മന്ത്രിയുടെ ഷേക്ക് ഹാന്‍ഡ് ആസിഫ് അലി കണ്ടില്ല; ബേസിലെ ‘ഞാനും പെട്ടു’; ചിരി പടര്‍ത്തി ശിവന്‍കുട്ടിയുടെ പോസ്റ്റ്
കലോത്സവ സമാപനത്തിന്റെ വീഡിയോ പുറത്തുവിട്ട് മന്ത്രി
ബേസിലും ഫഹദും ചേര്‍ന്നുള്ള ഒരു കൈനീട്ടല്‍ ജാള്യതയുടെ ട്രോളുണ്ടായിരുന്നു കുറച്ച് മുമ്പ്. സമാനമായ അനുഭവം വന്നതോടെ അതും ട്രോളാക്കി മന്ത്രി വി ശിവന്‍കുട്ടി. അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപപന വേദിയിലാണ് രസകരമായ ആ സംഭവം നടന്നത്.
സമാപന സമ്മേളനത്തില്‍ സംസാരിച്ചതിന് ശേഷം തിരികെ ഇരിപ്പിടത്തിലേക്ക് നടന്ന നടന്‍ ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിച്ച മന്ത്രിയും എന്നാല്‍ അത് കാണാതെ നടന്നുപോകുന്ന ആസിഫുമാണ് വീഡിയോയിലുള്ളത്. നടന്‍ ടൊവിനോയും വീഡിയോയിലുണ്ട്.
‘ഞാനും പെട്ടു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ബേസിലിനെ ടാഗ് ചെയ്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആസിഫിനെ വിളിച്ച് തൊട്ടടുത്തിരുന്ന ടൊവിനോ തോമസ് മന്ത്രിയെ കാണിച്ച് കൊടുക്കുന്നതും അതിനു ശേഷം നടന്‍ കൈ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
ഞൊടിയിടയില്‍ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ടൊവിനോ തോമസും പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. ‘തക്ക സമയത്ത് ഞാന്‍ ഇടപ്പെട്ടതു കൊണ്ട് രക്ഷപ്പെട്ടു’ എന്നാണ് നടന്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നെ ട്രോളാന്‍ ഞാന്‍ തന്നെ മതിയെന്ന ട്രോളന്മാരുടെ സ്ഥിരം ഡയലോഗുമായി കമന്റ് ബോക്‌സില്‍ ചിരിയുടെ മാലപ്പടക്കമാണ് പൊട്ടുന്നത്.
കാലിക്കറ്റ് എഫ്‌സി – ഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസണ്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.
സമാനമായ അനുഭവമാണ് മന്ത്രിക്കും ഉണ്ടായത്. എന്നാല്‍, സ്വയം ജാള്യത മറച്ചുവെക്കാതെ അത് പരസ്യപ്പെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയും ചെയ്ത മന്ത്രി കൈയ്യടി നേടുകയാണ്.