Novel

മംഗല്യ താലി: ഭാഗം 80

രചന: കാശിനാഥൻ

രവിയേട്ടാ… അച്ഛനും അമ്മയ്ക്കും ഒക്കെ എന്നെ ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. സത്യായിട്ടും എനിക്ക് ആകെ പേടിയാകുവാ
മീര അവന്റെ കരവലയത്തിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു.

താൻ പേടിയ്ക്കുവൊന്നും വേണ്ട മീര.. ഞാനില്ലേ കൂടെ.
ആദ്യത്തെ എതിർപ്പുകൾ ഒക്കെ കാണൂ. കുറച്ചു കഴിയുമ്പോൾ എല്ലാം ഓക്കെയാകും.. അല്ലാണ്ട് അച്ഛനും അമ്മയും എത്ര നാള് എന്നോട് പിണങ്ങിയിരിക്കും. ഞാൻ ഒറ്റ മോനല്ലേ ഒള്ളു.അയാൾ പ്രത്യാശിച്ചു കൊണ്ട് മീരയോട് പറഞ്ഞു.

അറിയില്ല രവിയേട്ടാ.
അച്ഛനെ കാണുമ്പോൾ പേടിയാകുവ.. ഒന്നും വേണ്ടിയിരിന്നില്ല.

ദേ പെണ്ണെ.. ആവശ്യമില്ലാത്ത സംസാരം ഒന്നും വേണ്ട.
ഞാനും നീയും ഒന്നാകേണ്ടവർ തന്നെയാണ്. അത് നമ്മുടെ മാത്രം തീരുമാനമല്ല, മുകളിൽ ഇരിക്കുന്നവൻ നമ്മളെ സൃഷ്ടിച്ചപ്പോൾ തന്നെ, എഴുതി കുറിച്ചു വെച്ചതാടോ.

അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് രവീന്ദ്രൻ പറഞ്ഞു.

രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് വാതിൽക്കൽ ആരോ വന്നു കൊട്ടിയത്
രവി ച്ചെന്ന് തുറന്നു നോക്കിയപ്പോൾ അമ്മാവൻ ആയിരുന്നു കൂടെ അമ്മായിയും.

മോനേ… എന്തായാലും കാര്യം ഇത്രത്തോളം ആയ സ്ഥിതിക്ക് ഇനി നിങ്ങളെ രണ്ടാളെയും സ്വീകരിക്കുകയല്ലാതെ മറ്റൊരു നിവർത്തിയില്ല. ഞാൻ അളിയനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് പക്ഷേ മാതാപിതാക്കൾ അല്ലേ? കുറച്ച് സമയം എടുക്കും അവരെ ഒന്ന് അഡ്ജസ്റ്റ് ആകുവാനായി. അതുവരെ നീയും മീരയും ഒന്ന് സമാധാനപ്പെടണം..ഒരു അനാഥയായ ഈ കുട്ടിയോട് ഏതുതരം മനോഭാവമാണ് എന്റെ പെങ്ങൾ സ്വീകരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.

വിഷമങ്ങളൊക്കെ സഹിച്ചു ജീവിയ്ക്ക്. അതെ എനിയ്ക്ക് പറയാനുള്ളു.

എങ്ങും തൊടാത്ത മട്ടിൽ ആയിരുന്നു അമ്മാവന്റെ ഉപദേശം.

ആരൊക്കെ കൂടെ ഇല്ലെങ്കിലും ശരി, ഞാൻ കാണും എന്റെ മീരയോടൊപ്പം.എന്റെ മരണം വരെയ്ക്കും.

ഇവളെ മറന്ന് എനിക്കൊരു ജീവിതം ഇല്ല. ഈ രവീന്ദ്രന്റെ ലൈഫിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അത് ഇവൾ മാത്രമാണ് .

രവീന്ദ്രൻ അമ്മാവനോട് തീർത്ത് പറഞ്ഞപ്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് മീര കണ്ടു. ഒപ്പം അമ്മായി അവളെ അവജ്ഞയോടെ നോക്കുന്നതും.
എല്ലാം ഉള്ളിലൊതുക്കി മുന്നോട്ടു പോകുവാൻ മാത്രമേ അവൾക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.

St ആഗ്നസ് കോൺവെന്റിലെ ഇൻചാർജ് ആയ ബ്രിജീത്താമ്മ ആകുന്ന പോലെ, ഈ ബന്ധത്തിൽ നിന്നും രവിയേട്ടനെ പിന്തിരിപ്പിക്കാൻ നോക്കിയതാണ്.
ആരോരുമില്ലാത്ത വളർന്ന ഒരു പെൺകുട്ടിയാണ് താനെന്നും, ഇവിടുത്തെ അന്തേവാസിയായ പെണ്ണിനെ സ്വീകരിക്കുവാൻ മാത്രം വിശാലമനസ്ഥിതി ഉള്ളവരൊന്നുമല്ല രവീന്ദ്രന്റെ മാതാപിതാക്കളെന്നും ഒക്കെ പറഞ്ഞു അവനെ വിലക്കി.. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ, തനിക് തന്റെ മീരയെ മാത്രം മതി എന്ന് ഒരേയൊരു തീരുമാനത്തിൽ ആയിരുന്നു രവീന്ദ്രൻ.

ഇങ്ങനെ മനസ്സില്ല മനസ്സോടെയാണ് ഈ രജിസ്റ്റർ മാരേജിന് ബ്രിജിത്താമ്മ സമ്മതം മൂളിയത്.. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു, എന്തെങ്കിലും ബുദ്ധിമുട്ട്, ആരുടെയെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായാൽ ആ നിമിഷം ആ വീട്ടിൽ നിന്നും ഇറങ്ങി പുറപ്പെട്ടോണം. എപ്പോൾ വന്നാലും ശരി നിന്നെ സ്വീകരിക്കുവാനായി ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടാകും. ആരോരുമില്ലെന്ന് തോന്നൽ ഒരു കാരണവശാലും പാടില്ല. നിന്റെ അമ്മയും കൂടപ്പിറപ്പുകളും ഒക്കെ നിന്നെ കാത്ത് എന്നും ഇവിടെ ഉണ്ടാകും.

എന്നിരുന്നാലും ശരി, സുകുമാരിയമ്മയുടെ ഭാഗത്തുനിന്നും ക്രൂരമായ പെരുമാറ്റങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് പാവം മീര അനുഭവിക്കേണ്ടിവന്നത്.

രവീന്ദ്രൻ മുന്നിൽ വെച്ച് അവർക്ക് അവളോട് ഭയങ്കര സ്നേഹമായിരുന്നു.
ഇത്രയും നല്ലൊരു മരുമകളെ കിട്ടിയതിൽ അവർ, അഭിമാനം കൊള്ളുന്ന നിലയിലായിരുന്നു പെരുമാറ്റം..

കാലത്തെ ഒൻപതു മണിയാകുമ്പോൾ രവീന്ദ്രൻ അച്ഛനോടൊപ്പം ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നത് രാത്രി ഒരു നേരമാകുമ്പോഴാണ്…

അതുവരേക്കും അവളെ അവർ ഒരുപാട് വിഷമിപ്പിച്ചു.
ജോലിക്കായി നിൽക്കുന്ന സ്ത്രീക്ക് വിശ്രമം കൊടുത്തുകൊണ്ട് വീട്ടുവേലകൾ മുഴുവൻ മീരയെ ഒറ്റയ്ക്ക് ചെയ്യിപ്പിച്ചു.

എന്തെങ്കിലും രവീന്ദ്രനോട് ഓതിക്കൊടുത്താൽ വിവരം അറിയുമെന്ന് പറഞ്ഞു അവർ ഭീഷണിപ്പെടുത്തി.

പാവം മീര.. പേടിച്ചിട്ട് ഒന്നും പറയാനും തുനിഞ്ഞില്ല.

ശരിക്കും പറഞ്ഞാൽ മീരയുടെ ജീവിതം എന്നു പറയുന്നത് നരകം ആയിരുന്നു.
പലതവണ അവൾ ഓർത്തതാണ് എല്ലാം ഇട്ടെറിഞ്ഞു പോയാലോ എന്ന്.
പക്ഷെ രവീന്ദ്രൻ…
അയാളുടെ സ്നേഹത്തിന്റെ മുന്നിൽ അവൾ തന്റെ വേദനകൾ ഒക്കെ മറക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ആറ് ഏഴ് മാസങ്ങൾക്ക് ശേഷം.
അന്ന് സുകുമാരിയുടെ ആങ്ങളയുടെ മകന്റെ കല്യാണമാണ്.
എല്ലാവരും കല്യാണ തിരക്കിലായിരുന്നു.

മീരയെ മനപ്പൂർവ്വം സുകുമാരി ഒഴിവാക്കി..

ടി… എന്റെ കുടുംബത്തിലെ വേണ്ടപ്പെട്ട ആളുകളൊക്കെ ചേരുന്ന, അയ്യോ ഒരു വിവാഹമാണ്
നിന്നെപ്പോലെ ദരിദ്രവാസി പെണ്ണ് വന്നാലേ, എനിക്കും എന്റെ ഭർത്താവിനും ആണ് നാണക്കേട്… എന്റെ മകൻ വെറുമൊരു പെൺകോന്തനായി പോയി. അവന് ഇതൊന്നും പ്രശ്നമല്ല. എന്നാൽ ഞങ്ങൾക്ക് കുറച്ച് അന്തസ്സും അഭിമാനവും ഒക്കെ ഉള്ള കൂട്ടത്തിലാണ്.
എന്നെതെങ്കിലും കാരണം പറഞ്ഞാൽ നീ ഒഴിവായിക്കൊണം.. പറഞ്ഞില്ലെന്നു വേണ്ട.

കല്യാണത്തിന് രണ്ടുമൂന്നു ദിവസങ്ങൾക്ക് മുന്നേ സുകുമാരി അവരുടെ ഉള്ളിലിരിപ്പ് മീരയെ അറിയിച്ചിരുന്നു…

അതിൻപ്രകാരം. രവീന്ദ്രന്റെ മുന്നിൽ അവൾക്ക് സുഖമില്ലാത്ത മട്ടിൽ മീര അഭിനയിച്ചു.. എന്നിട്ട് കല്യാണത്തിന് പങ്കെടുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറി.

ശരിക്കും പറഞ്ഞാൽ ആ ദിവസങ്ങളിലൊക്കെ മീരയ്ക്ക് വല്ലാത്ത ക്ഷീണവും ഇടയ്ക്കൊക്കെ മനംപുരട്ടൽ പോലെയുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു.
അവൾ ആദ്യം ഒന്നും അത് അത്ര കാര്യമാക്കിയില്ല.

പുറം പണിക്ക് വരുന്ന, ജയന്തി ചേച്ചിയാണ് മീരയോട് മോൾക്ക് എന്തുപറ്റി, എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്ന് ചോദിച്ചത്.

അവൾ ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എന്നാണ് അവസാനമായി ഡേറ്റ് ആയതെന്നു, ഇനി വിശേഷം വല്ലതുമായോ എന്ന് അവർ ചോദിച്ചു.

ഇപ്പോഴാണ് മീരയ്ക്കും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഓർമ്മ പോലും വന്നത്.

വേഗം തന്നെ അവൾ ഫോൺ എടുത്ത് രവീന്ദ്രനെ വിളിച്ചു.
ഭാഗ്യത്തിന് സുകുമാരിയമ്മ അപ്പോൾ അവിടെ ഇല്ലായിരുന്നു
ഹലോ രവിയേട്ടാ.
മീരയുടെ ശബ്ദം ഫോണിലൂടെ കേട്ടതും അയാൾ ആദ്യം ഒന്ന് പകച്ചു.

എന്താടോ എന്തുപറ്റി.

ഞാനൊരു കാര്യം പറയാൻ വിളിച്ചതാ.

മീര നീയ്,ടെൻഷനടിപ്പിക്കാതെ പറയുന്നുണ്ടോ എന്തെങ്കിലും പ്രശ്നമുണ്ടോ

അതു പിന്നെ.. എനിക്ക്, ചെറിയൊരു സംശയം ഉണ്ട് കേട്ടോ.

എന്ത് സംശയം.
അയാൾക്ക് കാര്യം പിടികിട്ടിയില്ല..

അല്ലാ.. അതു പിന്നെ, വിശേഷം ഉണ്ടോന്ന് ഒരു സംശയം പോലെ.

ങേ… സത്യമാണോടോ.
ആഹ്ലാദത്തോടെയുള്ള അവന്റെ ശബ്ദം അവളുടെ കാതിൽ അപ്പോഴും മുഴങ്ങി..

മീര…. ഞാൻ പെട്ടന്ന് വരാം. റെഡി ആയി നിന്നോളൂ കെട്ടോ.

ദൃതി വേണ്ട, രവിയേട്ടാ.. കുഴപ്പമില്ലന്ന്..

വേണ്ട വേണ്ട ഞാനിപ്പോൾ തന്നെ വരും.. നമുക്ക് ഹോസ്പിറ്റലിൽ പോയി കാണിക്കാം. പോസിറ്റീവ് ആയിരിക്കും മീര…
എനിക്ക് ഉറപ്പുണ്ട്..

രവീന്ദ്രൻ അതീവ സന്തോഷത്തോടെ പറഞ്ഞു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!