മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയതായി മന്ത്രി വീണ ജോർജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അന്വേഷിക്കുമെന്നും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോലീസും ഫോറൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്. 2026 വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് യൂണിറ്റിൽ നിന്നാണ് തീ പടർന്നത്. ആറ് മാസം മുമ്പ് മെയിന്റനൻസ് നടത്തിയതാണ്.
അപകടം നടക്കുമ്പോൾ 151 രോഗികൾ ഇവിടെയുണ്ടായിരുന്നു. അപകടത്തിന് ശേഷം അഞ്ച് മരണം മെഡിക്കൽ കോളേജിൽ നടന്നു. മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം വ്യക്തമാകും. മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ അപകടം നടന്ന ബ്ലോക്ക് സാധാരണ നിലയിൽ ആകൂവെന്നും മന്ത്രി അറിയിച്ചു.