മിസൈൽ ആക്രമണം; ഡൽഹി – ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു

ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ എഐ139 വിമാനമാണ് അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം ഡൽഹിയിലേക്ക് മടങ്ങും.
മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മെയ് 6 വരെ ഇസ്രയേൽ നഗരത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്ത് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. യെമനില്‍നിന്ന് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് വിമാനത്താവള പരിധിയിൽ പതിച്ചത്. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂതികൾ, ടെൽ അവീവ് വിമാനത്താവളം യാത്രയ്ക്ക് സുരക്ഷിതമല്ലെന്ന് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ഗാസ – ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്.
ആക്രമണത്തെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിലച്ചിരുന്നു. നിരവധി വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന ഒരേയൊരു ഇന്ത്യൻ എയർലൈൻ എയർ ഇന്ത്യയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർവീസ് നിർത്തിവച്ചിരുന്നു. ഈ വർഷം മാർച്ച് 2നാണ് എയർ ഇന്ത്യ, ടെൽ അവീവിലേക്കുള്ള പ്രതിദിന സർവീസ് പുനരാരംഭിച്ചത്.