. പക്ഷേ ഇപ്പോൾ ആ മനുഷ്യന്റെ ആയുസ്സ്, ഹരിയേട്ടന്റെ കയ്യിലാണ് ഇരിക്കുന്നത്... ഏട്ടൻ മറ്റൊന്നും നോക്കണ്ട, ആദ്യം അദ്ദേഹത്തെ രക്ഷിക്ക്. എന്നിട്ട് മതി ബാക്കിയെല്ലാം. അവൾ പറഞ്ഞു. ഹ്മ്... ശരി ഭദ്ര.... ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. ഫോൺ കട്ട് ചെയ്തിട്ട് ഹരി ബില്ലിംഗ് സെക്ഷനിലേക്ക് നടന്നു.......കാത്തിരിക്കൂ.........