മംഗല്യ താലി: ഭാഗം 82
Feb 12, 2025, 07:45 IST

രചന: കാശിനാഥൻ
പെട്ടെന്നായിരുന്നു ഒരാൾ വന്ന് അവളുടെ തോളിൽ പിടിച്ചത്. രവീന്ദ്രനാണെന്ന് കരുതി അവൾ തിരിഞ്ഞു വന്ന് നോക്കിയതും ശ്രീകുമാർ. അവൻ മീരയെ കെട്ടിപ്പുണർന്നതും അവളെ വിറച്ചു പോയി അയ്യോ... മാറ്.. മാറുന്നുണ്ടോ നിങ്ങൾ.. മീര അലറി. എന്നാൽ അവൻ അവളെ കൂടുതൽ തന്നിലേക്ക് അമർത്തുകയായിരുന്നു. വിട് വിട്.... മീര പിന്നെയും ഒച്ചവെച്ചു. അപ്പോഴേക്കും സുകുമാരിയമ്മയും അവരുടെ നാത്തൂനും മുറിയിലേക്ക് പാഞ്ഞു വന്നു. എടി... എടി ഒരുമ്പേട്ടോളെ... എന്റെ മകനെ കറക്കി എടുത്തതും പോര ഇപ്പോൾ നീയ് ഇവനേം പിടിച്ചോ. സുകുമാരിയമ്മ അവളുടെ കരണം നോക്കി തലങ്ങും വിലങ്ങും അടിച്ചു.. അമ്മേ.... ഞാനൊന്നും അറിഞ്ഞതല്ല. ഇയാളാണ് മുറിയിലേക്ക് വന്നത്.. എന്നിട്ട് എന്നെ കയറി പിടിച്ചു. അമ്മേ സത്യമായിട്ടും ഞാനല്ല. മീര കരഞ്ഞുകൊണ്ട് അവരുടെ നേർക്ക് കൈകൂപ്പി. എന്നാൽ സുകുമാരിയമ്മ അവളെ പിന്നെയും അടിച്ചു. ഇറങ്ങി പോടീ.... മര്യാദക്ക് ഇറങ്ങി പോടീ നീയ്.. അവർ പിടിച്ചു വലിച്ചു അവളെ വെളിയിലേക്ക് കൊണ്ടുവന്നു. എന്റെ മകന്റെ ജീവിതം തകർത്തവളാണ്.. കാൽ കാശിന് ഗതിയില്ലാത്ത ഇവളെ, നല്ലവനായ എന്റെ മകൻ കൂടെ കൂട്ടിയിട്ട് ഒടുവിൽ ഇവൾ എന്റെ രവീന്ദ്രനെ ചതിച്ചു. സുകുമാരി ഉറക്കെ കരഞ്ഞുകൊണ്ട് പതം പെറുക്കി. നിങ്ങൾ പറയു...ഇനി ഇവളെ വെച്ച് വാഴിയ്ക്കണോ. നൂലുകെട്ട് ചടങ്ങിന് കൂടിനിന്നിരുന്ന അതിഥികളെ നോക്കി അവർ ചോദിച്ചു. ഇറക്കി വിടാൻ നോക്ക് ചേച്ചി... ഇങ്ങനെയുള്ളവളുമാരൊക്കെയാണ് കുടുംബത്തിന്റെ ശാപം. ഇവളുടെ തന്തയും തള്ളയും എങ്ങനത്തേതായിരുന്നു എന്ന് ആർക്കറിയാം.. ആ പാരമ്പര്യം കിട്ടാതിരിക്കുമോ. ആരൊക്കെയോ ഉറക്കെ പറയുന്നുണ്ട്. അമ്മേ ഞാനല്ല.. സത്യമായിട്ടും ഞാനല്ല.... ശ്രീകുമാർ മുറിയിലേക്ക് കയറി വന്നത്. ഞാനത് കണ്ടു പോലും ഇല്ല. മീര പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. അതെന്താടി നീ കാണാഞ്ഞത്.. അത്രമാത്രം മതിമറന്ന് നീ എന്ത് ചെയ്യുകയായിരുന്നു.... ആണൊരുത്തൻ വന്നു കെട്ടിപ്പിടിച്ചിട്ട് അറിയാതെ നിന്ന് നിന്നെ എന്താടി ചെയ്യേണ്ടത്. ബന്ധുമിത്രാദികളില് ആരോ അവളോട് ചോദിച്ചു. ഇവളെ ഇറക്കി വിട്... ഇനി, ഇവളെ ഇവിടെ താമസിപ്പിച്ചാൽ, ഒരുപക്ഷെ ശേഖരെട്ടനെയും.. സുകുമാരിയുടെ സഹോദരി പറഞ്ഞപ്പോൾ മീരയ്ക്ക് ചങ്ക് പൊട്ടിപ്പോയി. രവീന്ദ്രൻ വന്നിട്ട് പോരെ.. അവനോട് പറയാതെ ഇറക്കി വിട്ടാൽ ഇനി മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ആവോ...? എന്ത് പ്രശ്നം... ഇവളേ പോലെ ഒരുവളെ ഈ വീട്ടിൽ വച്ച് പൊറുപ്പിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇനി അവൻ വന്നശേഷം, ഇവള് ഒരുപക്ഷേ എന്റെ മകനെയും വിളിച്ച് ഇറങ്ങി പോകും. ഇല്ലെന്ന് ആര് കണ്ടു. ശേഖരൻ വൈദ്യർ പറഞ്ഞപ്പോൾ, സുകുമാരിയമ്മ അയാളുടെ നേർക്ക് ആക്രോശിച്ചു. അതും ശരി വെയ്ക്കുകയായിരുന്നു ബന്ധുമിത്രദികളിൽ പലരും കുഞ്ഞിനെയും മാറോടു ചേർത്തു കൊണ്ട് അവിടുന്ന് ഇറങ്ങിയിട്ട് ഇന്ന് 22വർഷം കഴിഞ്ഞു.. മീരയുടെ കണ്ണീരിനാൽ തലയിണ കുതിർന്നു. എത്ര നേരമായി ഈ കരച്ചിൽ തുടങ്ങിയിട്ട് എന്നറിയില്ല. പതിയെ എഴുന്നേറ്റ് അവർ ജനാലയുടെ അരികിൽ ചെന്ന് നിന്നു.. നെഞ്ചു പൊട്ടുകയാണ്... പൊട്ടിത്തകരുകയാണ്. ടീച്ചറ മ്മേ .......... അലറി വിളിച്ചുകൊണ്ട് ഭദ്ര ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. എന്താ.. എന്ത് പറ്റി ഭദ്രേ. ഹരി എഴുന്നേറ്റ ലൈറ്റ് ഓൺ ചെയ്തു. ഹരിയേട്ടാ... മീര ടീച്ചർ... ടീച്ചറമ്മയ്ക്ക് എന്തോ പറ്റി.. ഉറപ്പാണ്.. ഞാന് ടീച്ചറെ സ്വപ്നം കണ്ടു.. വയ്യാതെ കിടന്നു നിലവിളിക്കുന്നത് ആയിട്ട്.. നമുക്ക് അവിടെ വരെ ഒന്നു പോകാം ഹരിയേട്ടാ.. ഭദ്ര ചാടി എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു. നേരം അപ്പോൾ വെളുപ്പിന് 3മണി. ഡോ താൻ സ്വപ്നം കണ്ടതല്ലേ.. അതിനിങ്ങനെ പേടിച്ചാലോ.താൻ വന്നേ,ഞാൻ പറയട്ടെ.. ഹരി അവളെ പിടിച്ചു കിടക്കയിലേക്ക് ഇരുത്താൻ ശ്രമിച്ചു. പക്ഷെ ഭദ്ര ഒഴിഞ്ഞു മാറി. ഇല്ല ഹരിയേട്ടാ സത്യമായിട്ടും ടീച്ചർക്ക് എന്തുപറ്റി.. ഇന്നുവരെ ഞാൻ ഇതുപോലൊരു സ്വപ്നം കണ്ടിട്ടില്ല എനിക്കിപ്പോൾ തന്നെ ടീച്ചറെ കാണണം.. കണ്ടേ പറ്റു.. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ശാഠ്യo പിടിച്ചു. ഭദ്ര... താൻ സമയമൊന്നു നോക്കിക്കേ..3മണി.. ഈ നേരത്ത് നമ്മൾ എങ്ങനെയാടോ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത്. അതൊന്നും സാരമില്ല ഹരിയേട്ടാ.. ഈ നേരത്ത് പോയി എന്ന് കരുതി ഒന്നും സംഭവിക്കാനില്ല. ഒന്നുമല്ലെങ്കിലും ഹരിയേട്ടന്റെ ഓർഫനേജ് അല്ലേ അത് . പിന്നെന്താ.. ഓക്കേ.. അതെ.. ഒരു കാര്യം ചെയ്യാം നമുക്ക് ടീച്ചറിനെ ഒന്ന് ഫോൺ വിളിച്ചു നോക്കാം. എന്നിട്ട് തീരുമാനിക്കാം പോകണോ വേണ്ടയോ എന്നുള്ളത്.. താനൊരു സ്വപ്നം കണ്ടുവെന്നു കരുതി, ഓർഫനേജിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. അതും ഈ കൊച്ചു വെളുപ്പാൻ കാലത്തെ. ഹരി അവന്റെ ഫോൺ എടുത്തിട്ട് ടീച്ചറുടെ നമ്പറിലേക്ക് കോൾ ചെയ്തു. കുറേസമയം ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോൾ അവനു ഒരു പന്തികേട് പോലെ തോന്നി ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ... എന്റെ ടീച്ചറിന് എന്തോ പറ്റി, അതാണ് ഫോൺ എടുക്ക്തത്.. അവൾ ഉറക്കെ കരഞ്ഞു കൊണ്ട് അവനെ നോക്കി. വേറെ ആരുടെയെങ്കിലും നമ്പർ അറിയാമോ തനിക്ക്. ഇല്ല.. ടീച്ചറിന്റെ ഈ ഫോൺ മാത്രമേയുള്ളൂ. പിന്നെയുള്ളത് ഓഫീസിലെ ഫോണാണ്. ആ നമ്പർ ഒന്നു പറഞ്ഞെ അതിലേക്ക് വിളിച്ചു നോക്കാം... ഹരി ആവശ്യപ്പെട്ടതും ഭദ്ര ഓഫീസിലെ നമ്പരും പറഞ്ഞു കൊടുത്തു. അതിലും വിളിച്ച് നോക്കി... പക്ഷേ യാതൊരു അനക്കവും ഇല്ലായിരുന്നു. ഹരിയേട്ടൻ വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകുവാ... ഒരു ഷോൾ എടുത്ത് മാറിലേക്ക് വിടർത്തിയിട്ടു കൊണ്ട് ഭദ്ര കതക് തുറന്നു വെളിയിലേക്ക് പാഞ്ഞു. ....കാത്തിരിക്കൂ.........