Novel

മംഗല്യ താലി: ഭാഗം 65

രചന: കാശിനാഥൻ

രവിചന്ദ്രൻ നായർ
മതിലകം ഹൌസ്
എറണാകുളം സൗത്ത്
……
അഡ്രെസ് വായിച്ചു നോക്കിക്കൊണ്ട് ഹരി വെളിയിൽ കിടന്ന കസേരയിൽ ഇരിക്കുകയാണ്.. ഒരു സിസ്റ്റർ ആണ് ആ അപരിചിതന്റെ പോക്കറ്റിൽ നിന്നും ഈ രേഖകൾ ഒക്കെ എടുത്തു കൊണ്ടുവന്നത്,.

അപ്പോഴേക്കും ഒന്നു രണ്ടു പോലീസുകാർ അവന്റെ അരികിലേക്ക് വന്നു.
ഹോസ്പിറ്റലിൽ നിന്നും കിട്ടിയ വിവരത്തേ തുടർന്നായിരുന്നു അവർ എത്തിയത്..

താങ്കൾ ആണോ, കുറച്ചു മുന്നേ ആ പേഷ്യന്റിനെ എത്തിച്ചത്.
ഒരു പോലീസുകാരൻ മുൻപോട്ട് വന്ന ഹരിയോട് ചോദിച്ചു.

അതേ സാർ,ഞാൻ തന്നെയാണ്.
കൊണ്ടുവന്നത്

എന്താണ് തന്റെ പേര്.
ഹരി തന്റെ പേരും ഡീറ്റെയിൽസ് ഒക്കെ അവരോട് പറഞ്ഞു.
ഒപ്പം കയ്യിലിരുന്ന രേഖകളും കൈമാറി.

ഹ്മ്മ്…. ഞങ്ങളൊന്നു അന്വേഷിക്കട്ടെ kto. എന്തെങ്കിലും ആവശ്യം വന്നാൽ ഞങ്ങൾ വിളിക്കും, താൻ സ്റ്റേഷനിലേക്ക് ഒന്ന് വരണം .

ശരി സർ,,, ഹരി തലകുലുക്കി.

ഇടയ്ക്കൊക്കെ അവന്റെ ഫോണിലേക്ക് ഭദ്രവിളിക്കുന്നുണ്ട്. സർജറി നടന്നുകൊണ്ടിരിക്കുകയാണെന്ന് അവൻ അവളോട് പറഞ്ഞു. ഒപ്പം പോലീസു വന്നതും.

ഹരിയേട്ടാ എന്തെങ്കിലും കുഴപ്പമാകുമോ, ഒരാളെ രക്ഷിക്കാൻ നോക്കിയിട്ട് അവസാനം നമ്മൾ ഏതെങ്കിലും കുരുക്കിൽ ചെന്ന് ചാടുമോ, എനിക്ക് പേടിയാവുന്നു.

ഹേയ്, താൻ പേടി ഒന്നും വേണ്ട അങ്ങനെ പ്രശ്നമൊന്നും ഉണ്ടാവില്ല. അദ്ദേഹം വയ്യാതെ കിടന്നതല്ലേ, ഞാൻ നടന്നു വന്നപ്പോൾ, ജസ്റ്റ് കണ്ടിട്ട് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു എന്ന് മാത്രം, അതിൽ കൂടുതൽ ഒന്നും ഇല്ല ഭദ്ര.

എന്നാലും ആരെങ്കിലും,വല്ല കള്ളക്കേസും ഉണ്ടാക്കുമോ, ഒന്നാമത് നമുക്ക് സമയദോഷം ആണ്.

ഇല്ലടോ,, അങ്ങനെയൊന്നും ഉണ്ടാവില്ല, ഇതിപ്പോ, ഞാൻ റോഡിലൂടെ നടന്നു വരുന്ന വഴിക്ക്, മിക്കവാറും വീടുകളിൽ ഒക്കെ സിസിടിവി ഉള്ളതാണ്. അപ്രതീക്ഷിതമായി അവർ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടങ്കിൽ ബാക്കി കാര്യം അന്നേരമല്ലേ..

എന്നാലും എനിക്ക് വല്ലാണ്ട് പേടിയാവുന്ന ഹരിയേട്ടാ, പോലീസ് മറ്റെന്തെങ്കിലും ചോദിച്ചോ.

ഇല്ലെന്ന്,, ഇത്രയും വലിയൊരു ഓപ്പറേഷൻ ഒക്കെ ചെയ്യുമ്പോൾ, ആരെങ്കിലും ബന്ധുക്കൾ ഒക്കെ കൂടെ കാണേണ്ടതല്ലേ, ഇതിപ്പോ ഈ മനുഷ്യനെ കുറിച്ച്, നമുക്ക് ആർക്കും ഒരു ഐഡിയയും ഇല്ല, അതുകൊണ്ട് പോലീസിൽ വിളിച്ച് വിവരം അറിയിക്കുമെന്ന്, റിസപ്ഷനിൽ നിന്നും എന്നോട് പറഞ്ഞിരുന്നു, അത് തന്നെയാണ് സേഫ്, നടന്ന കാര്യങ്ങളൊക്കെ ഞാൻ പോലീസിനോട് പറഞ്ഞല്ലോ, ഇനി ബാക്കിയൊക്കെ അവരു നോക്കിക്കോളും..

പോലീസ് വന്നു എന്നറിഞ്ഞതാണ് ഭദ്രയെ വല്ലാണ്ട് ഭയപ്പെടുത്തിയ കാര്യമെന്ന് ഹരിക്ക് തോന്നിയിരുന്നു. അവളോട് അത് പറഞ്ഞത് അബദ്ധമായി പോയി.
ഒരു നെടുവീർപ്പോടുകൂടി ഹരി സെറ്റിയിലേക്ക് ചാരി ഇരിക്കുകയാണ്.

ആ മനുഷ്യന്റെ വീട്ടുകാർ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ, തനിക്ക് പോകാമായിരുന്നു ഭദ്ര ഒറ്റയ്ക്ക് വല്ലാണ്ട് ഭയപ്പെടുന്നുണ്ട്.
എങ്ങനെയൊക്കെ ആയാലും ആ അഡ്രസ്സ് വെച്ച് അവർ വേഗം കണ്ടെത്തുമായിരിക്കും എന്ന്

വെളുപ്പിന് ഒരു മണിയായി ഓപ്പറേഷൻ കഴിഞ്ഞപ്പോൾ.
ആൾക്ക് കുഴപ്പമൊന്നുമില്ല എന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, അപകടനില അദ്ദേഹം തരണം ചെയ്തു എന്നുമൊക്കെ, ഡോക്ടർസ് ഇറങ്ങി വന്നിട്ട് ഹരിയെ അറിയിച്ചു.

അങ്ങനെ
സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളും കരഞ്ഞുകൊണ്ട് ഓടിവരുന്നത്. വേറെ എന്തെങ്കിലും കേസ് ആയിരിക്കും എന്നാണ് ഹരി കരുതിയത്.

രവിചന്ദ്രമേനോൻ, എവിടെയാണ് കിടക്കുന്നതെന്ന് ചോദിച്ചു ആ സ്ത്രീ അലമുറയിടുന്നത് കേട്ടപ്പോൾ ഹരി മുഖം ചരിച്ചു നോക്കി..
അപ്പോഴേക്കും ഒന്ന് രണ്ട് സിസ്റ്റേഴ്സ് വന്നിട്ട് അവരോട് ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു.

ഹരിയാണ് പേഷ്യന്റിനെ കൊണ്ടുവന്നതെന്ന് , പറഞ്ഞ് ഒരു സിസ്റ്റർ അവനെ ചൂണ്ടിയപ്പോൾ ആ സ്ത്രീയും രണ്ടു പെൺകുട്ടികളും കരഞ്ഞുകൊണ്ട് അവന്റെ നേർക്ക് കൈകൾ കൂപ്പി.

പേടിയ്ക്കുവൊന്നും വേണ്ട.. സാർ ഓക്കെയാണ്. സർജിക്കൽ ഐസിയുവിൽ കയറി ആർക്കെങ്കിലും കാണാൻ പറ്റും കെട്ടോ.

അവൻ പറഞ്ഞതും അവർ നന്ദിയോടെ തല കുലുക്കി.

ഞാൻ എങ്കിൽ പൊയ്ക്കോട്ടെ, വൈഫ് ഒറ്റയ്ക്ക് ഉള്ളൂ. നാളെ വരാം.

മോന്റെ പേരെന്താണ്…
പെട്ടെന്ന് ചോദിച്ചു.

എന്റെ പേര് ഹരിനാരായണൻ.
ഞാൻ ഒരാവശ്യത്തിന് ടൗണിൽ വരെ പോയതായിരുന്നു, മടങ്ങിവരുമ്പോഴാണ് സാർ വയ്യാണ്ട് കാറിൽ കിടക്കുന്നത് കാണുന്നത്.
ഹരി ഒന്നുകൂടി അവരോട്, കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി.
എന്നിട്ട് വൈകാതെ അവിടെ നിന്നും ഇറങ്ങി.

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ പാടെ ഹരി ഭദ്രയെ വിളിച്ച്, അദ്ദേഹത്തിന്റെ ബന്ധുക്കൾ ഒക്കെ എത്തി എന്നുള്ളത് അറിയിച്ചു. സത്യത്തിൽ അപ്പോഴാണ് അവൾക്ക് ശ്വാസം നേരേ വീണത്. ഇനിയെന്താകുമെന്ന് അറിയാതെ ഭദ്ര ആകെ വിഷമിച്ചിരിക്കുകയായിരുന്നു.

ഹരിയേട്ടൻ ഇനി എങ്ങനെയാണ് വരുന്നത്, ഈ സമയത്ത് വണ്ടിയൊക്കെ കിട്ടുമോ.?

ഹോസ്പിറ്റലിൽ മുൻപിൽ ഓട്ടോ സ്റ്റാൻഡ് ഉണ്ട്, ഞാൻ അവിടേക്ക് ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചു വരാം..

ഹ്മ്മ്…. എന്നാൽ ശരി, ഹരിയേട്ടൻ വെച്ചോളൂ
ആഹ്… പെട്ടന്ന് വരാം… ടെൻഷൻ ആകേണ്ട കേട്ടോ.

മ്മ്…..
ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടിട്ട്, ഹരി വഴിയിലേക്ക് ഇറങ്ങി.. രണ്ടുമൂന്ന് ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു. ആദ്യത്തെ ഓട്ടോയിൽ കയറിയിട്ട് അവൻ പോകേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു കൊടുത്തു.

അത്യാവശ്യം ദൂരമുണ്ട് ഹരി താമസിക്കുന്ന സ്ഥലത്തേക്ക്. എങ്ങനെയൊക്കെ ആയാലും 500 രൂപയ്ക്ക് മുകളിൽ ആവും.

വീട്ടിലേക്ക് വരുന്ന വഴിക്കാണ് വഴിയരികിൽ ഒരു തട്ടുകട അവന്റെ ദൃഷ്ടിയിൽ പെട്ടത്.

ചേട്ടാ വണ്ടി ഒന്നു നിർത്തുമോ..
ഹരി പറഞ്ഞതും ഓട്ടോറിക്ഷക്കാരൻ വണ്ടി ഒതുക്കി നിർത്തി..

നാലഞ്ചു ചൂട് ദോശയും, ചമ്മന്തിയും ഓംലെറ്റും ഒക്കെ അവൻ പാഴ്സൽ ആയിട്ട് വാങ്ങി.
വിശന്നു പൊരിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു. ആ സമയത്താണ് ഇങ്ങനെയൊക്കെ സംഭവങ്ങൾ ഉണ്ടായത്. അപ്പോഴേക്കും വിശപ്പൊക്കെ ഒക്കെ എങ്ങോട്ടോ പോയിരുന്നു.

ച്ചേട്ടാ..കട്ടൻ ചായ വേണോ?
ഹരി ചോദിച്ചതും ഓട്ടോ ഡ്രൈവർ വേണ്ടന്ന് തലയിളക്കി കാണിച്ചു..

വാ ച്ചേട്ടാ.. ഒരു കട്ടൻ കുടിക്കാം.
ഹരി പിന്നെയും നിർബന്ധിച്ചപ്പോൾ അയാൾ മടിയോടെ ഇറങ്ങി വന്നു.

ഏതോ വലിയ വീട്ടിലെ പയ്യനാണെന്ന് ഹരിയേ കണ്ടപ്പോൾ തന്നെ ആ ഡ്രൈവർക്ക് തോന്നിയിരുന്നു. അതായിരുന്നു അയാൾക്ക് മടിയും……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!