മംഗല്യ താലി: ഭാഗം 79
രചന: കാശിനാഥൻ
ഭദ്രാ…
താൻ എന്താണ് ഇത്രയ്ക്ക് ആലോചിച്ചു കൂട്ടുന്നത്. ഞാൻ വന്നത് പോലും അറിഞ്ഞില്ലാലോ.
ഹേയ് ഒന്നുല്ല ഹരിയേട്ടാ.. ഞാൻ വെറുതെ.
അവൾ ഫോൺ അവനു നേർക്ക് നീട്ടി.
.
സാറെന്തിനാ വിളിച്ചേ.
അറിയില്ല..
ഹ്മ്മ്.. ഞാനൊന്ന് വിളിച്ചു നോക്കട്ടെ. താൻ ഫുഡ് എടുത്തു വെച്ചോളൂ.
ഹരി ഫോണും വാങ്ങിയ ശേഷം അവിടെ നിന്നും സിറ്റ് ഔട്ട് ഇലേക്ക് ഇറങ്ങിപോയി.
ബിസിനസ് കാര്യങ്ങൾ എന്തോ ചർച്ച ചെയ്യുകയാണെന്ന് ഭദ്ര ക്ക് മനസിലായി. അവൾ കഴിക്കാൻ ഉള്ള ഭക്ഷണം ഒക്കെ എടുത്തു വച്ചിട്ട്, ഹരിയുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു
**
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് മീര.
വർഷങ്ങൾ….
അതു എത്ര പെട്ടന്നാണ് ഓടി മറയുന്നത്.
മീരാ……..എനിക്ക് നിന്നെ ഇഷ്ട്ടമാണ് മീര.ഒരുപാട് ഒരുപാട് ഇഷ്ട്ടം.. നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല മീരേ.
രവിയേട്ട.. പ്ലീസ്, വെറുതെ പ്രശ്നം ഉണ്ടാക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള ഒരു പെൺകുട്ടി അല്ല ഞാൻ.
ഒരിക്കലും താങ്കളുടെ മാതാപിതാക്കൾ എന്നെ ആക്സെപ്റ്റ് ചെയ്യില്ല..
ആയിരം ആവർത്തി മീര അവനോട് ഇതേ പല്ലവി തന്നെ പറഞ്ഞുവെങ്കിലും, പിന്മാറുവാൻ അവൻ കൂട്ടാക്കിയില്ല.
രവിയേട്ടനെ എനിക്കും ഇഷ്ടമാണ്.
അവളെക്കൊണ്ട് ഒടുവിൽ അവൻ അങ്ങനെ പറയിച്ചിരുന്നു.
അങ്ങനെ അവരുടെ പ്രണയം പൂത്തു തളിർത്തു.
പഴയ പ്രീ ഡിഗ്രി ക്ലാസ്സ് മുറി.
ഡെസ്കിൽ മുഖം ചേർത്ത് വെച്ച് വെറുതെ കിടക്കുകയാണ് മീര.
ചെറിയ തലവേദന പോലെ തോന്നിയപ്പോൾ സ്റ്റാഫ് റൂമിൽ ചെന്നിട്ട് ബാം മേടിച്ചു കൊണ്ട് വന്നത് കൂട്ടുകാരി ചിത്രആയിരുന്നു.
മീര.. എന്താടോ എന്ത് പറ്റി.. സുഖമില്ലേ നിനക്ക്.
ഒരുവൻ ഓടി അരികിലേക്ക് വന്നു.
ചെറിയ തല വേദന പോലെ. സാരമില്ല കുറച്ചു കഴിയുമ്പോൾ മാറും. രവിയേട്ടൻ എന്തിനാ ക്ലാസിലേക്ക് കയറി വന്നത്. ആരെങ്കിലും കണ്ടു, കമ്പ്ലീറ്റ് ചെയ്താൽ അറിയാല്ലോ.
പേടിയോടെ മീര ചുറ്റിനും നോക്കി അവനോട് ചോദിച്ചു.
എനിക്ക് ആരെയും പേടിയില്ല. എന്തിനാ നമ്മൾ മറ്റുള്ളവരെ പേടിക്കുന്നത്. ഒരാണും പെണ്ണും പരസ്പരം സ്നേഹിക്കുന്നത്, നമ്മുടെ നാട്ടിലെ ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ മീര.
രവിയേട്ടാ….. ഏട്ടനെന്ന് പോകുന്നുണ്ടോ. നമുക്ക് വൈകുന്നേരം കാണാന്നേ
അവൾ ഒരു പ്രകാരത്തിൽ അവനെ ഓടിച്ചു വിട്ടു.
രവീന്ദ്രൻ ശേഖർ.
സ്ഥലത്തെ പ്രമാണിയായിരുന്ന ശേഖരൻ വൈദ്യരുടെയും, സുകുമാരി അമ്മയുടെയും ഒരേയൊരു മകൻ. ഇഷ്ടം പോലെ സ്വത്ത്,
വ്യാപിച്ചു കിടക്കുന്ന പാടങ്ങൾ,, നിലം വേറെ, ടൗണിൽ ഏറെയുണ്ട് കെട്ടിടങ്ങൾ, അവിടെ പലചരക്കു കടകൾ, പിന്നെ വസ്ത്രവ്യാപാരം, സ്വർണക്കടകൾ വേറെ..
അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു അയാളുടെ സമ്പത്ത്.
എം കോം കഴിഞ്ഞ ശേഷം, അച്ഛനെ സഹായിക്കാനായി അയാളും ബിസിനസ് രംഗത്തേക്ക് ഇറങ്ങി.
വിവാഹം പെട്ടെന്ന് നടത്തിയേക്കാം എന്ന് രവീന്ദ്രന്റെ മാതാപിതാക്കൾ തീരുമാനിച്ചുറപ്പിച്ചപ്പോൾ, തനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അയാൾ അവിടെ എല്ലാവരോടും പറഞ്ഞു.
മുൻകൂട്ടി പ്രതീക്ഷിച്ചത് പോലെ തന്നെ എതിർപ്പുകൾ ആയിരുന്നു ആദ്യം തലപൊക്കിയത്.
യാതൊരു കാരണവശാലും അവന്റെ ഇഷ്ടത്തിന്, നിന്ന് തരില്ലെന്നും അവൻ ഏതു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നുള്ളത് തങ്ങൾ തീരുമാനിച്ചു കൊള്ളാമെന്നും, രവീന്ദ്രന്റെ അച്ഛനും അമ്മയും തീർത്തു പറഞ്ഞു.
എന്നാൽ രവീന്ദ്രൻ ശക്തമായി എതിർത്തു.
താനൊരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് തന്റെ മീരയെ ആണെന്ന് അവനും തീർത്തു പറഞ്ഞു
കുടുംബത്തിലെ ബാക്കിയുള്ള മുതിർന്ന കാരണവന്മാർ ഒക്കെ വന്ന് അവനെ ബ്രെയിൻ വാഷ് ചെയ്യാൻ നോക്കി. പക്ഷേ വിജയിച്ചില്ല, രവീന്ദ്രന്റെ രക്തത്തിൽ പോലും അലിഞ്ഞിരുന്നു മീര എന്നുള്ള നാമം.
ഒടുവിൽ വീട്ടുകാർ സമ്മതം മൂളി.
പെൺകുട്ടിയെ കാണുവാനായി പുറപ്പെടാമെന്ന് തീരുമാനിച്ചപ്പോൾ അടുത്ത കോളിളക്കം.
ആ പെൺകുട്ടി അനാഥയാണ്.
സെന്റ് ആഗ്നസ് ചർച്ചിലെ മഠത്തിൽ കഴിയുകയാണ് അവൾ. അവൾക്ക് നാലു വയസ്സുള്ളപ്പോഴാണ് ആ മഠത്തിൽ അവളുടെ അമ്മ വന്നത്.
മഠത്തിലെ ഒരു ജോലിക്കാരി ആയിട്ടായിരുന്നു അവർ വന്നത്. പക്ഷേ മീരയുടെ അമ്മ, ഒരു രോഗിയായിരുന്നു എന്നും, മീരയ്ക്ക് അഞ്ചുവയസ്സുള്ളപ്പോൾ മരിച്ചു എന്നും, പിന്നീട് മീര വളർന്നത് ആ മഠത്തിൽ ആണെന്ന് ഒക്കെ, രവീന്ദ്രൻ അവരോട് പറഞ്ഞു
സാധ്യമല്ല രവി,ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിന്റെ ഈ വിവാഹം നടത്തി തരില്ല.,, രവീന്ദ്രന്റെ അച്ഛൻ അയാളോട് തീർത്തു പറഞ്ഞു.
പിന്നെയും ഓരോരോ പ്രശ്നങ്ങളായി.
എന്നിരുന്നാലും ശരി, മീരയെ താൻ സ്വന്തമാക്കുമെന്ന്, രവീന്ദ്രൻ ഉറച്ചു വിശ്വസിച്ചു.
അങ്ങനെ ഒരു മേടമാസം പത്താം തീയതി,, തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു. പത്താമുദയ മഹോത്സവം. രവീന്ദ്രന്റെ അച്ഛനും അമ്മയും ഒക്കെ അമ്പലത്തിലേക്ക് പോയതാണ്.
അന്നത്തെ ദിവസത്തെ ഉത്സവം നടത്തുന്നത് ശേഖരൻ വൈദ്യൻ ആയിരുന്നു.
അങ്ങനെ പോയതാണ് അവർ ഇരുവരും കൂടി.
അവിടെവെച്ച്, വീട്ടുവേലയ്ക്ക് വരുന്ന മണിയൻ വന്നു ശേഖരന്റെ കാതിൽ എന്തോ ഒരു രഹസ്യം പറഞ്ഞു.
വലിഞ്ഞു മുറുകിയ മുഖത്തോടെ അയാൾ ഭാര്യയെയും വിളിച്ച് വീട്ടിലേക്ക് വന്നപ്പോൾ, അയാളെ കാത്ത് രവീന്ദ്രൻ ഉമ്മറത്ത് ഉണ്ടായിരുന്നു.
ഒപ്പം അതിസുന്ദരിയായ ഒരു പെൺകുട്ടിയും.
രവീന്ദ്രന്റെയും ആ പെൺകുട്ടിയുടെയും കഴുത്തിൽ കിടന്ന പൂമാലകൾ കണ്ടപ്പോൾ കുറച്ചു മുന്നേ മണിയൻ വന്നു പറഞ്ഞത് സത്യമാണെന്ന് ശേഖരൻ തീർച്ചപ്പെടുത്തി.
പാഞ്ഞു വന്നിട്ട് മകന്റെ കരണം നോക്കി ഒന്ന് കൊടുക്കുകയായിരുന്നു ആദ്യം അയാൾ ചെയ്തത്.
ഇറങ്ങിപ്പോയിക്കണമെന്നും ഇനി തങ്ങൾക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്നും, പറഞ്ഞ് അയാൾ അവരെ ആട്ടിപ്പായിക്കാൻ തുടങ്ങിയപ്പോൾ സുകുമാരിയുടെ ആങ്ങള ആയ വിശ്വനാഥൻ വന്നിട്ട് അവരെ രണ്ടാളെയും അകത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു.
ശേഖരൻ അയാളുമായി കോർക്കാൻ തുടങ്ങിയപ്പോൾ, വിശ്വനാഥൻ ശേഖരനെയും ആയിട്ട്, മുറിയിലേക്ക് പോയി.
അവിടെവെച്ച് എന്തൊക്കെയോ ഗൂഢാലോചനകൾ നടത്തിയ ശേഷം, ശേഖരൻ പിന്നെയും ഇറങ്ങിവന്നു.
മീരയേ മകന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയിക്കോളൂ എന്ന് അയാൾ ഭാര്യയ്ക്ക് നിർദ്ദേശം കൊടുത്തു..
വിശ്വനാഥൻ അമ്മാവൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് അച്ഛനെ മെരുക്കി എടുത്തു എന്നായിരുന്നു പാവം രവീന്ദ്രന്റെ ധാരണ.
എന്നാൽ അതിനേക്കാൾ വലിയ ചരട് വലിയാണ് അണിയറയിൽ നടക്കുന്നത് എന്നുള്ളത്, രവീന്ദ്രനും മീരയും അറിഞ്ഞിരുന്നില്ല.
എല്ലാം കലങ്ങി തെളിഞ്ഞുവെന്നും ഒടുവിൽ, തങ്ങൾ ഒന്നായെന്നും പറഞ്ഞ് അയാൾ അവളെ വാരിപ്പുണർന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…