സൂര്യയുടെ ചിത്രങ്ങളെ മാത്രം പലരും കരുതിക്കൂട്ടി ആക്രമിക്കുന്നു; ജ്യോതിക

തമിഴിൽ എത്രത്തോളം മോശം സിനിമകൾ ഇറങ്ങാറുണ്ട്, എന്നാൽ തന്റെ ഭർത്താവായ സൂര്യയുടെ ചിത്രങ്ങൾ മാത്രം വളരെ മോശമായി റിവ്യൂ ചെയ്യുന്നുവെന്ന് ജ്യോതിക. ദി പൂജ തൽവാർ ഷോയിൽ തന്റെ ‘ഡബ്ബ കാർട്ടൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്താവന.
“തെന്നിന്ത്യയിൽ അതിശയകരമാംവണ്ണം മോശം സിനിമകൾ ഇറങ്ങുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ നന്നായി ഓടുകയും വളരെ വിശാല ഹൃദയത്തോടെ അവയെ എല്ലാവരും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. സൂര്യ അഭിനയിച്ച കങ്കുവയിലെ ചില കാര്യങ്ങൾ നന്നായി വന്നില്ല എന്നത് സമ്മതിക്കുന്നു. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ആ ചിത്രത്തിന് പിറകിൽ ഒരുപാട് പരിശ്രമങ്ങൾ ഉണ്ടായിരുന്നു. മറ്റുള്ളവയ്ക്ക് ലഭിക്കാത്ത വിമർശനം കങ്കുവയ്ക്ക് പലരും നൽകുന്നു എന്നത് പരിതാപകരം ആണ്. അദ്ദേഹത്തിന്റെ സിനിമകളെ മാത്രം മനഃപൂർവം ക്രൂശിക്കുന്നു ” ജ്യോതിക പറഞ്ഞു.
അടുത്തിടെ തെന്നിന്ത്യൻ സിനിമ മേഖല ഭരിക്കുന്നത് പുരുഷാധിപത്യമാണ് എന്നും ബോളിവുഡിലെ പോലെ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഇവിടെ ഉണ്ടാകുന്നില്ല എന്നും നായികമാരെ നൃത്തം ചെയ്യാനും നായകന്റെ സൈഡ് ആകാനും മാത്രമാണ് ആവശ്യം എന്നും ഉള്ള ജ്യോതികയുടെ മറ്റൊരു പ്രസ്താവന വിവാദമായിരിക്കവെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.
കങ്കുവയുടെ പരാജയത്തിൽ ചിത്രം റിവ്യൂ ചെയ്തവർക്കും ചിത്രത്തെ പരിഹസിച്ചവർക്കും എതിരെ പ്രതിഷേധിച്ച് ജ്യോതിക ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് കീഴിൽ ‘വിജയ് ആണ് നിങ്ങളുടെ ഭർത്താവിനേക്കാൾ കേമൻ’ എന്ന് കമന്റ് ചെയ്ത ഒരാൾക്ക് ചിരിക്കുന്ന ഒരു ഇമോജി മറുപടിയായി ജ്യോതിക നൽകിയതും സോഷ്യൽ മീഡിയയിൽ അനവധി ചർച്ചകൾക്ക് കാരണമായിരുന്നു. സംഗതി വൈറൽ ആയപ്പോൾ നടി തന്നെ ഇമോജി കമന്റ് ബോക്സിൽ നിന്ന് നീക്കം ചെയ്തു.