Novel

മംഗല്യ താലി: ഭാഗം 88

രചന: കാശിനാഥൻ

അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം..
ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്.

ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്.

ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.. ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ.
ഡോക്ടർ പിന്നെയും അവരെ ആശ്വസിപ്പിച്ചു.
എങ്കിലും അതൊന്നും കേൾക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു മഹാലക്ഷ്മി.

ഞാൻ എന്റെ ഡ്രൈവറെ കൂട്ടിയാൽ മതിയോ…
പെട്ടെന്ന് ഓർത്തതുപോലെ അവർ ചോദിച്ചു.

അത് പറ്റില്ല… ഹസ്ബൻഡ് അല്ലെങ്കിൽ മക്കൾ, സഹോദരങ്ങളോ അങ്ങനെ ആരെങ്കിലും മതി,

ഹമ്…
മഹാലക്ഷ്മി തലയാട്ടി.

ഉച്ചയ്ക്കുശേഷം വന്നാൽ മതിയോ ഡോക്ടർ..

മതി മതി… ഇവിടെയൊന്നു വിളിച്ചിട്ട് വരണേ..

ഓക്കേ..
അവരുടെ നേർക്ക് കൈകൂപ്പി കൊണ്ട് മഹാലക്ഷ്മി എഴുന്നേറ്റ്.

അന്നാദ്യമായി മഹാലക്ഷ്മിയുടെ കവിളിലൂടെ ചൂട് കണ്ണീർ അരിച്ചിറങ്ങി…
വേദനയോടുകൂടി അവർ ആ കോറിഡോറിലൂടെ ഇറങ്ങിവരികയാണ്. അപ്പോഴാണ് അവർ ഭദ്രയേ കാണുന്നത്. മുഖം തിരിച്ചു പോകുവാനായി തുടങ്ങിയതും ഭദ്ര മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു.

മാഡം.
പിന്നിൽ നിന്നും സിസ്റ്റർ ഉറക്കെ വിളിക്കുന്നത് കേട്ട് മഹാലക്ഷ്മിയും ഭദ്രയും ഒരുപോലെ തിരിഞ്ഞു നോക്കി.

ലക്ഷ്മിയുടെ അടുത്തേക്ക് കുറച്ചു മുന്നേ താൻ കണ്ടിരുന്ന ഡോക്ടറുടെ ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ ഓടിവന്നു.

ഇന്ന് വൈകുന്നേരം വേണ്ടപ്പെട്ട ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരുന്നുണ്ടെങ്കിൽ റിസപ്ഷനിൽ ഒന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ. അതാകുമ്പോൾ ഡോക്ടർ ബാക്കി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞോളൂ കെട്ടോ..
ബയോപ്സിയുടെ കൺസന്റ് ലെറ്ററിൽ സൈൻ ചെയ്യണം, അതിനുവേണ്ടിയാണ്.
പറഞ്ഞശേഷം സിസ്റ്റർ അവരുടെ അടുത്തുനിന്നും നടന്നുപോയി

മഹാലക്ഷ്മിയോട് ആ സിസ്റ്റർ പറയുന്നത് കേട്ട്, ഭദ്രയ്ക്ക് തലചുറ്റി.

ബയോപ്‌സി….
അവൾ അവരെ നോക്കി പുലമ്പി

അമ്മേ…. അമ്മയ്ക്ക് എന്താണ് പറ്റിയത്….
പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്ര ചോദിച്ചതും മഹാലക്ഷ്മിയുടെ മിഴികളും നിറഞ്ഞു.

ഒന്നുമില്ല…….
പെട്ടന്ന് അവർ പറഞ്ഞു.

പിന്നെന്തിനാണ് ആ സിസ്റ്റർ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞത്.
ലക്ഷ്മിയമ്മയ്ക്ക് എന്തുപറ്റി.എന്നോടൊന്നു പറയു.. പ്ലീസ്.
അവരുടെ വലംകൈയെടുത്ത് കൂപ്പി പിടിച്ചുകൊണ്ട് അവൾ വിതുമ്പി.

മോളെന്താ ഇവിടെ… എന്ത് പറ്റി.. ഹരിഎവിടെ..?
അവർ സാവധാനം അവളെ നോക്കി ചോദിച്ചു.

മീര ടീച്ചർക്ക് സുഖമില്ലാത വെളുപ്പിനെ ഇവിടെ അഡ്മിറ്റ് ആക്കിയതാണ്..

എന്തുപറ്റി….

ബിപിയുടെ പ്രോബ്ലം ആണ്, ഡോക്ടർ ഇപ്പോൾ റൗണ്ട്സിന് വന്നിരുന്നു. കുറച്ചു മെഡിസിൻസ് എഴുതിയിട്ടുണ്ട്, അത് വാങ്ങുവാനായി ഞാൻ ഫാർമസിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ലക്ഷ്മിമ്മയെ കാണുന്നത്.

ആഹ്… മോള് ചെല്ലു ചെന്നിട്ട് മരുന്നു വാങ്ങിക്ക്.. ഡ്രൈവർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്, ഞാൻ പോയേക്കുവാ.

ലക്ഷ്മിയമ്മേ… എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഇഷ്ടമില്ലെന്നും അറിയാം. എന്നാലും ഞാൻ ചോദിക്കുവാ, ലക്ഷ്മിമ്മയ്ക്ക് എന്താണ് പറ്റിയത്… ദയവ് ചെയ്തു എന്നോട് പറയുമൊ.

ഭദ്ര അവരുടെ നേർക്ക് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു.

എന്റെ ബ്രസ്റ്റില് ചെറിയ ഒരു തടിപ്പ് പോലെ. ഞാൻ ഡോക്ടറെ ഒന്ന് കാണിച്ചു. ജസ്റ്റ് പരിശോധനയ്ക്ക് അയച്ചശേഷം എന്താണെന്ന് പറയാമെന്ന് ഡോക്ടർ മറുപടി പറഞ്ഞത്.. ഉത്തരവാദിത്തപ്പെട്ടവർ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ മാത്രമേ അവർ ടെസ്റ്റിന് അയക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നതാണ്.

ഈശ്വരാ….
അവൾ ഉറക്കെ നിലവിളിച്ചു പോയി.

ലക്ഷ്മിയമ്മ വന്നേ.. ഞാനുണ്ടല്ലോ കൂടെ. നമുക്ക് ചെന്നിട്ട് അത് പരിശോധനയ്ക്ക് അയക്കാനുള്ള കാര്യങ്ങൾ നോക്കാം.

ഇപ്പോൾ ധൃതിവെച്ച് ഒന്നും ചെയ്യുന്നില്ല മോളെ.. എല്ലാം വരുന്നിടത്ത് വച്ച് കാണാം..
പോട്ടെ

വേണ്ട… ലക്ഷ്മിയമ്മ ഇപ്പോൾ പോകുവാൻ ഞാൻ സമ്മതിക്കില്ല.. ഡോക്ടർ പറഞ്ഞ പ്രകാരം, നമ്മൾക്ക് ചെയ്യാം
വന്നേ.
അൽപ്പം ബലത്തിൽ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി.

സിസ്റ്റേഴ്സിനോടൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ഭദ്ര ഓരോന്ന് ചെയ്യുന്നത് കണ്ട് മഹാലക്ഷ്മിയുടെ ഹൃദയം നൊന്തു.
തന്റെ കുടുംബത്തിൽ നിന്നും അവളെ ആട്ടിറക്കി വിട്ട നിമിഷമായിരുന്നു മഹാലക്ഷ്മി അപ്പോൾ ഓർത്തത്.
നിറമിഴികളോടെ തന്റെ കാലുപിടിച്ച് യാചിച്ചിരുന്ന പെൺകുട്ടിയെ ഓർക്കും തോറും അവരുടെ ചങ്ക് നീറി പിടഞ്ഞു.

സർജറി യൂണിറ്റിന്റെ അരികിലായുള്ള ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു , ഈ പ്രൊസീജറും നടത്തുന്നത്..

ലക്ഷ്മിയമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല, 100% അതെനിക്ക് ഉറപ്പാണ്.. ധൈര്യമായിട്ട് ചെന്നിട്ട് വാ.
അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ, മഹാലക്ഷ്മിയും കരഞ്ഞു പോയിരുന്നു.

മഹാലക്ഷ്മിയെ അകത്തേക്ക് കയറ്റി വിട്ടിട്ട് പ്രാർത്ഥനയോടുകൂടി ഭദ്രയിരുന്നു.
അപ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഹരിയുടെ കോൾ വന്നത്.
പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു.
നടന്ന കാര്യങ്ങളൊക്കെ ഹരിയെ അവതരിപ്പിച്ചു.
അരമണിക്കൂറിനുള്ളിൽ അവനും പാഞ്ഞു വന്നു.

മഹാലക്ഷ്മി ഇറങ്ങി വന്നപ്പോൾ ഹരി ചെന്നിട്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.
അതുവരെ അമ്മയോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ എവിടേക്കോ ഓടി മറിഞ്ഞ നിമിഷമായിരുന്നു അത്.

കുഴപ്പമില്ല മോനേ….
അവർ അവന്റെ തോളിൽ തട്ടി.

എന്നിട്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
ഹരിയും ഭദ്രയും ചേർന്നായിരുന്നു മഹാലക്ഷ്മിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്.

പേടിക്കേണ്ടതായി ഉണ്ടോ എന്ന് നമുക്ക് റിസൾട്ട് വന്നാലേ അറിയാൻ സാധിക്കൂ… സാരമില്ലെന്നേ നോക്കാം…
ഹരിയെ നോക്കി ഡോക്ടർ പറഞ്ഞു.

മീരയേകൂടി കണ്ടിട്ട് പോകാം അല്ലേ.. മീര ഏത് റൂമിലാണ് കിടക്കുന്നത്.
മഹാലക്ഷ്മി ചോദിച്ചതും ഭദ്ര അവരെയും കൂട്ടി മീരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് പോയി.
ഇടയ്ക്ക് വന്നിട്ട് മഹാലക്ഷ്മിയുടെ വിവരങ്ങളൊക്കെ ഭദ്ര അവരെ ധരിപ്പിച്ചിരുന്നു.
താനും കൂടി ഇറങ്ങി വരാമെന്ന് മീര പറഞ്ഞെങ്കിലും, ഭദ്ര അവരെ തടയുകയായിരുന്നു..
ലക്ഷ്മി മാഡത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മീരയും.. അപ്പോഴാണ് അവർ മുഴുവനും ചേർന്ന് അവിടേക്ക് കയറി ചെന്നത്.

ഇത്തിരിനേരം മഹാലക്ഷ്മിയോട് സംസാരിച്ച ശേഷം മീര ഭദ്രയോടും ഹരിയോടും ഒന്ന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചു.
അവർ രണ്ടാളും അത് അനുസരിക്കുകയും ചെയ്തു.

കാരണം ടീച്ചർക്ക് അവരോട് തുറന്നു സംസാരിക്കുവാൻ ആണെന്നുള്ളത് രണ്ടാൾക്കും തോന്നി…
ടീച്ചർ തന്നെ അത് തുറന്നു പറയുന്നതാണ് നല്ലതെന്ന് ഹരിക്കും തോന്നിയിരുന്നു. അതുകൊണ്ട് എതിർത്തൊന്നും പറയാതെ അവർ ഇരുവരും ഇറങ്ങി പോവുകയായിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!