Novel

മയിൽപീലിക്കാവ്: ഭാഗം 2

രചന: മിത്ര വിന്ദ

ആദ്യം ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മീനാക്ഷിക്ക് പതിയെ പതിയെ ഇല്ലാതായി വന്നു…..

തന്റെ സഹപ്രവർത്തകർ എല്ലാവരും അവൾക്ക് ജോലിയുമായുള്ള  സംശയങ്ങൾക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നു…

ജോലി കഴിഞ്ഞു വീട്ടിലെത്തുവാൻ ആയിരുന്നു മീനൂട്ടിക്ക് ഏറ്റവും തിടുക്കം, കാരണം രുക്മിണി ആന്റി അവളെ നോക്കി ഉമ്മറത്തു കാണും..

നാട്ടിൽ തന്റെ അമ്മയും മുത്തശ്ശിയും എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ആണ് അവൾക്ക് ഇവിടെയും…

ചായയും പലഹാരങ്ങളും ഉണ്ടാക്കി സ്നേഹത്തോടെ കാത്തിരുന്ന തന്റെ അമ്മ തന്നെയാണ് ഇവിടെയും ഉള്ളതെന്ന് അവള്ക്ക് എപ്പോളും തോന്നുമായിരുന്നു…

അയൽവീട്ടിൽ താമസിക്കുന്ന സൂസൻ ആന്റിയും, രാജമ്മ ആന്റിയും ഒക്കെ പറയും തങ്ങളെ കണ്ടാൽ അമ്മയും മോളും അല്ലെന്നു ആരും പറയില്ലെന്ന്,

ഇടക്ക് മീനുട്ടിക്കും തോന്നി തങ്ങൾക്ക് രണ്ടുപേർക്കും എവിടെ ഒക്കെയോ സാമ്യം ഉണ്ടെന്ന്…

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു…

രണ്ടുപ്രാവശ്യം നാട്ടിൽ നിന്നു മീനുട്ടിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു അവളെ കാണുവാനായി…..

അവലോസ് പൊടിയും കണ്ണിമാങ്ങാ അച്ചാറും, ചമ്മന്തി പൊടിയും ഒക്കെ ഉണ്ടാക്കി ആണ് അമ്മ അവളെ കാണാൻ ഓടി വന്നത്..

അവൾക്ക്  വേണ്ടി കയ്യൂണി ഇട്ട് കാച്ചി വെച്ച എണ്ണ എടുക്കാൻ മറന്ന് പോയി എന്ന് പറഞ്ഞു മീനാക്ഷിയുടെ അമ്മ ഒരുപാട് വിഷമിച്ചു.

“അത് ഒന്നും സാരമില്ല, ഞാൻ മോൾക്ക് വേണ്ടി അത് റെഡി ആക്കി വെച്ച് എന്ന് പറഞ്ഞു ഉടനെ തന്നെ രുക്മിണി ആന്റി ഒരു ഗ്ലാസ്‌ ബോട്ടിൽ എടുത്തു കൊണ്ട് വന്നു..

അവർക്ക് മക്കളോട് ഉള്ള സ്നേഹം കണ്ടപ്പോൾ ആ അച്ഛനും അമ്മയും ഒരുപാട് സന്തോഷിച്ചു

കൃഷ്‌ണന്റെ അമ്പലത്തിലെ ഉത്സവത്തിന് ഈ തവണ രുക്മിണിയും മീനുട്ടിയും ഒരുമിച്ചു വരാമെന്നു അച്ഛനോടും അമ്മയോടും പറഞ്ഞു….

എല്ലാ കൊല്ലവും താൻ വന്നോണ്ടിരുന്നതാണ്,മക്കൾ വലുതായപ്പോൾ പിന്നെ എല്ലാം നിറുത്തി… രുക്മിണി പറഞ്ഞു..

അങ്ങനെ മീനാക്ഷി സന്തോഷത്തോടെ മുന്നോട്ട് പോകുക ആണ്..

ബാങ്കിൽ സഹപ്രവർത്തകരെ എല്ലാവർക്കും അവളെ വലിയ കാര്യം ആണ്.. നാട്ടിൻ പുറത്തെ എല്ലാ നന്മകളും ഉള്ള ഒരു പെൺ കിടാവ്.

അതികം ചമയങ്ങൾ ഒന്നും ഇല്ലാതെ ഈറൻ മുടിയിൽ കൃഷ്ണ തുളസി ചൂടി, പനിനീരിന്റെ ഗന്ധം നെറ്റിയിൽ വരച്ചിരിക്കുന്ന ചന്ദന കുറിയിൽ നിന്നു വമിക്കുന്ന ഒരു തനി നാട്ടിൻ പുറത്തു കാരി.

എപ്പോളും ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്ത് മായാതെ നിൽക്കും.

വിശാൽ ഇടക്ക് ഒക്കെ അവളെ പാളി നോക്കും…

പക്ഷെ അവൾ അത് ഒന്നും മൈൻഡ് ചെയ്യാറില്ല.

ഒരു ദിവസം മീനൂട്ടി ജോലി കഴിഞ്ഞു എത്തിയപ്പോൾ ഉമ്മറത്ത് രുക്മിണിയെ കണ്ടിരുന്നില്ല,

അകത്തേക്ക് കയറിവന്ന അവൾക്ക് അവിടെ എങ്ങും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല,

അടക്കിപ്പിടിച്ച തേങ്ങൽ എവിടെ നിന്നോ പൊന്തിവരുന്നുണ്ട്,

അവൾ മെല്ലെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ചലിച്ചു..

അവരുടെ മകന്റെ മുറിയിൽ നിന്നും ആണ് അതെന്നു അവൾക്കു മനസിലായി,,

ഒഴിവുദിവസങ്ങളിൽ എല്ലാ മുറികളും വൃത്തിയാക്കുന്ന കൂട്ടത്തിൽ പോലും ഈ മുറിയിൽ മാത്രം ഒരിക്കൽ പോലും കയറുവാൻ രുക്മിണി അവൾക്ക് അനുവാദം കൊടുത്തിരുന്നില്ല എന്നവൾ പലപ്പോളും ഓർത്തിരുന്നു..

മിടിക്കുന്ന ഹൃദയത്തോടെ മീനാക്ഷി, പതിയെ അവർക്കരികിലേക്ക് നടന്നു  ചെന്നു

അമ്മേ….. അവരുടെ തോളിൽ അവൾ അവളുടെ കരം ചേർത്തു വെച്ചു… അവൾക്ക് അപ്പോൾ അവരെ അങ്ങനെ വിളിക്കുവാൻ ആണ് തോന്നിയത്….

ഞെട്ടി തരിച്ചു പോയി രുക്മിണി…

അവർ പിടഞ്ഞെഴുനേറ്റു..

പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചിട്ട്  അവർ മുറിക്കു പുറത്തേക്ക് ഇറങ്ങി…

മീനു ഒറ്റനിമിഷം കൊണ്ട് ആ മുറിയാകെമാനം ഒന്ന് നിരീക്ഷിച്ചു, ഒരു ഫോട്ടോ പോലും അവൾക്കു അവിടെ എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല ..

രുക്മിണി അമ്മയുടെ പിറകെ അവളും മുറിക്കു പുറത്തേക്ക് പോയി…

ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉദിച്ചെങ്കിലും എല്ലാം അവൾ വിഴുങ്ങി..

ഒടുവിൽ, രുക്മിണി ഇത്രമാത്രം പറഞ്ഞു…. ഇന്ന് എന്റെ മോന്റെ പിറന്നാൾ ആണ്…

അതും പറഞ്ഞു അവർ അവരുടെ മുറിയിലേക്ക് പോയി…

അന്ന് രാത്രിയിൽ മീനൂട്ടിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല….

മകനെകുറിച്ച് ഇത്രയും ദിവസം ആയിട്ടും തനിക്ക് പലപ്പോളും ചോദിക്കണം എന്നുണ്ടായിരുന്നു….

പക്ഷെ രുക്മിണിയമ്മ പലപ്പോളും അവരുടെ മോളുടെ കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നൊള്ളു…

ആ മകൻ ഇപ്പോൾ എവിടെയാണ്, ഒരുപക്ഷെ അയാൾ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും തനിക്കറിയില്ല, അമ്മയുടെ കണ്ണുകൾ ഇത്രയും നിറഞ്ഞൊഴുകണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടെന്നു അവൾക്ക് തോന്നി..

പിറ്റേ ദിവസം രാവിലെ മീനുട്ടി എഴുനേറ്റപ്പോൾ രുക്മിണിയമ്മ പതിവ്പോലെ അടുക്കളയിൽ ആയിരുന്നു,

അവൾക്കേറ്റവും ഇഷ്ടപെട്ട ഇടിയപ്പവും കടല കറിയും  ഉണ്ടാക്കുകയാണ് അവർ..

ഇന്നലെ അത്രയും സങ്കടപെട്ട അമ്മ ആണോ  ഇതെന്ന് അവൾക്ക് തോന്നി, കാരണം അവർ സാധാരണ നിലയിൽ ആയിരിക്കുന്നു….

അന്ന് ഓഫീസിൽ എത്തിയിട്ടും മീനുവിന്റെ ഉള്ളിൽ നിറയെ ആ അമ്മയുടെ കണ്ണീർ ആയിരുന്നു,,,,,

അധികം താമസിക്കാതെ എല്ലാം പുറത്തുവരുമെന്ന് അവൾക്ക് തോന്നി..

പിന്നെയും ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു..

ഒരു ദിവസം രാവിലെ മീനുവും വേലക്കാരി ശോഭയും കൂടി അടുക്കള്യിൽ എന്തോ തിരക്കിലാണ്,,,രുക്മിണി അമ്മ ആണെങ്കിൽ മുറ്റത്തു നട്ടിരിക്കുന്ന റോസയും, ജമന്തിയും, കുറ്റിമുല്ലയും ഒക്കെ നനയ്ക്കുക ആണ്, ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടുകൊണ്ട് ആണ് മീനു പോയി അതെടുത്തു നോക്കിയത്,

അമ്മേ,,, അവൾ ഉറക്കെ വിളിച്ചുകൊണ്ടു മുറ്റത്തേക്ക് ഇറങ്ങി

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button