എംജിയുടെ 331 കി.മീ. റേഞ്ചുള്ള ഇവി കാര്‍ ബുക്കിംഗ് നാളെ ആരംഭിക്കും
പെട്രോള്‍, ഡീസല്‍ കാറുകളെന്ന ശ്രേണിയില്‍നിന്നും ഇപ്പോഴത്തെ മത്സരം എത്തിനില്‍ക്കുന്നത് പുതുപുത്തന്‍ ഇവികളിലാണ്. വിവിധ കമ്പനികള്‍ ദിനേനയെന്നോണം പുതിയ മോഡലുകളുമായി രംഗത്ത്് വരുന്ന കാലമാണ്. ഇവി രംഗത്ത് അധിപത്യം പുലര്‍ത്തുന്ന ടാറ്റ മോട്ടോഴ്‌സിന് ശക്തമായ വെല്ലുവിളിയാവാന്‍ ഒരുങ്ങുകയാണ് എംജി മോട്ടോര്‍.
വളരെ ചെറിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായതോടെയാണ് ബ്രാന്റ് സാക്ഷാല്‍ ടാറ്റയുടെ മുഖ്യ എതിരാളിയെന്ന നിലയിലേക്ക് വളര്‍ന്നത്. സെഡ്എസ് ഇവി, കോമെറ്റ് ഇവി എന്നിവയ്ക്ക് പിന്നാലെ 331 കി.മീ റേഞ്ചുള്ള വിന്‍ഡ്സര്‍ എന്ന പുതിയ ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലിനെയും ഇക്കഴിഞ്ഞ ദിവസം കമ്പനി പരിചയപ്പെടുത്തിയിരുന്നു. സെഡാന്റെ ചാരുതയും ഒരു എസ്യുവിയുടെ പ്രായോഗികതയുമാണ് ഈ കാറില്‍ സമന്വയിപ്പിക്കുന്നത്.
വിന്‍ഡ്സറിന് പെട്രോള്‍ കാറുകളുടെ വിലയേ നല്‍കേണ്ടതുള്ളൂവെന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. മോഡല്‍ ഇതിനോടകം വലിയ ഇംപാക്ട് ഉണ്ടാക്കിയതോടെ 9.99 ലക്ഷത്തിന്റെ പ്രാരംഭ വിലയിലെത്തിയ വാഹനം നിരത്തിലിറങ്ങാനായി ആളുകള്‍ കാത്തിരിക്കുന്ന സ്ഥിതിയായിട്ടുണ്ട്. 11,000 രൂപ ടോക്കണ്‍ തുകയായി അടച്ചാല്‍ എംജി വിന്‍ഡ്സര്‍ നല്‍കാമെന്നാണ് കമ്പനിയുടെ ഉറപ്പ്.
എംജി വിന്‍ഡ്സര്‍ ഇവിയുടെ എക്സ്ഷോറൂം വില 13.50 ലക്ഷം മുതല്‍ 15.50 ലക്ഷം വരെയാണ്. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ബിഎഎഎസ് ഓപ്ഷന്‍ വഴിയാണെങ്കില്‍ ബാറ്ററി ആസ് സര്‍വീസ് പ്രോഗ്രാമിനൊപ്പം എംജി വിന്‍ഡ്സര്‍ ഇവിയുടെ പ്രാരംഭ വില 9.99 ലക്ഷമായി കുറയും.
ടോപ്പ് എന്‍ഡ് വേരിയന്റിന് 11.99 ലക്ഷം രൂപയും മുടക്കിയാല്‍ മതിയാവും. ഇത് തെരഞ്ഞെടുത്താല്‍ കിലോമീറ്ററിന് 3.50 രൂപ ബാറ്ററി വാടകയായി കാര്‍ ഉടമ നല്‍കേണ്ടിവരും. കാര്‍ വാങ്ങുന്നവര്‍ക്ക് എംജിയുടെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 1 വര്‍ഷത്തെ സൗജന്യ ചാര്‍ജിംഗ് സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വിന്‍ഡ്സര്‍ ഇവിയുടെ ഔദ്യോഗിക പ്രീ ബുക്കിംഗ് നാളെ(ഒക്ടോബര്‍ 03) ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് എംജി മോട്ടോര്‍ ഇന്ത്യ വെബ്സൈറ്റില്‍ ഓണ്‍ലൈനായോ, സമീപത്തെ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ നാളെ രാവിലെ 7:30 മുതല്‍ ബ്രീബുക്കിംഗ് നടത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.