Novel

മംഗല്യ താലി: ഭാഗം 9

രചന: കാശിനാഥൻ

മോളെ ഐശ്വര്യേ, അനിക്കുട്ടൻ പെട്ടെന്ന് മടങ്ങി വരും കേട്ടോ, വിവാഹത്തിന്റെ തിരക്കുകൾ ഒക്കെ ആയിരുന്നതിനാൽ, ഓഫീസുകളിലെയ്ക്കു പോയിട്ട് കുറച്ചു ദിവസമായി.
അനിരുദ്ധൻ പോകുന്നത് നോക്കിനിന്ന ഐശ്വര്യയുടെ അടുത്തേക്ക് വന്ന് മഹാലക്ഷ്മി പറഞ്ഞു.

അതു കുഴപ്പമില്ല അമ്മേ അനിയേട്ടൻ പോയിട്ട് വരട്ടെ,ഓഫീസിലെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ശരിയാവില്ലല്ലോ.
പെട്ടെന്ന് ഐശ്വര്യ പറഞ്ഞു..

ഭദ്ര ആ സമയത്ത് അടുക്കളയിലായിരുന്നു.
സൂസമ്മ ചേച്ചിയോടൊപ്പം ഓരോരോ ജോലികൾ ചെയ്യാൻ അവളും കൂടി..

മഹാലക്ഷ്മി വഴക്കു പറയും എന്നും പറഞ്ഞ്,സൂസമ്മ അവളെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു. പക്ഷേ ഭദ്ര അവിടെ നിന്നും ഇറങ്ങി പോയില്ല.

കാബേജ് എടുത്ത് തോരൻ വയ്ക്കുവാനായി കൊത്തിയരിയുകയാണ് ഭദ്ര.
അവളതരിയുന്നത് കാണാൻ തന്നെയൊരു ചേല്ണ്ടായിരുന്നു.

” മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലോ ”
സൂസമ്മ ചോദിച്ചതും ഭദ്ര ഒന്ന് ചിരിച്ചു.

ഇതൊക്കെ അവിടെ ചെയ്തുകൊണ്ടിരുന്നത് ആയിരിക്കും അല്ലേ?
ഐശ്വര്യയുടെ ശബ്ദം കേട്ട് ഭദ്ര മുഖമുയർത്തി..

അവളെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് ഐശ്വര്യ.

മ്മ്,, അവിടെ ഒരു ടീച്ചർ ഉണ്ട് മീര എന്നാണ് പേര്. ടീച്ചറാണ് എന്നെ ഇതൊക്കെ പഠിപ്പിച്ചത്.
സത്യസന്ധമായി ആയിരുന്നു ഭദ്ര അവളോട് മറുപടി കൊടുത്തത്..

ഹമ്… അപ്പോൾ അടുക്കളയിലെ സഹായത്തിന് ഒരാളായി അല്ലേ ലേഖേച്ചി..
ഐശ്വര്യ പറഞ്ഞതും, ലേഖ ചിരിച്ചു.
ഭദ്ര ഒരക്ഷരം പോലും മിണ്ടാതെ ചെയ്യുന്ന ജോലി തുടർന്നു.

മോളെ, ഹരിക്കുട്ടന്, കുറച്ചു വൃത്തിയും വെടിപ്പും ഒക്കെ യുള്ള കൂട്ടത്തിലാണ്. മോള് ചെന്നിട്ട് മുറിയൊക്കെ ഒന്ന് വൃത്തിയാക്കി ഇട്ടേക്കാമോ. ചേച്ചി ഈ കറികളൊക്കെ വെച്ചോളാം.

സൂസമ്മ പറഞ്ഞതും, ഭദ്ര പെട്ടെന്ന് തന്നെ കറിക്ക് അരിഞ്ഞു കൊടുത്തു. എന്നിട്ട് മുറിയിലേക്ക് പോയി.

എന്താണെന്ന് അറിയില്ല, ആ മുറിയിൽ കയറുമ്പോൾ ഭദ്രയ്ക്ക് വല്ലാത്ത പേടിയാണ്. ഹരിയുടെ ശബ്ദം അവിടെ മുഴങ്ങുന്നത് പോലെ അവൾക്ക് തോന്നും..

ബെഡ്ഷീറ്റ് ഒക്കെ നല്ല വൃത്തിയായി വിരിച്ചു തന്നേയാണ് കിടക്കുന്നത്. എന്നാലും ഒന്നൂടൊന്ന് പൊടി തട്ടി വിരിച്ചു, പില്ലോ എടുത്തു വെച്ചു, റൂം അടിച്ചു വാരി വൃത്തിയാക്കി. ജനാലയൊന്നു തുറന്നു, കർട്ടൻ വകഞ്ഞു മാറ്റിയ ശേഷം അവിടമാകെയൊന്നു ക്ലീൻ ചെയ്തു. അത്രയ്ക്ക് വലിയ പ്രശ്നം ഒന്നും ഇല്ല.. എല്ലാം നീറ്റ് and ക്ലീൻ ആയിരുന്നു. എന്നാലും സൂസമ്മ ചേച്ചി പറഞ്ഞപ്പോൾ ഒരു പേടി പോലെ. പതിനൊന്നു മണിക്ക് എത്തണമെന്ന് കാലത്തെ അമ്മ പറയുന്നതും കേട്ടു, അതുകൊണ്ടാണ് അവൾ തിടുക്കപ്പെട്ട് ഓടി കയറി വന്നത്..

എല്ലാം ചെയ്ത ശേഷം വാഷ് റൂമിൽ പോയ്‌ ഒന്ന് മുഖം കഴുകി ഇറങ്ങി വന്നപ്പോൾ കാണുന്നത് ഇട്ടിരുന്ന ഷർട്ടും ഇന്നർ ബനിയനും അഴിച്ചു മാറ്റി നിൽക്കുന്ന ഹരിയെ ആയിരുന്നു. അവന്റെ ഇടതു കൈയുടെ തോളിന്റെ ഭാഗം മുതൽ താഴോട്ട് പച്ച കുത്തിയിട്ടുണ്ട്.നെഞ്ചിന്റെ ഇടതു ഭാഗത്തു ഓം എന്നെഴുതി ശിവ ലിങ്കവും ഉണ്ട്. അത് മാത്രമമേ ഭദ്ര കണ്ടോള്ളൂ.

പെട്ടെന്ന് മുന്നിൽ നിൽക്കുന്ന അവളെ കണ്ടതും ഹരിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.അവളുടെ അടുത്തേക്ക് അവൻ പാഞ്ഞടുത്തു.

ആരോട് ചോദിച്ചിട്ടാടി ഇങ്ങോട്ട് കേറി വന്നത്, എന്തെടി…
അവളുടെ ഇരു ചുമലിലും പിടിച്ചു അവൻ ശക്തിയിൽ കുലുക്കിയപ്പോൾ ഭദ്രയ്ക്കു തോളു പറഞ്ഞു പോകും പോലെ തോന്നി.ഒപ്പം അവളുടെ കണ്ണിൽനിന്നും കണ്ണീർ പുറത്തേക്ക് ഒഴുകി വീണു.

എന്റെ മുന്നിൽ പോലും വന്നേക്കരുത്, പറഞ്ഞില്ലെന്നു വേണ്ട… ശവം.. മാറിപ്പോടി…

അവൻ അലറിയതും ഭദ്ര അവനെ ദയനീയമായൊന്നു നോക്കി.

സൂസമ്മചേച്ചി പറഞ്ഞു ഹരിയേട്ടൻ വരുമ്പോൾ റൂമൊക്കെ ക്ലീൻ ചെയ്തു ഇടണമെന്ന്. അതിനു വേണ്ടി വന്നതാ, ഇപ്പൊ കേറി വന്നേയൊള്ളു. സത്യം ആയിട്ടും.
പറയുമ്പോൾ പാവത്തിന്റെ കവിൾത്തടത്തിലൂടെ കണ്ണീർ ധാര ധാരയായി ഒഴുകി..
എന്നിട്ട് പെട്ടന്ന് പുറത്തേക്ക് ഇറങ്ങി പോയിരിന്നു.

കണ്ണും മുഖവും കൈപ്പത്തി കൊണ്ട് അമർത്തി തുടച്ച്, അവൾ താഴേക്ക് ഇറങ്ങിച്ചെന്നു. മഹാലക്ഷ്മി വളരെ സന്തോഷത്തിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്..
ഭദ്രനേരെ അടുക്കളയിലേക്കാണ് പോയത്.

എന്താ മോളെ എന്താ പറ്റിയത് മോളുടെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്..?
അവളെ കണ്ടതും സൂസമ്മ ചോദിച്ചു.

ഹേയ്… എനിക്ക് കുഴപ്പമൊന്നുമില്ല ചേച്ചി,.
അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

സൂസമ്മ ചേച്ചി…..
പെട്ടെന്നായിരുന്നു വാതിൽക്കൽ നിന്നും ഹരിയുടെ ശബ്ദം കേട്ടത്.

എന്താണ് മോനേ.

ചേച്ചിയോട് ആരാണ് പറഞ്ഞത്, എവിടുന്നോ വലിഞ്ഞു കേറി വന്നവളെയൊക്കെ എന്റെ റൂമിലേക്ക് വിടാൻ. നിങ്ങൾക്ക് പറ്റുന്ന ജോലികൾ നിങ്ങൾ ചെയ്താൽ മതി, ഇനി മേലിൽ ഇത് ആവർത്തിക്കരുത്,കേട്ടല്ലോ

അവൻ പറഞ്ഞതും സൂസമ്മ തല കുലുക്കി.

എവിടുന്നോ,വലിഞ്ഞു കേറി വന്നവൾ അല്ല, അഗ്നിസാക്ഷിയായി നാലാള് കാണ്കേ നീ വിവാഹം കഴിച്ചു കൊണ്ടുവന്ന നിന്റെ ഭാര്യയാണ് ഇവള്.. എന്താ ഹരി അതില് നിനക്ക് വല്ല സംശയവും ഉണ്ടോ.

മഹാലക്ഷ്മിയുടെ ശബ്ദം ഉയർന്നു.

അമ്മയൊരക്ഷരം പോലും മിണ്ടരുത്, എല്ലാരും കൂടി ചേർന്ന് എന്റെ ജീവിതം തുലച്ചപ്പോൾ സന്തോഷമായി കാണും അല്ലേ, ഞാൻ അമ്മയുടെ കാലുപിടിച്ച് പറഞ്ഞതല്ലേ, ഈ ബന്ധത്തിൽ നിന്നും എന്നെ ഒഴിവാക്കണമെന്ന്, എന്നിട്ട് കേട്ടോ, ഇല്ലാലോ.. എന്നെ കൊണ്ടുപോയി കൊലക്കയറിൽ കയറ്റിയപ്പോൾ അമ്മയ്ക്ക് സമാധാനമായോ..

ഹരി അവരെ നോക്കി വിറഞ്ഞുതുള്ളി.

ഹരി നീ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം,,,

ഞാൻ പറയും, എനിക്ക് തോന്നുന്നത് പോലെ പറയും, അതിൽ ആരും ഇടപെടേണ്ട.

എടാ…. എന്റെ നേർക്ക് തർക്കുത്തരം പറയാറായോ നീയ്.

അമ്മയോട് ഒന്നും പറയാതെ എല്ലാം അനുസരിച്ച് ജീവിച്ചതിന്റെ ഫലമാണ് ഇന്നിവിടെ നിൽക്കുന്ന ഇവള്.. ഇനി അത് നടക്കില്ല ഞാൻ എനിക്ക് തോന്നിയത് പോലെ ജീവിക്കും, അമ്മയെന്നല്ല ആരും എന്റെ ജീവിതത്തിലേക്ക് ഉപദേശവും ആയിട്ട് വരണ്ട, എനിക്കത് ഇഷ്ടവുമല്ല..

കലിപുരണ്ട് അമ്മയോട് വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ ശേഷം ഹരി മുകളിലേക്ക് പോയി.

ഹരിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലെങ്കിൽ പിന്നെ, ഇനി ഇവിടെ നിർത്തേണ്ട കാര്യമുണ്ടോ പറഞ്ഞു വിട്ടാൽ പോരെ, വെറുതെ എന്തിനാ ഇവരുടെ രണ്ടാളുടെയും ജീവിതം കളയുന്നത്.

മുകളിലേക്ക് പോകവേ ഹരി കേട്ടിരുന്നു ഐശ്വര്യ തന്റെ അമ്മയോട് പറയുന്ന വാക്കുകൾ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button