മംഗല്യ താലി: ഭാഗം 77
രചന: കാശിനാഥൻ
മീര…..
രവീന്ദ്രന്റെ ശബ്ദം വിറച്ചു.
പെട്ടെന്ന് മീര ചുറ്റിനും നോക്കി.
തങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്നതായിരുന്നു അവരുടെ ആദ്യത്തെ സംശയം.
അകത്തേക്ക് വരൂ… അകത്തിരുന്ന് സംസാരിക്കാം.
വേണ്ട എനിക്ക് നിന്നോട് ഒന്നും സംസാരിക്കേണ്ട.. ഒരൊറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി.
അയാൾ വർദ്ധിച്ചുവന്ന കോപത്തോടെ മീരയേ നോക്കി..
ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതാണ്, വെറുതെ ഒരു പ്രശ്നമുണ്ടാക്കരുത് നിങ്ങൾ.
മീരയും പറഞ്ഞു
അതിന് ഞാനിവിടെ ഒരു പ്രശ്നമുണ്ടാക്കാൻ വന്നതാണെന്ന് നിന്നോട് ആരാടീ പറഞ്ഞത്.
ഈ മുറ്റത്ത് നിന്ന് ഇങ്ങനെ സംസാരിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അകത്തേക്ക് വരാം ഇല്ലെങ്കിൽ പോകാം.
നിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വിരുന്നുണ്ണൻ വന്നതൊന്നും അല്ലടി ഞാൻ..
എനിക്ക് ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി. അതറിഞ്ഞശേഷം ഈ നിമിഷം ഞാൻ ഇവിടുന്ന് പോകും..
രവീന്ദ്രൻ ചോദിക്കുന്നത് എന്താണെന്നുള്ളത് മീരയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് അയാളെ ചേർത്തുനിൽക്കുവാൻ തന്നെയുള്ള നീക്കങ്ങൾ അവൾ തന്റെ ഉള്ളാലേ നടത്തുകയാണ്.
മീര… എന്റെ മകളെവിടെ?
യാതൊരു മുഖവുരയും കൂടാതെ അയാൾ മീരയെ ഉറ്റുനോക്കി.
എനിക്കറിയില്ല,,
മീര പിറുപിറുത്തു.
പെട്ടെന്നായിരുന്നു രവീന്ദ്രന്റെ കൈ വായുവിൽ ഒന്നു ഉയർന്നുപൊങ്ങിയത്
ആഹ്…
തന്റെ കരണം പൊത്തികൊണ്ട് മീര വിതുമ്പി.
രണ്ടു പെൺകുട്ടികൾ അപ്പോഴേക്കും അവിടേക്ക് ഓടി വന്നു.
ടീച്ചറെ… എന്താ എന്തിനാ ടീച്ചർ കരയുന്നത്…
കുട്ടികൾ മീരയുടെ കൈത്തണ്ടയിൽ പിടിച്ചു അവളെ കുലുക്കി.
ഒന്നുല്ല.. മക്കള് ചെല്ലു. ടീച്ചർ വന്നോളാം.
മീര കുട്ടികളെ രണ്ടാളെയും അകത്തേക്ക് പറഞ്ഞു വിട്ടു.
എന്നിട്ട് രവീന്ദ്രനെ നോക്കി.
എന്റെ പൊന്നുമോൾ എവിടെ.. എനിക്കത് മാത്രം അറിഞ്ഞാൽ മതി. അല്ലാണ്ട് നിന്റെ ഒത്താശ സ്വീകരിക്കുവാൻ വന്നതൊന്നുമല്ല ഞാൻ. നീ ഇക്കാര്യത്തെക്കുറിച്ച് എനിക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ, ഞാൻ നിയമനടപടികളിലേക്ക് പോകുന്നതായിരിക്കും. അങ്ങനെ വരുന്ന പക്ഷം നിന്റെ ഈ സ്ഥാപനവും നിന്റെ സൽപേരും ഒക്കെ നാലാളുകൾ അറിഞ്ഞുകൊള്ളും.
രവിയേട്ടൻ ചെല്ല്..
ഞാൻ ഇത്തിരി തിരക്കിലാണ്.
രവിയേട്ടൻ… ഓഹോ. അപ്പോൾ നീ ആ പേര് മറന്നിട്ടില്ല..അല്ലേ മീരാ…
കൊള്ളാം… അതെനിക്ക് ബോധിച്ചു.
അയാൾ മീരയെ നോക്കി പുച്ഛഭാവത്തിൽ പറഞ്ഞു..
രവിയേട്ടാ….. ഇവിടെ പ്രാർത്ഥന സമയം ആയിരിക്കുകയാണ്. രവിയേട്ടൻ ദയവു ചെയ്തു എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങൾക്ക് ആർക്കും ഒരു ശല്യമാകാതെ, ഇരുപത്തി രണ്ട് വർഷം, ഞാൻ ജീവിച്ചു. ഇനിയും മുന്നോട്ട് എങ്ങനെയെങ്കിലും ഞാൻ കഴിഞ്ഞു കൊള്ളാം. എന്നെ വിഷമിപ്പിക്കരുത്.ഞാൻ വേണമെങ്കിൽ രവിയേട്ടന്റെ കാലു പിടിക്കാം..
മതി… അഭിനയമൊക്കെ അവസാനിപ്പിക്കടി. അതിനുള്ള സമയം ആയിരിക്കുന്നു. നിന്റെ ഒളിവ് ജീവിതം ഒക്കെ, അങ്ങ് തീർത്തിട്ട്, ഇനി നീ സമൂഹത്തിലേക്ക് ഇറങ്ങി വാ. എന്നിട്ട് രവീന്ദ്രന്റെ മകളെ കാണിക്ക്..
ഇല്ല…
വാശിയോടെ മീര പറയുകയാണ്.
ഹ്മ്…. നീ എനിക്ക് ഇതിനുള്ള ഉത്തരം തരാത്ത പക്ഷം, ഏതറ്റം വരെയും പോകുവാൻ ഈ രവീന്ദ്രന് സാധിക്കും. അറിയാല്ലോ നിനക്ക് എന്നെ…
രവിയേട്ടാ.. പ്ലീസ്…
എനിക്ക് കൂടുതൽ ഒന്നും അറിയേണ്ട. അതും നിന്നെക്കുറിച്ചു… പക്ഷേ എന്റെ രക്തത്തെ എനിക്ക് കാണണം മീര… നീ പറഞ്ഞല്ലോ 22 വർഷം നീ കൺമുമ്പിൽ പോലും പെടാതെ ജീവിച്ചു എന്ന്, ഒന്നോർത്തോ… നീ ഒരുത്തി കാരണം,നീറി നീറി പിടഞ്ഞു ജീവിച്ചവനാടി ഞാന്. എന്റെ മോളെ ഓർത്ത് കണ്ണീർ പൊഴിക്കാത്ത ഒരൊറ്റ രാത്രി പോലും എനിക്കില്ല. ഒന്നൊന്നായി വെട്ടിപ്പിടിച്ച് നേടിയെടുത്തപ്പോഴും, ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പനി ഉണ്ടാക്കിയെടുത്തപ്പോഴും, രവീന്ദ്രന്റെ പേര് വാനോളം ഉയർന്നു. എന്നാൽ ഇതിനൊന്നും ഒരു അവകാശി ഇല്ലാതെ, ഞാൻ വെറുതെ ജീവിച്ചു പോന്നു.. എല്ലാ സൗഭാഗ്യങ്ങളുടെയും നടുക്ക് ഒരു രാജകുമാരിയെ പോലെ കഴിയേണ്ട എന്റെ കുഞ്ഞ്, അവളെവിടെയാണ് മീര.
മര്യാദക്ക് നീ പറയുന്നുണ്ടോ.
അപ്പോഴേക്കും ദേവിയമ്മ നടന്നുവരുന്നത് മീര കണ്ടു.
രവിയേട്ടാ, അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ എന്നെ നാണം കെടുത്തരുത്. നിങ്ങൾ പോയിട്ട് മറ്റൊരു ദിവസം വരു. അല്ലെങ്കിൽ എന്റെ നമ്പർ ഞാൻ തരാം ഒന്ന് നോട്ട് ചെയ്യുമൊ. എന്നിട്ട് എന്നെ വിളിച്ചാൽ മതി.
നിസ്സഹായയായി തന്റെ മുന്നിൽ നിൽക്കുന്ന അവളെ കാണുതോറും അയാൾക്കും എന്തോ ഒരു വേദന പോലെ.
ഇന്നേവരെ ആർക്കും അറിയപ്പെടാത്ത ഒരു രഹസ്യമാണത്. രവിയേട്ടൻ ഇപ്പോൾ ഒന്നും എന്നോട് ചോദിക്കരുത്. എനിക്കൊരു ഉത്തരം പറയാൻ സാധിക്കുന്നില്ല. അതുകൊണ്ട്.. ഒന്നു പോകാമോ.
മീര പിന്നെയും ചോദിച്ചു.
ഹ്മ്…പോകുവാ… നിന്റെ നമ്പർ തരു..
അയാൾ ഫോണ് പോക്കറ്റിൽ നിന്നും എടുത്തതും മീര പെട്ടെന്ന് തന്നെ അവളുടെ നമ്പർ പറഞ്ഞു കൊടുത്തു.
ഞാനിപ്പോൾ പോകുന്നു. ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകുകയാണെങ്കിൽ,, അന്ന് നീയ് നമ്മുടെ മകളെ എനിക്ക് ചൂണ്ടിക്കാണിക്കണം..
അയാളുടെ ചോദ്യത്തിനുമുന്നിൽ മറുപടിയൊന്നും പറയാതെ മീര മുഖം കുനിച്ചു.
ആരായിരുന്നു ടീച്ചറേ,,,?
ദേവിയമ്മ ചോദിച്ചതും മീര ഒന്നു ഞെട്ടി.
ഒരുപാട് ബിസിനസുകൾ ഒക്കെ ചെയ്യുന്ന വലിയൊരു വ്യവസായിയാണ്…
ചാരിറ്റി ട്രസ്റ്റ്‌ലേക്ക് സംഭാവന തരാൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടി വന്നതാ…
എന്നിട്ട് ടീച്ചർ എന്ത് പറഞ്ഞു?
എന്റെ നമ്പർ കൊടുത്തിട്ടുണ്ട്.
ബാക്കിയൊക്കെ അദ്ദേഹം ആലോചിച്ചു പറയും.
ഹ്മ്…..
നല്ല കാര്യം.. ആ മനുഷ്യന് നമ്മുടെ മക്കളുടെ മേൽ കരുണ തോന്നട്ടെ അല്ലേ.
അതെ അങ്ങനെ തോന്നട്ടെ.
ദേവിയമ്മ വരൂ. പ്രയർ time ആയില്ലേ.
ഉവ്വ്….. ടീച്ചറിനെ കാണാഞ്ഞിട്ട് ഞാൻ തിരക്കി വന്നതായിരുന്നു.
രണ്ടാളും കൂടി പ്രാർത്ഥനാ ഹോളിലേക്ക് നടന്നു.
***
വൈകുന്നേരം വീട്ടിലെത്തിയ ശേഷം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ഒക്കെ ഒരു വല്ലാത്ത ഗന്ധം വന്നു , തന്നെ മൂടുന്നതായി ഭദ്രയ്ക്ക് തോന്നി.
കുറേസമയം അവൾ ശ്വാസം എടുത്തു വലിച്ചു കൊണ്ടിരുന്നു.
പിന്നീടാണ് അത് രവീന്ദ്രൻ സാറിന്റെ ഗന്ധം ആണല്ലോ എന്ന് ഭദ്ര തിരിച്ചറിഞ്ഞത്.
സാറിനെ കാണുമ്പോഴും സാർ അടുത്ത് വരുമ്പോഴും ഒക്കെ, എന്തെന്നറിയാതെ തന്റെ മനസ്സിൽ ഒരു സ്പാർക്ക് നടക്കുന്നതായി അവൾക്ക് തോന്നി.
ആദ്യമായിട്ട് കാണുകയാണെങ്കിൽ പോലും എവിടെയൊക്കെയോ പരിചയമുള്ളതുപോലെ ഒരു മുഖം.
ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കുമ്പോൾ വല്ലാത്തൊരു തീഷ്ണത പോലെ.
തനിക്ക് വേണ്ടപ്പെട്ട ആരോ ഒരാളെ കണ്ട ഒരു അനുഭൂതിയായിരുന്നു കാലത്തെ കമ്പനിയിൽ ചെന്നപ്പോൾ മുതൽക്ക്.
ഭദ്ര പിന്നെയും ആലോചനയോടെ നിലവിളക്കിലേക്ക് നോക്കി ഇരിക്കുകയാണ്.
ഒളിമങ്ങാതെ ദീപപ്രഭയോടെ ആ നിലവിളക്ക് തെളിഞ്ഞുകത്തി നിൽക്കുകയാണ്…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…