World

ഒച്ചില്‍നിന്ന് ലഭിക്കുന്ന മെലോ മെലോ മുത്തിന്റെ വില 63 ലക്ഷം

ബീജിങ്: കേട്ടാലും അറിഞ്ഞാലും അത്ഭുതം തോന്നുന്ന ഒരു കഥയാണ് മെലോ മെലോ മുത്തിന്റേത്. ലോകത്തില്‍ തന്നെ ഏറെ അപൂര്‍വമായി മാത്രം ലഭിക്കുന്ന മെലോ മെലോ മുത്ത് ലഭിക്കുന്നത് ഭക്ഷ്യയോഗ്യമായ ഒരിനം കടല്‍ ഒച്ചുകളില്‍ നിന്നാണത്രെ. 20 കാരറ്റില്‍ താഴെ മാത്രം വരുന്ന ഒരു ചെറിയ മെലോ മെലോ മുത്തിനുപോലും ഇരുപതിനായിരം ഡോളറോളം(17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വിലയുണ്ട്. അതായത് ചെറിയൊരു മെലോ മെലോ മുത്ത് വാങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് ചുരുക്കം. വലിപ്പവും തിളക്കവുമാണ് ഇവയുടെ വില നിശ്ചയിക്കുന്നത്. 75,000 ഡോളറിനുപോലും ഈ മുത്തുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണ ചൈനാ കടലിലും മ്യാന്‍മര്‍, തായ്‌ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ കടലുകളിലുമാണ് ഈ ഒച്ചുകളെ കണ്ടുവരുന്നത്. ഇളം മഞ്ഞ , ഇളം തവിട്ട് നിറങ്ങളില്‍ തുടങ്ങി അഗ്‌നിജ്വാലയ്ക്ക് സമാനമായ കടുത്ത ഓറഞ്ച് നിറത്തില്‍ വരെ മുത്തുകള്‍ ഉണ്ടാകും. ഏറ്റവും കടുത്ത ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍പോലുള്ള മുത്തുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില.

പണ്ട് അറബ് നാടുകളിലെ കടലില്‍നിന്നും മുത്തുകള്‍ ലഭിച്ചിരുന്നു. അവ ചിപ്പികളില്‍നിന്നാണ് കണ്ടെടുത്തിരുന്നത്. ആയിരക്കണക്കിന് ചിപ്പികളില്‍ ഏതാനും എണ്ണത്തില്‍ മാത്രമാവും മുത്തുണ്ടാവുക. ഇതിന് സമാനമായി പതിനായിരക്കണക്കിന് ഒച്ചുകളെ എടുത്താല്‍ അതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് മെലോ മെലോ മുത്തുകളും ഒളിഞ്ഞിരിക്കുക. മെലോ മെലോ മുത്തിനെ ഇത്രയും സവിശേഷമാക്കുന്നതും ഇവയുടെ അപൂര്‍വതയാണ്.

ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും കാലമെടുത്താണ് ഒച്ചുകളുടെ ജീവിതചക്രത്തില്‍ ഇവ ശരിയായ ഘടനയിലേക്ക് രൂപാന്തരപ്പെടുക. ആഡംബര ആഭരണങ്ങളുടെ വിപണിയില്‍ വലിയ ഡിമാന്‍ഡ് ആണ് ഈ മുത്തുകള്‍ക്ക് ഉള്ളത്
അതിനാല്‍ തന്നെ ഈ മുത്ത് ലഭിക്കുക എന്നത് അത്യപൂര്‍വ ഭാഗ്യമായും ദൈവത്തിന്റെ നേരിട്ടുള്ള കടാക്ഷമായുമെല്ലാമാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ മുക്കുവര്‍ കണക്കാക്കുന്നത്.

Related Articles

Back to top button