മംഗല്യ താലി: ഭാഗം 7

മംഗല്യ താലി: ഭാഗം 7

രചന: കാശിനാഥൻ

ഒന്ന് രണ്ടു തവണ അവൾ ഹരിയെ കണ്ടിട്ടുണ്ട്. ഓർഫനേജിൽ വെച്ച്.കാണാൻ സുന്ദരനായ അയാൾക്ക് തന്നേ ഇഷ്ട്ടം ആകുമോ എന്നൊക്കെ വല്ലാത്ത പേടി അവൾക്കുണ്ടായിരുന്നു. ആ സംശയം പങ്ക് വെച്ചപ്പോൾ പക്ഷെ മീര ടീച്ചറും ദേവിയമ്മയും കൂടി അവളേ വഴക്ക് പറഞ്ഞു.. എല്ലാം മോളുടെ സൗഭാഗ്യമാണ്, അല്ലെങ്കിൽ ഇങ്ങനെയൊരു ബന്ധം വരുമോ നിന്നെത്തേടി. അവർ തിരിച്ചു ചോദിച്ചു.. മോളെ ഭദ്രേ.... മഹാലക്ഷ്മി വിളിച്ചപ്പോൾ ഭദ്ര ഞെട്ടി തിരിഞ്ഞു നോക്കി. അവളെ റൂമിൽ ആക്കിയ ശേഷം ആയിരുന്നു അവർ അനിരുദ്ധന്റെ അടുത്തേക്ക് പോയത്. തിരികെ കയറി വന്നപ്പോൾ ജനാലയിൽ മുറുക്കി പിടിച്ചുകൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയാണ് ഭദ്ര... മോളെ..... ഉറക്കം വരുന്നുണ്ടോ. ഇല്ലമ്മേ..... അദ്ദേഹം വിളിച്ചിരുന്നോ. വിഷമത്തോടെ അവൾ ചോദിച്ചു. ഹമ്... നാളെയവൻ വരും. മോള് വിഷമിക്കണ്ട. മൃദുല.. ആ കുട്ടി വരുമോ.. ഇടറിയ ശബ്‍ദത്തിൽ അവൾ അവരെ വീണ്ടും നോക്കി. അറിയില്ലന്നേ ... ചിലപ്പോൾ എത്തും. മോള് ടെൻഷൻ ആവണ്ട.മൃദുല എന്റെ സഹോദരന്റെ മകളാണ്.. ഇങ്ങു വരട്ടെ, ഞാൻ സംസാരിച്ചോളാം... അർഹിക്കാത്തതെന്തൊ അത് നേടിയെടുത്താലും ഒരിക്കൽ നമ്മള് പോലും പ്രതീക്ഷിയ്ക്കാത്ത നേരത്തു കൈ വിട്ടും പോകും ലക്ഷ്മിയമ്മേ ... നിനക്ക് അർഹതപെട്ടവൻ തന്നെയാണ് ഹരി.. വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട കേട്ടോ.. അവളെ ചേർത്തു പിടിച്ചു. എനിയ്ക്ക് നീയെന്റെ മകളാണ്, എന്റെ സ്വന്തം മകൾ. അവളുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് മഹാലക്ഷ്മി പറഞ്ഞപ്പോൾ ഭദ്ര മിഴിനീർ തുടച്ചു കൊണ്ട് മുഖം ഉയർത്തി. മോള് വാ.. കിടക്കാം. അവരോടൊപ്പം കിടക്കാൻ പാവത്തിന് ആകെ ഒരു ബുദ്ധിമുട്ട്. പക്ഷെ മഹാലക്ഷ്മി അവളെ ചേർത്തണച്ചുകൊണ്ട് കിടന്നു. ഹരി നാളെ എത്തും കേട്ടോ... അനിക്കുട്ടൻ അവനെ വിളിച്ചിരുന്നു, കളവ് ആണേലും അവളെ സമാധാനിപ്പിക്കാൻ വേണ്ടി മഹാലക്ഷ്മിക്ക് അങ്ങനെ പറയേണ്ടി വന്നു. ഒന്ന് മൂളിയത് അല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.. *** ഇതിപ്പോ എത്രാമത്തെയാണ് എന്റെ ഹരിക്കുട്ടാ, മതി കഴിച്ചത് ഇനി നിർത്ത്. പോളേട്ടൻ വന്നു ഒരുപാട് വഴക്ക് പറഞ്ഞ ശേഷം ആയിരുന്നു ഹരി ഒന്ന് ഒതുങ്ങിയത്. മാഡം വിളിച്ചു കാണും, എന്റെ ഫോൺ ഓഫ് ആക്കി വച്ചിരിക്കുവാ. അതങ്ങനെ ഇരിക്കട്ടെ പോളെട്ടാ.. നാളെ ഓൺ ചെയ്‌താൽ മതി. അവന്റെ ശബ്ദം ഉയർന്നു കുടിച്ചു വെളിവില്ലാതെ അമ്മയെയും ചേട്ടനെയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് ഹരി. ഈശോയെ, ഇതു എന്തൊരു കഷ്ട്ടം ആണോ, ഇഷ്ട്ടം ഇല്ലാതെ എന്തിനാ ഈ പാവത്തിനെ പിടിച്ചു പെണ്ണ് കെട്ടിച്ചത്..ആ പെൺകൊച്ചുന്റെ ഒരു വിധി.. പിന്നേ ചോദിക്കാനും പറയാനും ആരുമില്ലാത്ത കൊണ്ട് കുഴപ്പമില്ല. പോള് തന്നെത്താനെ പറഞ്ഞു.. *** രാവിലെ മഹാലക്ഷ്മി ഉണർന്നപ്പോൾ തന്നോട് ചേർന്ന് കിടന്നുറങ്ങുന്ന ഭദ്രയെയായിൽര്ന്നു കണ്ടത്. കുറച്ചു സമയം അവളുടെ മുഖത്തേക്ക് നോക്കി അവർ കിടന്നു പാവം...ഒരുപാട് നന്മയുള്ളവൾ ആണ്, അതുകൊണ്ട് അല്ലെ തന്റെ ഹരിയുടെ പെണ്ണായി ഇവിടേക്ക് കൊണ്ട് വന്നത്. അവളെ നന്നായി പുതപ്പിച്ച ശേഷം മഹാലക്ഷ്മി ഫ്രഷ് ആവാനായി പോയ്‌. കുളിയൊക്കെ കഴിഞ്ഞു വേഷം മാറി കരിനീല നിറം ഉള്ള ഒരു സാരീയൊക്കെ ഉടുത്തു കൊണ്ട് നിൽക്കുകയാണ് മഹാലക്ഷ്മി. നെറ്റിയിൽ നീളത്തിൽ ഒരു ഭസ്മക്കുറിയുണ്ട്. മുടി അഴിച്ചു തോർത്തികൊണ്ട് നിന്നപ്പോൾ ആയിരുന്നു ഭദ്ര ഉണർന്നു വന്നത്. ആഹ്... ഗുഡ് മോണിംഗ് മോളെ. അവർ അവളെ നോക്കി പുഞ്ചിരിച്ചു. സോറി... ഞാൻ ഉറങ്ങിപ്പോയി ലക്ഷ്മിയമ്മേ. അവൾ കിടക്കവിട്ടു എഴുന്നേറ്റു. നേരം ഒന്നുമായില്ല... അഞ്ച് മണി ആകുന്നെയൊള്ളു. ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തും. അതുകൊണ്ട് എഴുന്നേറ്റ് കുളിച്ചത്.മോള് കിടന്നോളു. ഏയ്‌, എന്റെ ഉറക്കമൊക്കെ കഴിഞ്ഞു.. ഞാനും പെട്ടന്ന് കുളിച്ചു വരാം. അപ്പോളാണ് തന്റെ ഡ്രസ്സ്‌ ഒക്കെ മുകളിൽ ആണെന്ന് ഭദ്ര ഓർത്തത്.ലക്ഷ്മിയമ്മയോടു കാര്യം പറഞ്ഞു അതിനെന്താ,മോള് അവിടേക്ക് പൊയ്ക്കോളൂന്നേ...സാരമില്ലന്നേ. ഹരിയുടെ മുറിയിലേക്ക് പോകും തോറും ഭദ്രയെ വിറച്ചു. അവനവിടെ ഇല്ലെന്ന് ഉള്ളത് അറിയാം. എന്നാലും ഒരു പേടി. പെട്ടെന്ന് തന്നെ വാഷ് റൂമിൽ കേറി കുളിച്ചു, വേഷം മാറ്റി മറ്റൊരു ചുരിദാർ എടുത്തു ഇട്ടു. ഇരു കാതുകൾക്കും ഇടയിൽ നിന്നും ഇത്തിരി വീതം മുടി എടുത്തു കുളിപിന്നൽ പിന്നിയിട്ടുകൊണ്ട് താഴേക്ക് ഓടി ചെന്നു. പൂജാമുറിയിലേക്ക് കയറി ചന്ദനതിരിയുടെയും അഷ്ടഗന്ധത്തിന്റെയും മണം ആയിരുന്നു അവിടമാകെ നിറഞ്ഞു നിന്നത്.. പേര് പോലെ തന്നെ ഐശ്വര്യം തുളുമ്പുന്ന ഒരമ്മയാണെന്ന് മഹാലക്ഷ്മിയെ കണ്ടപ്പോൾ ഭദ്ര ഓർത്തു. ദീപ പ്രഭയിൽ അവരുടെ മുഖം തിളങ്ങിനിന്നു. എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നുണ്ട്. അവരുടെ അധരം ചലിയ്ക്കുന്നത് ഒരു കൗതുകത്തോടെയവൾ നോക്കി നിന്നു. അല്പം കഴിഞ്ഞ് മഹാലഷ്മി മിഴികൾ തുറന്നു. അരികിലായി നിൽക്കുന്ന ഭദ്രയെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു.. ജപവും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു ഇരുവരും കൂടി അടുക്കളയിൽ എത്തി. സൂസമ്മേ.....കോഫി ഒരു കപ്പ് കൂടി എടുത്തൊ. മോൾക്കും വേണം.. ആഹ് ശരി ചേച്ചി. ഇപ്പൊ തരാം മഹാലക്ഷ്മി ഉറക്കെ പറഞ്ഞപ്പോള് ഒരു സ്ത്രീ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു. അമ്മേ... ഞാൻ എടുത്തോളാം, കുഴപ്പമില്ല.. ഹേയ് അതൊന്നും സാരമില്ലന്നേ, ഞാനെടുത്തു വെച്ചിട്ടുണ്ട് മോളെ. 50വയസിനോട് അടുത്തു പ്രായം ഉള്ള ഒരു ചേച്ചി ഒരു കലത്തിൽ വെള്ളവും ആയിട്ട് കയറി വരുന്നുണ്ട്. കുടിക്കാൻ ഉള്ള വെള്ളമാ. ദേ ഇവിടെ കിണറുണ്ട്. അവളുടെ നോട്ടം കണ്ടതും ആ സ്ത്രീ പറഞ്ഞു. മോളെ... ഇതു സൂസമ്മ, അടുക്കളയിൽ ഒരു സഹായത്തിനു സൂസമ്മയാണ് വരുന്നേ. പിന്നെ ലേഖയുണ്ട് കെട്ടോ.എന്താവശ്യം ഉണ്ടെങ്കിലും സൂസമ്മയോട് ചോദിച്ചാൽ മതി. മഹാലഷ്മി പറഞ്ഞതും അവൾ തല കുലുക്കി. സൂസമ്മ കൊടുത്ത കാപ്പി മേടിച്ചു ഊതി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു ലേഖ അവിടെക്ക് വന്നത്. കുളിയൊക്കെ കഴിഞ്ഞു ഐശ്വര്യം ആയിട്ട് ഇരിക്കുന്ന ഭദ്രയെ കണ്ടതും ലേഖയുടെ മുഖം ഇരുണ്ടു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story